തിരയുക

ഫ്രാൻസീസ് പാപ്പാ ഉലൻബത്തറിലെ കത്തീദ്രലിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും പ്രേഷിതരും അജപാലന പ്രവർത്തകരുമൊത്ത് കൂടിക്കാഴ്ച നടത്തിയപ്പോൾ, മംഗോളിയ 02/09/23 ഫ്രാൻസീസ് പാപ്പാ ഉലൻബത്തറിലെ കത്തീദ്രലിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും പ്രേഷിതരും അജപാലന പ്രവർത്തകരുമൊത്ത് കൂടിക്കാഴ്ച നടത്തിയപ്പോൾ, മംഗോളിയ 02/09/23  (ANSA)

പാപ്പാ: സർക്കാരുകൾ സഭയുടെ പ്രവർത്തനങ്ങളെ ഭയക്കേണ്ടതില്ല, സഭയ്ക്ക് രാഷ്ട്രീയ അജണ്ടയില്ല!

ഫ്രാൻസീസ് പാപ്പാ മംഗോളിയയിലെ മെത്രാന്മാരും വൈദികരും പ്രേഷിതരും സമർപ്പിതരും അജപാലനപ്രവർത്തകരുമായി വിശുദ്ധരായ പത്രോസ്പൗലോസ് ശ്ലീഹാന്മാരുടെ നാമധേയത്തിൽ ഉലൻബത്താറിലുള്ള കത്തീദ്രൽ ദേവാലയത്തിൽ വച്ച് സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ, കാണുവിൻ”, സങ്കീർത്തനം 34,8 ഈ വാക്യത്തെ അവലംബമാക്കിയുള്ളതായിരുന്നു പാപ്പായുടെ പ്രഭാഷണം.

സുവിശേഷാന്ദം ആണ് സമർപ്പിത ജീവിതവും ശുശ്രൂഷാപൗരോഹിത്യവും തിരഞ്ഞെടുക്കാനും കർത്താവിനും മറ്റുള്ളവർക്കും വേണ്ടി സേവനം ചെയ്യാനും സ്ത്രീപുരുഷന്മാരെ പ്രേരിപ്പിക്കുന്നതെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. “കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ, കാണുവിൻ” എന്ന സങ്കീർത്തന വചനം ഉദ്ധരിച്ച പാപ്പാ,  കർത്താവിൻറെ ആനന്ദവും നന്മയും ക്ഷണികമായ ഒന്നല്ല പ്രത്യുത അത് ഉള്ളിൽ അവശേഷിക്കുന്നുവെന്നും ജീവിതത്തിന് രുചി പകരുകയും കാര്യങ്ങളെ നൂതനമായ രീതിയിൽ കാണാൻ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്നും ആസ്വദിക്കുക, കാണുക എന്നീ രണ്ടു വാക്കുകൾ വിശകലനം ചെയ്തുകൊണ്ടു പറഞ്ഞു.

സാക്ഷ്യമേകിയ റുഫീന അത് വ്യക്തമക്കിയതും പാപ്പാ അനുസ്മരിച്ചു. സുവിശേഷത്തെ പ്രതി ഒരുവൻ ജീവിതം സമർപ്പിക്കുക എന്നത് ക്രൈസ്തവൻറെ പ്രേഷിതജീവിത വിളിക്കുള്ള, ക്രൈസ്തവർ അത് എപ്രകാരം ജീവിക്കുന്നു എന്നതിനുള്ള മനോഹരമായ ഒരു നിർവ്വചനമാണെന്ന് പാപ്പാ പറഞ്ഞു.

