പാപ്പാ: ഭാവിയുടെ നേർക്കുയരുന്ന വെല്ലുവിളികളെ നേരിടുന്നതിന് സംഘാതാത്മകത അനിവാര്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമ്പദ്‌വ്യവസ്ഥയെയും ലോകത്തെയും ദരിദ്രരുടെയും പാർശ്വവൽകൃതരുടെയും പരിത്യക്തരുടെയും കണ്ണുകളിലൂടെ നോക്കാൻ പഠിക്കണമെന്ന് മാർപ്പാപ്പാ.
നിർമ്മിതബുദ്ധിയുടെയും വൻ സാമൂഹിക പരിവർത്തനങ്ങളുടെയുമായ കാലഘട്ടത്തിലെ ആഗോള ആഘാതങ്ങൾക്കും വെല്ലുവിളികൾക്കും സുസ്ഥിരവും നാഗരികവും പങ്കാളിത്തത്തോടെയുള്ളതുമായ ഉത്തരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ 2019 മുതൽ അനുവർഷം ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ സംഘടിപ്പിക്കപ്പെടുന്ന “നാഷണൽ ഫെസ്റ്റിവൽ ഓഫ് സിവിൽ എക്കണോമി”യുടെ സെപ്റ്റംബർ 28 മുതൽ 30 വരെ നടന്ന അഞ്ചാം സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
ഈ കാലഘട്ടത്തിൻറെ മാറ്റത്തെയും നമ്മുടെ മുന്നിലുള്ള ഭയാനകമായ വെല്ലുവിളികളെയും നേരിടുന്നതിന് ഇന്ന് പുതിയതും "പ്രബുദ്ധവുമായ" സമ്പദ്‌വ്യവസ്ഥയുടെ അടിയന്തിര ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. മാലിന്യങ്ങളും വലിച്ചെറിയപ്പെടുന്നവരും ഉല്പാദിപ്പിക്കപ്പെടുന്നതായ ഒരു സാമ്പത്തിക മാതൃകയിലടങ്ങിയിട്ടുള്ള അസമത്വങ്ങളും നമ്മുടെ ഗ്രഹത്തിൻറെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്ന കാലാവസ്ഥാപരമായ അടിയന്തരാവസ്ഥയും പാപ്പാ ഈ വെല്ലുവിളികളിൽ പ്രത്യേകം എടുത്തുകാട്ടുന്നു.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവയെ ശരിയായ രീതിയിൽ രൂപപ്പെടുത്തുന്നതിനും പ്രതികരിക്കുന്നതിനും നിരവധി വഴികൾ പൗര സമ്പദ്ഘടനയ്ക്ക് ഉണ്ടെന്ന് പാപ്പാ പറയുന്നു. പാവപ്പെട്ടവരോടൊപ്പം അവർക്കുവേണ്ടി പ്രവർത്തിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് നമ്മുടെ ഭാവിയെ സംബന്ധിച്ച വെല്ലുവിളികളെ ധൈര്യത്തോടെയും സർഗ്ഗാത്മകതയോടെയും നേരിടാൻ കഴിയൂ എന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: