തിരയുക

ഫ്രാൻസീസ് പാപ്പാ വിയറ്റ്നാമിൻറെ പ്രസിഡൻറ് വെ വാൻ തുവോംഗിനെയും പത്നി ഫാൻ തി താൻഹ് താമും അടങ്ങുന്ന അന്നാടിൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 27/07/23  ഫ്രാൻസീസ് പാപ്പാ വിയറ്റ്നാമിൻറെ പ്രസിഡൻറ് വെ വാൻ തുവോംഗിനെയും പത്നി ഫാൻ തി താൻഹ് താമും അടങ്ങുന്ന അന്നാടിൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 27/07/23   (AFP or licensors)

പാപ്പാ: വിശ്വാസത്തിൻറെ അളവുകോൽ സ്നേഹവും സ്നേഹത്തിൻറെ ആത്മാവ് വിശ്വാസവും!

വിയറ്റ്നാമിലെ കത്തോലിക്കാ സഭയ്ക്ക് ഫ്രാൻസീസ് പാപ്പായുടെ കത്ത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിയറ്റ്നാമിലെ കത്തോലിക്കാസഭയുടെ വിശ്വാസം രൂഢമൂലമായിരിക്കുന്നതും അത് വളർന്നതും “നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മവോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക എന്ന കല്പനയിലാണെന്ന് മാർപ്പാപ്പാ.

വിയറ്റാനമിൽ ഒരു റസിഡൻറ് പേപ്പൽ പ്രതിനിധിയുടെ പദവിയെ സംബന്ധിച്ച് പരിശുദ്ധസിംഹാസനവും അന്നാടും തമ്മിൽ ഉണ്ടായ ധാരണ പ്രാബല്യത്തിലാക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്നാട്ടിലെ കത്തോലിക്കാവിശ്വാസികൾക്കായി നല്കിയ ഒരു കത്തിലാണ് ഫ്രാൻസീസ് പാപ്പാ പ്രാദേശികസഭയുടെ അടിയുറച്ച വിശ്വാസത്തിൻറെ ക്രിയാത്മകമാനം എടുത്തുകാട്ടിരിക്കുന്നത്.

ദൈവത്തോടുള്ള സ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും ഒരു നാണയത്തിൻറെ രണ്ടു വശങ്ങളാണെന്ന വസ്തുത വിയറ്റ്നാമിലെ കത്തോലിക്കാ സഭ മറക്കുന്നില്ല എന്ന് പാപ്പാ ശ്ലാഘിക്കുന്നു.

ഉഭയകക്ഷിബന്ധങ്ങൾ ഊട്ടിവളർത്തുന്നതിന് പേപ്പൽ പ്രതിനിധി വിയറ്റ്നാമിനും പരിശുദ്ധസിംഹാസനത്തിനുമിടയിൽ സേതുബന്ധമായിത്തീരുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുന്നു.

നടപ്പു വർഷം ജൂലൈ 27-ന് താൻ വിയറ്റ്നാമിൻറെ പ്രസിഡൻറ് വെ വാൻ തുവോംഗിനെ വത്തിക്കാനിൽ സ്വീകരിച്ചത് അനുസ്മരിച്ച പാപ്പാ, വിയറ്റ്നാമും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ ഈ കൂടിക്കാഴ്ചയ്ക്ക് സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

വർഷങ്ങൾകൊണ്ട് പടിപടിയായിട്ടാണ് ഇരു വിഭാഗവും തമ്മിലുള്ള പരസ്പരവിശ്വാസം ശക്തിപ്രാപിച്ചതെന്നും പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിസംഘത്തിനറെ വാർഷിക സന്ദർശനങ്ങൾ, ഇരുവിഭാഗത്തിൻറെയും സംയുക്ത കർമ്മസംഘത്തിൻറെ കൂടിക്കാഴ്ചകൾ എന്നിവ ഇതിന് ആക്കം കൂട്ടിയെന്നും പാപ്പാ വിശദീകരിക്കുന്നു.

ഒരേ സമയം സഭാതനയരും വിയറ്റനാമിൻറെ പൗരന്മാരുമാണ് അന്നാട്ടിലെ കത്തോലിക്കരെന്ന വസ്തുത എടുത്തുകാട്ടുന്ന പാപ്പാ നീതിയും ന്യായവും വാഴുന്നതും എല്ലാവർക്കും താങ്ങാകുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പ്രതിബദ്ധതയുള്ളവരായിരിക്കാൻ സഭ അവരെ ക്ഷണിക്കുന്നുവെന്ന് ബെനഢിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2023, 10:10