തിരയുക

മതസൗഹാർദ്ദ സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായും, വിവിധ മതനേതാക്കളും മതസൗഹാർദ്ദ സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായും, വിവിധ മതനേതാക്കളും   (VATICAN MEDIA Divisione Foto)

സമാധാനസന്ദേശവുമായി ഫ്രാൻസിസ് പാപ്പാ മംഗോളിയയിൽ

മംഗോളിയയിൽ ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ദിവസമായ സെപ്റ്റംബർ മാസം മൂന്നാം തീയതിയിലെ പരിപാടികളുടെ സംക്ഷിപ്തവിവരണം
സംക്ഷിപ്തവിവരണത്തിന്റെ ശബ്ദരേഖ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

എണ്ണം കൊണ്ട് ചെറുതെങ്കിലും, ചടുലമായ വിശ്വാസത്തിന്റെയും, സാഹോദര്യത്തിന്റെയും ക്രിസ്തീയസാക്ഷ്യം വഹിക്കുന്ന മണ്ണാണ് മംഗോളിയ.തന്റെ വാക്കുകളിൽ എപ്പോഴും വിശാലതയുടെയും,സ്വീകാര്യതയുടെയും ക്രിസ്തു ഭാവം വെളിപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ചിടത്തോളം മംഗോളിയയിലേക്കുള്ള യാത്ര ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. 'സകലരുടെയും സഹോദരനെന്ന നിലയിൽ മംഗോളിയയിലേക്ക്' എന്ന ഫ്രാൻസിസ് പാപ്പായുടെ  അപ്പസ്തോലികയാത്രയുടെ  തലക്കെട്ട് തന്നെ ലോകത്തിനു മുഴുവൻ പ്രതീക്ഷ നൽകുന്നതാണ്.

വത്തിക്കാന്റെ ചത്വരത്തിൽ ഉയർന്നുനിൽക്കുന്ന ആലിംഗനസമമായ തൂണുകൾ പോലെ, ക്രിസ്തുസ്നേഹത്തിൽ വേർതിരിവുകളോ,ചേരിതിരിവുകളോ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു ചേർക്കുവാനും, അവരെ സഹോദര്യത്തിലേക്കും,സമഭാവനയിലേക്കും നയിക്കുവാൻ ഫ്രാൻസിസ് പാപ്പാ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണ്. ഈ ഹൃദ്യതയാണ് മംഗോളിയയിൽ ഫ്രാൻസിസ് പാപ്പായെയും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നിറങ്ങിയ നിമിഷം മുതൽ ലോകം സാക്ഷ്യം വഹിക്കുന്നതും, മംഗോളിയൻ ജനത അനുഭവിക്കുന്നതും.

സെപ്റ്റംബർ രണ്ടാം തീയതി മംഗോളിയൻ ഭരണാധികാരികളും, പ്രാദേശിക സഭയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ മംഗോളിയയിലെ സമൂഹം അന്താരാഷ്ട്ര സമൂഹത്തിനു,പ്രത്യേകിച്ചും സമാധാനസ്ഥാപനത്തിനു നൽകുന്ന അമൂല്യമായ സംഭാവനകൾക്ക് നന്ദി പറയുകയും, ക്രൈസ്തവസാക്ഷ്യം തങ്ങളുടെ ലളിതമായ ജീവിത ശൈലിയിലും പ്രവർത്തനങ്ങളിലും  ഉൾച്ചേർക്കുന്ന വൈദികർ, സന്യാസിനികൾ,സഭാപ്രവർത്തകർ, അത്മായർ എന്നിവർക്ക് സഭയുടെ തലവനെന്ന നിലയിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.ഔദ്യോഗികമായ പരിപാടികൾക്ക് ശേഷം അപ്പസ്തോലിക പ്രീഫെക്ചെറിലേക്ക് വിശ്രമത്തിനായി പോയ പാപ്പാ തുടർന്ന് സെപ്റ്റംബർ മൂന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തു മണിക്ക്,ഇറ്റാലിയൻ സമയം നാലുമണിക്ക് നിശ്ചയിച്ച പ്രകാരമുള്ള മതസൗഹാർദ സമ്മേളനത്തിനായി  ഹുൻ തീയേറ്ററിലേക്ക് എത്തി.

