തിരയുക

പരിശുദ്ധ പിതാവും മംഗോളിയൻ പ്രസിഡന്റും പരിശുദ്ധ പിതാവും മംഗോളിയൻ പ്രസിഡന്റും  (VATICAN MEDIA Divisione Foto)

ക്രൈസ്തവസാക്ഷ്യവുമായി സമാധാനതീർത്ഥാടകനായ ഫ്രാൻസിസ് പാപ്പാ മംഗോളിയയിൽ

ഏഷ്യയുടെ ഹൃദയഭാഗത്തുള്ള മംഗോളിയയിലേക്ക് പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് നടത്തുന്ന അപ്പസ്തോലികയാത്രയുടെ ഓഗസ്റ്റ് 31 വ്യാഴാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 2 ശനിയാഴ്ച ഉച്ചവരെയുള്ള പരിപാടികളുടെ സംക്ഷിപ്ത വിവരണം.
മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രാ വിവരണം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്തുള്ള മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ യാത്ര, ഇറ്റലിക്ക് പുറത്തേക്കുള്ള പരിശുദ്ധ പിതാവിന്റെ നാല്‌പത്തിമൂന്നാം അപ്പസ്തോലികയാത്രയാണ്. ഓഗസ്റ്റ് 27 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ഉൾപ്പെടെ സൂചിപ്പിച്ചതുപോലെ, ഫ്രാൻസിസ് ഏറെ ആഗ്രഹിച്ച ഒരു യാത്രയാണിത്. വളരെ ചെറിയ ഒരു കത്തോലിക്കാസമൂഹമാണ് മംഗോളിയയിലുള്ളത്. എന്നാൽ വിശ്വാസജീവിതത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹമാണത്. ശ്രേഷ്ഠമായ ഒരു പാരമ്പര്യവും സംസ്കാരവും സ്വന്തമായുള്ള മംഗോളിയയിലെ ജനതയെ അടുത്തറിയാനും സന്ദർശിക്കാനുമുള്ള ഒരു സാഹചര്യമായിക്കൂടിയാണ് തന്റെ യാത്രയെ പാപ്പാ കാണുന്നത്.

സാധാരണയായി അപ്പസ്തോലികയാത്രകളിൽ പതിവുള്ള, പ്രാദേശികകത്തോലിക്കാസഭയുമൊത്തുള്ള വിശുദ്ധ ബലിയർപ്പണം, സമ്മേളനങ്ങൾ, രാഷ്ട്രീയാധികാരികളുമായുള്ള കണ്ടുമുട്ടലുകൾ, ചർച്ചകൾ എന്നിവയ്ക്ക് പുറമെ, എക്യൂമെനിക്കൽ, മതാന്തരസമ്മേളനങ്ങളും ഈ യാത്രയുടെ ഭാഗമായുണ്ട്.

പരിശുദ്ധ അമ്മയുടെ സന്നിധിയിൽ

പ്രധാനപ്പെട്ട ഓരോ യാത്രകൾക്കും മുൻപുള്ള പതിവുപോലെ, ഇത്തവണയും തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുൻപായി പാപ്പാ, ഓഗസ്റ്റ് 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ്, റോമിലെ വിശുദ്ധ മേരി മേജർ ബസലിക്കയിലെത്തി, "റോമൻ ജനതയുടെ രക്ഷ", "സാലൂസ് പോപുളി റൊമാനി" എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുൻപിൽ പ്രാർത്ഥനയ്ക്കായെത്തി, തന്റെ അപ്പസ്തോലിക യാത്രയെയും, താൻ സന്ദർശിക്കാനിരിക്കുന്ന മംഗോളിയയെയും, പ്രത്യേകിച്ച് അവിടുത്തെ പ്രാദേശിക കത്തോലിക്കാസമൂഹത്തെയും, പത്രോസിന്റെ പിൻഗാമിയെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി മംഗോളിയയുടെ അയൽരാജ്യങ്ങളിൽനിന്നും അവിടെയെത്തുന്ന ഏവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ച് പ്രാർത്ഥിച്ചു.

നാല്പത്തിമൂന്നാം അപ്പസ്തോലികയാത്രയ്ക്ക് ആരംഭം

പരിശുദ്ധ പിതാവിന്റെ ഔദ്യോഗികാവസതിയായ വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽനിന്ന് ഓഗസ്റ്റ് 31 വ്യാഴാഴ്ച വൈകുന്നേരം 5.40-ന് പുറപ്പെട്ട്, 29 കിലോമീറ്ററുകൾ അകലെയുള്ള റോമിലെ ഫ്യുമിച്ചീനോയിലെ ലെയോനാർദോ ദാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പാ, വൈകുന്നേരം 6.41-ന്, ഇന്ത്യയിൽ വൈകുന്നേരം 10.11-ന്, മംഗോളിയയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇറ്റാലിയൻ വിമാനക്കമ്പനി ഈതാ എയർവേസ് ആണ് പാപ്പായുടെ ഈ അപ്പസ്തോലിക സന്ദർശനത്തിനും യാത്രാസൗകര്യമൊരുക്കിയത്.

അനുയാത്രികർ , യാത്രാസന്ദേശങ്ങൾ

തന്നോടൊപ്പം യാത്ര ചെയ്യുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ, പിയെത്രോ പരോളിൻ ഉൾപ്പെടെയുള്ള പ്രതിനിധികൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ള എഴുപതിലധികം മാധ്യമപ്രവർത്തകർ എന്നിവരെ പാപ്പാ അഭിസംബോധന ചെയ്യുകയും, അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

പരിശുദ്ധ പിതാവിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇറ്റലിയിൽനിന്ന് പുറപ്പെട്ട്, ക്രോയേഷ്യ, ബോസ്‌നിയ യെർസെഗോവ്‌ന, സെർബിയ, ബുൾഗേറിയ, തുർക്കി, ജോർജിയ, അസർബൈജാൻ, കസാഖ്സ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികൾക്ക് മുകളിലൂടെയാണ് മംഗോളിയയിലെത്തിയത്. യാത്രയിൽ ഈ രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പാ ആശംസാസന്ദേശങ്ങൾ അയച്ചു.

ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തരെലെയ്ക്ക് അയച്ച സന്ദേശത്തിൽ, പൊതുനന്മയ്ക്കായും, മറ്റുള്ളവരോടുള്ള ഐക്യത്തിനുവേണ്ടിയും പ്രവർത്തിക്കുന്നവരെ പാപ്പാ പ്രാർത്ഥനാശംസംകളോടെ പരാമർശിച്ചു. പരിശുദ്ധ പിതാവിനയച്ച മറുപടിയിൽ, സംവാദങ്ങൾക്കും, മറ്റുള്ളവരെ ഉൾക്കൊള്ളുവാനായി സ്വീകരിക്കുവാനും, ജനതകൾക്കിടയിൽ സമാധാനപരമായ സഹവാസത്തിനും വേണ്ടി പാപ്പാ എടുക്കുന്ന ശ്രമങ്ങളെ, ഇറ്റലിയുടെ പ്രെസിഡന്റ് ശ്ലാഖിച്ചു.

ക്രോയേഷ്യയുടെ പ്രെസിഡന്റ് സോറൻ മിലാനോവിച്ചിനയച്ച സന്ദേശത്തിൽ, അടുത്തിടെ അദ്ദേഹം വത്തിക്കാനിൽ എത്തിയത് പാപ്പാ അനുസ്മരിച്ചു.

ഏഷ്യയുടെ ഹൃദയഭാഗത്ത് പരിശുദ്ധ പിതാവ്

ഏതാണ്ട് ഒൻപതര മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം, റോമിൽനിന്ന് 8278 കിലോമീറ്ററുകൾ അകലെയുള്ള മംഗോളിയയുടെ തലസ്ഥാനമായ ഊലാൻബതാറിലെ ചെംഗിസ് ഖാൻ അന്താരാഷ്ട്രവിമാനത്താവളത്തിൽ, സെപ്റ്റംബർ ഒന്നാം തീയതി,  പ്രാദേശികസമയം രാവിലെ 10 മണിയോടെ, ഇന്ത്യയിൽ ഉച്ചയ്ക്ക് 12.30-ന് ഫ്രാൻസിസ് പാപ്പാ എത്തി.

