തിരയുക

 ലിസ്ബൺ ലോക യുവജന സംഗമത്തിൽ പാപ്പാ (ഫയൽ ചിത്രം). ലിസ്ബൺ ലോക യുവജന സംഗമത്തിൽ പാപ്പാ (ഫയൽ ചിത്രം).  (AFP or licensors)

“ക്രിസ്തു ജീവിക്കുന്നു”: യുവജന പരിശീലന പദ്ധതിയിലും പക്വതയിലേക്കുള്ള വളർച്ചയിലും ഒന്നാം സ്ഥാനം നൽകണം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 214-215 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

214. സുവിശേഷത്തിന്റെ സന്തോഷം എന്ന ലേഖനത്തിൽ ഞാൻ ഊന്നി പറഞ്ഞ ഒരു കാര്യമാണിത്. ഇവിടെ അത് ആവർത്തിക്കാൻ പറ്റിയതാണെന്ന് ഞാൻ കരുതുന്നു. യുവജനശുശ്രൂഷയിൽ “കൂടുതൽ സങ്കൽപ്പിക്കുന്ന പരിശീലനത്തിന് കെറിഗ്മ വഴി മാറണം.” എന്ന് ചിന്തിക്കുന്നത് ഗൗരവപൂർണ്ണമായ ഒരു തെറ്റായിരിക്കും. ആ പ്രാരംഭ പ്രഘോഷണത്തേക്കാൾ ഈടുറ്റതും അഗാധവും സുരക്ഷിതവും അർത്ഥപൂർണ്ണവും ജ്ഞാന പൂർണ്ണവുമായി മറ്റൊന്നുമില്ല. എല്ലാ ക്രൈസ്തവ പരിശീലനവും കെരിഗ്മയിലേക്ക് കൂടുതൽ ആഴത്തിൽ കടക്കുക എന്നതിൽ അടങ്ങിയിരിക്കുന്നു. അത് നമ്മുടെ ജീവിതത്തിൽ കൂടുതൽ പൂർണ്ണമായി അവതരിപ്പിക്കുന്നതിലും ഉൾക്കൊണ്ടിരിക്കുന്നു.  അത് മൂലം യുവജന ശുശ്രൂഷയിൽ ദൈവത്തിന്റെയും ജീവിക്കുന്ന ക്രിസ്തുവിന്റെയും വ്യക്തിപരമായ അനുഭവം പുതുക്കാനും ആഴപ്പെടുത്താനുമുള്ള അവസരങ്ങൾ എപ്പോഴും ഉൾക്കൊണ്ടിരിക്കണം. അത് വിവിധ രീതികളിൽ നടത്താം: സാക്ഷ്യങ്ങൾ, ഗാനങ്ങൾ, ആരാധനാനിമിഷങ്ങൾ, വിശുദ്ധ ലിഖിതങ്ങളെ കുറിച്ചുള്ള ആധ്യാത്മിക വിചിന്തനം, സാമൂഹിക നെറ്റ്‌വർക്കുകളുടെ ബുദ്ധിപൂർവ്വകമായ ഉപയോഗം പോലും. എന്നാലും കർത്താവുമായുള്ള സന്തോഷപ്രദമായ ഈ കണ്ടുമുട്ടലിന് പകരം ഒരിക്കലും ഒരുതരം സിദ്ധാന്തം സന്നിവേശനം നടത്താൻ പാടില്ല.

