തിരയുക

ഫ്രാൻസീസ് പാപ്പായും മംഗോളിയയുടെ പ്രസിഡൻറ് ഉഖ്നാജിൻ ഖുറേൽഷുഖും(Ukhnaagiin Khürelsükh) ഫ്രാൻസീസ് പാപ്പായും മംഗോളിയയുടെ പ്രസിഡൻറ് ഉഖ്നാജിൻ ഖുറേൽഷുഖും(Ukhnaagiin Khürelsükh)  (Vatican Media)

പാപ്പാ: സമാധാനം വാഴുന്ന ഭാവി കെട്ടിപ്പടുക്കാൻ സംഘതയത്നം ആവശ്യം!

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയുള്ള തൻറെ മംഗോളിയ സന്ദർശനത്തിൽ രണ്ടാം തീയതി ശനിയാഴ്ച ഫ്രാൻസീസ് പാപ്പാ അന്നാട്ടിലെ സർക്കാർ അധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യേഷ്യയിലെ നാടോടി ജനതയായ ദറാദുഗോത്രക്കാർ കാലത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായി പ്രകൃതിയോട് ഇണങ്ങി വസിക്കുന്നതും മംഗോളിയൻ ജനതയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പാരമ്പര്യത്തെ വിളിച്ചോതുന്നതുമായ “ഗെർ” എന്ന് പറയപ്പെടുന്ന വൃത്താകൃതയിലുള്ള കൂടരാവീടുകളെ കേന്ദ്രബിന്ദുവാക്കിയുള്ളതായിരുന്നു മംഗോളിയയിൽ പാപ്പായുടെ കന്നി പ്രഭാഷണം. ആവാസവ്യവസ്ഥയെ ആദരിക്കുന്ന ആ ജനതയുടെ വിജ്ഞാനം, വൈവിധ്യത്തോടുള്ള ആദരവ്, പ്രാദേശിക കത്തോലിക്കാ സമൂഹം മംഗോളിയയ്ക്കു നല്കുന്ന സംഭാവന, സാഹോദര്യാരൂപി, ലോകത്തിൽ, സമാഗമം സംഭാഷണം എന്നീ സരണികളിലൂടെ സംഘർഷങ്ങൾക്ക് അറുതിവരുത്തേണ്ടതിൻറെ ആവശ്യകത തുടങ്ങിയവയ്ക്കും പാപ്പാ പ്രസംഗത്തിൽ ഊന്നൽ നല്കി.

നന്ദിയോടെ.....ആനന്ദത്തോടെ

മംഗോളിയയുടെ പ്രസിഡൻറ് ഉക്നാജീൻ ഖുറേൽസുഖ് (Ukhnaagiin Khürelsükh) തനിക്കേകിയ സ്വീകരണത്തിനും അദ്ദേഹത്തിൻറെ സൽവചസ്സുകൾക്കും പാപ്പാ പ്രഭാഷണാരംഭത്തിൽ നന്ദി പ്രകാശിപ്പിക്കുകയും എല്ലാവരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയും ചെയ്തു. ആകർഷകവും വിശാലവുമായ മംഗോളിയയിലേക്ക്, യാത്രയുടെ അർത്ഥവും മൂല്യവും നന്നായി അറിയുന്ന ഒരു ജനതയുടെ പക്കലേക്ക് യാത്ര ചെയ്യാൻ സാധിച്ചതിലുള്ള തൻറെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ അവിടെ ആയിരിക്കുക എന്നത് ഒരു ആദരവാണെന്ന് പറഞ്ഞു.