ഊലാൻബതാർ - ചരിത്രനാളുകൾ

മംഗോളിയയുടെ തലസ്ഥാനമായ ഊലാൻബതാർ, മംഗോളിയയിൽ തന്നെ ഏറ്റവും വലിയ നഗരമാണ്. ഏതാണ്ട് പതിനാലര ലക്ഷം ആളുകൾ അധിവസിക്കുന്ന ഈ നഗരം രാജ്യത്തിന്റെ മധ്യ-വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ബോഗ്‌ദ് ഖാൻ ഊൾ മലയുടെ ചുവട്ടിലും തൂൾ നദിയുടെ തീരത്തുമായി ഏതാണ്ട് 1350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, രാഷ്ട്രത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, വ്യാവസായിക, സാമ്പത്തിക കേന്ദ്രമാണ്. 1639-ൽ നാടോടി ബുദ്ധമതക്കാരുടെ ആശ്രമകേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഇവിടെയാണ് മംഗോളിയയിൽ നാല്പത് ശതമാനത്തോളം ജനങ്ങളും വസിക്കുന്നത്. 28 പ്രാവശ്യം വിവിധ ഇടങ്ങളിലേക്ക് മാറ്റപ്പെട്ട ശേഷം 1778-ലാണ്, നിലവിലെ സ്ഥലത്ത് മംഗോളിയയുടെ തലസ്ഥാനമായി തീരുമാനിക്കപ്പെട്ടത്. ഖാൻ ബോഗ്‌ദ് എന്ന "ജീവിക്കുന്ന ബുദ്ധന്റെ" ആസ്ഥാനമായി കണക്കാക്കപ്പെടുന്ന ഊലാൻബതാർ മംഗോളിയൻ ജനതയുടെ പരിശുദ്ധ നഗരമാണ്. റഷ്യയും ചൈനയുമായുള്ള വ്യവസായികകേന്ദ്രമായിരുന്ന ഈ നഗരത്തെ ഉർഗ എന്നാണ് പത്തൊൻപതാം നൂറ്റാണ്ടിൽ, റഷ്യക്കാർ വിളിച്ചിരുന്നത്. 1911-ൽ മംഗോളിയ ചൈനയിൽനിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ തങ്ങളുടെ ഈ തലസ്ഥാനനഗരത്തെ "നീസ്ലേൽ ഖുറേഹ്", മംഗോളിയയുടെ തലസ്ഥാനം, എന്ന് പുനർനാമകരണം ചെയ്തു. 1921-ൽ ഈ തലസ്ഥാനം വിപ്ലവനേതാവായ ഡാംഡിനി സുഖ്ബാതറും സോവിയറ്റ് യൂണിയന്റെ റെഡ് ആർമിയും ചേർന്ന് റഷ്യൻ ജനറൽ ഉൻഗെർൻ വോൺ സ്റ്റെറൺബെർഗിലും, ചൈനീസ് അധിനിവേശത്തിലും നിന്ന് മോചിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ റെഡ് ആർമിയുടെ സഹായത്തോടെ തങ്ങളുടെ തലസ്ഥാനത്തെ സ്വാതന്ത്രമാക്കിയ ഡാംഡിനി സുഖ്ബാതറിന്റെ ബഹുമാനാർത്ഥം 1924-നാണ് മംഗോളിയയുടെ തലസ്ഥാനത്തിന് ഊലാൻബതാർ എന്ന പേര് നൽകപ്പെട്ടത്. സോവിയേറ്റ് ശൈലിയിലാണ് പിന്നീട് നഗരം ക്രമപ്പെടുത്തപ്പെട്ടത്. ഒൻപത് ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ നഗരം.

പാർലമെന്റ് മന്ദിരത്തിന് മുൻപിലെ ചത്വരത്തിൽ സുഖ്ബാതറിന്റെ ഒരു പൂർണ്ണകായ പ്രതിമയും, പാർലമെന്റിലേക്കുള്ള പടികൾക്ക് മുകളിലായി പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയയുടെ നേതാവായിരുന്ന ജെഞ്ചിസ് ഖാന്റെ ആസനസ്ഥനായ നിലയിലുള്ള ഒരു പ്രതിമയും, നഗരത്തിന് പുറത്തായി തൂൾ നദിക്കരയിൽ നാല്പത് മീറ്ററുകൾ ഉയരമുള്ള 250 ഭാരത്തിൽ സ്റ്റീലിൽ തീർത്ത ജെഞ്ചിസ് ഖാന്റെ മറ്റൊരു പ്രതിമയും ഉണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ ഊലാൻബതാർ നഗരത്തിൽ നൂറിലധികം ക്ഷേത്രങ്ങളും, ആശ്രമങ്ങളും ഉണ്ടായിരുന്നുവെങ്കിലും, അവയിൽ പലതും സ്റ്റാലിന്റെ ഭരണത്തിന് കീഴിൽ നശിപ്പിക്കപ്പെട്ടു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ, ലോകത്തിലെ ഏറ്റവും തണുത്ത തലസ്ഥാനം എന്നാണ് ഊലാൻബതാർ അറിയപ്പെടുന്നത്. -30 ഡിഗ്രി സെൽഷ്യസ് വരെ ഇവിടുത്തെ താപനില താഴാറുണ്ട്.

