തിരയുക

ബനഡിക്ടൈൻ ഒബ്ളേറ്റ്സിന്റെ അഞ്ചാമത് ആഗോള സമ്മേളനത്തിനെത്തിയവരുമായി ഫ്രാൻസിസ് പാപ്പാ  കൂടികാഴ്ച നടത്തിയവസരത്തിൽ. ബനഡിക്ടൈൻ ഒബ്ളേറ്റ്സിന്റെ അഞ്ചാമത് ആഗോള സമ്മേളനത്തിനെത്തിയവരുമായി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തിയവസരത്തിൽ.  (Vatican Media)

പാപ്പാ: വിരൽ ചൂണ്ടാതെ ജീവിതം കൊണ്ട് സുവിശേഷത്തിനു അഭിനിവേശത്തോടെ സാക്ഷൃം നൽകുക

ബനഡിക്ടൈൻ ഒബ്ളേറ്റ്സിന്റെ അഞ്ചാമത് ആഗോള സമ്മേളനത്തിനെത്തിയവരുമായി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തിയവസരത്തിലാണ് സന്ദേശം നൽകിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അവർണ്ണനീയമായ സ്നേഹത്തിന്റെ മധുരിമ വികസിപ്പിക്കുന്ന ഹൃദയം

അവർണ്ണനീയമായ സ്നേഹത്തിന്റെ മധുരിമ വികസിപ്പിക്കുന്ന ഹൃദയം ബനഡിക്ടൈൻ സഭയുടെ ആത്മീയതയാണെന്നും അതാണ് പാശ്ചാത്യ ലോകത്തിന്റെ ആത്മീയതയ്ക്ക് ജീവൻ നൽകി എല്ലാ ഭൂകണ്ഡങ്ങളിലേക്കും വ്യാപിച്ചതെന്നും പാപ്പാ പറഞ്ഞു. കൃപയുടെ പ്രകാശപൂരിതമായ ഊർജ്ജ പ്രഭാവമായി അത് നൂറ്റാണ്ടുകളായി നിലനിൽക്കുന്നതിനും  ആ മരം വളർന്നു പന്തലിച്ചതിനും കാലത്തിന്റെ കെടുതികളെ അതിജീവിച്ചതിനും രുചികരമായ സവിശേഷ ഫലങ്ങൾ നൽകിയതിനും കാരണം അതിന്റെ വേരുകളുടെ ഉറപ്പിനാലാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. വികസിച്ച ഈ ഹൃദയമാണ് ബെനഡിക്ടൈൻ സന്യാസം മുന്നോട്ടു കൊണ്ടുപോയ വലിയ സുവിശേഷവൽക്കരണത്തിന്റെ രഹസ്യമെന്നും പാപ്പാ പറഞ്ഞു.

ഈ ഹൃദയവികാസത്തിന്റെ മൂന്നു വശങ്ങളായ ദൈവത്തിനായുള്ള അന്വേഷണം, സുവിശേഷത്തിനായുള്ള ആവേശം, ഔദാര്യം എന്നിവയെക്കുറിച്ചാണ് പാപ്പാ സന്ദേശത്തിൽ വിശദീകരിച്ചു.

ഒടുങ്ങാത്ത ദൈവാന്വേഷണം

എല്ലാറ്റിലുമുപരിയായി ദൈവത്തേയും, അവന്റെ ഹിതത്തേയും, അവൻ ചെയ്യുന്ന അത്ഭുത പ്രവൃത്തികളേയും അനേഷിക്കുന്നതാണ് ഒരു ബനഡിക്ടൈൻ സന്യാസിയുടെ ജീവിതം. ലെക്സിയോ ദിവീനയിലൂടെ  എന്നും സമ്പുഷ്ടരാക്കപ്പെടുന്ന ദൈവവ വചനത്തിലൂടെയാണ് നടക്കുക. എങ്കിലും സൃഷ്ടിയെ ധ്യാനിച്ചും അനുദിന വെല്ലുവിളികളെ നേരിട്ടും ജോലി പ്രാർത്ഥനയാക്കിയും കണ്ടുമുട്ടുന്ന വ്യക്തികളിലൂടെയുമാണ് പ്രധാനമായും ഈ അനേഷണം നടക്കുക എന്ന് പാപ്പാ പറഞ്ഞു.

സുവിശേഷത്തിനായുള്ള ആവേശം

വി.ബനഡിക്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സന്യാസികളുടെ ജീവിതം ഒരു സമ്പൂർണ്ണ ദാനമാണ്. മാവിലെ പുളിമാവു പോലെ ഉത്തരവാദിത്വത്തോടും ദയയോടും കൂടെ പ്രയത്നത്താൽ ജീവിക്കുന്നയിടം ഫലഭൂയിഷ്ഠമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു. രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ധരിച്ച പാപ്പാ അവരുടെ സന്യാസസഭയുടെ പ്രാർത്ഥനയും കർമ്മവും എന്ന ആപ്തവാക്യം തെളിയിക്കുന്ന സുവിശേഷ ജീവിതം  മദ്ധ്യയുഗ സമൂഹത്തിന്റെ പിറവിക്ക് വഴിതെളിച്ചതും പാപ്പാ ചൂണ്ടിക്കാണിച്ചു. ഇതെല്ലാം സുവിശേഷത്തോടുള്ള അഭിനിവേശത്തിൽ നിന്നാണെന്നും ഉപഭോഗ സംസ്കാരത്തിൽ നട്ടം പായുന്ന മുറിയപ്പെട്ട ലോകത്തിൽ ഇന്നും അതിനർത്ഥമുണ്ടെന്നും പാപ്പാ പറഞ്ഞു. വിരൽ ചൂണ്ടുന്ന ക്രൈസ്തവരേക്കാൾ  ജീവിതത്തിൽ ജീവിതം കൊണ്ട് സുവിശേഷത്തിനു സാക്ഷൃം നൽകുന്ന അഭിനിവേശമുള്ളവയാണ് ആവശ്യമെന്നും പാപ്പാ അടിവരയിട്ടു.

ഔദാര്യശീലം

ആശ്രമത്തിൽ വരുന്നവരെ ക്രിസ്തുവിനെ പോലെ സ്വീകരിക്കാൻ പറഞ്ഞു കൊണ്ടു  വി. ബനഡിക്ട് തന്റെ നിയമാവലിയിൽ ഒരു മുഴുവൻ അദ്ധ്യായം സമർപ്പിച്ച ഈ വിഷയത്തെക്കുറിച്ച് സംസാരിക്കവെ തങ്ങൾ ഏറ്റം ഹൃദമായി കരുതുന്നവ അതിഥികളുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെയും, തീർത്ഥാടകരെയും പ്രത്യേകം ശ്രദ്ധിക്കാൻ വി. ബനഡിക്ട് ആവശ്യപ്പെട്ടത് എടുത്തു പറഞ്ഞ പാപ്പാ അവരുടെ വിപുലമായ ആശ്രമമാണ് ലോകവും, നഗരവും, തൊഴിലിടവും എന്നും അവിടെയാണ് ആതിഥേയത്തിന്റെ മാതൃകകളാകാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും കൂടിച്ചേർത്തു. ചിലപ്പോൾ സ്വാർത്ഥതയുടേയും, നിസ്സംഗതയുടേയും കെട്ടുകളിൽ ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഇത് ഇന്ന് പ്രാണവായൂ പോലെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2023, 16:21