പരമ്പരാഗത കൂടാര വീടുകൾ

അന്നാട്ടിലെ പരമ്പരാഗത വീടുകളായ “ഗെർ”-കൾ, അതായത്, മനോഹരങ്ങളായ നാടോടി ഭവനങ്ങൾ  ഇത് വെളിപ്പെടുത്തുന്നുവെന്നും മഹത്തായ മംഗോളിയൻ മണ്ണിൽ വ്യാപിച്ചുകിടക്കുന്ന ഈ വൃത്താകൃതിയിലുള്ള കൂടാരങ്ങളിൽ ഒന്നിലേക്ക്,  അവരെ കാണാനും അവരെ നന്നായി അറിയാനുമായി, ആദരവോടും വികാരത്തോടും കൂടി, ആദ്യമായി പ്രവേശിക്കുന്നതായി ഞാൻ സങ്കൽപ്പിക്കുകയാണ് എന്ന് പാപ്പാ തുടർന്നു പറഞ്ഞു. ആകയാൽ ഇതാ ഞാൻ സൗഹൃദത്തിൻറെ തീർത്ഥാടകനായി പ്രവേശന കവാടത്തിങ്കലാണ്, നിങ്ങളുടെ സാന്നിധ്യത്തിൽ മാനുഷികമായി എന്നെ സമ്പന്നമാക്കാനുള്ള ആഗ്രഹത്തോടെ ഉത്സുകഹൃദയവുമായി നിങ്ങളുടെ പക്കൽ ഞാൻ വന്നിരിക്കുന്നു.

പരിശുദ്ധസിംഹാസനവും മംഗോളിയയും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം 

ഒരു സുഹൃത്തിൻറെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ, മുൻകാല കൂടിക്കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന വാക്കുകൾക്കൊപ്പം സമ്മാനങ്ങൾ കൈമാറുന്നത് സന്തോഷകരമാണ്. മംഗോളിയയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ആധുനിക നയതന്ത്രബന്ധം അടുത്തകാലത്തുള്ളതാണ്. എന്നാൽ, ഉഭയക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കത്ത് ഒപ്പുവച്ചതിൻറെ മുപ്പതാം വാർഷികമാണ് ഇക്കൊല്ലം. കൃത്യം 777 വർഷങ്ങൾക്ക് മുമ്പ്, 1246 ആഗസ്റ്റ് അവസാനത്തിനും സെപ്റ്റംബർ തുടക്കത്തിനുമിടയ്ക്ക്, പാപ്പായുടെ പ്രതിനിധി, ജൊവാന്നി പ്യാൻ ദെൽ കർപീനെ, മൂന്നാമെത്ത മംഗോളിയൻ ചക്രവർത്തി ഗുയുഗിനെ സന്ദർശിക്കുകയും നാലാം ഇന്നൊസെൻറ് പാപ്പായുടെ ഔദ്യോഗിക കത്ത് മഹാനായ ഖാന് സമർപ്പിക്കുകയും ചെയ്തിരുന്നു. കാലിവളംബന്യേ, മറുപടി കത്ത് തയ്യാറാക്കപ്പെടുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അതിൽ പരമ്പരാഗത മംഗോളിയൻ ലിപിയിൽ മഹാ ഖാൻറെ മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇത് വത്തിക്കാൻറെ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്നു, സാധ്യമായ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തും വിധം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് നിർമ്മിച്ച ഒരു ആധികാരിക പകർപ്പ് നിങ്ങൾക്ക് സമർപ്പിക്കുകയെന്നെ ബഹുമതി ഇന്ന് എനിക്ക് ലഭിച്ചിരിക്കുന്നു.  വളരുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രാചീന സൗഹൃദത്തിൻറെ അടയാളമാകട്ടെ അത്.

ഗെറിൽ നിന്നുള്ള വീക്ഷണത്തിൻറെ പൊരുൾ 

അതിരാവിലെ, നിങ്ങളുടെ നാട്ടിൻപുറങ്ങളിൽ കുട്ടികൾ  കന്നുകാലികളുടെ എണ്ണമെടുക്കുകയും തങ്ങളുടെ മാതാപിതാക്കളെ ആ എണ്ണം അറിയിക്കുകയും ചെയ്യുന്നതിനായി  ഗെറിൻറെ വതിൽക്കൽ നിന്ന് അവരുടെ ദൃഷ്ടി വിദൂര ചക്രവാളത്തിലേക്ക് പായിക്കാറുണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. സങ്കുചിതമായ കാഴ്ചപ്പാടുകളുടെ അവിശാലതയെ മറികടന്ന്, വിശാലമായ ഒരു മാനസികാവസ്ഥയിലേക്ക് സ്വയം തുറന്നുകൊണ്ട് നമുക്കു ചുറ്റുമുള്ള വിശാലമായ ചക്രവാളത്തിലേക്ക് നോക്കുന്നത് നമുക്കും നല്ലതാണ്. വിശാലമായ പ്രദേശത്ത്, പുൽമേടുകളിൽ തമ്പടിക്കുന്ന നാടോടികളുടെ അനുഭവത്തിൽ നിന്ന് ജന്മംകൊണ്ടതും  വിഭിന്നങ്ങളായ അയൽസംസ്കാരങ്ങളുടെ തിരിച്ചറിയൽ ഘടകമായിത്തീർന്നതുമായ ഗെർ നമ്മെ ക്ഷണിക്കുന്നത് ഇപ്രകാരം ചെയ്യാനാണ്.