പാപ്പായുടെ വരവിനു ഏറെ മണിക്കൂറുകൾക്കു മുൻപേതന്നെ സജ്ജീകരണങ്ങൾ പൂർത്തിയായ ഹുൻ തീയേറ്ററിൽ വിവിധ മതങ്ങളിലെ നേതാക്കന്മാർ പാപ്പായെ സ്വീകരിക്കുവാൻ എത്തിയിരുന്നു.കത്തോലിക്കാ സഭയിലെ മെത്രാന്മാരോടൊപ്പം സൗഹൃദ സംഭാഷണങ്ങൾ നടത്തുന്ന ബുദ്ധമത സന്യാസിമാരുടെ ചിത്രം മതസൗഹാർദ്ദത്തിന്റെ ഹൃദ്യത നൽകുന്ന ചിത്രങ്ങളായിരുന്നു.പരമ്പരാഗത രീതിയിലുള്ള വേഷങ്ങൾ ധരിച്ചുകൊണ്ട് സമ്മേളനത്തിനായി കടന്നു വരുന്ന അംഗങ്ങളെ സ്വീകരിക്കുന്ന മംഗോളിയൻ യുവതികൾ, എത്രമാത്രം ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം, മംഗോളിയൻ ജനതയിൽ,പ്രത്യേകിച്ചും ന്യൂനപക്ഷം വരുന്ന ക്രൈസ്തവരുടെയിടയിൽ സന്തോഷമുണർത്തുന്നുവെന്നതിന്റെ തെളിവായിരുന്നു.

തല കുനിച്ചു, അഭിവാദ്യം ചെയ്തുകൊണ്ട് സ്വാഗതമരുളുന്ന ഇവരുടെ മുഖത്തെ പുഞ്ചിരി മംഗോളിയൻ പാരമ്പര്യത്തിന്റെയും,പൈതൃകത്തിന്റെയും ബാഹ്യപ്രകടനമായി പ്രതിഫലിക്കുന്നു. വിമാനയാത്രയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകളും ഇവയോട് ചേർത്തുവായിക്കാവുന്നതാണ്, "മംഗോളിയയിലേക്ക് പോകുന്നത്, ഒരു വലിയ നാട്ടിലെ ഒരു ചെറിയ ജനതയിലേക്കാണ്.മഹത്തായ സംസ്കാരമുള്ള ഒരു ജനത, അവരെ ഇന്ദ്രിയങ്ങൾക്കൊണ്ട് മനസിലാക്കുവാനാണ് ഞാൻ പോകുന്നത്." മംഗോളിയൻ ജനതയുടെ 'നിശ്ശബ്ദത'യ്ക്കുപോലും പാരമ്പര്യത്തിന്റെ ആഢ്യത്വം ഉണ്ടെന്നാണ് പാപ്പാ തന്റെ വാക്കുകളിൽ എടുത്തു പറഞ്ഞത്. ഈ വാക്കുകളുടെ യഥാർത്ഥമായ സാക്ഷ്യമാണ് ഈ ദിവസങ്ങളിൽ മംഗോളിയൻ ജനത, പ്രത്യേകമായും ക്രൈസ്തവസഹോദരങ്ങൾ ലോകത്തിനു നല്കിക്കൊണ്ടിരിക്കുന്നത്.

