തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ശനിയാഴ്ച (30/09/23) രാവിലെ നടന്ന സാധാരണ  പൊതുകൺസിസ്റ്ററിയുടെ ഒരു ദൃശ്യം. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ശനിയാഴ്ച (30/09/23) രാവിലെ നടന്ന സാധാരണ പൊതുകൺസിസ്റ്ററിയുടെ ഒരു ദൃശ്യം.  (Vatican Media)

പാപ്പാ: നാം സുവിശേഷവത്കൃത സുവിശേഷവത്ക്കർത്താക്കളാണ്, ഉദ്യോഗസ്ഥരല്ല!

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ശനിയാഴ്ച (30/09/23) രാവിലെ വിളിച്ചുകൂട്ടിയ സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ച് വിവിധരാജ്യക്കാരായ 21 പേർ കർദ്ദിനാളന്മാരാക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം സുവിശേഷവത്ക്കരിക്കപ്പെട്ടതിൻറെ വിസ്മയവും കൃതജ്ഞതയും ഹൃദയത്തിൽ പേറുന്നതിന് ആനുപാതികമായിട്ടായിരിക്കും നമ്മൾ സുവിശേഷവത്ക്കരിക്കുന്നവരായിത്തീരുകയെന്ന് മാർപ്പാപ്പാ.

വിവിധരാജ്യക്കാരായ 21 പേരെ കർദ്ദിനാളന്മാരാക്കുന്നതിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ശനിയാഴ്ച (30/09/23) രാവിലെ താൻ വിളിച്ചുകൂട്ടിയ സാധാരാണ പൊതുകൺസിസ്റ്ററി മദ്ധ്യേ നല്കിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ഓർമ്മപ്പെടുത്തിയത്.

അപ്പൊസ്തോലപ്രവർത്തനങ്ങൾ രണ്ടാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പെന്തക്കുസ്താസംഭവത്തിൽ, അതായത്, പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ തീ നാവിൻറെരൂപത്തിൽ ഇറങ്ങിവരുന്നതും അവർക്ക് ഭാഷാവരം ലഭിക്കുന്നതും അവിടയുണ്ടായിരുന്ന വിവിധ ഭാഷാക്കാരായ ജനങ്ങൾ അവരവരുടെ ഭാഷയിൽ ശിഷ്യന്മാരുടെ വാക്കുകൾ ശ്രവിക്കുന്നതുമായ സംഭവത്തിൽ, അടങ്ങിയിരിക്കുന്ന “വിസ്മയം”  പാപ്പാ തൻറെ പ്രസംഗത്തിൽ അടിവരയിട്ടു കാട്ടി.

നമ്മുടെ ഭാഷകളിൽ സുവിശേഷം സ്വീകരിക്കാൻ നമുക്കു സാധിച്ചുവെന്നും ആ ദാനം നാം ആശ്ചര്യത്തോടെ വീണ്ടും കണ്ടെത്തണമെന്നും എല്ലാ ഭാഷകളും സംസാരിക്കുന്ന സഭാമാതാവ് ഏകവും കാതോലികവുമാണെന്നും പാപ്പാ പറഞ്ഞു. വിശ്വാസം നമുക്കു പകർന്നു നല്കപ്പെടുന്നത് നാട്ടുഭാഷയിലാണ്, അമ്മമാരുടെയും മുത്തശ്ശിമാരുടെയും ഭാഷയിലാണ് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

ഈ കൺസിസ്റ്ററിയിൽ കർദ്ദിനാളാക്കപ്പെട്ടവർ വിവിധരാജ്യക്കാരാണെന്ന വസ്തുത പെന്തക്കുസ്താ സംഭവവുമായി ബന്ധപ്പെടുത്തി സൂചിപ്പിച്ച പാപ്പാ പരിശുദ്ധാരൂപി അവരുടെ വിളിയും സഭയിലും സഭയ്ക്കുവേണ്ടിയുമുള്ള അവരുടെ ദൗത്യവും ഇപ്പോൾ നവീകരിക്കുന്നുവെന്നു പറഞ്ഞു. കർദ്ദിനാൾ സംഘത്തിൻറെ കൂട്ടായ്മയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഭിന്ന സംഗീതോപകരണങ്ങളും വിവിധ സ്വരങ്ങളും ചേർന്ന് ലയം തീർക്കുന്ന സംഗീതവിരുന്നിനെ അതിൻറെ പ്രതീകമായി അവതരിപ്പിച്ചു.

വൈവിധ്യം ആവശ്യവും അനിവാര്യവും ആണെന്നും എന്നാൽ എല്ലാവരും പൊതുവായ ഒരു കാര്യത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അതിന്, സംഗീത കലാകാരന്മാർ ചെയ്യുന്നതു പോലെ പരസ്പരം ശ്രവിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു.

ശനിയാഴ്ച നടന്ന കൺസിസ്റ്ററിയിൽ 21 പേർ കർദ്ദിനാളന്മാരാക്കപ്പെട്ടതോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 242 ആയി ഉയർന്നു. ഇവരിൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവർ 137 പേരാണ്. ശേഷിച്ച 105 പേർ 80 വയസ്സായവരൊ ആ പ്രായം കഴിഞ്ഞവരൊ ആകയാൽ ഈ വോട്ടവകാശം ഇല്ല. ഇപ്പോൾ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങൾ 91 രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2023, 13:47