പ്രാദേശികസഭ

ഉർഗ മിഷൻ എന്നറിയപ്പെട്ടിരുന്ന ഇവിടുത്തെ സഭയെ 2002 ഏപ്രിൽ 30-ന് അപ്പസ്തോലിക പ്രീഫെക്ച്ചർ ആയി പരിശുദ്ധ സിംഹാസനം ഉയർത്തി. കർദ്ദിനാൾ ജോർജിയോ മരെംഗോയാണ് ഇതിന്റെ അധ്യക്ഷൻ. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത്.

വളരെ ചെറിയ ഒരു കത്തോലിക്കാസമൂഹമാണ് മംഗോളിയയിലുള്ളത്. ഏതാണ്ട് 1500 കത്തോലിക്കർ മാത്രമുള്ള ഈ പ്രാദേശികസഭയിൽ 8 ഇടവകകളാണുള്ളത്. 6 രൂപതാവൈദികരും 19 സന്യസ്തവൈദികരും, 6 മറ്റു സന്യസ്തരും, 33 വനിതാസന്യസ്തസഭാംഗങ്ങളും സമർപ്പിതശുശ്രൂഷ ചെയ്യുന്ന ഈ സഭയിൽ 6 വിദ്യാഭ്യാസസ്ഥാപനങ്ങളും 48 ഉപവിപ്രവർത്തനകേന്ദ്രങ്ങളുമുണ്ട്. 70 വർഷങ്ങൾ നീണ്ട കമ്മ്യൂണിസ്റ് ഭരണത്തിന് ശേഷം 1992-ൽ ജനാധിപത്യത്തിലേക്ക് എത്തിയ രാജ്യത്ത്, ക്രൈസ്തവസഭയെ പുനർനിർമ്മിക്കാൻ ക്രൈസ്തവമിഷനറിമാർ നൽകുന്ന ശ്രമങ്ങൾക്ക് ശക്തിപകരാൻ കൂടിയാണ് പാപ്പാ ഈ രാജ്യത്ത് എത്തുക.

പരിശുദ്ധ പിതാവിന് സ്വാഗതം

മംഗോളിയയിലെത്തിയ പാപ്പായെ മംഗോളിയയയിലേക്കുള്ള വത്തിക്കാൻ നയതന്ത്ര, താത്കാലിക പ്രതിനിധി, മോൺസിഞ്ഞോർ ഫെർണാണ്ടോ ദ്വാർത്തെ ബാറോസ് റൈസും, മംഗോളിയയുടെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിലെത്തി അഭിവാദ്യം ചെയ്തു. തുടർന്ന് ലിഫ്റ്റ് ഉപയോഗിച്ച് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ, മംഗോളിയയുടെ വിദേശകാര്യമന്ത്രി ശ്രീമതി ബാറ്റ്മുന്ഖ് ബാറ്റ്സെറ്റ്സെഗ് സ്വീകരിച്ചു. മംഗോളിയയിലെ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് പ്രീഫെക്ട് കർദ്ദിനാൾ ജോർജിയോ മരെംഗോയും, മധ്യേഷ്യൻ മെത്രാൻസമിതിയുടെ പ്രെസിഡന്റും, അൽമാത്തിയിലെ പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ള രൂപതയുടെ അധ്യക്ഷനുമായ അഭിവന്ദ്യ ഹൊസെ ലൂയിസ് മുമ്പിയേല സിയെറയും അദ്ദേഹത്തെ കാത്തു നിന്നിരുന്നു. വിമാനത്താവളത്തിൽ വച്ച് നടന്ന ചെറിയ ഈ സ്വീകരണത്തിൽ, പ്രാദേശിക വേഷം ധരിച്ച ഒരു മംഗോളിയൻ വനിത, അവിടുത്തെ കീഴ്വഴക്കമനുസരിച്ച് പരിശുദ്ധ പിതാവിന് ഒരു കപ്പിൽ "ആരുൾ" എന്ന് പ്രാദേശികഭാഷയിൽ അറിയപ്പെടുന്ന തൈര് നൽകി. പ്രത്യേകിച്ച് പ്രഭാഷണങ്ങൾ ഇല്ലായിരുന്ന ഈ സ്വീകരണത്തിൽ, പുരാതന ചരിത്രത്തിലെ മംഗോളിയൻ യോദ്ധാക്കളെ ഓർമ്മിപ്പിക്കുന്ന, ചുവപ്പ്, നീല, മഞ്ഞ നിറങ്ങൾ ഉള്ള യൂണിഫോമണിഞ്ഞ മംഗോളിയൻ സ്റ്റേറ്റ് ഹോണർ ഗാർഡ് അഭിവാദ്യമർപ്പിച്ച് ചുവപ്പുപരവതാനിക്ക് ഇരുപുറവും നിൽക്കുന്നുണ്ടായിരുന്നു.

