ഫ്രാൻസിസ് പാപ്പാ മംഗോളിയയിലേക്കുള്ള യാത്ര ആരംഭിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
റോമിലെ സമയം 06.41ന് പാപ്പായേയും വഹിച്ചുകൊണ്ടുള്ള വിമാനം ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ നിന്ന് മംഗോളിയയിലെ ഊലാൻബതാർ ലക്ഷ്യമാക്കി പറന്നുയർന്നു. 9.5 മണിക്കൂർ നീളുന്നതായിരുന്നു യാത്ര. മംഗോളിയയിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് എത്തിച്ചേർന്നു. ഫ്രാൻസിസ് പാപ്പാ ആതിഥേയത്വം നൽകുന്ന വത്തിക്കാന്റെ മതിലുകൾക്ക് അടുത്തുള്ള ശയന സംവിധാനമായ "Gift of Mercy" യിലെ 12 ഓളം വരുന്ന അന്തേവാസികളെയാണ് യാത്ര തിരിക്കും മുമ്പ് പാപ്പാ സന്ദർശിച്ചത്.
ബുധനാഴ്ച യുക്രെയ്നിനേക്കുള്ള മാനുഷിക സഹായങ്ങൾ വണ്ടിയിലേക്ക് കയറ്റാൻ മറ്റ് മുപ്പത് പേരോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവരും സഹായിച്ചിരുന്നു. 300,000 തണുപ്പിച്ച സൂപ്പിനുള്ള സാമഗ്രികൾ റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിൽ സഹനമനുഭവിക്കുന്നവർക്ക് നൽകാൻ തെക്കൻ കൊറിയ വത്തിക്കാനിലേക്ക് അയച്ചിരുന്നു. അത് ട്രക്കുകളിലേക്ക് കയറ്റാനാണ് ഇവരുടെ സഹായം തേടിയത്.
യുക്രെയ്ന് വേണ്ടിയുള്ള പ്രതീകാത്മകമായ ഈ മാനുഷിക സഹായത്തെക്കുറിച്ച് അവരോടു വിശദീകരിച്ചപ്പോൾ തല ചായ്ക്കാനിടമില്ലാത്തവർക്കായി പാപ്പാ ഒരുക്കിയ ഈ ശയന സംവിധാനത്തിലെ അന്തേവാസികൾ ആ സംരംഭത്തിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുകയായിരുന്നുവെന്ന് പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്രയേവ്സ്കി പറഞ്ഞു.
പുറപ്പെട്ട ശേഷം ഫ്രാൻസിസ് പാപ്പാ മംഗോളിയയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര റിപ്പോർട്ട് ചെയ്യുന്ന എഴുപതോളം മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു. റേഡിയോ കോപ്പിലെ മാധ്യമപ്രവർത്തകയായ ഇവ ഫെർണാണ്ടസ് ഹ്യൂസ്കറിനെ അഭിവാദ്യം ചെയ്യുമ്പോൾ, സ്ഫോടനത്തിൽ പരിക്കേറ്റ ഒരു യുക്രേനിയൻ സൈനികന്റെ വാട്ടർ കാന്റീൻ അവർ പാപ്പായ്ക്ക് സമ്മാനിച്ചു. തന്റെ ജീവൻ തിരികെ സമ്മാനിച്ചതിന് ദൈവത്തോടു നന്ദി പറയാൻ പട്ടാളക്കാരൻ എൽവിവിലെ ഒരു പള്ളിക്ക് നൽകിയ വെടിയുണ്ടകൾ നിറഞ്ഞ കുപ്പിയെ പാപ്പാ അനുഗ്രഹിച്ചു. മംഗോളിയ സന്ദർശനം അവസാനിച്ച ശേഷം അത് പള്ളിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഫെർണാണ്ടസ് ഉദ്ദേശിക്കുന്നത്.
മാതാവിന്റെ സംരക്ഷണം
ബുധനാഴ്ച വൈകിട്ട് തന്നെ ഫ്രാൻസിസ് പാപ്പാ മരിയ മേജർ ബസിലിക്കായിലേക്കുള്ള തന്റെ പതിവ് സന്ദർശനം നടത്തുകയും പരിശുദ്ധ മാതാവിന്റെ ചിത്രത്തിനു മുന്നിൽ നിശബ്ദമായി മുട്ടുകുത്തി മംഗോളിയയിലേക്കുള്ള തന്റെ അപ്പോസ്തലിക യാത്ര മാതൃകരങ്ങളിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: