തിരയുക

ഫ്രാൻസീസ് പാപ്പായും മതപ്രതിനിധികളും, ഹൺ തീയേറ്ററിൽ, മംഗോളിയ, 03/09/23 ക്രൈസ്തവാന്തര-മതന്താര സമ്മേളനം ഫ്രാൻസീസ് പാപ്പായും മതപ്രതിനിധികളും, ഹൺ തീയേറ്ററിൽ, മംഗോളിയ, 03/09/23 ക്രൈസ്തവാന്തര-മതന്താര സമ്മേളനം  (ANSA)

പാപ്പാ: നമ്മുടെ പ്രാർത്ഥനയും സാഹോദര്യവും പ്രത്യാശയെ ഊട്ടിവളർത്തുന്നു!

തൻറെ മംഗോളിയ സന്ദർശനത്തിൻറെ ഉപാന്ത്യദിനമായിരുന്ന ഞായറാഴ്ച (03/09/23) ഫ്രാൻസീസ് പാപ്പാ, അന്നാട്ടിലെ പരമ്പരാഗത കൂടാരവീടിൻറെ, അഥവാ, ഗെറിൻറെ മാതൃകയിലുള്ള ഹൺ തീയേറ്ററിൽ വച്ച് ക്രൈസ്തവസഭാന്തര-മതാന്തര കൂടിക്കാഴ്ച നടത്തി. തദ്ദവസരത്തിൽ നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, ഐക്യത്തിൻറെ ശില്പികളാകാൻ മതവിശ്വാസികൾക്കുള്ള വിളിയെക്കുറിച്ച് പ്രത്യേകം ഓർമ്മപ്പെടുത്തി. പാപ്പായുടെ പ്രസ്തുത പ്രഭാഷണത്തിൻറെ സംഗ്രഹം:

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവ കുടുംബാംഗങ്ങളുടെ സാഹോദര്യം, നീലാംബരോന്മുഖത ദ്യോതിപ്പിക്കുന്ന ലൗകിക-അലൗകികമാനങ്ങൾ, മതങ്ങളുടെ സമൂഹനന്മോന്മുഖത, ലോകത്തെ പിച്ചിച്ചീന്തുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ സംഭാഷണോപാധി, വൈവിധ്യമാർന്ന മതപാരമ്പര്യങ്ങൾ സാക്ഷ്യമേകുന്ന ഏകതാനതയും പരോന്മുഖതയും, ഐക്യത്തിൻറെ പ്രയോക്താക്കളാകാൻ മതങ്ങൾക്കുള്ള വിളി, മംഗോളിയയുടെ ദശ പൈതൃകങ്ങൾ, മംഗോളിയയിലെ പാരമ്പര്യ ഭവനമായ കൂടാര വീടുകളുടെ, അഥവാ, ഗെറുകളുടെ പ്രതീകാത്മക മാനങ്ങൾ, ക്രൈസ്തവാന്തര-മതാന്തര സംവാദങ്ങൾ, പ്രത്യാശയുടെ അടയാളമായ സമാഗമം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഇഴചേർന്നതായിരുന്നു പാപ്പായുടെ സാമാന്യം ദീർഘമായ പ്രഭാഷണം.

സാഹോദര്യഭാവത്തോടെ പാപ്പാ

ക്രിസ്തുവിൽ വിശ്വസിക്കുന്നവരോട് വിശ്വാസത്തിലുള്ള ഒരു സഹോദരനെന്ന നിലയിലും മംഗോളിയയിലെ എല്ലാവരുടെയും സഹോദരനെന്ന നിലയിലും പൊതുവായ മതാത്മകാന്വേഷണത്തിൻറെ പേരിലും നരകുലത്തിലെ അംഗമെന്ന  നിലയിലും എല്ലാവരെയും സംബോധന ചെയ്യാൻ താൻ അഭിലഷിക്കുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.

