തിരയുക

ഫ്രാൻസിസ് പാപ്പാ ഊലാൻബത്താറിലെ "കാരുണ്യ ഭവനം" ഉദ്ഘാടനം ചെയ്യുന്നു. ഫ്രാൻസിസ് പാപ്പാ ഊലാൻബത്താറിലെ "കാരുണ്യ ഭവനം" ഉദ്ഘാടനം ചെയ്യുന്നു.  (ANSA)

പാപ്പാ: ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമായി മാറ്റരുത്

ഫ്രാൻസിസ് പാപ്പാ ഊലാൻബത്താറിലെ "കാരുണ്യ ഭവനം" ഉദ്ഘാടനം ചെയ്യുകയും ഉപവി പ്രവർത്തനാ സംഘടനകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തവസരത്തിൽ നൽകിയ സന്ദേശം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സഹോദരി സഹോദരങ്ങളെ എന്ന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അവരുടെ സംഗീതത്തിനും, നൃത്തച്ചുവടുകൾക്കും, ആശംസകൾക്കും, സാക്ഷ്യങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു.

"എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു." എന്ന (മത്താ 25: 35) ഈശോയുടെ തിരുവചനത്തിൽ ഇതെല്ലാം സംഗ്രഹിക്കാൻ കഴിയുമെന്ന് കരുതുന്നതായി പാപ്പാ പറഞ്ഞു. ഈ തിരുവചനങ്ങളിലൂടെ ഈ ലോകത്തിൽ തന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള മാനദണ്ഡവും, അന്ത്യവിധിയിൽ തന്റെ രാജ്യത്തിന്റെ പരമോന്നതമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ വേണ്ട നിബന്ധനയും കർത്താവ് നമുക്ക് നൽകുന്നു എന്ന പാപ്പാ കൂട്ടിച്ചേർത്തു.

ഉപവി പ്രവർത്തനങ്ങൾ - സഭാ സ്വത്വത്തിന്റെ അടിസ്ഥാന ഘടകം

ആരംഭം മുതൽ സഭ ഈ ക്രിസ്തുമൊഴികളെ ഗൗരവമായി സ്വീകരിക്കുകയും ഉപവി പ്രവർത്തനങ്ങളെ സഭാ സ്വത്വത്തിന്റെ അടിസ്ഥാന ഘടകമായി സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാക്കുകയും ചെയ്തു എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. കൂട്ടായ്മ, ആരാധനാക്രമം, സേവനം, സാക്ഷ്യം എന്നീ നാല് തൂണുകളിൽ ഉറച്ചു നിൽക്കുന്ന ഒരു സഭ പണിതുയർത്തുന്നതിന് അപ്പോസ്തല പ്രവർത്തനങ്ങളിൽ പരാമർശിച്ചിരിക്കുന്നത് പോലെ ആദിമ ക്രൈസ്തവ സമൂഹം ഈശോയുടെ ഈ വാക്കുകളെ പ്രാവർത്തികമാക്കിയ വിവിധ രീതികളെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ പങ്കുവെച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം അതേ ചൈതന്യം മംഗോളിയ൯ സഭയിൽ വ്യാപിക്കുന്നത് എത്ര മനോഹരമാണെന്ന് സൂചിപ്പിച്ച പാപ്പാ വലിപ്പത്തിൽ ചെറിയതാണെങ്കിലും സാഹോദര്യത്തിന്റെ കൂട്ടായ്മ, പ്രാർത്ഥന, നിർദ്ധനരർക്കു വേണ്ടിയുള്ള നിസ്വാർത്ഥ സേവനം, വിശ്വാസത്തിന്റെ സാക്ഷ്യം എന്നിവ ആ ചൈതന്യ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ടെന്ന് വിശദീകരിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ മുഖമുദ്രയായ മറ്റുള്ളവരോടുള്ള കരുതലിനെ കുറിച്ച് പരാമർശിച്ച പാപ്പാ നമ്മുടെ അയൽക്കാരോടുള്ള ഉദാരമായ സേവനം, അവരുടെ ആരോഗ്യം, അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം എന്നിവയെ കുറിച്ചുള്ള പരിഗണന തുടങ്ങിയവ ദൈവജനത്തിന്റെ ഊർജ്ജസ്വലതയെ ആരംഭം മുതൽ വ്യത്യസ്തമാക്കിയിട്ടുണ്ട് എന്ന്  വിശദീകരിച്ചു.

