തിരയുക

മംഗോളിയയോട് യാത്ര പറഞ്ഞ്‌ ഫ്രാൻസിസ് പാപ്പാ

നാലു ദിവസങ്ങൾ നീണ്ടു നിന്ന ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ അപ്പസ്തോലിക യാത്രയുടെ അവസാനദിവസത്തെ പരിപാടികളുടെ സംക്ഷിപ്തവിവരണം
മംഗോളിയൻ അപ്പസ്തോലിക യാത്രയുടെ സംക്ഷിപ്തവിവരണം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

"ചെറിയ അജഗണമേ ഭയപ്പെടേണ്ട, നിങ്ങൾക്കു രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു"(ലൂക്ക 12,32). ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുവാനും, ആശങ്കപ്പെടുത്തുന്ന ലോകത്തിന്റെ ഞെരുക്കങ്ങളിൽ ദൈവത്തിന്റെ വിശാലമായ കരം  കാണുവാനും പഠിപ്പിക്കുന്ന യേശുവിന്റെ വാക്കുകളാണ് ലൂക്ക സുവിശേഷകൻ നമുക്ക് പരിചയപ്പെടുത്തുന്നത്. എത്ര ചെറുതെങ്കിലും, നമ്മുടെ പേരുകൾ തന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തുന്ന ദൈവത്തിന്റെ ഹൃദയ വിശാലതയാണ് ഒരു മനുഷ്യന്റെയും ഏക ആശ്രയം. ഈ ദൈവീകമായ കാഴ്ചപ്പാടിനെയാണ്  റോബിൻ ശർമ്മ ഇപ്രകാരം എഴുതുന്നത്,"വലിയ മനുഷ്യരെല്ലാം ചിന്തിച്ചിരുന്നത് ചെറിയ മനുഷ്യരെക്കുറിച്ചായിരുന്നു."

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിമൂന്നാമത് അപ്പസ്തോലികയാത്ര ഇപ്രകാരം ചെറിയ അജഗണത്തെ കണ്ടുമുട്ടുവാനുള്ള ഒരു യാത്രയായിരുന്നു.മംഗോളിയ എന്ന രാജ്യത്തെ ചെറിയ അജഗണമായ വിശ്വാസിസമൂഹത്തെ കാണുവാൻ വത്തിക്കാനിൽ നിന്നും ഏകദേശം പത്തു മണിക്കൂർ വ്യോമയാത്ര നടത്തി കടന്നുചെല്ലുമ്പോൾ, ക്രൈസ്തവീകതയുടെ യാഥാർത്ഥമാനം വെളിപ്പെടുന്നു.

നിസാരമെന്ന പേരിൽ ദുർബലരും, പാവങ്ങളും,അശരണരും,ബലഹീനരും,അന്യരുമായവരെ പുറന്തള്ളുന്ന സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ ഫ്രാൻസിസ് പാപ്പായുടെ ഹൃദയവിശാലത വലുപ്പച്ചെറുപ്പങ്ങളോ,ചേരിതിരിവുകളോ,വേർതിരിവുകളോ ഇല്ലാതെ സഭയുടെ  സ്വീകാര്യമനസ്കത ബോധ്യപ്പെടുത്തുന്നതാണ്. 

മംഗോളിയൻ യാത്ര അവസാനിക്കുന്ന അവസരത്തിൽ, സംഘർഷങ്ങളാൽ മുറിവേറ്റ ഒരു ലോകത്ത് ഒരുമിച്ചു നിന്ന് സമാധാനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വാക്കുകൾക്കുമപ്പുറം, പ്രവൃത്തികളാൽ ഫ്രാൻസിസ് പാപ്പായ്ക്ക് മനുഷ്യകുലത്തിനു മാതൃക നൽകാൻ സാധിച്ചു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.സ്നേഹവും, സഹകരണവും, ഐകമത്യവും മനുഷ്യമനസ്സുകളിൽ വിതയ്ക്കുവാൻ മതസൗഹാർദ്ദത്തിന്റെ മൂല്യവും പാപ്പാ തന്റെ ലളിതമായ സംഭാഷണങ്ങളാൽ ബോധ്യപ്പെടുത്തി. കത്തോലിക്കാ സഭയ്ക്ക് മുഴുവൻ ചാരിതാർഥ്യമുണർത്തുന്ന ഒരു യാത്രയായിരുന്നു മംഗോളിയൻ അപ്പസ്തോലിക സന്ദർശനം.