മംഗോളിയയിൽ സഭയുടെ വേരുകളുടെ പഴക്കം

മംഗോളിയയിലെ സഭയുടെ സമകാലിക ഘട്ടത്തിൻറെ തുടക്കക്കാരനും ഉലൻബത്തയിലെ ഈ കത്തീദ്രലിൻറെ നിർമ്മാതാവുമായ ആദ്യത്തെ അപ്പോസ്തോലിക് പ്രീഫെക്റ്റായ ബിഷപ്പ് വെൻസെസ്ലാവോ സെൽഗ പദീല്ലയെ അനുസ്മരിച്ച പാപ്പാ മംഗോളിയയിൽ വിശ്വാസത്തിന് കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളുടെ മാത്രം പഴക്കമല്ല ഉള്ളതെന്നും മറിച്ച്, അതിന്, വളരെ പുരാതനമായ വേരുകളുണ്ടെന്നും പറഞ്ഞു.

സുവിശേഷത്തിനു വേണ്ടിയുള്ള ജീവിതം 

എന്തിനു വേണ്ടി ജീവിതം സുവിശേഷത്തിനായി ചെലവഴിക്കണം? എന്ന ചോദ്യം  ഉന്നയിച്ചു കൊണ്ട് പാപ്പാ അതിനുള്ള ഉത്തരം, മുപ്പത്തിനാലാം സങ്കീർത്തനം  അനുസ്മരിപ്പിക്കുന്നതുപോലെ, ദൈവത്തിൻറെ ആർദ്രത ഒരുവൻ സ്വന്തം ജീവിതത്തിൽ  ആസ്വദിച്ചതു കൊണ്ട്, നല്ല രുചി അനുഭവിച്ചതുകൊണ്ട് ആണെന്ന് വിശദികരിച്ചു. യേശുവിൽ തന്നെത്തന്നെ സ്പർശനയോഗ്യനും ദൃശ്യനുമാക്കിയ ദൈവമാണ് അവിടന്നെന്നും അവിടന്നാണ് സകലജനതകൾക്കുമുള്ള സുവിശേഷവും സഭയ്ക്ക് ഒരിക്കലും നിറുത്താനാവാത്തതും എല്ലാ സംസ്ക്കാരങ്ങളിലും എല്ലാ ഹൃദയങ്ങളിലും അവൾ മന്ത്രിക്കുകയും ചെയ്യുന്ന വിളംബരവും എന്നും പാപ്പാ പറഞ്ഞു. ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൻറെ ഈ അനുഭവം വദനത്തെ രൂപാന്തരപ്പെടുത്തുകയും അതിനെ പ്രകാശമാനമാക്കുകയും ചെയ്യുന്ന ശുദ്ധമായ പ്രകാശമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്നേഹവും സേവനവും

മംഗോളിയയിലെ ഈ മുപ്പത്തിയൊന്ന് വർഷത്തെ സാന്നിധ്യം വഴി, അന്നാട്ടിൽ വൈദികരും സമർപ്പിതരും സമർപ്പിതകളും അജപാലനപ്രവർത്തകരും നിരവധിയായ ഉപവിപ്രവർത്തന സംരംഭങ്ങൾക്ക് ജന്മമേകിയെന്നും ഈ സംരഭങ്ങൾ അവരുടെ ഊർജ്ജത്തിൻറെ സിംഹഭാഗവും വിനിയോഗിക്കുകയും നല്ല സമറായനായ ക്രിസ്തുവിൻറെ കരുണാർദ്രമായ മുഖത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. അതേ സമയം, കർത്താവിനെ രുചിച്ചറിയുകയും കാണുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിക്കുകയും  അതില്ലാത്ത പക്ഷം, ശക്തി ക്ഷയിക്കുകയും അജപാലന പ്രതിബദ്ധത ഫലശൂന്യമായ സേവനമായി പരിണമിക്കുകയും ചെയ്യുന്ന അപകടസാധ്യത ഉണ്ടെന്ന് മുന്നറിയിപ്പേകുകയും ചെയ്തു.  അത് മടുപ്പും നിരാശയും അല്ലാതെ  മറ്റൊന്നും പ്രദാനം ചെയ്യില്ലയെന്നും പാപ്പാ പറഞ്ഞു.