വിമാനത്താവളത്തിലെ വി.ഐ.പി. ശാലയിൽ വച്ച് പാപ്പായും മംഗോളിയയുടെ വിദേശകാര്യമന്ത്രിയുമായി നടന്ന ചെറിയ ഒരു കൂടിക്കാഴ്ചയിൽ, മംഗോളിയയിലേക്കുള്ള പാപ്പായുടെ സന്ദർശനത്തിന് ശ്രീമതി ബാറ്റ്മുന്ഖ് ബാറ്റ്സെറ്റ്സെഗ് നന്ദി പറഞ്ഞു. ഈ കൂടിക്കാഴ്ചയെത്തുടർന്ന് ഊലാൻബതാറിലെ അപ്പസ്തോലിക പ്രിഫെക്ചറിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഖാൻ ഊൽ ജില്ലയിലാണ് ഈ പ്രാദേശികസഭാ ആസ്ഥാനം. മംഗോളിയയുടെ തലസ്ഥാനത്ത് മാത്രം തുടരുന്ന പാപ്പാ, തിരികെ യാത്രയാകുന്നത് വരെ ഇവിടെയാണ് താമസിക്കുന്നത്. മംഗോളിയയിൽ തന്റെ താമസസ്ഥലത്തെത്തിയ പാപ്പായെ വയോധികരും രോഗികളും അടങ്ങുന്ന ഒരു സംഘം ആളുകൾ ചേർന്ന് സ്വീകരിച്ചു. കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി.

സെപ്റ്റംബർ ഒന്നാം തീയതി ഉച്ചകഴിഞ്ഞ്, പാപ്പായ്ക്ക് ഒപ്പമെത്തിയ ആളുകൾക്കായി പ്രത്യേകമായി പാരമ്പര്യ കലാരൂപങ്ങൾ, കായികവിനോദങ്ങൾ, പ്രാദേശികഭക്ഷണം തുടങ്ങിയവ ഉൾപ്പെടെയുള്ള ഉത്സവം മംഗോളിയ ഒരുക്കിയിരുന്നു. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയും ചടങ്ങുകളിൽ സംബന്ധിച്ചു.

ഔദ്യോഗിക പരിപാടികൾ

സുദീർഘമായ യാത്രയ്ക്ക് ശേഷം അപ്പസ്തോലിക പ്രിഫെക്ചറിൽ വിശ്രമിച്ച പാപ്പായുടെ മംഗോളിയയിലെ ഔദ്യോഗിക പരിപാടികൾ ഓഗസ്റ്റ് 2 ശനിയാഴ്ചയാണ് ആരംഭിച്ചത്.