സന്ദർശനത്തിന്റെ അവസാന ദിവസമായ സെപ്റ്റംബർ മാസം നാലാം തീയതി, പ്രാദേശിക സമയം രാവിലെ ഒൻപതുമണിക്ക്  അപ്പസ്തോലിക പ്രീഫെക്ചറിൽ നിന്നും ഉപവിപ്രവർത്തന മേഖലകളിൽ ജോലി ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെ സന്ദർശിക്കുവാനും, അശരണരും,ഭവനരഹിതരുമായ  ആളുകളെ സംരക്ഷിക്കുന്നതിനു പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുമായി  ഫ്രാൻസിസ് പാപ്പാ പുറപ്പെട്ടു. യാത്രയ്ക്ക്  മുൻപായി മംഗോളിയയുടെ മുൻ രാഷ്ട്രപതി നമ്പാർ എങ്കബയാറുമായി പാപ്പാ സൗഹൃദ സംഭാഷണം നടത്തി.

തുടർന്ന് 'കരുണയുടെ ഭവനം' എന്ന് പേര് നൽകിയ ഉലൻബതാറിലെ അശരണർക്കായുള്ള ഭവനത്തിലേക്ക് പാപ്പാ കടന്നു വന്നു. കാറിൽ നിന്നും ഇറങ്ങി  ഉദ്ഘാടനം നടക്കുന്ന കെട്ടിടത്തിലേക്ക് വീൽചെയറിൽ വന്ന പാപ്പായ്ക്ക് പരമ്പരാഗത വേഷമണിഞ്ഞ രണ്ടു കുരുന്നുകൾ ബൊക്കെ നൽകി സ്വീകരിച്ചു. പുഞ്ചിരിയോടെ നന്ദി പറഞ്ഞ പാപ്പാ ഇരുവർക്കും സമ്മാനമായി രണ്ടു ജപമാലകൾ നൽകി.തുടർന്ന് കെട്ടിടത്തിനുള്ളിലേക്ക് പാപ്പാ കടക്കുന്ന അവസരത്തിൽ അന്തേവാസികളായ സഹോദരങ്ങൾ തികച്ചും ലളിതമായ രീതിയിൽ, ഗാനങ്ങളാലപിച്ചുകൊണ്ട് ഹൃദ്യമായ വരവേൽപ്പ് നൽകി.മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച സന്നദ്ധ പ്രവർത്തകരെയും, അന്തേവാസികളെയും പാപ്പാ കരങ്ങൾ വീശി അഭിവാദ്യം ചെയ്തു കൊണ്ട് കടന്നുവന്നപ്പോൾ ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞ സന്തോഷവും,ചാരിതാർഥ്യവും വിലമതിക്കാനാവാത്തതാണ്.

തുടർന്ന് കരുണയുടെ ഭവനത്തിന്റെ ഡയറക്ടർ സലേഷ്യൻ വൈദികനായ  ഫാ.ആൻഡ്രൂസ് ട്രാൻ ലെ ഫുങ്, ഭവനത്തിന്റെ തുടക്കത്തെയും, ലക്ഷ്യത്തെയും പറ്റി സംക്ഷിപ്തമായ ഒരു വിവരണം നൽകുകയും, പാപ്പായുടെ സന്ദർശനത്തിന് ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സ്വാഗമാശംസിച്ചു. പാപ്പായുടെ സാന്നിധ്യം ഉപവി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ഏറെ പ്രോത്സാഹനവും,പിന്തുണയും സമ്മാനിക്കുന്നുവെന്ന് ആമുഖമായി പറഞ്ഞ ഫാ.ആൻഡ്രൂസ് കരുണയുടെ ഭവനത്തിന്റെ ലക്ഷ്യം എല്ലാവരെയും ചേർത്തുനിർത്തികൊണ്ട് മനുഷ്യജീവന് മൂല്യവും, പ്രതീക്ഷയും,സുരക്ഷിതത്വവും,സമാധാനവും നൽകുക എന്നതാണെന്ന് എടുത്തു പറഞ്ഞു.

ഈ ഭവനത്തിന്റെ തുടക്കത്തിന് പിന്തുണയും,ആശയവും നൽകിയ അപ്പസ്തോലിക പ്രീഫെക്ട് കർദിനാൾ ജോർജോ മരെങ്കോയെയും ഡയറക്ടർ കൃതജ്ഞതാപൂർവം സ്മരിച്ചു. ദുർബലരായവരെ ശ്രവിക്കുവാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഈ ഭവനത്തിനു കഴിയുമെന്ന ആത്മവിശ്വാസവും, ദൈവീക പരിപാലനയും ഫാ. ആൻഡ്രൂസ് അടിവരയിട്ടു പറഞ്ഞു.

തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ പ്രതിനിധിയായി സിസ്റ്റർ വെറോണിക്ക തന്റെ അനുഭവങ്ങൾ പങ്കുവച്ചു.മംഗോളിയയിൽ പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഒരു ക്ലിനിക്കിൽ സേവനം ചെയ്യുന്ന സിസ്റ്റർ,പാവപ്പെട്ടവർക്കായി സൗജന്യപ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന ദൈവാനുഗ്രഹം എടുത്തുപറഞ്ഞു. മംഗോളിയ രാജ്യത്തെ ദയനീയമായ ദാരിദ്ര്യാവസ്ഥയും സിസ്റ്റർ വേദനയോടെ പങ്കുവച്ചു.എങ്കിലും തങ്ങളാൽ കഴിയുംവിധം പാവങ്ങളായ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ  നൽകുവാൻ സാധിക്കുന്നതിലെ ദൈവീകചാരിതാർഥ്യവും സിസ്റ്റർ വെറോണിക്ക അടിവരയിട്ടു പറഞ്ഞു.

തുടർന്ന് ഹൃദയഭേദകമായ അനുഭവസാക്ഷ്യം പങ്കുവച്ചത് ശാരീരികവൈകല്യം ബാധിച്ച ലൂസിയ ഒട്ട്ഗോംഗറൽ എന്ന ഒരു സഹോദരിയായിരുന്നു.ആയിരക്കണക്കിന് വികലാംഗരായ പാവങ്ങളുടെ പ്രതിനിധി എന്ന നിലയിൽ സംസാരിക്കുവാൻ ലഭിച്ച അവസരം ഏറെ സന്തോഷഭരിതമാണെന്നു എടുത്തു പറഞ്ഞ സഹോദരി,ജന്മനാ വികലാംഗയായ തനിക്ക്  കുടുംബത്തിൽ നിന്നും  ലഭിച്ച മനോഹരവും, സന്തോഷപൂരിതവുമായ നിമിഷങ്ങളുടെ പൂർത്തീകരണം 2002 ൽ കൊണസോളാത്ത മിഷനറിമാരുടെ സഹായത്തോടെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള  വരവിലൂടെയായിരുന്നുവെന്ന് എടുത്തു പറഞ്ഞു.

ക്രൂശിതനായ കർത്താവിന്റെ തിരുമുറിപ്പാടുകളോട് തന്റെ കുറവുകളെയും, വൈകല്യങ്ങളെയും ചേർത്ത് വച്ചപ്പോൾ തന്റെ  കുരിശു ചുമക്കുവാനുള്ള ശക്തിയും ധൈര്യവും തനിക്ക് ലഭിച്ചുവെന്ന് കണ്ണീരോടെ ലൂസിയ എടുത്തു പറഞ്ഞു. "അതിനാൽ വികലാംഗരായ എല്ലാ സഹോദരങ്ങളോടും ഞാൻ പറയുന്നു, നമ്മുടെ കുറവുകൾ ദൈവം നമുക്ക് നൽകിയിരിക്കുന്ന അവസരങ്ങളാണ്, ഇവയെ നാം എപ്രകാരം കാണുന്നു, സ്വീകരിക്കുന്നു എന്നതിനെയാശ്രയിച്ചാണ് നമ്മുടെ ജീവിതം ദൈവസ്നേഹത്താൽ നിറയുന്ന യാഥാർഥ്യം തിരിച്ചറിയുവാൻ നമുക്ക് സാധിക്കുക."

ദൃഢനിശ്ചയത്തോടെയുള്ള ലൂസിയയുടെ വാക്കുകൾക്ക്  കരഘോഷത്തോടെയാണ് സദസ് നന്ദി പ്രകടിപ്പിച്ചത്. ഇരുപത്തിമൂന്നാം സങ്കീർത്തനം, നല്ല ഇടയന്റെ പരിപാലനയെ സ്മരിച്ചുകൊണ്ട് , ഇരു കൈകളും കാലുകളുമില്ലാത്ത ലൂസിയ പ്രാർത്ഥിച്ചപ്പോൾ പാപ്പായും പ്രാർത്ഥനാനിമഗ്നനായിരുന്നു. തുടർന്ന് തന്റെ അടുത്തേക്കുവന്ന ലൂസിയയെ പാപ്പാ ആലിംഗനം ചെയ്തു.