ഉപവി പ്രവർത്തനാ സംഘടനകളിലെ അംഗങ്ങളുമായി പാപ്പാ.
ഉപവി പ്രവർത്തനാ സംഘടനകളിലെ അംഗങ്ങളുമായി പാപ്പാ.

ഊലാൻബത്താരിലെ മിഷനറിമാരുടെ സേവനം

1990കളിൽ ആദ്യത്തെ മിഷനറിമാർ ഊലാൻബത്താരിൽ എത്തിയപ്പോൾ മുതൽ ഉപവിപ്രവർത്തനങ്ങളുടെ ആവശ്യകതയെ തിരിച്ചറിയുകയും ആ തിരിച്ചറിവ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ, ഭവനരഹിതരായ സഹോദരങ്ങൾ, രോഗികൾ, വികലാംഗർ, തടവുകാർ, സഹനങ്ങൾക്കിടയിൽ കഴിഞ്ഞവർ എന്നിങ്ങനെ എല്ലാവരെയും ശുശ്രൂഷിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തു എന്ന് പാപ്പാ വ്യക്തമാക്കി.

ഇന്ന് ആ വേരുകളിൽ നിന്ന് ഒരു വൃക്ഷമായി വളരുകയും അതിന്റെ ശാഖകൾ വ്യാപിക്കുകയും പ്രശംസനീയമായ വിധത്തിൽ വിവിധതരം ജീവകാരുണ്യ സംരംഭങ്ങളുടെ രൂപത്തിൽ ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുയും ചെയ്തു.  ഈ പ്രവർത്തനങ്ങൾ ദീർഘകാല പദ്ധതികളായി വികസിക്കുകയും ഇവിടെയുള്ള വിവിധ പ്രേഷിത പ്രവർത്തനങ്ങൾക്കായുള്ള സ്ഥാപനങ്ങൾ ഈ പ്രവർത്തനങ്ങൾ തുടരുകയും ഇവിടത്തെ ജനങ്ങളും, സിവിൽ അധികാരികളും വളരെയധികം അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന കാര്യത്തെയും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. യഥാർത്ഥത്തിൽ അന്നത്തെ കാലത്തെ രാഷ്ട്രീയ പരിവർത്തനത്തിന്റെ അതിലോലമായ ഘട്ടത്തിലും,  വ്യാപകമായ ദാരിദ്ര്യം അടയാളപ്പെടുത്തിയ ഒരു രാജ്യത്തിന്റെ നിരവധി സാമൂഹിക അടിയന്തരാവസ്ഥകളെ നേരിടാൻ മംഗോളിയൻ ഭരണകൂടം തന്നെ കത്തോലിക്കാ മിഷനറിമാരുടെ സഹായം  തേടിയിരുന്നു എന്ന കാര്യവും പാപ്പാ എടുത്തു പറഞ്ഞു.

മംഗോളിയൻ സമൂഹത്തിന്റെ സേവനത്തിനായി തങ്ങളുടെ അറിവ്, അനുഭവം, ഉറവിടങ്ങൾ, പ്രത്യേകിച്ച് അവരുടെ സ്നേഹം എന്നിവ സമർപ്പിച്ച നിരവധി രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരുടെ സമർപ്പണത്തെ ആ സംരംഭങ്ങൾ തുടർന്നും ആകർഷിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യവും പാപ്പാ പങ്കുവച്ചു. ആ മിഷണറിമാരെയും അവരുടെ നല്ല പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന സകലരോടും തന്റെ ഹൃദയംഗമമായ നന്ദി സന്ദേശത്തിൽ പാപ്പാ അറിയിക്കുകയും ചെയ്തു.

