തിരയുക

ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ നിന്ന് റോമിലേക്കുള്ള യാത്രാ മദ്ധ്യേ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.   ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ നിന്ന് റോമിലേക്കുള്ള യാത്രാ മദ്ധ്യേ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.   (VATICAN MEDIA Divisione Foto)

പാപ്പാ: ചെറുകത്തോലിക്കാ സമൂഹത്തെക്കുറിച്ചുള്ള ചിന്തയാണ് മംഗോളിയസന്ദർശനാശയം തന്നിലുണർത്തിയത്!

ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുമായ നടത്തിയ സംഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സമൂഹങ്ങളിൽ താൻ ഇടയസന്ദർശനം നടത്തുന്നത് ആ ജനതയുടെ ചരിത്രവും സംസ്കാരവുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനാണെന്ന് മാർപ്പാപ്പാ.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നീണ്ട മംഗോളിയ സന്ദർശനാനന്തരം റോമിലേക്കുള്ള മടക്കയാത്രാവേളയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ മംഗോളിയ യാത്രയുടെ കാരണങ്ങൾ വിശദീകരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സുവിശേഷവത്ക്കരണം മതപരിവർത്തനമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.  വിശ്വാസം മതപരിവർത്തനത്താലല്ല ആകർഷണത്താലാണ് വളരുന്നതെന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഫ്രാൻസീസ് പാപ്പാ അനുസ്മരിക്കുകയും സുവിശേഷപ്രഘോഷണം സംസ്കാരവുമായി സംവാദത്തിൽ ഏർപ്പെടുന്നുവെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഈ ഇടയസന്ദർശനത്തോടനുബന്ധിച്ച് മംഗോളിയിലേക്കുള്ള യാത്രാനുമതി ചൈനയിലെ കത്തോലിക്കമെത്രാന്മാർക്ക് അന്നാടിൻറെ അധികാരികൾ നിഷേധിച്ച സംഭവം ഉണ്ടായിട്ടും നല്ല പൗരന്മാരായിരിക്കാൻ പ്രാദേശിക കത്തോലിക്കരെ ഓർമ്മിപ്പിച്ചുകൊണ്ട് ചൈനയിലെ ജനങ്ങൾക്ക് ഒരു സന്ദേശം അയച്ചതിനെക്കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി പറയവെ പാപ്പാ, ചൈനയുമായുള്ള ബന്ധങ്ങൾ ഏറെ ആദരണീയങ്ങളാണെന്നും തനിക്ക് വ്യക്തിപരമായി ചൈനയിലെ ജനങ്ങളോട് വലിയ ആദരവുണ്ടെന്നും വെളിപ്പെടുത്തി. ചൈനയുടെ സംസ്ക്കാരവും മൂല്യങ്ങളും സഭ ഉൾക്കൊള്ളുന്നില്ലയെന്നൊരു തോന്നൽ ആ ജനതയ്ക്ക് ഉണ്ടാകാതിരിക്കുന്നതിനും പരസ്പരം കൂടുതൽ മനസ്സിലാക്കുന്നതിനും വേണ്ടി മതാത്മക മാനത്തിൽ നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

പരിശുദ്ധസിംഹാസനവും വിയറ്റ്നാമുമായുള്ള ബന്ധത്തെയും പാപ്പാ അന്നാട്ടിൽ സന്ദർശനം നടത്തുന്നതിനുള്ള സാധ്യതയെയും കുറിച്ചും ചോദ്യമുയർന്നു. വിയറ്റ്നാമുമായുള്ള ബന്ധം വളരെ ശുഭോദർക്കമാണെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ലവണ്ണം നടക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. തനിക്ക് അന്നാട് സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു പാപ്പാ അന്നാട്ടിലെത്തുമെന്ന തൻറെ ഉറച്ച ബോധ്യം പാപ്പാ വെളിപ്പെടുത്തി.

അടുത്തയിടെ റഷ്യയിലെ കത്തോലിക്കാ യുവജനങ്ങളുമായുള്ള സംഭാഷണ മദ്ധ്യേ താൻ അവർക്ക് റഷ്യയുടെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കാൻ പ്രചോദനം പകർന്നത് പലർക്കും  പ്രകോപനഹേതുവായതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ താൻ ഉദ്ദേശിച്ചത് സാഹിത്യം സംഗീതം എന്നിവയുൾപ്പടെ പലമേഖലകളിലുമുള്ള റഷ്യയുടെ വളരെ നല്ല പാരമ്പര്യമാണെന്ന്, സംസ്കാരിക പാരമ്പര്യമാണെന്ന് വിശദീകരിച്ചു.

മെത്രാന്മാരുടെ സിനഡുസമ്മേളനത്തെക്കുറിച്ചുയർന്ന ചോദ്യത്തിന് പാപ്പാ സിനഡിൽ പ്രത്യയശാസ്ത്രത്തിന് ഇടമില്ലെന്നും അത് സ്നാനിതർ തമ്മിൽ, സഭാംഗങ്ങൾ തമ്മിൽ സഭയുടെ ജീവിതത്തെക്കുറിച്ചും, ലോകവുമായുള്ള സംഭാഷണത്തെക്കുറിച്ചും നരകുലത്തെ ഇന്നലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചുമുള്ള ചർച്ചയാണെന്ന് വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2023, 12:58