തിരയുക

ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ, ഉലൻബാത്തറിലെ സ്റ്റെപ്പെ അരേനയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു, 03/09/23 ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ, ഉലൻബാത്തറിലെ സ്റ്റെപ്പെ അരേനയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു, 03/09/23  (VATICAN MEDIA Divisione Foto)

പാപ്പാ: നാം ദൈവത്തിൻറെ നാടോടികൾ, ദാഹാർത്തരായ വഴിയാത്രക്കാർ ആണ് !

ഫ്രാൻസീസ് പാപ്പാ മംഗോളിയയിൽ, ഉലാൻബാത്തറിലെ സ്റ്റെപ്പെ അരേനയിൽ ഞായറാഴ്ച രാവിലെ കുർബ്ബാന അർപ്പിക്കുകയും വചന സന്ദേശം നല്കുകയും ചെയ്തു. പാപ്പാ നടത്തിയ സുവിശേഷപ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ:

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“ദൈവമേ എൻറെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു, ഉണങ്ങിവരണ്ട ഭൂമിയിലെന്ന പോലെ എൻറെ ശരീരം അങ്ങയെ കാണാതെ തളരുന്നു”.  അറുപത്തിമൂന്നാം സങ്കീർത്തനത്തിലെ ഈ വചസ്സുകൾ അനുസ്മരിച്ചുകൊണ്ട് തൻറെ സുവിശേഷ സന്ദേശം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടർന്നു:

ജീവിതത്തിലെ മരൂഭൂമികളിലൂടെയുള്ള യാത്ര 

മരുഭൂമികളുടെ നടുവിലൂടെ കടന്നുപോകാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതയാത്രയെ ഈ മനോഹര പ്രാർത്ഥന അകമ്പടിസേവിക്കുന്നു. ഈ വരണ്ട ഭൂമിയിലാണ് ഒരു സന്തോഷവാർത്ത നമ്മിലേക്ക് എത്തുന്നത്: അതായത്, നമ്മുടെ യാത്രയിൽ നമ്മൾ തനിച്ചല്ല; നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വന്ധ്യമാക്കാൻ നമ്മുടെ വരൾച്ചകൾക്ക് ശക്തിയില്ല; നമ്മുടെ ദാഹത്തിൻറെ നിലവിളി കേൾക്കപ്പെടാതെ പോകുന്നില്ല. നമ്മുടെ ആത്മാവിൻറെ ദാഹം ശമിപ്പിക്കാൻ പരിശുദ്ധാത്മാവിൻറെ ജീവജലം നൽകാൻ പിതാവായ ദൈവം സ്വപുത്രനെ അയച്ചു (യോഹന്നാൻ 4:10 കാണുക). യേശു നമ്മുടെ ദാഹം ശമിപ്പിക്കാനുള്ള വഴി നമുക്ക് കാണിച്ചുതരുന്നു: അത് അവസാനം വരെ, കുരിശുവരെ അവൻ സഞ്ചരിച്ച സ്നേഹത്തിൻറെ വഴിയാണ്, ജീവൻ വീണ്ടും കണ്ടെത്തുന്നതിന് (മത്തായി 16:24-25 കാണുക) അത് നഷ്ടപ്പെടുത്തിക്കൊണ്ട് ആ വഴിയിലൂടെ സഞ്ചരിക്കാൻ  അവൻ നമ്മെ വിളിക്കുന്നു.

ഈ വാക്കുകളെ തുടർന്ന് പാപ്പാ നമ്മുടെ ദാഹം, നമ്മുടെ ദാഹം ശമിപ്പിക്കുന്ന സ്നേഹം എന്നീ രണ്ടു മാനങ്ങളെക്കുറിച്ച് വിചിന്തനം ചെയ്തു.