രാവിലെ 7 മണിക്ക് സ്വകാര്യമായി വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, 8,45-ന് അപ്പസ്തോലിക പ്രിഫെക്ചറിൽനിന്ന് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള പ്രെസിഡന്റിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. കൊട്ടാരത്തിന് മുൻപിലുള്ള സൂഖ്ബതാർ ചത്വരത്തിൽ മംഗോളിയയുടെ പ്രെസിഡന്റ് ഔദ്യോഗികമായി പാപ്പായെ സ്വീകരിച്ചു. പാപ്പായുടെ അപ്പസ്തോലികയാത്രയിൽ പങ്കെടുക്കാനായി മംഗോളിയയിലും ഹോങ്കോങ് ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിൽനിന്നുമായി എത്തിയ കുറച്ച് ക്രൈസ്തവവിശ്വാസികളും ചത്വരത്തിൽ ഉണ്ടായിരുന്നു. സൈനികാദരം, ദേശീയഗാനാലാപനങ്ങൾ, പതാകയുയർത്തൽ എന്നിവയ്ക്ക് ശേഷം, 9.20-ഓടെ പാപ്പാ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. ലിഫ്റ്റിൽ പ്രെസിഡന്റിനൊപ്പം രണ്ടാം നിലയിൽ എത്തിയ ഇരുവരും ചെഞ്ചീസ് ഖാന്റെ പ്രതിമയ്ക്ക് ആദരവർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അഞ്ചാം നിലയിലെ, വലിയ ഗെർ എന്നറിയപ്പെടുന്നയിടത്ത് എത്തിയ പാപ്പാ, അവിടെ പ്രധാന അതിഥികൾക്കായുള്ള പ്രത്യേക ബുക്കിൽ, സമാധാനത്തിന്റെ തീർത്ഥാടകനാണ് താനെന്നും, മംഗോളിയയിലെ തെളിഞ്ഞ ആകാശം സഹോദര്യത്തിന്റെ മാർഗ്ഗത്തെ പ്രകാശിപ്പിക്കട്ടെയെന്നും എഴുതി ഒപ്പുവച്ചു. തുടർന്ന് ഇരുവരും സ്വകാര്യ കൂടിക്കാഴ്ച നടത്തി.

തന്റെ യാത്രയുടെ ഓർമ്മയ്ക്കായി, സാധാരണ പതിവുള്ളതുപോലെ, പ്രത്യേകമായി തയ്യാറാക്കിയ സ്വർണ്ണമെഡലും, 1246-ൽ മംഗോളിയയിൽ രാജാവായിരുന്ന ഗുയുക് ഖാൻ, ക്രൈസ്തവദേശങ്ങൾ തനിക്ക് അടിയറവ് വയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് നാലാമൻ പാപ്പായ്ക്ക് അയച്ച കത്തിന്റെ പകർപ്പും രാജ്യത്തിന്റെ പ്രെസിഡന്റിന് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു.

പ്രെസിഡന്റുമൊത്തുള്ള സ്വകാര്യകൂടിക്കാഴ്ചയെത്തുടർന്ന് കൊട്ടാരത്തിലെ ഇഖ് മംഗോൾ ശാലയിൽ വച്ച് മംഗോളിയയുടെ രാഷ്ട്രീയാധികാരികളും, പൊതുസമൂഹത്തിന്റെയും വിവിധ രാജ്യങ്ങളുടെ നയതന്ത്രവിഭാഗത്തിന്റെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ, പരിശുദ്ധ പിതാവിനെയും, മറ്റു ശ്രേഷ്ഠ വ്യക്തിത്വങ്ങളെയും സ്വാഗതം ചെയ്‌ത മംഗോളിയയുടെ പ്രസിഡന്‍റ് ഉഖ്‌നാഗീൻ ഖുറേൽസുഖ, പരിശുദ്ധ സിംഹാസനവും മംഗോളിയായും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ മുപ്പതാം വാർഷികവും ചിഞ്ചിസ് ഖാന്റെ 860-മത് ജന്മവാർഷികവും ആഘോഷിക്കുന്ന വേളയിലാണ് പാപ്പായുടെ ചരിത്രപ്രധാനമായ ഈ സന്ദർശനം നടക്കുന്നതെന്ന് അനുസ്മരിച്ചു. എന്നാൽ, ഇന്നസെന്റ് നാലാമൻ പാപ്പാ തന്റെ പ്രതിനിധിയായി ആർച്ച്ബിഷപ് പ്ലാനോ കാർപ്പിനിയെ 1246-ൽ മംഗോളിയയിലേക്ക് അയച്ചതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിൽ മംഗോളിയൻ സാമ്രാജ്യസ്ഥാപനസമയം മുതൽ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സംസ്കാരം, വിദ്യാഭ്യാസം, സയൻസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള മാനവികസഹകരണം തുടരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു. അന്താരാഷ്ട്രസമൂഹത്തിന് സമാധാനപരമായ സഹവർത്തിത്വത്തിന് മംഗോളിയയും സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മംഗോളിയൻ ജനതയുടെ പുരാതനപാരമ്പര്യം ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തെയും നാനാത്വത്തെയും ബഹുമാനിക്കുന്നതാണ്. ഇത് മംഗോളിയയുടെ ഭരണഘടനയിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനം, പട്ടിണി, ഭക്ഷ്യസുരക്ഷയും വിതരണവും തുടങ്ങിയ കാര്യങ്ങളിൽ പാപ്പായ്ക്കുള്ള പ്രത്യേക ശ്രദ്ധ മംഗോളിയായും പങ്കിടുന്ന ഒന്നാണെന്നും, ഈ കാര്യങ്ങളിൽ പരിശുദ്ധ സിംഹാസനത്തിനൊപ്പം തങ്ങളുടെ രാജ്യവും നിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തുടർന്ന് ഫ്രാൻസിസ് പാപ്പാ, മംഗോളിയയിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിലെ പ്രഥമപ്രഭാഷണം നടത്തി.