കാരുണ്യ ഭവനം

ജീവിതത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഷ്ടപ്പെടുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് നേരെ കൈകൾ നീട്ടുന്ന ഭവനമായി താൻ ഉദ്ഘാടനം ചെയ്യുന്ന ഈ കാരുണ്യ ഭവനം വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു സൂചിക ബിന്ദുവാണെന്ന് പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനങ്ങൾക്ക് തങ്ങളെ ശ്രവിക്കുന്ന കാതുകളും മനസ്സിലാക്കുന്ന ഹൃദയവും ഇവിടെ കണ്ടെത്താൻ കഴിയുന്ന ഒരു സുരക്ഷാ താവളമാണ് ഇതെന്നും പാപ്പാ സൂചിപ്പിച്ചു.

വിവിധ കത്തോലിക്കാ സ്ഥാപനങ്ങൾ പിന്തുണയ്ക്കുന്ന മറ്റു പല സംരംഭങ്ങളിൽ നിന്നും വ്യത്യസ്തമല്ലെങ്കിലും ഈ പുതിയ സംരംഭം സവിശേഷമാണ്, കാരണം ഇവിടെ ഒരു പ്രത്യേക സഭയാണുള്ളത്. എല്ലാ മിഷനറി സമൂഹങ്ങളെയും ഏകോപിപ്പിച്ച് വ്യക്തമായ പ്രാദേശിക സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടാണ് അത്പ്ര വർത്തനം നടത്തുന്നതെന്ന് പറഞ്ഞ പാപ്പാ അപ്പോസ്തോലിക പ്രീഫെക്ക്ചറിന്റെ മൊത്തത്തിലുള്ള ആധികാരികമായ ആവിഷ്കാരമാണെന്നും ചൂണ്ടിക്കാണിച്ചു.

ഈ ഭവനത്തിന് അവർ കാരുണ്യത്തിന്റെ ഭവനം എന്ന പേരു തിരഞ്ഞെടുത്തത് തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ പാപ്പാ ആ രണ്ടു വാക്കുകളിൽ സഭയുടെ നിർവചനം അടങ്ങിയിരിക്കുന്നുവെന്നും അത് എല്ലാവരെയും സ്വീകരിക്കുന്ന ഒരു ഭവനവും  ഹൃദയത്തെ ഇളക്കിവിടുകയും ചലിപ്പിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ സ്നേഹം അനുഭവിക്കാൻ കഴിയുന്ന ഇടവുമാണെന്നും  സൂചിപ്പിച്ചു. അത് തന്റെ ഭവനത്തിൽ ആർദ്രവും കരുതലുമുള്ള  സ്നേഹത്തിൽ നാം സഹോദരി സഹോദരന്മാരായിരിക്കാൻ ആഗ്രഹിക്കുന്ന പിതാവിന്റെ സ്നേഹ ഭവനമാണെന്നും  പാപ്പാ കൂട്ടിചേർത്തു. അതിനാൽ അവർക്കെല്ലാവർക്കും ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ കഴിയും എന്നും അധികാരികളുടെയും ഉറവിടങ്ങളുടെയും പ്രതിബദ്ധതയിലൂടെ വിവിധ മിഷനറി സമൂഹങ്ങൾ അതിൽ സജീവമായി പങ്കെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സന്നദ്ധപ്രവർത്തകരുടെ സംഭാവന

ഇത് സാധ്യമാകുന്നതിന് സന്നദ്ധപ്രവർത്തകരുടെ സംഭാവന ഒഴിച്ചുകൂടാൻ ആവാത്തതാണെന്ന് സൂചിപ്പിച്ച പാപ്പാ ഉദാരവും നിസ്വാർത്ഥവുമായ ഒരു സേവനം ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുവാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും സാമ്പത്തിക പ്രതിഫലനത്തെ കുറിച്ചോ വ്യക്തിപരമായ നേട്ടത്തെ കുറിച്ചോ ഉള്ള ആശങ്ക കൊണ്ടല്ല മറിച്ച് അവരുടെ അയൽക്കാരോടുള്ള ശുദ്ധമായ സ്നേഹം കൊണ്ടാണ് സന്നദ്ധപ്രവർത്തകർ അവരുടെ സേവനം തുടരേണ്ടതെന്ന് വിശദീകരിച്ചു. "ദാനമായി നിങ്ങൾക്ക് കിട്ടി; ദാനമായി നൽകുവിൻ" (മത്താ 10:8) എന്ന് ഈശോ ശിഷ്യന്മാരോടു പങ്കുവെച്ച വാക്കുകളെയാണ് ഈ സേവനം അനുസ്മരിക്കുന്നതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഈ രീതിയിൽ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നത് ഒരു നഷ്ടമായി തോന്നുമെങ്കിലും ആ സേവനത്തിൽ തന്നെ തുടരുമ്പോൾ തങ്ങളുടെ സമയവും പ്രയത്നവും ത്യജിക്കുന്നവർ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, നൽകുന്നതെല്ലാം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും പകരം വലിയ നിധിയായി തീരുമെന്നും കണ്ടെത്തുകയും ചെയ്യുന്നു എന്ന് പാപ്പാ പരാമർശിച്ചു.