ദാഹം

നമ്മുടെ ദാഹം തിരിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. സങ്കീർത്തകൻ തൻറെ ദാഹത്തെക്കുറിച്ച് ദൈവത്തോട് നിലവിളിച്ചു പറയുന്നു, കാരണം അവൻറെ ജീവിതം ഒരു മരുഭൂമിയോട് സാമ്യമുള്ളതാണ്. മംഗോളിയ പോലുള്ള ഒരു രാജ്യത്ത് സങ്കീർത്തകൻറെ ആ വാക്കുകൾക്ക് ഒരു പ്രത്യേക അനുരണനമുണ്ട്: ചരിത്രസമ്പന്നമായ ഒരു വലിയ പ്രദേശം, സംസ്കാരപൂരിതമായ ഒരു ദേശം, മാത്രമല്ല വരണ്ടുണങ്ങിയ പുൽത്തകിടികളും മരുഭൂമിയും അടങ്ങിയതാണ് അത്. നിങ്ങളിൽ പലർക്കും യാത്രയുടെ ഭംഗിയും ക്ഷീണവും പരിചിതമാണ്, ഇത് ബൈബിൾ ആത്മീയതയുടെ സത്താപരമായ ഒരു വശത്തെ ഓർമ്മിപ്പിക്കുന്നു, ഇത് അബ്രഹാമിനാലും പൊതുവെ, ഇസ്രായേൽ ജനതയാലും കർത്താവിൻറെ എല്ലാ ശിഷ്യന്മാരാലും പ്രതിനിധാനം ചെയ്യപ്പെടുന്നു: നാമെല്ലാവരും, വാസ്തവത്തിൽ, "ദൈവത്തിൻറെ നാടോടികൾ" ആണ്, സന്തോഷം തേടുന്ന തീർത്ഥാടകർ, സ്നേഹത്തിനായി ദാഹിക്കുന്ന വഴിയാത്രക്കാർ ആണ്. ആകയാൽ സങ്കീർത്തകൻ സുചിപ്പിക്കുന്ന മരുഭൂമി നമ്മുടെ ജീവിതത്തെ ദ്യോതിപ്പിക്കുന്നു: നാം തെളിഞ്ഞ വെള്ളത്തിനായി, ആഴത്തിൽ ദാഹം ശമിപ്പിക്കുന്ന വെള്ളത്തിനായി ദാഹിക്കുന്ന വരണ്ട ഭൂമിയാണ്, നമ്മുടെ ഹൃദയമാണ് യഥാർത്ഥ ആനന്ദത്തിൻറെ രഹസ്യം കണ്ടെത്താനായി ആഗ്രഹിക്കുന്നത്.

ദാഹശമനിയായ സ്നേഹം

നമ്മുടെ ദാഹം ശമിപ്പിക്കുന്ന സ്നേഹം ആണ് രണ്ടാമത്തെ മാനം. ആദ്യത്തേത് അസ്തിത്വപരമായ, അഗാധമായ നമ്മുടെ ദാഹം ആയിരുന്നു, ഇനി നമുക്ക് ദാഹം ശമിപ്പിക്കുന്ന സ്നേഹത്തെക്കുറിച്ച് ചിന്തിക്കാം. ഇതാണ് ക്രൈസ്തവ വിശ്വാസത്തിൻറെ ഉള്ളടക്കം: സ്നേഹമായ ദൈവം, തൻറെ പുത്രനായ യേശുവിൽ, നിന്നോടും, എന്നോടും, സകലരോടും സമീപസ്ഥനായി, നിൻറെ ജീവിതം, നിൻറെ കഷ്ടപ്പാട്, നിൻറെ സ്വപ്നങ്ങൾ, സന്തോഷത്തിനുള്ള ദാഹം എന്നിവ പങ്കിടാൻ അവൻ ആഗ്രഹിക്കുന്നു. തീർച്ചയായും, ചില സമയങ്ങളിൽ വരണ്ടതും വെള്ളമില്ലാത്തതുമായ ഒരു വിജന ഭൂമി പോലെ നമുക്ക് തോന്നും എന്നത് ശരിയാണ്, എന്നാൽ ദൈവം നമ്മെ പരിപാലിക്കുകയും, നമ്മുടെ ഉള്ളിൽ ഒഴുകി വരൾച്ചയുടെ അപകടത്തിൽ നിന്ന് നമ്മെ രക്ഷിച്ചുകൊണ്ട് നമ്മെ നവീകരിക്കുകയും ചെയ്യുന്ന ആത്മാവിൻറെ ജീവജലം, ശുദ്ധവും ദാഹം ശമിപ്പിക്കുന്നതുമായ വെള്ളം നമുക്ക് നൽകുകയും ചെയ്യുന്നു എന്നത് അതുപോലെതന്നെ സത്യമാണ്. യേശുവാണ് നമുക്ക് ഈ ജലം നൽകുന്നത്, വിശുദ്ധ അഗസ്റ്റിൻ പറയുന്നു, "ദാഹിക്കുന്നവനിൽ നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞാൽ, ദാഹം ശമിച്ചവനിലും നാം നമ്മെത്തന്നെ തിരിച്ചറിയും". സ്നേഹം മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കുകയുള്ളൂ. അത് നാം മറക്കരുത്.

നാം ആശ്ലേഷിക്കേണ്ട കുരിശിൻറെ വഴി

തൻറെ പീഢാസഹനമരണങ്ങളെക്കുറിച്ചു യേശു ശിഷ്യന്മാരെ അറിയിച്ചപ്പോൾ പത്രോസ് അതിന് തടസ്സം പറയാൻ തുടങ്ങിയ സുവിശേഷ ഭാഗത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. മിശിഹായ്ക്ക് പരാജയപ്പെടാനും ദൈവം ഉപേക്ഷിച്ച കുറ്റവാളിയെപ്പോലെ ക്രൂശിൽ മരിക്കാനും കഴിയില്ല എന്ന ബോധ്യമാണ് പത്രോസിനെക്കൊണ്ട് ഇപ്രകാരം പ്രതികരിപ്പിച്ചതെന്ന് പാപ്പാ വിശദീകരിച്ചു.  എന്നാൽ ഏറ്റവും നല്ല മാർഗ്ഗം ക്രിസ്തുവിൻറെ കുരിശിനെ ആശ്ലേഷിക്കുകയാണെന്ന് പാപ്പാ പറഞ്ഞു. ജീവൻ നഷ്ടപ്പെടുത്തുമ്പോൾ, അത് സേവനത്തിൽ ഉദാരമായി നൽകുമ്പോൾ, സ്നേഹത്തെപ്രതി ജീവൻ അപകടപ്പെടുത്തുമ്പോൾ അത് മറ്റുള്ളവർക്ക് സൗജന്യമായി നൽകുമ്പോൾ, അത് സമൃദ്ധമായി തിരികെ ലഭിക്കും, കടന്നുപോകാത്ത ഒരു സന്തോഷം പകരും, ഹൃദയ സമാധാനമേകും, താങ്ങി നിറുത്തുന്ന ആന്തരിക ശക്തി പ്രദാനം ചെയ്യും എന്ന അസാധാരണമായ, ക്ഷോഭജനകമായ വാർത്തയാണ് ക്രിസ്തുമതത്തിൻറെ കാതൽ എന്ന് പാപ്പാ പറഞ്ഞു. “എൻറെ മുന്നിൽ നിന്നു പോകൂ” എന്ന് യേശു പത്രോസിനോടു പറയുന്നതിൻറെ പൊരുൾ അവിടത്തെ ശിഷ്യനാകുക, അവിടന്ന് സഞ്ചരിച്ച അതേ പാതയിലുടെ ചരിക്കുക, ലോകത്തിനനുസൃതം ചിന്തിക്കരുത് എന്നാണെന്ന് പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2023, 15:48