നരകുലത്തിൻറെ മതാത്മക ദാഹം

മതപരമായ ദാഹമുള്ള നരകുലത്തെ, സ്വർഗ്ഗോന്മുഖമായി ചരിക്കുന്ന യാത്രികരുടെ സമൂഹവുമായി താരതമ്യപ്പെടുത്താം, പാപ്പാ തുടർന്നു. വളരെ തെളിഞ്ഞു നില്ക്കുന്ന, നീലാകാശം, ഇവിടെ വാസ്തവത്തിൽ, വിശാലവും പ്രൗഢിയോടെ നിലകൊള്ളുന്നതുമായ ഭൂമിയെ, മാനവജീവിതത്തിൻറെ മൗലികങ്ങളായ ദ്വിമാനങ്ങളെ ദ്യോതിപ്പിച്ചുകൊണ്ട്, ആശ്ലേഷിക്കുന്നു. മറ്റുള്ളവരുമായുള്ള ബന്ധത്താൽ തീർക്കപ്പെടുന്ന ഭൗമിക മാനവും, അലൗകികനായവനായുള്ള അന്വേഷണത്താൽ തീർക്കപ്പെടുന്ന സ്വർഗ്ഗീയ മാനവും ആണ് അവ. ചുരുക്കത്തിൽ, ഭൂമിയിലെ യാത്രയുടെ വഴി കണ്ടെത്തുന്നതിന് തീർത്ഥാടകരും യാത്രികരുമായ നാമെല്ലാവരും മുകളിലേക്കു നോക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച്, മംഗോളിയ നമ്മെ ഓർമ്മിപ്പിക്കുന്നു.  നമ്മൾ ഒരേ സ്ഥലത്ത് സമ്മേളിച്ചിരിക്കുന്നു എന്ന വസ്തുത ഇതിനകം തന്നെ ഒരു സന്ദേശമാണ്: മതപരമായ പാരമ്പര്യങ്ങൾ, അവയുടെ മൗലികതയിലും വൈവിധ്യത്തിലും, സമൂഹ സേവനത്തിൽ നന്മയ്ക്കുള്ള അതിശക്തമായ സാധ്യതയെ പ്രതിനിധീകരിക്കുന്നു. രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമുള്ളവർ മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയുടെയും സംഭാഷണത്തിൻറെയും പാത തിരഞ്ഞെടുക്കുകയാണെങ്കിൽ, നിരവധിപ്പേരെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അവർ തീർച്ചയായും നിർണ്ണായക സംഭാവന നൽകുകയായിരിക്കും ചെയ്യുക.

വൈവിധ്യമാർന്ന മതപാരമ്പര്യങ്ങളുടെ ഐക്യ സാക്ഷ്യം

പരസ്പരം അറിയാനും പരസ്പരം സമ്പന്നമാക്കാനും ഒന്നുചേരാനുള്ള അവസരം നമുക്കേകുന്നത് പ്രിയപ്പെട്ട മംഗോളിയൻ ജനതയാണ്, അവർക്ക് വിവിധ മതപാരമ്പര്യങ്ങളുടെ വക്താക്കൾ തമ്മിലുള്ള സഹവർത്തിത്വത്തിൻറെ ചരിത്രത്തെക്കുറിച്ച് അഭിമാനിക്കാൻ കഴിയും. പുരാതന സാമ്രാജ്യ തലസ്ഥാനമായ ഖരഖോറത്തിൻറെ സച്ചരിതാനുഭവം ഓർക്കുന്നത് സന്തോഷകരമാണ്. അവിടെ വ്യത്യസ്ത "മതവിശ്വാസങ്ങളുടെ" ആരാധനാലയങ്ങൾ ഉണ്ടായിരുന്നു, അത് ശ്ലാഘനീയമായ ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏകതാനത എന്ന പദം അടിവരയിട്ടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് ഏഷ്യയുടെ തനതായ സ്വാദാണുള്ളത്. ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്: വിശ്വാസികളെക്കാൾ കൂടുതലായി മറ്റാരാണ് എല്ലാവരുടെയും ഐക്യത്തിനായി പ്രവർത്തിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നത്?