ഹ്രസ്വമായ ഈ സമ്മേളനത്തിന് ശേഷം പാപ്പാ, പ്രെസിഡന്റിന്റെ കൊട്ടാരത്തിലെ മൂന്നാം നിലയിലെത്തി പാർലമെന്റ് പ്രെസിഡന്റ ഗോംബോജാവ് സന്ദൻഷതാറുമായും പ്രധാനമന്ത്രി ഒയൂൻ-ഏർദെൻ ലുവ്‌സന്നാംസ്രായിയുമായും കൂടിക്കാഴ്ച നടത്തി. ഇരുവർക്കും പാപ്പാ വെള്ളിയിൽ തീർത്ത പ്രത്യേകമെഡലുകൾ സമ്മാനിച്ചു.

രാവിലെയുള്ള പരിപാടികൾ അവസാനിച്ചതിനെത്തുടർന്ന് 11.20-ഓടെ തിരികെ പാപ്പാ അപ്പസ്തോലിക പ്രീഫെച്ചറിലേക്ക് തിരികെ യാത്രയായി. അവിടെയെത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു.

ഉച്ചകഴിഞ്ഞ് 3.45-ന്, മംഗോളിയയിലെ പ്രാദേശികസഭയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അപ്പസ്തോലിക പ്രീഫെച്ചറിൽനിന്ന് നാലു കിലോമീറ്ററുകളോളം അകലെ, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഊലാൻബതാറിലെ കത്തീഡ്രലിലേക്ക് പാപ്പാ കാറിൽ യാത്ര പുറപ്പെട്ടു. 1996-ൽ ഫിലിപ്പീനിയൻ മിഷനറിയായിരുന്ന വെഞ്ചേന്സ്ലാവോ സെൽഗ പദിയ്യയുടെ സഹായത്തോടെയാണ് അപ്പസ്തോലിക പ്രീഫെക്ടർ പണിയപ്പെട്ടത്. എന്നാൽ 2002-ൽ സെർബിയൻ ആർക്കിടെക്ട് പ്രെദാക് സ്തുപാറിന്റെ മേൽനോട്ടത്തിലാണ് കത്തീഡ്രൽ പണികഴിപ്പിക്കപ്പെട്ടത്. മംഗോളിയൻ നാടോടിവംശത്തിന്റെ ഗെർ എന്നറിയപ്പെടുന്ന കൂടാരത്തിനോട് സാദൃശ്യമുള്ളതാണ്, ഏതാണ്ട് അഞ്ഞൂറോളം ആളുകൾക്ക് പ്രവേശിക്കാന്മാത്രം വലിപ്പമുള്ള, ഈ കത്തീഡ്രൽ.

അപ്പോസ്തോലിക് പ്രീഫെക്റ്റ് കർദ്ദിനാൾ മാരേങ്കോയോടൊപ്പം ഇവിടെയെത്തിയ പാപ്പായെ ഒരു മംഗോളിയൻ വനിത ഒരു കപ്പ് പാൽ നൽകി സ്വീകരിച്ചു. തുടർന്ന് ചവറ്റുകുട്ടയിൽനിന്ന്  പരിശുദ്ധ അമ്മയുടെ തടിയിലുള്ള ഒരു പ്രതിമ ലഭിച്ച സെറ്റ്സെജ് എന്ന സ്ത്രീയെ പാപ്പാ അവിടെയുള്ള ഒരു കൂടാരത്തിൽ പ്രവേശിച്ച് കണ്ടു. മുൻപ് കത്തോലിക്കർ ഇല്ലാതിരുന്ന അർക്കാൻ എന്ന ദേശത്താണ് ഈ പ്രതിമ ലഭിച്ചത്. ഈ പ്രതിമ കത്തീഡ്രലിൽ എത്തിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 8-ന് കർദ്ദിനാൾ മാരേങ്കോ മംഗോളിയയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരുന്നു.