മംഗോളിയൻ ജനതയുടെ പാരമ്പര്യ ജ്ഞാനം

മംഗോളിയൻ ജനതയുടെ ജ്ഞാനത്തെക്കുറിച്ചു തുടർന്നു പരാമാർശിച്ച പാപ്പാ ആവാസവ്യവസ്ഥയുടെ അതിലോലമായ സന്തുലിതാവസ്ഥ തകർക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധാലുക്കളായ, വിവേകമതികളായ കാലിവളർത്തുകാരും കൃഷിക്കാരുമായവരുടെ തലമുറയിൽ രൂഢമൂലമാണ് ആ ജനതയുടെ ജ്ഞാനം എന്ന് അനുസ്മരിച്ചു. സ്വാർത്ഥതാല്പര്യങ്ങളുടെതായ ഹ്രസ്വദൃഷ്ടിയുള്ളവരായിരിക്കാൻ ആഗ്രഹിക്കാത്തവരും ഇനിയും ഉർവ്വരതയുള്ളതും എല്ലാവരെയും സ്വാഗതം ചെയ്യാൻ കഴിയുന്നതുമായ ഒരു ഭൂമിയെ വരും തലമുറയ്ക്ക് കൈമാറാൻ അഭിലഷിക്കുന്നവരുമായവരെ ഏറെ പഠിപ്പിക്കാൻ അവരുടെ ഈ ജ്ഞാനത്തിനു കഴിയുമെന്ന് പാപ്പാ വിശദീകരിച്ചു.

സൃഷ്ടിയോടുള്ള കരുതൽ 

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സൃഷ്ടിയെ,  അതായത്, ദൈവത്തിൻറെ അനുഗ്രഹീത പദ്ധതിയുടെ ഫലത്തെ, തിരിച്ചറിയാനും,  മനുഷ്യൻറെ ആക്രമണങ്ങളിൽ നിന്ന്, ഉത്തരവാദിത്വപൂർണ്ണമായ പരിസ്ഥിതിവിജ്ഞാനീയ നയങ്ങളിൽ പ്രതിഫലിക്കുന്ന പരിപാലനത്തിൻറെയും ദീർഘവീക്ഷണത്തിൻറെയും സംസ്കാരം ഉപയോഗിച്ച്   അതിനെ രക്ഷിക്കാനും ഈ ജ്ഞാനം സഹായിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. കൂടാതെ, മംഗോളിയൻ ഷമാനിക് പാരമ്പര്യത്തിൻറെ സമഗ്രമായ കാഴ്ചപ്പാടും ബുദ്ധമത തത്ത്വചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ, എല്ലാ ജീവജാലങ്ങളോടും ഉള്ള ആദരവും ഭൂമിയുടെ സംരക്ഷണത്തിനായുള്ള അടിയന്തിരവും ഇനി മാറ്റിവയ്ക്കാനാവാത്തതുമായ പ്രതിബദ്ധതയ്ക്കുള്ള സാധുവായ സംഭാവനയെ പ്രതിനിധാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

പാരമ്പര്യത്തിൻറെയു ആധുനികതയുടെയും സമന്വയം

ഗ്രാമപ്രദേശങ്ങളിലും അതുപോലെ തന്നെ നഗരങ്ങളിലും നിലവിലുള്ള ഗേറുകൾ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വിലയേറിയ ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും പ്രായമായവരുടെയും യുവാക്കളുടെയും ജീവിതത്തെ സംയോജിപ്പിക്കുന്നുവെന്നും, തങ്ങളുടെ വേരുകൾ പുരാതന കാലം മുതൽ ഇന്നുവരെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ മംഗോളിയൻ ജനതയുടെ തുടർച്ച വിവരിക്കുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