ഐക്യത്തിനായുള്ള യത്നം പരിമാണം 

സഹോദരീ സഹോദരന്മാരേ, ഭൂമിയിലെ മറ്റ് തീർഥാടകരുമായി ഇണങ്ങിച്ചേരാൻ നമുക്ക് എത്രമാത്രം കഴിയുകയും നാം ജിവിക്കുന്നിടത്ത് എപ്രകാരം നാം ഐക്യം പ്രസരിപ്പിക്കുകയും ചെയ്യുന്നുവോ   അതാണ് നമ്മുടെ മതാത്മകതയുടെ സാമൂഹിക മൂല്യത്തിൻറെ  അളവുകോൽ. ഫ്രാൻസിസ് അസ്സീസിയുടെ ഒരു പ്രാർത്ഥന ഇങ്ങനെയാണ്: "വിദ്വേഷമുള്ളിടത്ത് ഞാൻ സ്നേഹത്തിൻറെ സംവാഹകനാകട്ടെ, എവിടെ ദ്രോഹമുണ്ടോ, അവിടെ ക്ഷമയെത്തിക്കാൻ എനിക്കാകട്ടെ, ഭിന്നതയുള്ളിടത്ത്, ഞാൻ ഐക്യം സംജാതമാക്കട്ടെ". പരോന്മുഖത ഐക്യം കെട്ടിപ്പടുക്കുന്നു, എവിടെ യോജിപ്പുണ്ടോ അവിടെ ധാരണയുണ്ട്, സമൃദ്ധിയുണ്ട്, സൗന്ദര്യമുണ്ട്. തീർച്ചയായും, സൗന്ദര്യത്തിൻറെ ഏറ്റവും അനുയോജ്യമായ പര്യായപദമാണ് ഐക്യം. നേരെമറിച്ച്, അടച്ചുപൂട്ടൽ, ഏകപക്ഷീയമായ അടിച്ചേൽപ്പിക്കൽ, മതമൗലികവാദം, പ്രത്യയശാസ്ത്രപരമായ നിർബന്ധം എന്നിവ സാഹോദര്യത്തെ നശിപ്പിക്കുകയും സംഘർഷങ്ങൾ വർദ്ധമാനമാക്കുകയും സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ജീവിത സൗന്ദര്യം ഐക്യത്തിൻറെ ഫലമാണ്: അത് സാമൂഹികമാണ്, അത് അനുകമ്പയാലും ശ്രവണത്താലും എളിമയാലും വളരുന്നു. അത് സ്വീകരിക്കുന്നത് നിർമ്മല ഹൃദയമാണ്, കാരണം, മഹാത്മ ഗാന്ധിയുടെ വാക്കുകളിൽ, “യഥാർത്ഥ സൗന്ദര്യം കുടികൊള്ളുന്നത്, സർവ്വോപരി, ഹൃദയനൈർമ്മല്യത്തിലാണ്”

മതങ്ങൾക്കുള്ള വിളി 

സാങ്കേതിക പുരോഗതിക്ക് തനിച്ച് നൽകാൻ കഴിയാത്തതായ ഈ ഐക്യം ലോകത്തിന് പ്രദാനം ചെയ്യാൻ  മതങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു, കാരണം, മനുഷ്യൻറെ ഭൗമികവും തിരശ്ചീനവുമായ മാനം ലക്ഷ്യമാക്കുമ്പോൾ,  നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണോ ആ സ്വർഗ്ഗത്തെ വിസ്മരിക്കുന്ന അപകടമുണ്ട്. സഹോദരീ സഹോദരന്മാരേ, വിജ്ഞാനത്തിൻറെ പൗരാണിക പാഠശാലകളുടെ എളിയ അവകാശികളായി നാം ഇന്ന് ഇവിടെയുണ്ട്. നമുക്ക് ലഭിച്ച ഏറെ നന്മകൾ, ലാഭത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ദീർഘവീക്ഷണമില്ലാത്ത തിരച്ചിലുകളാൽ പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ട നരകുലത്തെ സമ്പന്നമാക്കുന്നതിനായി  പങ്കുവയക്കാൻ ഈ സമാഗമത്തിലൂടെ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.  ഈ നരകുലത്തിന് പലപ്പോഴും തന്തു കണ്ടെത്താൻ കഴിയില്ല: ഭൗമിക താൽപ്പര്യങ്ങൾക മാത്രം ലക്ഷ്യം വച്ചാൽ, അത് ഭൂമിയെ തന്നെ നശിപ്പിക്കുന്നു, അധോഗതിയെ പുരോഗതിയായി തെറ്റിദ്ധരിക്കുന്നു, നിരവധി അനീതികൾ, അനേകം സംഘർഷങ്ങൾ, വളരെയധികം പാരിസ്ഥിതിക നാശങ്ങൾ, നിരവധിയായ പീഡനങ്ങൾ, വലിച്ചെറിയപ്പെടുന്ന അനേകം മനുഷ്യജീവിതങ്ങ൮ എന്നിവ ഇതു കാണിച്ചുതരുന്നുണ്ട്.

