തിരയുക

ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരായ ലോകദിനം, സെപ്റ്റംബർ 29 ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരായ ലോകദിനം, സെപ്റ്റംബർ 29 

പാപ്പാ: നമുക്കുള്ളവ പട്ടിണിപ്പാവങ്ങളുമായി പങ്കുവയ്ക്കുക നീതിയുടെ അനിവാര്യത !

സെപ്റ്റംബർ 29: ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരായ ലോകദിനം, ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭക്ഷണം പാഴാക്കുന്നത് പാവപ്പെട്ടവരോടു ചെയ്യുന്ന ദ്രോഹമാണെന്ന് മാർപ്പാപ്പാ.

ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അവബോധം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അനുവർഷം സെപറ്റംബർ 29-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് വെള്ളിയാഴ്ച (29/09/23) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഒ യുടെ (FAO)  മേധാവി കു ദോംഗ്യൂ-ന് (Qu Dongyu) അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ആഹാരസാധനങ്ങൾ പാഴാക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തികൾക്കും നമ്മുടെ ഗ്രഹത്തിനും വരുത്തിവയ്ക്കുന്ന വിനാശകരങ്ങളായ ഫലങ്ങൾ ഇല്ലാതാക്കാനും ഇത്തരം ദ്രോഹപരമായ ചെയ്തികൾ ആവർത്തിക്കപ്പെടാതിരിക്കാനും വേണ്ടി നമ്മോട് തുറന്നാവശ്യപ്പെടുന്നത് യുവതലമുറയാണെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതും നഷ്ടപ്പെടുത്തുന്നതും അവസാനിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യം കെവരിക്കണമെങ്കിൽ സാമ്പത്തിക മുതൽ മുടക്കും, ഒത്തൊരുമയും കേവലമായ പ്രഖ്യാപനങ്ങളിൽ നിന്ന് ദീർഘവീക്ഷണത്തോടെയുള്ളതും നിശിതവുമായ തീരുമാനങ്ങളിലേക്കുള്ള നീക്കവും  ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.

ഭക്ഷണം വലിച്ചെറിയുന്നത് ദരിദ്രരോടുള്ള നിന്ദനമാണെന്ന ബോധ്യം നമ്മിൽ ശക്തിപ്പെടണമെന്നും ആവശ്യത്തിലിരിക്കുന്നവരോടുള്ള നീതിബോധമാണ് ഓരോരുത്തരെയും മനോഭാവത്തിലും പെരുമാറ്റത്തിലും സുവ്യക്തമായ മാറ്റത്തിലേക്ക് പ്രചോദിപ്പിക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു. ഭക്ഷണത്തിൻറെ മൂല്യത്തെ വികലമാക്കുകയും അതിനെ ഒരു വിനിമയ ചരക്കായി ചുരുക്കുകയും ചെയ്യുന്ന ആധിപത്യ സംസ്കാരത്തെയും പാപ്പാ തൻറെ സന്ദേശത്തിൽ അപലപിക്കുന്നു.

എല്ലാവർക്കും വേണ്ടത്ര ഭക്ഷണം നൽകാൻ ഭൂമിക്ക് കഴിയാതെവരുന്നതിൻറെ കാരണം ലോകജനസംഖ്യയുടെ വളർച്ചയാണെന്ന് ആവർത്തിക്കാൻ നമുക്കാകില്ലെന്നും പ്രകൃതി നമുക്കു പ്രദാനം ചെയ്യുന്നവയുടെ ഗുണഭോക്താക്കാൾ എല്ലാവരുമാകത്തക്കവിധം ആ ഭൂവിഭവങ്ങൾ പുനർവിതരണം ചെയ്യാനുള്ള സമൂർത്തമായ രാഷ്ട്രീയ  ഇച്ഛാശക്തിയുടെ അഭാവമാണ് വാസ്തവത്തിൽ അതിനു കാരണമെന്നും പാപ്പാ വിശദീകരിക്കുന്നു.

സാമ്പത്തിക നേട്ടത്തിനായി ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുകളയുന്ന അപലപനീയ കൃത്യത്തെക്കുറിച്ചും പാപ്പാ പരാമർശിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2023, 13:37