ഹുൻ തിയേറ്ററിനു മുൻപിലേക്ക് വീൽചെയറിൽ കടന്നു വന്ന ഫ്രാൻസിസ് പാപ്പായെ ഊലാൻബതാറിലെ ഗന്ധാൻ  ബുദ്ധമത ആശ്രമ അധിപന്റെ നേതൃത്വത്തിലുള്ള സന്യാസിമാർ കൂപ്പുകൈകളോടെ, ഹസ്തദാനങ്ങളോടുകൂടി സ്വീകരിച്ചു. തുടർന്ന് സദസിലെത്തിയ പാപ്പായെ  എല്ലാവരും എഴുന്നേറ്റുനിന്നുകൊണ്ട് കൈയടികളോട് കൂടി ആനയിച്ചു.സദസിലുണ്ടായിരുന്ന ഓരോ മതനേതാക്കളെയും സാഹോദര്യത്തിന്റെ സ്നേഹമസൃണമായ ദൃഷ്ടികളാൽ അഭിവാദ്യം ചെയ്ത പാപ്പാ തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങി. തുടർന്ന് ബുദ്ധമത സന്യാസിമാരുടെ നേതാക്കന്മാർ തങ്ങളുടെ സ്നേഹം പ്രകടമാക്കുമാറ് നീലനിറത്തിലും,വെള്ള നിറത്തിലുമുള്ള രണ്ടു ഷാളുകൾ പാപ്പായ്ക്ക് സമ്മാനിച്ചു.

അന്താരാഷ്ട്രപുരസ്കാരം നേടിയ ഒരു  മംഗോളിയൻ പാരമ്പര്യ സംഗീതമാലപിച്ചുകൊണ്ടാണ് മതസൗഹാർദ്ദ സമ്മേളനം ആരംഭിച്ചത്. നിശബ്ദമായി, ഇരട്ടകമ്പി നാദം തീർത്ത ഉപകരണ സംഗീതം യഥാർത്ഥത്തിൽ മംഗോളിയൻ സംസ്കാരത്തിന്റെ വ്യതിരിക്തത വെളിവാക്കുന്നതും,സാഹോദര്യത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു. തുടർന്ന് സമ്മേളനത്തിലേക്ക് എല്ലാവർക്കും സ്വാഗതമാശംസിച്ചുകൊണ്ട് ബുദ്ധമത ആശ്രമ അധിപൻ ഗബ്ജു ചോയിജാംത്സ് ഡെംബെറൽ സംസാരിച്ചു. 'നമ്മുടെ പ്രാർത്ഥനകളും, പ്രവർത്തനങ്ങളും മനുഷ്യരാശിയുടെ ക്ഷേമം ലക്‌ഷ്യം വച്ചുള്ളതായിരിക്കണമെന്ന്' അദ്ദേഹം എടുത്തു പറഞ്ഞു.ഈ മതസൗഹാർദ്ദസമ്മേളനം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന വലിയ ഒരു കാര്യമായിരിക്കുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

'വിവര-സാങ്കേതികവിദ്യയിൽ  അസാധാരണമായ പുരോഗതി കൈവരിച്ച ഒരു ലോകത്ത് ദയ, അനുകമ്പ, ധാർമ്മികത തുടങ്ങിയ സുപ്രധാന ആന്തരിക മൂല്യങ്ങൾ നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്.  അതിനാൽ മതങ്ങൾ  മാനുഷികവും അനുകമ്പയുള്ളതുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് സംഭാവന നൽകാൻ ഉതകുന്നതാവണമെന്ന്', തുടർന്ന് നടത്തിയ ആശംസയിൽ  ഗന്ധൻ ടെഗ്‌ചെൻലിംഗ് ആശ്രമത്തിലെ മഠാധിപതി എടുത്തു പറഞ്ഞു.