നിഷ്കാമ കർമ്മത്തിന്റെ നന്മ

തീർച്ചയായും ഔദാര്യം ആത്മാവിന്റെ ഭാരം കുറയ്ക്കുന്നുവെന്നും ഹൃദയത്തിന്റെ മുറിവുകൾ സൗഖ്യപ്പെടുത്തുന്നുവെന്നും നമ്മെ ദൈവത്തോടു അടുപ്പിക്കുന്നുവെന്നും സന്തോഷത്തിന്റെ ഉറവിടമായി മാറുന്നുവെന്നും ഉള്ളിൽ നമ്മെ യുവത്വം ഉള്ളവരായി നിലനിർത്തുന്നുവെന്നും പാപ്പാ വിശേഷിപ്പിച്ചു. യുവജനങ്ങൾ നിറഞ്ഞ ഈ രാജ്യത്ത് വ്യക്തിപരവും സാമൂഹികപരവുമായ വളർച്ചയിലേക്കുള്ള നിർണ്ണായകമായ ഒരു മാർഗ്ഗമാണ് സന്നദ്ധ പ്രവർത്തനം എന്നും പാപ്പാ പറഞ്ഞു. കൂടാതെ ഉയർന്ന ജീവിത നിലവാരമുള്ളതും സാങ്കേതികമായി വികസിതവുമായ സമൂഹങ്ങളിൽ പോലും ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ സാമൂഹ്യക്ഷേമ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവരോടുള്ള സ്നേഹം നിമിത്തം തങ്ങളുടെ സമയവും വൈദഗ്ധ്യവും വിഭവങ്ങളും ചിലവഴിക്കാൻ തയ്യാറുള്ള ഒരു സംഘം സ്വയം സന്നദ്ധ പ്രവർത്തകർ ആവശ്യമാണെന്നും പാപ്പാ നിർദ്ദേശിച്ചു.

രാഷ്ട്രത്തിന്റെ പുരോഗതി സമ്പത്തല്ല; സമഗ്ര വികസനമാണ്

ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ പുരോഗതി നിർണ്ണയിക്കുന്നത് സാമ്പത്തിക സമ്പത്ത് അല്ല ആയുധങ്ങളുടെ ഭ്രമാത്ക ശക്തിയിലുള്ള നിക്ഷേപമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സമഗ്ര വികസനം എന്നിവ നൽകാനുള്ള അതിന്റെ കഴിവാണെന്ന് പാപ്പാ പറഞ്ഞു. ഇക്കാരണത്താൽ ഔദാര്യത്തിനും ആത്മ ത്യാഗത്തിനുള്ള കഴിവിനും പേരുകേട്ട മംഗോളിയിലെ എല്ലാ പൗരന്മാരെയും സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ മറ്റുള്ളവരുടെ സേവനത്തിൽ സ്വയം പ്രതിഷ്ഠിതരാകുവാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഇവിടെ കാരുണ്യ ഭവനത്തിൽ നിങ്ങൾക്ക് എപ്പോഴും തുറന്നിരിക്കുന്ന ഒരു പരിശീലനത്തിന്റെ മൈതാനം ഉണ്ട് എന്ന് സൂചിപ്പിച്ച പാപ്പാ അവിടെ നിങ്ങൾക്ക് നന്മക്കായി അവരുടെ ആഗ്രഹങ്ങൾ ഉപയോഗിക്കാനും അവരുടെ ഹൃദയങ്ങളെ പരിചരിക്കാനും കഴിയുമെന്ന് അവരെ നോക്കി പറഞ്ഞു.