സഭയ്ക്ക് രാഷ്ട്രീയമില്ല 

ഒരു രാഷ്ട്രീയനയം പ്രചരിപ്പിക്കാനല്ല കർത്താവായ യേശു, സ്വശിഷ്യന്മാരെ ലോകത്തിലേക്ക് അയച്ചതെന്നും മറിച്ച് "നമ്മുടെ പിതാവ്" ആയിത്തീർന്ന സ്വപിതാവുമായുള്ള ബന്ധത്തിൻറെ നവീനതയ്ക്ക്, ഓരോ ജനതയുമായും സമൂർത്തസാഹോദര്യം പരിപോഷിപ്പിച്ചുകൊണ്ട്, അവരുടെ ജീവിതം വഴി സാക്ഷ്യം വഹിക്കാനാണെന്നും (യോഹന്നാൻ 20:17)  പാപ്പാ വിശദീകരിച്ചു. ഈ കൽപ്പനയിൽ നിന്ന് ഉടലെടുക്കുന്നത് ഒരു പാവപ്പെട്ട സഭയാണെന്നും, അതിൻറെ അടിസ്ഥാനം യഥാർത്ഥ വിശ്വാസത്തിലും,  മുറിവേറ്റ മനുഷ്യരാശിയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രാപ്തിയുള്ള ഉത്ഥിതൻറെ നിരായുധീകരിക്കപ്പെട്ടതും നിരായുധീകരിക്കുന്നതുമായ ശക്തിയിലും ആണെന്ന് പാപ്പാ പറഞ്ഞു. അതുകൊണ്ടുതന്നെ സഭയുടെ സുവിശേഷ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കും മതേതര സ്ഥാപനങ്ങൾക്കും ഭയപ്പെടേണ്ടതില്ലെന്നും കാരണം, അവൾക്ക് പിന്തുടരാൻ ഒരു രാഷ്ട്രീയ അജണ്ടയില്ലയെന്നും  ദൈവകൃപയുടെ എളിയ ശക്തിയും എല്ലാവരുടെയും നന്മ പരിപോഷിപ്പിക്കാനുതകുന്ന കരുണയുടെയും സത്യത്തിൻറെയും വചനവും മാത്രമേ അറിയൂ എന്നും പാപ്പാ വിശദീകരിച്ചു.

സഭയിലെ ഐക്യം

ഈ ദൗത്യം നിറവേറ്റുന്നതിനായി, മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യത്തെ ഓർമ്മിപ്പിക്കുന്ന ഒരു ഘടന ക്രിസ്തു സ്വന്തം സഭയ്ക്ക് നൽകിയെന്നും അവിടന്നാണ് ആ ഗാത്രത്തിൻറെ ശിരസ്സെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇവിടെ കൂട്ടായ്മയുടെ പ്രാധാന്യവും സഭാംഗങ്ങൾ മെത്രാൻറെ ചുറ്റും ഒന്നു ചേരേണ്ടതിൻറെ ആവശ്യകതയും പാപ്പാ എടുത്തുകാട്ടി. മംഗോളിയയിൽ തൻറെ സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ വിളിച്ച ക്രിസ്തുവിന് സ്വയം പൂർണ്ണമായി സമർപ്പിക്കുന്നതിൻറെ മനോഹാരിത രുചിച്ചറിയാനും കാണാനും കൂട്ടായ്മ വളർത്തിക്കൊണ്ട് അത് തുടരാനും പാപ്പാ അന്നാട്ടിലെ പ്രേഷിതർക്ക് പ്രചോദനം പകർന്നു.

പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക

പ്രാർത്ഥനയിൽ സ്ഥൈര്യം പുലർത്തി ഉപവിയിൽ സർഗാത്മകതയുള്ളവരായി കൂട്ടായ്മയിൽ ദൃഢതപുലർത്തി, എല്ലാത്തിലും എല്ലാവരോടും സന്തോഷവും സൗമ്യതയും ഉള്ളവരായി തുടരാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന അഭ്യർത്ഥനയോടെയാണ് പാപ്പാ തൻറെ വിചിന്തനം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2023, 14:25