ലോകസമാധാനം...... യുദ്ധാന്ത്യം

വിശ്വശാന്തിക്ക് മംഗോളിയ ഏകുന്ന സംഭാവനയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മംഗോളിയ സമാധാനപരമായ വിദേശനയം പിന്തുടരുന്ന ഒരു ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ലോകസമാധാനത്തിന് ഒരു പ്രധാന പങ്ക് വഹിക്കാൻ സന്നദ്ധമായ ഒരു നാടാണെന്നും പറഞ്ഞു. മംഗോളിയയുടെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് വധശിക്ഷ അപ്രത്യക്ഷമായിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. വാനവും ഭൂമിയും നിരവധിയായ സംഘർഷങ്ങളാൽ സാന്ദ്രമാണെന്ന വസ്തുതയിലേക്കും വിരൽചൂണ്ടിയ പാപ്പാ ഒരു കാലത്തെ, “പാക്സ് മംഗോളിക്ക” അതായത് സംഘർഷങ്ങളുടെ അഭാവാവസ്ഥ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഇന്നും പുനർനിർമ്മിക്കപ്പെട്ടെയെന്ന് ആശംസിച്ചു.

"മേഘങ്ങൾ കടന്നുപോകുന്നു, ആകാശം അവശേഷിക്കുന്നു" എന്ന മംഗോളിയക്കാരുടെ പഴമൊഴി അനുസ്മരിച്ച പാപ്പാ യുദ്ധത്തിൻറെ ഇരുണ്ട മേഘങ്ങൾ കടന്നുപോകട്ടെയെന്നും സമാഗമത്തിൻറെയും സംഭാഷണത്തിൻറെയും അടിസ്ഥാനത്തിൽ പിരിമുറുക്കങ്ങൾ പരിഹരിക്കപ്പെടുന്ന ഒരു സാർവ്വത്രിക സാഹോദര്യത്തിൻറെ സുദൃഢമായ ഇച്ഛാശക്തിയാൽ അവ ഒഴുകിപ്പോകട്ടെയെന്നും എല്ലാ മൗലികാവകാശങ്ങളും ഉറപ്പുനൽകപ്പെട്ടെയെന്നും പറഞ്ഞു. സമാധാനം വാഴുന്ന ഒരു ഭാവി കെട്ടിപ്പടുക്കാൻ കൂട്ടായി യത്നിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു

നയനങ്ങൾ ഉന്നതത്തിലേക്ക്

ഒരു പരമ്പരാഗത ഗെറിലേക്ക് പ്രവേശിക്കുമ്പോൾ, നോട്ടം ഏറ്റവും ഉയർന്ന കേന്ദ്രബിന്ദുവിലേക്ക് പോകുന്നതും, അവിടെ  വൃത്താകൃതിയിലുള്ള ജാലകം ഉള്ളതും അനുസ്മരിച്ച പാപ്പാ അത്, അവരുടെ പാരമ്പര്യം വീണ്ടും കണ്ടെത്തുന്നതിന് തങ്ങളെ സഹായിക്കുന്ന മനോഭാവത്തിലേക്ക്, അതായത്, നയനങ്ങൾ ഉന്നതത്തിലേക്ക് ഉയർത്തുക എന്ന മനോഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വിശദീകരിച്ചു. മംഗോളിയൻ ജനത എന്നും വന്ദിക്കുന്ന സനാതനമായ നീലാകശത്തിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്തുക എന്നതിനർത്ഥം മതപരമായ പ്രബോധനങ്ങളോട് വിധേയത്വവും തുറവും ഉള്ളവരായിരിക്കുക എന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അഴിമതി