മിഥ്യാധാരണകൾ

തന്റെ പ്രഭാഷണത്തിന്റെ അന്തിമഭാഗത്തിൽ പാപ്പാ മൂന്ന് മിഥ്യാധാരണകളെ കുറിച്ച് സംസാരിച്ചു.

സമ്പന്നർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഏർപ്പെടാൻ കഴിയൂ എന്ന മിഥ്യാധാരണ

ഒന്നാമത്തെത് സമ്പന്നർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഏർപ്പെടാൻ കഴിയൂ എന്ന മിഥ്യാധാരണ. യഥാർത്ഥത്തിൽ അത് നമ്മോടു പറയുന്നത് നേരെ വിപരീതമാണ്. നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല. മറിച്ച് മിക്കവാറും എല്ലായിപ്പോഴും എളിമയുള്ള ആളുകളാണ് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി തങ്ങളുടെ സമയവും കഴിവുകളും ഔദാര്യവും ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നത്.

കത്തോലിക്ക സഭ ഉവപി പ്രവർത്തനം ചെയ്യുന്നത് ജനങ്ങളുടെ എണ്ണം കൂട്ടാനാണെന്ന മിഥ്യാധാരണ

സാമൂഹിക ഉന്നമന പ്രവർത്തനങ്ങളോടുള്ള വലിയ പ്രതിബദ്ധതയുടെ പേരിൽ ലോകമെമ്പാടും പ്രശസ്തമായ കത്തോലിക്ക സഭ മറ്റുള്ളവരെ പരിപാലിക്കുന്നത് ജനങ്ങളുടെ എണ്ണം കൂട്ടാൻ പ്രേരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണെന്ന മട്ടിൽ മതപരിവർത്തനത്തിനായി ഇതെല്ലാം ചെയ്യുന്നു എന്നതാണ് നീക്കം ചെയ്യപ്പെടേണ്ട മറ്റൊരു മിഥ്യാധാരണ. ദരിദ്രരുടെ കഷ്ടപ്പാടുകൾ ലഘുകരിക്കാൻ ക്രൈസ്തവർ കഴിയുന്നതെല്ലാം ചെയ്യുന്നു. കാരണം ദരിദ്രനായ ഒരു വ്യക്തിയിൽ അവർ ദൈവപുത്രനായ യേശുവിനെ കാണുകയും അംഗീകരിക്കുകയും അവനിൽ ദൈവത്തിന്റെ പുത്രനോ പുത്രിയോ ആകാൻ വിളിക്കപ്പെട്ട ഓരോ വ്യക്തിയുടെയും അന്തസ്സ് തിരിച്ചറിയുകയും ചെയ്യുന്നു.

ഒരു മനുഷ്യ കുടുംബത്തിലെ അനേകം സഹോദരങ്ങൾക്ക് അനുകമ്പാർദ്രമാർന്ന സഹായം വാഗ്ദാനം ചെയ്യുന്നതിനായി വിവിധ മതവിശ്വാസികൾക്കും, അവിശ്വാസികൾക്കും പ്രാദേശിക കത്തോലിക്കരുമായി സഹകരിക്കാൻ കഴിയുന്ന ഒരു സ്ഥലമായി ഈ കാരുണ്യ ഭവനത്തെ വിഭാവനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ തന്റെ സന്ദേത്തിൽ പറഞ്ഞു. അത് സാഹോദര്യത്തിന്റെ ഒരു ഉജ്ജ്വല സാക്ഷ്യം ആയിരിക്കുമെന്ന് സൂചിപ്പിച്ച പാപ്പാ ശരിയായി സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഭരണകൂടം ശ്രമിക്കുന്ന ഒരു സാഹോദര്യത്തിന്റെ സാക്ഷ്യമായിരിക്കും എന്നും കൂട്ടിച്ചേർത്തു. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ പൊതുരംഗത്തുള്ളവർ ഇത്തരം മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും സദ്ഗുണമുള്ള സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ധനമാണ് എല്ലാറ്റിനും ആധാരം എന്ന മിഥ്യാധാരണ