ബുദ്ധമതം, ഇസ്‌ലാം,ഹിന്ദുമതം, ഓർത്തഡോക്സ്‌ സഭ, സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ,മോർമോൺ സഭ,യഹൂദമതം,മംഗോളിയൻ ഇവാഞ്ചലിക്കൽ അലയൻസ്, ഷിന്റോ സമൂഹം, ബഹായി സമൂഹം തുടങ്ങിയ പല മതങ്ങളുടെയും ക്രിസ്തീയ വിശ്വാസ സഭകളുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

എല്ലാവരുടെയും വാക്കുകളിൽ നിഴലിച്ചുനിന്നത് ഇന്നത്തെ ലോകത്തിൽ അവശ്യം വേണ്ട സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും ആവശ്യകതയായിരുന്നു. ശാസ്ത്ര ലോകത്തിനു മതങ്ങൾ നൽകിയ സംഭാവനകളും സന്ദേശങ്ങളിൽ മതനേതാക്കൾ എടുത്തു  പറഞ്ഞു.അവസാനം, ഒരിക്കൽക്കൂടി തന്റെ സഹോദരതുല്യമായ ആശംസകൾ നേർന്ന പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.

കാതോലികമായ അതായത് എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ പ്രഭാഷണത്തിന് ശേഷം എല്ലാവരും ചേർന്ന് ഫോട്ടോയെടുക്കുകയും, മതനേതാക്കൾ ഓരോരുത്തരെയായി ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും, അവർക്ക് നന്ദി പറയുകയും ചെയ്തു. വീൽചെയറിൽ, സദസിൽ നിന്നും പുറത്തേക്ക് യാത്രയായ പാപ്പായെ മിനിറ്റുകൾ നീണ്ടു നിന്ന കൈയടികളോടെയാണ് മറ്റു മത നേതാക്കൾ യാത്രയാക്കിയത്. തുടർന്ന് അപ്പസ്തോലിക പ്രീഫെക്ചെറിലേക്ക് പാപ്പായെ വഹിച്ചുകൊണ്ടുള്ള വാഹനം യാത്രയായി.

ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം ഉച്ചകഴിഞ്ഞു മംഗോളിയൻ സമയം നാലുമണിക്ക് അപ്പസ്തോലിക സന്ദർശനത്തിന്റെ ഏറ്റവും  പ്രധാന നിമിഷമായ, വിശുദ്ധ ബലിയർപ്പണത്തിനായി, രാജ്യത്ത്,  ആദ്യമായി നിർമ്മിക്കപ്പെട്ട ഊലാൻബതാറിലെ സ്റ്റെപ്പ അരേനയിലേയ്ക്ക് കടന്നു വന്നു.ഏകദേശം രണ്ടായിരത്തിനു മുകളിൽ ആളുകൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു.1400 കത്തോലിക്കർ മാത്രമുള്ള മംഗോളിയയിലെ കത്തോലിക്കാ സഭയ്ക്ക് സഹോദരതുല്യമായ സഹകരണം നൽകിക്കൊണ്ട് മറ്റു അയൽരാജ്യങ്ങളിൽനിന്നുമെത്തിയ കാതോലിക്കാവിശ്വാസികളുടെ സാന്നിധ്യവും ഈ ശാലയിൽ ഏറെ പ്രകടമായിരുന്നു. സെറ്റ്സജ് എന്ന സ്ത്രീ  ചവറ്റുകുട്ടയിൽ നിന്നും വീണ്ടെടുത്ത പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും സ്റ്റെപ്പ അരേന ശാലയിൽ താൽക്കാലികമായി നിർമ്മിച്ച അൾത്താരയുടെ വലതുവശത്തായി സ്ഥാപിച്ചിരുന്നു.

വിശുദ്ധ ബലിക്കായി എത്തിയ വിശ്വാസികളുടെ ഹർഷാരവത്തിനും, സന്തോഷപൂർവ്വകമായ വീവ പാപ്പാ എന്ന വിളികൾക്കും മധ്യത്തിലൂടെ ചെറിയ  ഇലക്ട്രിക് കാറിൽ പാപ്പാ വിശുദ്ധ ബലിക്കായി എത്തി. അപ്പസ്തോലിക് പ്രീഫെക്ട് കർദിനാൾ ജോർജോ മരെങ്കോയും പാപ്പായെ അനുഗമിച്ചു.

