തിരയുക

Família da Esperança എന്ന സംഘടനാംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടികാഴ്ച.  Família da Esperança എന്ന സംഘടനാംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടികാഴ്ച.   (Vatican Media)

പാപ്പാ: ജീവിതത്തിൽ വഴിതെറ്റിപ്പോയവർക്ക് പ്രത്യാശ പകരുക

സെപ്റ്റംബർ 29 ആം തിയതി, വെള്ളിയാഴ്ച വത്തിക്കാനിൽ Família da Esperança എന്ന സംഘടനയിൽ നിന്നും നാൽപതാം വാർഷീകത്തോടനുബന്ധിച്ച് ഏകദേശം 1200 ഓളം പേർ പാപ്പായെ സന്ദർശിക്കാനെത്തി. അവരുമായി നടന്ന കൂടികാഴ്ചയിൽ പാപ്പാ ആവശ്യമുള്ളവർക്ക് പ്രത്യാശ പകരുന്ന അവരുടെ പ്രചോദനാത്മകമായ സേവനത്തെ അഭിനന്ദിക്കുകയും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്സി.റൂബിനി

ജീവിതത്തിൽ വഴിതെറ്റിപ്പോയവർക്ക് പ്രത്യാശ പകരാനുള്ള അവരുടെ വിളിയുടെ പ്രാധാന്യം   പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. മത്തായിയുടെ സുവിശേഷത്തിൽ നിന്ന് (25:35-36) വചനങ്ങളെ അനുസ്മരിച്ച പാപ്പാ അവിടെ യേശു പാർശ്വവൽക്കരിക്കപ്പെട്ടവരിലും കഷ്ടപ്പെടുന്നവരിലും തന്നെയാണ് കാണുന്നതെന്നും പാപ്പാ സൂചിപ്പിച്ചു. മയക്കുമരുന്നിനെ മറികടക്കാനുള്ള ഒരു യുവാവിന്റെ അഭ്യർത്ഥനയോടുള്ള അനുകമ്പയാർന്ന പ്രതികരണത്തിൽ നിന്നാണ് Família da Esperança എന്ന പ്രതീക്ഷയുടെ കുടുംബം പിറന്നതെന്ന്  പാപ്പാ അവരെ ഓർമ്മപ്പെടുത്തി.

പ്രത്യാശ നഷ്ടപ്പെട്ടവരിൽ ക്രിസ്തുവിനെ തിരിച്ചറിയുകയും ദുർബലമായ സാമൂഹിക സാഹചര്യങ്ങളിൽ ഉള്ളവരെ നിരുപാധികമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് അവരുടെ ദൗത്യമെന്ന് പറഞ്ഞ പാപ്പാ തന്റെ "ഫ്രാത്തേല്ലി തൂത്തി" എന്ന ചാക്രീക ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ  ഇന്ന് ലോകത്ത് നിലനിൽക്കുന്ന നിസ്സംഗതതയെ കുറിച്ച് പരാമർശിക്കുകയും ചെയ്തു. യുവാക്കളുടെയും, പ്രത്യേകിച്ച് മയക്കുമരുന്നിന് അടിമപ്പെട്ടവരുടെയും മറ്റ് ആശ്രിതത്വങ്ങളുടെയും ദുരിതത്തിൽ നിസ്സംഗരായിരിക്കാത്തതിന് പ്രത്യാശയുടെ കുടുംബത്തെ പാപ്പാ അഭിനന്ദിച്ചു.

തെരുവിൽ നിന്ന് കണ്ടെത്തുന്നവരുടെ അന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള പാതയിൽ അവരെ അനുധാവനം ചെയ്ത്  അവർക്ക്  "അയൽക്കാരും" "സഹോദരരും" ആകാൻ അവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടികാണിച്ചു. പ്രത്യാശ പകരുക എന്നാൽ ദുശ്ശീലങ്ങളെയും ആഘാതങ്ങളെയും അതിജീവിക്കാൻ വ്യക്തികളെ സഹായിക്കുക എന്നത് മാത്രമല്ല എന്ന്  പാപ്പാ ഓർമ്മിപ്പിച്ചു. സമൂഹത്തിലേക്കുള്ള പുനരധിവാസം നിങ്ങളുടെ ഉദ്യമത്തിന്റെ ഫലപ്രാപ്തിയുടെ പ്രകടനമാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതും സൃഷ്ടിയുടെ സാധുത സ്ഥിരീകരിക്കുന്നതും മാനസാന്തരം, ദൈവത്തെ കണ്ടെത്തൽ, സഭയുടെ ജീവിതത്തിൽ സജീവമായ പങ്കാളിത്തം എന്നിവയാണ് എന്ന് 2007-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ബ്രസീലിലെ Guaratinguetá, സന്ദർശനത്തിൽ പറഞ്ഞ വാക്കുകളെ പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

"പ്രത്യാശയുടെ കുടുംബം" എന്ന സിദ്ധിയുടെ സാർവ്വത്രികതയെ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.  ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആളുകളെ സമഗ്രമായി പരിപാലിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നുള്ള ഒരു ദാനമാണെന്ന് ഊന്നിപ്പറഞ്ഞ പാപ്പാ, "പ്രത്യാശയുടെ കുടുംബം" സേവനത്തിന്റെ 40-ആം വാർഷികം ആഘോഷിക്കുമ്പോൾ, വിനയത്തോടും വിശ്വാസത്തോടും ആത്മീയ കൂട്ടായ്മയോടുള്ള പ്രതിബദ്ധതയോടും കൂടി പുതിയ ഘട്ടത്തെ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. ബ്രസീലിലും പുറത്തുമുള്ള “Fazendas da Esperança” ഉൾപ്പെടെ വിവിധ പദ്ധതികളിലെ അവരുടെ പ്രവർത്തനത്തിനും മനഃശാസ്ത്രപരമായ വെല്ലുവിളികളെ മറികടക്കുന്നതിൽ വൈദീകർ, സെമിനാരി വിദ്യാർത്ഥികൾ, സമർപ്പിതർ എന്നിവർക്ക് നൽകുന്ന പിന്തുണയ്ക്കും പാപ്പാ നന്ദി അറിയിച്ചു.

Família da Esperança യെയും അവരുടെ ദൗത്യത്തെയും അനുഗ്രഹിച്ച പാപ്പാ അവരുടെ പ്രാർത്ഥന ആവശ്യപ്പെടുകയും പരിശുദ്ധ കന്യാമറിയത്തെ സന്തതസഹചാരിയാക്കി പ്രത്യാശയുടെ പാതയിലൂടെയുള്ള അവരുടെ തുടർ യാത്രയ്ക്ക് ആശംസ അർപ്പിക്കുകയും ചെയ്തു. അവരുടെ സമർപ്പണത്തെ അഭിനന്ദിച്ച പാപ്പാ വിനയത്തോടും വിശ്വാസത്തോടും കൂടി തങ്ങളുടെ ദൗത്യം തുടരാൻ ആഹ്വാനം ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2023, 14:41