മൂന്നാമത്തെ തിരുത്തേണ്ട മിഥ്യാധാരണ പണമാണ് എല്ലാറ്റിനും ആധാരം എന്നതാണ്. മറ്റുള്ളവരെ പരിപാലിക്കാനുള്ള ഒരേയൊരു മാർഗ്ഗം ശമ്പളമുള്ള ജീവനക്കാരെ നിയമിക്കുകയും വലിയ സൗകര്യങ്ങളെ നിക്ഷേപിക്കുകയും ചെയ്യുക എന്നതും പോലെ പണം  മാത്രമാണ് എല്ലാറ്റിനും ആവശ്യം എന്ന ധാരണയാണ്. തീർച്ചയായും ഉപവിപ്രവർത്തനം ഒരു പ്രൊഫഷണലിസം ആവശ്യപ്പെടുന്നു. പക്ഷേ ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമായി മാറ്റരുത്. മറിച്ച് അവർക്ക് എന്ത് നിവേദനം ലഭിച്ചാലും അനുകമ്പയോടെ കേൾക്കാൻ തയ്യാറുള്ള വ്യക്തികളെ കണ്ടെത്താൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന നിലയിൽ അവർ അവരുടെ പുതുമ നിലനിർത്തണം. ഒറ്റവാക്കിൽ പറഞ്ഞാൽ യഥാർത്ഥത്തിൽ നന്മ ചെയ്യുന്നതിന് ഹൃദയത്തിന്റെ നന്മ അത്യാന്താപേക്ഷിതമാണ്. മറ്റുള്ളവർക്ക് ഏറ്റവും നല്ലത് അന്വേഷിക്കാനുള്ള പ്രതിബദ്ധതയാണത്, പാപ്പാ വിശദീകരിച്ചു. പ്രതിഫലത്തിനു വേണ്ടിയുള്ള പ്രതിബദ്ധത യഥാർത്ഥ സ്നേഹമല്ല. സ്നേഹത്തിനു മാത്രമേ സ്വാർത്ഥതയെ മറി കടക്കാനും ഈ ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിയു.

ഇക്കാര്യത്തിൽ കൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിൽ നിന്നുള്ള ഒരു കഥ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പാപ്പാ പറഞ്ഞു: ഒരു രോഗിയുടെ ദുർഗന്ധം വമിക്കുന്ന വ്രണങ്ങളിൽ കുനിഞ്ഞ് നോക്കുന്നത് കണ്ട ഒരു പത്രപ്രവർത്തകൻ മദർ തെരേസയോടു നിങ്ങൾ ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണ്. എന്നാൽ വ്യക്തിപരമായി പറഞ്ഞാൽ, ഒരു ദശലക്ഷം തന്നാലും ഞാൻ അത് ചെയ്യുകയില്ല എന്ന് പറഞ്ഞപ്പോൾ  മദർ തെരേസ പുഞ്ചിരിച്ചുകൊണ്ട്  എനിക്ക് തന്നാലും ഞാനും ഇത് ചെയ്യുകയില്ല പക്ഷേ ദൈവസ്നേഹത്തിന് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് ഉത്തരം നൽകിയത് പാപ്പാ വിവരിച്ചു.

ഇത്തരത്തിലുള്ള സൗജന്യ സ്നേഹം കാരുണ്യഭവനത്തിന്റെ മൂല്യത വർദ്ധിക്കാൻ ഇടയാകട്ടെ എന്ന് പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് ആശംസിച്ചു. അവർ ചെയ്തിട്ടുള്ളതും തുടർന്നും ചെയ്യുന്നതുമായ എല്ലാ നന്മകൾക്കും  പാപ്പാ ഹൃദയംഗമമായി നന്ദി അർപ്പിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. അവരുടെ ഉപവി പ്രവർത്തനത്തിൽ തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 September 2023, 11:44