തുടർന്ന് ഏവരെയും അഭിവാദ്യം ചെയ്‌ത്‌ ഒരു ഗോൾഫ് കാറിൽ പാപ്പാ കത്തീഡ്രലിലേക്ക് യാത്ര തുടർന്നു. രണ്ടായിരത്തോളം ആളുകൾ പാപ്പായെ കാത്ത് നിന്നിരുന്നു. കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെത്തിയ പാപ്പായെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും ചേർന്ന് സ്വീകരിച്ചു. കത്തീഡ്രലിനുള്ളിൽ എത്തിയ പപ്പയ്ക്ക് ഇടവകവികാരി ഒരു കുരിശ് നൽകി സ്വീകരിച്ചു. ദേവാലയത്തിലുണ്ടായിരുന്ന ആളുകൾ ഗാനാലാപങ്ങളും കരഘോഷവുമായാണ് പാപ്പായെ വരവേറ്റത്. തുടർന്ന് മധ്യേഷ്യൻ മെത്രാൻസമിതിയുടെ പ്രെസിഡന്റ് അഭിവന്ദ്യ ഹൊസെ ലൂയിസ് മുമ്പിയേല സിയെറ പാപ്പായെ സ്വാഗതം ചെയ്‌ത്‌ സംസാരിച്ചു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശവാഹകരും, നിത്യതയുടെ സാക്ഷികളുമായി മംഗോളിയയിൽ ക്രൈസ്തവർ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, മംഗോളിയയിൽ ചെറിയ സമൂഹത്തെ സന്ദർശിക്കുവാൻ എത്തിയതിന് പാപ്പായ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. തുടർന്ന് ഉപവിയുടെ സഹോദരിമാർ എന്ന മദർ തെരേസ സമൂഹത്തിലെ ഒരു മിഷനറി സന്യസ്തയുടെയും മംഗോളിയൻ വൈദികൻറെയും, അൽമായ അജപാലനപ്രവർത്തകന്റെയും  സാക്ഷ്യമുണ്ടായിരുന്നു. ദൈവസഹായത്താൽ മംഗോളിയയിൽ തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന അപ്പസ്തോലിനപ്രവർത്തനത്തെക്കുറിച്ച് അവർ പാപ്പായോട് വിശദീകരിച്ചു. തുടർന്ന് ഗാനാലാപനത്തിന്റെ അകമ്പടിയോടെ പ്രാദേശിക കലാകാരന്മാരുടെ നൃത്തപ്രകടനമുണ്ടായിരുന്നു.

തുടർന്ന് ഫ്രാൻസിസ് പാപ്പാ മംഗോളിയയിൽ തന്റെ രണ്ടാമത്തെ പ്രഭാഷണം നടത്തി.

പാപ്പായുടെ പ്രഭാഷണശേഷം, മംഗോളിയൻ ഭാഷയിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഏവരും ചേർന്ന് ചൊല്ലി. തുടർന്ന് പാപ്പാ ഏവർക്കും തന്റെ ആശീർവാദം നൽകി. തുടർന്ന് "പരിശുദ്ധ രാജ്ഞീ എന്ന ഗാനം ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടു.

തുടർന്ന് പാപ്പാ, "വിണ്ണിന്റെ അമ്മയായ മാതാവ്" എന്ന പേരിലുള്ള പരിശുദ്ധ അമ്മയുടെ രൂപം വെഞ്ചരിച്ചു. തുടർന്ന് അവിടെയുള്ള മെത്രാന്മാരെയും വൈദികരെയും, വിശ്വാസികളെയും വ്യക്തിപരമായി അഭിവാദ്യം ചെയ്ത പാപ്പാ, വൈകുന്നേരം 5.30-ന് തിരികെ അപ്പസ്തോലിക പ്രീഫെച്ചറിലേക്ക് യാത്രയായി. അവിടെയെത്തിയ പാപ്പാ വൈകുന്നേരം 7 മണിക്ക് അത്താഴം കഴിച്ച ശേഷം വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2023, 14:47