അനുഭവസാക്ഷ്യങ്ങൾക്ക് ശേഷം അന്തേവാസികളായ ആളുകൾ ഒരു ഗാനമാപലപിച്ചുകൊണ്ട് പാപ്പായോടുള്ള തങ്ങളുടെ സ്നേഹവും, നന്ദിയും പ്രകടിപ്പിച്ചു. അവസാനം അന്തേവാസികളിലൊരാളായ ഒരു കൊച്ചുകുട്ടി പാപ്പായ്ക്ക് താൻ വരച്ച ചിത്രം  സമ്മാനമായി നൽകിയതും ഏറെ ഹൃദ്യത നിറച്ചു.

അതേത്തുടർന്ന് പാപ്പാ സന്ദേശം പങ്കുവയ്ക്കുകയും, സന്ദേശത്തിന്റെ അവസാനം പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് പ്രാർത്ഥനനടത്തി, ഭവനത്തിന്റെ കൂദാശ  നടത്തുകയും അപ്പസ്തോലികആശീർവാദം നൽകുകയും ചെയ്തു. കരുണയുടെ ഭവനത്തിന് ഫ്രാൻസിസ് പാപ്പാ  തന്റെ സമ്മാനമായി ഉണ്ണീശോയെ വഹിച്ച മാതാവിന്റെ ഒരു ഐക്കൺ ചിത്രം നൽകി. സമ്മേളനത്തിന് ശേഷം വീൽചെയറിൽ തന്നെ പാപ്പാ,  ഭവനം മുഴുവൻ സന്ദർശിക്കുകയും സന്നിഹിതരായിരുന്ന മെത്രാന്മാരെയും, വൈദികരെയും സന്നദ്ധപ്രവർത്തകരെയും, മറ്റു  അന്തേവാസികളെയും അഭിവാദ്യം ചെയ്ത ശേഷം അപ്പസ്തോലിക പ്രീഫെക്ച്ചറിലേക്ക് യാത്രയായി. 

ലളിതമായിരുന്ന ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിമൂന്നാമത് അപ്പസ്തോലികസന്ദർശനമായ  മംഗോളിയൻ യാത്രയുടെ അവസാനവും ഏറെ ഹൃദ്യമായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് പന്ത്രണ്ടു മണിക്കായിരുന്നു പാപ്പായുടെ മടക്കയാത്ര. വിമാനത്താവളത്തിൽ വച്ച് മംഗോളിയയുടെ വിദേശകാര്യ മന്ത്രിയുമായി പാപ്പാ അൽപ്പസമയം സൗഹൃദ സംഭാഷണം നടത്തി. തനിക്കു നൽകിയ ആതിഥ്യത്തിന് പാപ്പാ നന്ദി പറഞ്ഞു. തുടർന്ന് വിമാനത്തിനടുത്തേക്ക് എത്തിയ പാപ്പായെ  വിദേശകാര്യ മന്ത്രി ബാറ്റ്സെറ്റ്സെഗ് ബാറ്റ്മുൻഖും  അനുഗമിച്ചു.

 മംഗോളിയൻ സൈന്യത്തിന്റെ ഭടന്മാർ ഇരുവശങ്ങളിലുമായി നിന്നുകൊണ്ട് പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു. ഒരിക്കൽ കൂടി ഓരോരുത്തർക്കും ഹസ്തദാനം നൽകി നന്ദി പറഞ്ഞ പാപ്പാ വിമാനത്തിനുള്ളിലേക്ക് കടന്നു. കൃത്യം പന്ത്രണ്ടു മണിക്ക് മംഗോളിയയിൽ നിന്നും പുറപ്പെട്ട വിമാനം ഇറ്റാലിയൻ സമയം നാലുമണിയോടെ റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ പറന്നിറങ്ങും. 

യാത്രയ്ക്കിടയിൽ പതിവുപോലെ പാപ്പാ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയും. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. 'ഒരുമിച്ചു നടക്കുവാൻ' ആഹ്വാനം ചെയ്യുന്ന സിനഡിന് മുന്നോടിയായി 'പ്രത്യാശയോടെ ഒരുമിച്ച്' എന്ന ആപ്തവാക്യം മുൻനിർത്തി നടത്തിയ മംഗോളിയൻ യാത്ര ലോകത്തിന് സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും,സമഭാവനയുടെയും പുത്തനുണർവ് പകരുമെന്നതിൽ യാതൊരു സംശയവുമില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 September 2023, 12:36