മംഗോളിയയുടെ ജ്ഞാന പൈതൃകം

ഈ അർത്ഥത്തിൽ ഏഷ്യയ്ക്ക് ധാരാളം സംഭാവന ചെയ്യാനുണ്ട്, ഈ ഭൂഖണ്ഡത്തിൻറെ ഹൃദയഭാഗത്തുള്ള മംഗോളിയ, ഇവിടെ വ്യാപകമായ മതങ്ങളുടെ സംഭാവനയാൽ സൃഷ്ടിക്കപ്പെട്ട ജ്ഞാനത്തിൻറെ മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കുന്നുണ്ട്. അത് കണ്ടെത്താനും വിലമതിക്കാനും എല്ലാവരേയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന് പാപ്പാ ഈ ജ്ഞാന പൈതൃകത്തിൻറെ പത്ത് മാനങ്ങൾ എടുത്തുകാട്ടി.

ഉപഭോക്തൃത്വത്തിൻറെ പ്രലോഭനങ്ങൾക്കിടയിലും പാരമ്പര്യവുമായുള്ള നല്ല ബന്ധം; പ്രായമായവരോടും പൂർവ്വികരോടും ഉള്ള ബഹുമാനം, നമ്മുടെ പൊതുഭവനത്തിൻറെ, പരിസ്ഥിതിയുടെ പരിപാലനം, നിശബ്ദതയുടെയും ആന്തരിക ജീവിതത്തിൻറെയും മൂല്യം, മിതവ്യയബോധം; ആതിഥ്യമര്യാദയുടെ മൂല്യം; ദ്രവ്യാസക്തിയെ ചെറുക്കാനുള്ള കഴിവ്, ഐക്യദാർഢ്യം, അവസാനമായി, വ്യക്തിയുടെയും സമൂഹത്തിൻറെയും നന്മയെ നിർബന്ധബുദ്ധിയോടുകൂട അന്വേഷിക്കുന്ന ഒരുതരം അസ്തിത്വപരമായ പ്രായോഗികത എന്നിവയാണ് പാപ്പാ ഊന്നിപ്പറഞ്ഞ ദശമാനങ്ങൾ. ഇവ അവതരിപ്പിച്ചതിനു ശേഷം പാപ്പാ മംഗോളിയയുടെ “ഗെർ” പാരമ്പര്യ കൂടാരവീടുകളെക്കുറിച്ചു പരാമർശിച്ചു.

ഗെർ കൂടാരവീടുകളുടെ പൊരുൾ

മംഗോളിയൻ ജനത, അതിൻറെ സഹസ്രാബ്ദങ്ങളുടെ ചരിത്രത്തിൽ വേരൂന്നിയ ജ്ഞാനം വെളിപ്പെടുത്തുന്ന പരമ്പരാഗത ഭവനങ്ങൾ എന്നെ എങ്ങനെ ആകർഷിച്ചുവെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ, ഗെർ മനുഷ്യൻറെ ഒരു ഇടമാണ്: കുടുംബജീവിതം അതിനുള്ളിലാണ് നടക്കുന്നത്, അത് സൗഹാർദ്ദപരമായ ഒത്തുചേരലിൻറെയും കൂടിക്കാഴ്ചയുടെയും സംഭാഷണത്തിൻറെയും വേദിയാണ്, അവിടെ അനേകരുള്ളപ്പോൾ പോലും, മറ്റൊരാൾക്ക് എങ്ങനെ ഇടം നൽകാമെന്ന് നിങ്ങൾക്കറിയാം.....എന്നാൽ മാനുഷികമായ ഇടത്തോടൊപ്പം, ദൈവികതയോടുള്ള അവശ്യമായ തുറവിനെയും ഗെർ ഉണർത്തുന്നു. ഈ വാസസ്ഥലത്തിൻറെ ആത്മീയ മാനത്തെ പ്രതിനിധീകരിക്കുന്നത് അതിന് മുകളിലേക്കുള്ള തുറവാണ്. ആ ഒറ്റ ബിന്ദുവിലൂടെയാണ് അതിലേക്ക് വെളിച്ചം കടക്കുന്നത്. വൃത്താകൃതിയിലുള്ള സ്ഥലത്ത് സംഭവിക്കുന്ന മാനവ സഹവർത്തിത്വം അതിൻറെ ലംബമാനത്തിലേക്കും അതിൻറെ അഭൗമികവും ആത്മീയവുമായ മാനത്തിലേക്കും നിരന്തരം തുറക്കപ്പെടുന്നു.

