തിരയുക

എക്യൂമെനിക്കൽ സമ്മേളനത്തിനെത്തിയവർ  ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം എക്യൂമെനിക്കൽ സമ്മേളനത്തിനെത്തിയവർ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം  (ANSA)

ഒരുമിച്ച് പ്രാർത്ഥിച്ചും പ്രവർത്തിച്ചും വിശ്വാസമാർഗ്ഗത്തിൽ മുന്നേറുക: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ പൗലോസിന്റെ എക്യൂമെനിക്കൽ ചിന്തകളെ ആധാരമാക്കിയ ഇരുപത്തിയാറാമത് ചർച്ചാസമ്മേളനത്തിൽ പങ്കെടുത്തവരോട്, വചനചിന്തയിലൂടെ ഐക്യത്തിലേക്ക് നടന്നടുക്കുവാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എക്യൂമെനിക്കൽ ചർച്ചകളും പഠനസമ്മേളനങ്ങളും മുന്നോട്ട് പോകുമ്പോൾ, പ്രത്യാശയോടെ ഒരുമിച്ച് വിശ്വാസമാർഗ്ഗത്തിൽ സഞ്ചരിക്കാനും, പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും നാം തയ്യാറാകണമെന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പൗലോസിന്റെ എക്യൂമെനിക്കൽ ചിന്തകളെ ആധാരമാക്കി, റോമിലെ വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ, സെപ്റ്റംബർ 14, വ്യാഴാഴ്ച, ഇരുപത്തിയാറാമത് ചർച്ചാസമ്മേളനത്തിനായി ഒരുമിച്ചു ചേർന്നവരെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ് വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഐക്യത്തിലേക്ക് ഏവരെയും നയിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നതിന് ശേഷം, വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ്ത ക്രൈസ്തവപരമ്പര്യങ്ങളുള്ള ആളുകൾ ചേർന്ന് ആരംഭിച്ച ഈ ചർച്ചകൾ, ജനതകളുടെ അപ്പസ്തോലൻ എന്നാണറിയപ്പെടുന്ന വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥപരവും ആധ്യാത്മികവുമായ അറിവുകൾ വളർത്താൻ സഹായിച്ചിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. വിവിധ ക്രൈസ്തവസമൂഹങ്ങളിൽ നിന്ന് വരുന്ന നിങ്ങൾ, നിങ്ങളുടെ സ്വന്തം സംസ്കാരങ്ങളും, വിശ്വാസജീവിതവും ഇവിടെ പങ്കുവയ്ക്കുന്നുണ്ടെന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മറ്റുള്ളവരുമായി കണ്ടുമുട്ടാനായി തങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് പോകണമെന്നതുപോലെ, ഈ എക്യൂമെനിക്കൽ സമ്മേളനത്തിൽ, തങ്ങളുടെ വൈവിധ്യങ്ങളുടെ അതിരുകൾ കടന്ന് എത്തുന്ന ആളുകൾ തങ്ങളുടെ ധൈര്യമാണ് പ്രകടിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. അതേസമയം എക്യൂമെനിക്കലായ ഒരു പ്രവാചകസ്വരവും ഈ സമ്മേളനത്തിനുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവസാക്ഷ്യത്തിന് കുറവ് വരാതെ, ഐക്യത്തിന്റെ പരിപൂർണ്ണതയിലേക്ക്, "പരിശുദ്ധാത്മാവ് നൽകുന്ന നല്ല അക്ഷമയോടെ" മുന്നോട്ട് പോകുന്നതിന്റെ ഭാഗമാണ് ഈ കൂട്ടായ്‌മയെന്നു പാപ്പാ വിശദീകരിച്ചു.

വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള അധ്യായങ്ങളെ ആധാരമാക്കി നടന്ന ഇത്തവണത്തെ പഠനങ്ങൾ പോലെ, പൗലോസിന്റെ ലേഖനങ്ങൾ ആഴത്തിൽ പഠിക്കാനുള്ള ഈ എക്യൂമെനിക്കൽ ചർച്ചയിൽ പങ്കെടുക്കുന്നവരുടെ നല്ല ശ്രമങ്ങളെയും പാപ്പാ അഭിനന്ദിച്ചു. ദൈവം, താൻ നൽകിയ രക്ഷയുടെ വാഗ്ദാനം, നാം ചിന്തിക്കാത്ത രീതികളിൽ, അക്ഷമയോടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മറ്റുള്ളവരിൽ വിശ്വസിച്ച്, ക്രൈസ്തവരും അക്രൈസ്തവരുമായ ആളുകൾക്ക് സേവനം ചെയ്‌ത്‌, ഒരുമിച്ച് ക്രൈസ്തവവിശ്വാസജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2023, 16:12