വികസനത്തിനും പൊതുനന്മയ്ക്കായുള്ള സേവനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഭീഷണികളിൽ  ഒന്നായ അഴിമതിയെക്കുറിച്ചും പരാമർശിച്ച പാപ്പാ അഴിമതി നാടിനെ ദാരിദ്ര്യത്തിലാഴ്ത്തുന്നു എന്ന വസ്തുത എടുത്തുകാട്ടി. ആകാശത്തിലേക്കുള്ള നോട്ടത്തിൽ നിന്നകലുകയും സാഹോദര്യത്തിൻറെ വിശാലമായ ചക്രവാളത്തിൽനിന്ന് പലായനം ചെയ്യുകയും സ്വന്തം താല്പര്യങ്ങൾക്ക് മുൻതൂക്കം നല്കി അവനവനിൽ സ്വയം അടച്ചിടുകയും ചെയ്യുന്നതിൻറെ അടയാളമാണ് അഴിമതിയെന്നും പാപ്പാ കൂട്ടിച്ചേർത്തു. നേരെമറിടച്ച്, മംഗോളിയൻ ജനതയുടെ പുരാതന നേതാക്കളിൽ പലരും മുകളിലേക്കുള്ള നോട്ടത്തിൻറെയും വിശാലമനസ്കതയുടെയും നായകന്മാരായിരുന്നുവെന്നും മതപരമായ വീക്ഷണകോണിൽ നിന്ന് വ്യത്യസ്ത ശബ്ദങ്ങളും അനുഭവങ്ങളും സമന്വയിപ്പിക്കാനുള്ള അസാധാരണമായ കഴിവ് പ്രകടമാക്കിയെന്നും പാപ്പാ ശ്ലാഘിച്ചു.

ഒറ്റക്കെട്ടായി മുന്നേറുക

തൻറെ ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവക്യം, "ഒരുമിച്ച് പ്രത്യാശിക്കാം" എന്നതാണെന്നനുസ്മരിച്ച പാപ്പാ പരസ്പര ബഹുമാനത്തോടെയും പൊതുനന്മയ്ക്കുവേണ്ടിയുള്ള സഹവർത്തിത്വത്തിലും ഒരുമിച്ചു ചരിക്കുന്നതിൽ അന്തർലീനമായ സാധ്യതകളെ ആവിഷ്ക്കരിക്കുന്നുവെന്നു പറഞ്ഞു. മിക്കവാറും എല്ലാ നാടുകളിലും വ്യാപിച്ചിരിക്കുന്ന പുരാതനമായ കത്തോലിക്കാ സഭ, ശാസ്ത്രം മുതൽ സാഹിത്യം, കല രാഷ്ട്രീയം വരെ മനുഷ്യജീവിതത്തിൻറെ വിവിധ മേഖലകളിൽ രാജ്യങ്ങളുടെ വികസനത്തിന് സംഭാവന നൽകിയ മഹത്തായതും ഫലപ്രദവുമായ ഒരു ആത്മീയ പാരമ്പര്യത്തിന് സാക്ഷ്യം വഹിക്കുന്നു പാപ്പാ പ്രസ്താവിച്ചു. മംഗോളിയയിലെ കത്തോലിക്കാ സമൂഹം അന്നാടിന് തനതായ സംഭാവന സസന്തോഷം തുടരുമെന്ന് പാപ്പാ ഉറപ്പു നല്കുകയും ചെയ്തു.

ഉപസംഹാരം

മംഗോളിയൻ സമൂഹം ലോകത്തിന് അതുല്യമായ ഒരു ജനതയുടെ സൗന്ദര്യവും കുലീനതയും വാഗ്ദാനം ചെയ്യുന്നത് തുടരട്ടെ. നിങ്ങളുടെ ലിപി പോലെതന്നെ, നിങ്ങൾക്ക് "നിൽക്കാൻ" കഴിയട്ടെ,  സ്വർഗ്ഗത്തെ ആലിംഗനം ചെയ്തുകൊണ്ട് ഭൗമിക ഭവനത്തിൽ വസിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെക്കുറിച്ച് എല്ലാവരേയും ഓർമ്മപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ചുറ്റുമുള്ള ധാരാളം മനുഷ്യരെ കഷ്ടതകളിൽ നിന്ന് മോചിപ്പിക്കാൻ നിങ്ങൾക്കു സാധിക്കട്ടെ,. ബയാർലാലാ! [നന്ദി!].

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2023, 15:43