215. നേരെമറിച്ച് യുവജന ശുശ്രൂഷയുടെ ഏത് പരിപാടിയും സാഹോദര്യത്തിൽ വളരാനും സഹോദരി സഹോദരന്മാരായി ജീവിക്കാനും പരസ്പരം സഹായിക്കാനും സമൂഹം പടുത്തുയർത്താനും മറ്റുള്ളവർക്ക് സേവനം ചെയ്യാനും ദരിദ്രരോടു അടുക്കാനും യുവജനത്തെ വളർത്താൻ സഹായിക്കുന്ന വിവിധ മാർഗ്ഗങ്ങളും വിഭവങ്ങളും വ്യക്തമായി ഉൾക്കൊണ്ടിരിക്കണം. സഹോദര സ്നേഹം “പുതിയ കൽപന”( യോഹ13 :34) ആണ്. “നിയമത്തിന്റെ പൂർണ്ണത”( റോമാ13:10)ആണ്; ദൈവത്തോടുള്ള നമ്മുടെ സ്നേഹം കാണിക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. അതുകൊണ്ട് യുവജന പരിശീലന പദ്ധതിയിലും പക്വതയിലേക്കുള്ള വളർച്ചയിലും അതിന് ഒന്നാം സ്ഥാനം നൽകണം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജന ശുശ്രൂഷയെക്കുറിച്ചുള്ള പാപ്പയുടെ പ്രബോധനത്തിൽ വിശ്വാസവും സാഹോദര്യവും പരിപോഷിപ്പിക്കേണ്ട വിവിധ മാർഗ്ഗങ്ങളെകുറിച്ച് പാപ്പാ പങ്കുവയ്ക്കുന്നു. വിശ്വാസത്തെയും സാഹോദര്യത്തെയും പരിപോഷിപ്പിക്കുന്നതിന് ശക്തമായ ഊന്നൽ നൽകുന്ന യുവജന ശുശ്രൂഷയുടെ വക്താവാണ് ഫ്രാൻസിസ് പാപ്പാ. യുവജനങ്ങൾക്കിടയിൽ സമൂഹബോധവും സേവനബോധവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം  പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനമായ Evangelii gaudiumൽ അടിവരയിടുന്നു. ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികകളിൽ പാപ്പാ യുവജന ശുശ്രൂഷയിൽ ദൈവവും ജീവിക്കുന്ന ക്രിസ്തുവുമായുള്ള വ്യക്തിപരമായ അനുഭവം പുതുക്കാനും ആഴപ്പെടുത്താനുമുള്ള അവസരങ്ങൾ എപ്പോഴും ഉൾക്കൊണ്ടിരിക്കണമെന്നും യുവജന പരിശീലന പദ്ധതിയിലും പക്വതയിലേക്കുള്ള വളർച്ചയിലും അതിന് ഒന്നാം സ്ഥാനം നൽകണമെന്നും ഊന്നി പറയുന്നു.

കെറിഗ്മയുടെ പ്രാമുഖ്യം

സുവിശേഷ സന്ദേശത്തിന്റെ പ്രാരംഭ പ്രഘോഷണമാണ് ക്രിസ്തീയ വിശ്വാസ രൂപീകരണത്തിന്റെ അടിത്തറയെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. അത് കൂടുതൽ "ഉറച്ച" പ്രബോധനരീതികൾക്ക് വഴിയൊരുക്കണം എന്ന തെറ്റിദ്ധാരണയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പകരം, " ആ പ്രാരംഭ പ്രഘോഷണത്തേക്കാൾ (കെരിഗ്മയെക്കാൾ) ഈടുറ്റതും അഗാധവും സുരക്ഷിതവും അർത്ഥപൂർണ്ണവും ജ്ഞാന പൂർണ്ണവുമായി മറ്റൊന്നുമില്ല." എന്ന് പാപ്പാ ഉറപ്പിച്ചു പറയുന്നു. ഉദാഹരണത്തിന് ഒരു ഇടവക യുവജന സംഘം ഒരു റിട്രീറ്റ് സംഘടിപ്പിക്കുന്നു, അവിടെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകളുടെ വ്യക്തിപരമായ സാക്ഷ്യങ്ങൾ പങ്കിടാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ സാക്ഷ്യങ്ങൾ കെറിഗ്മയുടെ ശക്തമായ ഉപകരണങ്ങളായിത്തീരുന്നു, ഇത് മറ്റുള്ളവരെ അവരുടെ വിശ്വാസം പര്യവേക്ഷണം ചെയ്യാനും ദൈവവുമായുള്ള ബന്ധം ആഴത്തിലാക്കാനും പ്രചോദിപ്പിക്കുന്നു.

വ്യക്തിഗത അനുഭവങ്ങൾ നവീകരിക്കുകയും ആഴത്തിലാക്കുകയും ചെയ്യുക

യുവജന ശുശ്രൂഷ യുവജനങ്ങൾക്ക് ദൈവസ്നേഹത്തെയും ജീവനുള്ള ക്രിസ്തുവിനെയും കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ നവീകരിക്കാനും ആഴത്തിലാക്കാനുമുള്ള തുടർച്ചയായ അവസരങ്ങൾ നൽകണമെന്ന് പാപ്പാ ഊന്നിപ്പറയുന്നു. സംഗീതം, ആരാധനയുടെ നിമിഷങ്ങൾ, വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ആത്മീയ വിചിന്തിനങ്ങൾ, സാമൂഹീക ശൃംഖലകളുടെ ബുദ്ധിപരമായ ഉപയോഗം തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ ഇത് നേടാൻ കഴിയും. പരിശുദ്ധ കുർബ്ബാനയുടെ സാന്നിധ്യത്തിൽ നിശ്ശബ്ദമായി സമയം ചെലവഴിക്കാൻ യുവജനങ്ങളെ  സഹായിക്കുമ്പോൾ ആ  അനുഭവം ക്രിസ്തുവുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം ആഴത്തിലാക്കുകയും അവരുടെ വിശ്വാസം നവീകരിക്കുകയും ചെയ്യുന്നു.

പ്രബോധനത്തിനെതിരെ ജാഗ്രത പാലിക്കുക

വിശ്വാസ രൂപീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോൾ, യുവജന ശുശ്രൂഷയെ കേവലം "പ്രബോധന"ത്തിന്റെ ഒരു രൂപമാക്കി മാറ്റരുതെന്ന് ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകുന്നു. കർത്താവുമായുള്ള സന്തോഷകരമായ കൂടികാഴ്ച ഒരിക്കലും കർശനമായ സിദ്ധാന്തത്താൽ മാറ്റിസ്ഥാപിക്കരുതെന്ന് പാപ്പാ വിശ്വസിക്കുന്നു. ഒരു കത്തോലിക്കാ വിദ്യാലയം അതിന്റെ പാഠ്യപദ്ധതിയിൽ വിവിധ മതങ്ങളെക്കുറിച്ചുള്ള ഒരു കോഴ്സ് ഉൾക്കൊള്ളിക്കുന്നതും വ്യത്യസ്ത വിശ്വാസ സമ്പ്രദായങ്ങൾ പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതും നല്ലതായിരിക്കും. ഈ സമീപനം കേവലം പ്രബോധനത്തേക്കാൾ വിമർശനാത്മക ചിന്തയും തുറന്ന സംവാദവും  വളർത്തുന്നു.

സാഹോദര്യത്തിന്റെ പങ്ക്

ഏതൊരു യുവജന ശുശ്രൂഷാ പരിപാടിയും യുവജനങ്ങൾക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ ഊന്നിപ്പറയുന്നു. സാഹോദര്യസ്നേഹം ഒരു കൽപന മാത്രമല്ല, ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണെന്ന് പാപ്പാ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു ഇടവക യുവജന സംഘം പ്രാദേശികതലത്തിൽ  പൊതുപ്രവർത്തനത്തിനായി  പ്രവർത്തിക്കുന്നുവെന്നിരിക്കട്ടെ  ആ അനുഭവത്തിലൂടെ, യുവാക്കൾ തങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക മാത്രമല്ല, മറ്റുള്ളവരെ സേവിക്കുന്നതിന്റെയും ദരിദ്രരുമായി അടുക്കുന്നതിന്റെയും മൂല്യം പഠിക്കുകയാണ് ചെയ്യുന്നത്.

യുവജന ശുശ്രൂഷയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രബോധനം യുവജനങ്ങൾക്കിടയിൽ വിശ്വാസവും സാഹോദര്യവും വളർത്തുന്നതിനെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ച നൽകുന്നു. കെറിഗ്മയ്ക്ക് മുൻഗണന നൽകുന്നതിലൂടെയും വ്യക്തിപരമായ അനുഭവങ്ങൾ നവീകരിക്കുന്നതിലൂടെയും സിദ്ധാന്തകാർക്കശ്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും യുവജന ശുശ്രൂഷകൾക്ക് അടുത്ത തലമുറയിലെ ക്രൈസ്തവ സമൂഹത്തിന്റെ  ആത്മീയ വളർച്ചയും വികാസവും ഫലപ്രദമായി പരിപോഷിപ്പിക്കാൻ കഴിയും.

യുവജന  സംഘടനകൾ

യുവാക്കൾക്ക് ഒത്തുചേർന്ന് അടുത്ത ബന്ധമുള്ള ഗ്രൂപ്പുകളോ കമ്മ്യൂണിറ്റികളോ രൂപീകരിക്കാൻ കഴിയുന്ന പതിവ് മീറ്റിംഗുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. പങ്കെടുക്കുന്നവർക്കിടയിൽ വിശ്വാസം, പരസ്പര പിന്തുണ, സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിൽ ഈ ഒത്തുചേരലുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ആത്മീയ രൂപീകരണത്തെ ലക്ഷ്യമാക്കി തങ്ങളുടെ വിശ്വാസം പര്യവേക്ഷണം ചെയ്യാനും പ്രാർത്ഥനയിൽ ഏർപ്പെടാനും ധാർമ്മീകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ ചർച്ചകളിൽ പങ്കെടുക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങളും അവയിൽ ഉൾപ്പെടുത്തുന്നത് അവരെ കൂടുതൽ സഹായിക്കും. സാമൂഹ്യ സേവനത്തിലും, ഔട്ട്റീച്ച് പ്രോഗ്രാമുകളിലും ഏർപ്പെടാൻ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രാദേശിക സന്നദ്ധസേവനം നടത്തുവാനും  ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും അല്ലെങ്കിൽ പാരിസ്ഥിതിക സംരംഭങ്ങളിൽ ഏർപ്പെടുവാനും സഹായിക്കും.  ദരിദ്രരുമായി ബന്ധപ്പെടുന്നത് സഹാനുഭൂതിയുടെയും സേവനത്തിന്റെയും ഒരു ബോധം വളർത്തുന്നതിനുള്ള ശക്തമായ മാർഗ്ഗമാണ്.

പ്രായോഗികമായ ഉദാഹരണങ്ങളിലൂടെ, യുവജന ശുശ്രൂഷയെക്കുറിച്ചുള്ള പാപ്പയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാനും യുവവിശ്വാസികളുടെ ഊർജ്ജസ്വലവും അനുകമ്പയുള്ളതുമായ ഒരു സമൂഹം സൃഷ്ടിക്കാനും കഴിയും. തീർച്ചയായും, സാഹോദര്യം, സമൂഹങ്ങളെ പണുതുയർത്തൽ, സേവനം, ദരിദ്രരെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിപോഷിപ്പിക്കുന്ന യുവജന ശുശ്രൂഷ പരിപാടികൾ രൂപകൽപ്പന ചെയ്യുന്നത് ചെറുപ്പക്കാരുടെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമാണ്. വിജയകരമായ ഒരു യുവജന ശുശ്രൂഷാ പരിപാടിയുടെ താക്കോൽ യുവാക്കൾക്ക് അവരുടെ സമൂഹങ്ങളിലും ലോകത്തിലും ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതിന് മൂല്യവത്തായ ശാക്തീകരിക്കപ്പെടുന്നതുമായ പിന്തുണയും പരിപോഷണവും നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണെന്ന്  പാപ്പാ തന്റെ പ്രബോധനത്തിൽ വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2023, 11:30