മതപ്രതിനിധികളുടെ സമാഗമം

വിവിധ മതങ്ങളുടെ വക്താക്കളെന്ന നിലയിൽ നമ്മൾ  പരിപോഷിപ്പിക്കാൻ സംഭാനചെയ്യുന്ന അനുരഞ്ജിതവും സമ്പുഷ്ടവുമായ നരകുലത്തെ ഐക്യത്തോടുകൂടിയതും ദൈവികതയോടു തുറവുള്ളതുമായ ഈ സമാഗമം പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നു. അതിൽ നീതിയോടും സമാധാനത്തോടുമുള്ള പ്രതിബദ്ധത ദൈവവുമായുള്ള ബന്ധത്തിൽ പ്രചോദനവും അടിത്തറയും കണ്ടെത്തുന്നു.  അതിനാൽ വിശ്വാസവും അക്രമവും തമ്മിൽ, പവിത്രതയും അടിച്ചേൽപ്പിക്കലും തമ്മിൽ, മതപരമായ പാതയും വിഭാഗീയതയും തമ്മിൽ യാതൊരു ആശയക്കുഴപ്പവുമില്ല. ഭൂതകാല കഷ്ടപ്പാടുകളുടെ ഓർമ്മകൾ - പ്രത്യേകിച്ച് ബുദ്ധമത സമൂഹങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു - ഇരുണ്ട മുറിവുകളെ വെളിച്ചത്തിൻറെ ഉറവിടങ്ങളായും, അക്രമത്തിൻറെ മൗഢ്യത്തെ ജീവിത ജ്ഞാനമായും, വിനാശകരമായ തിന്മയെ നന്മയായും മാറ്റാനുള്ള ശക്തി പ്രദാനം ചെയ്യട്ടെ.

കത്തോലിക്കാസഭയുടെ നിലപാട്

ക്രൈസ്തവാന്തര സംവാദത്തിലും മതാന്തര സംഭാഷണങ്ങളിലും സാംസ്കാരിക സംവാദങ്ങളിലും ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഉറപ്പു നല്കുന്നു. യേശുക്രിസ്തുവിൽ   മനുഷ്യനായി അവതരിച്ച ദൈവവും നരകുലവും തമ്മിലുള്ള ശാശ്വതമായ സംഭാഷണത്തിൽ അധിഷ്ഠിതമാണ് കത്തോലിക്കാസഭയുടെ വിശ്വാസം.

പ്രത്യാശ സാദ്ധ്യമാണ്

സഹോദരീ സഹോദരന്മാരേ, ഇന്ന് നാം ഇവിടെ സമ്മേളിച്ചിരികരിക്കുന്നത് പ്രത്യാശ സാധ്യമാണെന്നതിൻറെ സൂചനയാണ്. പ്രതീക്ഷ സാധ്യമാണ്. കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും കൊണ്ട് കീറിമുറിക്കപ്പെട്ട ഒരു ലോകത്ത്, ഇത് ഒരു മിഥ്യ ആയി തോന്നിയേക്കാം; എന്നിരുന്നാലും, ഏറ്റവും വൻ സംരംഭങ്ങൾ ഏതാണ്ട് അഗോചരമായ മാനങ്ങളോടുകൂടി, നിഗൂഢതയിൽ ആരംഭിക്കുന്നു. വൻ വൃക്ഷം  മണ്ണിനിടിയിൽ മറഞ്ഞുകിടക്കുന്ന ചെറു വിത്തിൽ നിന്ന് മുളയ്ക്കുന്നു. നാം സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്ന പ്രാർത്ഥനകളും ഭൂമിയിൽ നാം ജീവിക്കുന്ന സാഹോദര്യവും പ്രത്യാശയെ ഊട്ടിവളർത്തുന്നു; സകലർക്കുമായുള്ള ഭവനത്തിൻറെ അന്തരീക്ഷം സംരക്ഷിക്കാൻ വിളിക്കപ്പെട്ട തീർത്ഥാടകർ എന്ന നിലയിൽ ഏകതാനതയോടെ ലോകത്തിൽ വസിക്കുന്നതിൻറെയും ഉന്നതത്തിലേക്കു നോക്കി ഒരുമിച്ചു ചരിക്കുന്നതിൻറെയും നമ്മുടെ മതാത്മകതയുടെയും സാക്ഷ്യം ലളിതവും വിശ്വസനീയവുമായിരിക്കട്ടെ. ഏകതാനത എന്ന വാക്ക് നാം മറക്കരുത്. നന്ദി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2023, 14:00