തിരയുക

ഊലാൻബതാരിന്റെ ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹ്രസ്വമായ സ്വീകരണ ചടങ്ങിനിടെ. ഊലാൻബതാരിന്റെ ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹ്രസ്വമായ സ്വീകരണ ചടങ്ങിനിടെ. 

പാപ്പാ മംഗോളിയയിലെത്തി

“പ്രത്യാശയോടെ ഒരുമിച്ച്” എന്ന ആപ്തവാക്യവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്കു ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിനായി പാപ്പാ മംഗോളിയയിലെത്തി. ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെ രാഷ്ട്രീയ നേതാക്കളും അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അവിടെ സ്പോർട്സ് സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാപ്പാ മംഗോളിയയിൽ

ലോകത്തിലെ ഏറ്റവും ചെറുതും പുതിയതുമായ കത്തോലിക്കാ സമൂഹങ്ങളിലൊന്നായ മംഗോളിയയിലെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെത്തി. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പരമാധികാര രാഷ്ട്രമായ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പാപ്പയായി ഫ്രാ൯സിസ് പാപ്പാ ചരിത്രം കുറിച്ചു. പ്രാദേശിക സമയം 10 മണിക്ക് പാപ്പാ മംഗോളിയയുടെ തലസ്ഥാനമായ ഊലാൻബതാരിലെത്തി.

ചൈനീസ് വ്യോമാതിർത്തിയിലൂടെ ഒരു രാത്രി വിമാനം കടന്നുപോയ ശേഷമാണ് ഫ്രാൻസിസ് പാപ്പാ മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിയത്. യാത്രയ്ക്കിടെ  വിമാനം പറന്നുപോയ ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ,എർസെഗോവിന,സെർബിയ/ മോന്തെനെഗ്രോ, ബൾഗേറിയ, തുർക്കി,ജോർജ്ജിയ,അസ്സെർബൈജാൻ, കസഖ്സ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർക്ക് പാപ്പാ ടെലഗ്രാം സന്ദേശം അയച്ചു.

ഊലാൻബതാരിന്റെ ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്പോസ്തോലിക നുൺഷ്യേച്ചറിന്റെ കാര്യനിർവ്വാഹകനായ മോൺ. ഫെർണാണ്ടോ ഡുവാർട്ടെ ബാരോസ് റെയ്സ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള മംഗോളിയൻ അംബാസഡർ ശ്രീമതി ദവാസുറെൻ ഗെറെൽമ, സഭയുടെയും സർക്കാരിന്റെയും പ്രതിനിധികൾ മുതലായവർ ചേർന്ന് പാപ്പായെ സ്വാഗതം ചെയ്തു.

പുരാതന ചരിത്രത്തിലെ മംഗോളിയൻ യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന ചുവപ്പ്, നീല, മഞ്ഞ യൂണിഫോമുകളും ഇരുമ്പ് ഹെൽമെറ്റുകളും ധരിച്ച് മംഗോളിയൻ സ്റ്റേറ്റ് ഓണർ ഗാർഡ്സ് അഭിമാനത്തോടെ പാപ്പായ്ക്ക് ആദരമർപ്പിച്ചു.

വിമാനത്താവളത്തിലെ ഹ്രസ്വമായ സ്വീകരണ ചടങ്ങിനിടെ, പരമ്പരാഗത വസ്ത്രം ധരിച്ച ഒരു മംഗോളിയൻ യുവതി കന്നുകാലികൾ, യാക് എന്ന മലമ്പശുക്കൾ, ഒട്ടകങ്ങൾ എന്നിവയുടെ പാലിൽ നിന്ന് ഉണ്ടാക്കിയ “Aaruul“ എന്ന ഒരു കപ്പ് തിളപ്പിച്ച തൈര് പാപ്പയ്ക്ക് നൽകി.  അത് മംഗോളിയൻ ജനതയുടെ നാടോടി സംസ്കാരത്തിന്റെ പ്രതീകാത്മക രീതിയാണെന്നും അവരുടെ സാധാരണമായ യാത്രാ വ്യവസ്ഥകളിലൊന്നാണെന്നും പറയപ്പെടുന്നു. പാപ്പാ ആ തൈര് ഹൃദ്യമായി സ്വീകരിക്കുകയും കഴിക്കുകയും ചെയ്തു.

നീണ്ട യാത്രയ്ക്ക് ശേഷം വെള്ളിയാഴ്ച പാപ്പാ വിശ്രമിച്ചു. പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക കൂടികാഴ്ചകളും പരിപാടികളും ശനിയാഴ്ച രാവിലെ ആരംഭിക്കും.

മംഗോളിയയിലെ സഭ

തന്റെ 43-മത് അപ്പസ്തോലിക യാത്രയിൽ പാപ്പാ സന്ദർശിക്കാൻ തിരഞ്ഞെടുത്ത കിഴക്കൻ ഏഷ്യൻ രാജ്യമായ മംഗോളിയ കസഖ്സ്ഥാൻ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂപ്രദേശമാണ്. ചെറുതും, പരമ്പരാഗതമായി നാടോടികളുമായ ഇവരുടെ  ജനസംഖ്യ 3.5 ദശലക്ഷത്തിൽ താഴെയാണ്; അതിൽ  2 ശതമാനത്തിൽ താഴെ മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.

സോവിയറ്റ് യൂണിയന്റെ 70 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം, മംഗോളിയ 1990ൽ സമാധാനപരമായ വിപ്ലവത്തിന് വിധേയമാവുകയും ഒരു ബഹുകക്ഷി ജനാധിപത്യം സ്ഥാപിക്കുകയും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന പുതിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. അപ്പോഴാണ് കമ്യൂണിസത്തിന്റെ കാലത്ത് നാടുകടത്തപ്പെട്ട കത്തോലിക്കാ മിഷനറിമാർ സഭയെ പുനർനിർമ്മിക്കുക എന്ന ദൗത്യവുമായി നാട്ടിൽ തിരിച്ചെത്തിയത്.  ഇന്ന് ആകെ എട്ട് ഇടവകകളിലായി ഏകദേശം 1,500 മാമോദീസ സ്വീകരിച്ച കത്തോലിക്കരാണുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2023, 14:47