 കടന്നുവരുന്ന വഴിയിൽ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും, കുഞ്ഞുങ്ങളെ കൈയിലെടുത്തു ചുംബിക്കുകയും ചെയ്തു. വർണ്ണാഭമായ പരമ്പരാഗത വേഷങ്ങളോടെ കടന്നുവന്ന വിശ്വാസികളുടെ മുഖത്തു പാപ്പായുടെ സന്ദർശനം പകർന്നു നൽകിയ സന്തോഷ മുഹൂർത്തങ്ങളുടെ ചാരിതാർഥ്യവും പ്രകടമായിരുന്നു. ധാരാളം, വൈദികരും പാപ്പയോടൊപ്പം വിശുദ്ധബലിയിൽ സഹകാർമ്മികരായി.

തീർത്ഥാടകനായി മംഗോളിയയിൽ എത്തിയ പാപ്പാ എല്ലാവരെയും, യാതൊരു വിധ വേർതിരിവുകളുമില്ലാതെ ചേർത്തുനിർത്തുന്ന നിമിഷങ്ങൾക്കാണ് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഗായകസംഘം ആലപിച്ച ഗാനത്തോടുകൂടി മെത്രാന്മാർ ഈരണ്ടുപേരായി വന്ന് അൾത്താരയ്ക്കു മുൻപിൽ വന്നു ശിരസു ചുംബിച്ചശേഷം അവരവരുടെ ഇരിപ്പടങ്ങളിലേക്ക് മടങ്ങി . തദവസരം പാപ്പാ തന്റെ ഇരിപ്പടത്തിൽ പ്രാര്ഥനാനിമഗ്നനായി ഇരിക്കുകയായിരുന്നു. അപ്പസ്തോലിക പ്രീഫെക്ട് കർദിനാൾ ജോർജോ മരെങ്കോ അൾത്താര ധൂപിച്ചശേഷം, പരിശുദ്ധ മാതാവിന്റെ സ്വരൂപവും ധൂപിച്ചു. തുടർന്ന്, ഇംഗ്ലീഷിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാനയുടെ ആമുഖ ഭാഗം ത്രിത്വസ്തുതിയോടെ ആരംഭിച്ചു. വിശ്വാസികളോടൊപ്പം പ്രാർത്ഥന തുടർന്ന  പാപ്പാ, വിശുദ്ധ കുർബാനയുടെ മുഹൂർത്തങ്ങളെ അനുഗ്രഹപൂരിതമാക്കി.

ആദ്യ പഴയ നിയമ, പുതിയ നിയമ ലേഖന വായനകൾക്കു ശേഷം, ഹല്ലെലുയ്യ ഗീതാലാപന മദ്ധ്യേ ഒരു വൈദികനാൽ വിശുദ്ധ സുവിശേഷം വഹിക്കപ്പെട്ടു. തുടർന്ന് മംഗോളിയൻ ഭാഷയിൽ സുവിശേഷം വായിച്ചു.

വായനയ്ക്ക് ശേഷം പാപ്പാ തന്റെ സുവിശേഷ സന്ദേശം ആരംഭിച്ചു.

സുവിശേഷ സന്ദേശത്തിനു ശേഷം വിശുദ്ധ കുർബാന, ക്രമമനുസരിച്ച് വിശ്വാസ പ്രമാണത്തോടെയും, പ്രഘോഷണ പ്രാർത്ഥനകളോടെയും തുടർന്നു.  മംഗോളിയൻ, ഇംഗ്ലീഷ്,റഷ്യൻ, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് പ്രാർത്ഥനകൾ പ്രഘോഷിക്കപ്പെട്ടത്.മംഗോളിയൻ ഭാഷയിലുള്ള ഗാനാലാപനത്തോടെ വിശ്വാസികൾ തിരുവസ്തുക്കൾ പാപ്പായുടെ ആശീർവാദത്തിനായി കൊണ്ടുപോവുകയും തുടർന്ന്, അൾത്താരയിലേക്ക് സംവഹിക്കപ്പെടുകയും, സമർപ്പണ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.സമാപനാശീർവാദത്തിനു മുൻപായി അപ്പസ്തോലിക പ്രീഫെക്ട് കർദിനാൾ ജോർജോ മരെങ്കോ, പാപ്പായുടെ അപ്പസ്തോലിക സന്ദർശനത്തിനും, വിശുദ്ധ ബലിയർപ്പണത്തിനും നന്ദിപ്രകാശനം നടത്തി.

പാപ്പായുടെ വാക്കുകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ ഞങ്ങൾ പരിശ്രമിക്കുമെന്ന് കർദിനാൾ എടുത്തു പറഞ്ഞു.നന്ദി എന്നർത്ഥമുള്ള 'ബയെർലാ' എന്ന പ്രാചീനമായ മംഗോളിയൻ വാക്കു  ഉദ്ധരിച്ചുകൊണ്ടാണ് കർദിനാൾ തന്റെ വാക്കുകൾ ഉപസംഹരിച്ചത്. തുടർന്ന്   പാപ്പായോടുള്ള നന്ദിസൂചകമായി, ഒരു സമ്മാനം   നൽകുകയും, പ്രതിസമ്മാനമായി ഒരു കാസ പാപ്പാ അപ്പസ്തോലിക പ്രീഫെക്റ്റിന് നൽകുകയും ചെയ്തു.

അവസാന സന്ദേശത്തിനു മുന്നോടിയായി പാപ്പാ, ഹോങ്കോങ് രൂപതയുടെ സ്‌ഥാനമൊഴിയുന്ന മെത്രാനെയും,പുതിയ മെത്രാനെയും തന്റെ അരികിലേക്ക് വിളിച്ചുകൊണ്ട്, അവരുടെ കരം പിടിച്ച് ചൈനയിലെ നല്ലവരായ ആളുകൾക്ക് തന്റെ ആശംസകൾ അർപ്പിച്ചു. ഹൃദ്യമായ ഈ നിമിഷങ്ങൾക്ക് വിശ്വാസികൾ എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കിയതോടെ സന്തോഷം ഇരട്ടിയായി.

തുടർന്ന് തന്റെ സന്ദേശത്തിൽ ഈശോസഭാവൈദികനായിരുന്ന പിയറി ടെയിൽഹാർഡ് ഡി ചാർഡിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മംഗോളിയൻ ജനതയെ ഭയങ്ങൾക്കും,ഉത്കണ്ഠകൾക്കും അതീതമായി കർത്താവിൽ അഭയം വച്ചുകൊണ്ട് മുൻപോട്ടു പോകുവാൻ പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് തന്റെ അപ്പസ്തോലികസന്ദർശനത്തിനായി പ്രയത്നിച്ച എല്ലാവരെയും,ഭരണാധികാരികളെയും, സഭാപ്രതിനിധികളെയും പാപ്പാ നന്ദിയോടെ സ്മരിച്ചു. ധാരാളം  യുദ്ധങ്ങളും സംഘട്ടനങ്ങളും സന്താപകരമായി  തുടരുന്ന  ലോകത്ത് സമാധാനത്തിന്റെ വിത്തുകൾ പോലെ നമുക്ക് സാഹോദര്യത്തിൽ ഒരുമിച്ച് വളരാമെന്ന് പാപ്പാ എടുത്തു പറഞ്ഞു.

"മംഗോളിയൻ സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സാക്ഷ്യത്തിന് നന്ദി, ബയാർലാ! [നന്ദി!]. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾ എന്റെ ഹൃദയത്തിലാണ്, നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നുമുണ്ടാവും" ഈ വാക്കുകളോടെ  സന്ദേശമവസാനിപ്പിച്ച പാപ്പായ്ക്ക്  ഹര്ഷാരവങ്ങളോടെ വിശ്വാസികൾ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സമപാനാശീർവാദം നൽകിയ പാപ്പാ, സമാപനഗാനത്തിനു ശേഷം  അപ്പസ്തോലിക പ്രീഫെക്ചെറിലേക്ക് വിശ്രമത്തിനായി യാത്രയായി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2023, 15:54