തിരയുക

സീറോ മലബാർ സഭയിലെ യുവജനങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം) സീറോ മലബാർ സഭയിലെ യുവജനങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം)  (Vatican Media)

സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

സിറോമലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാൻ തന്റെ പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

വത്തിക്കാൻ ന്യൂസ് 

പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ സഭയിൽ, അടുത്തകാലത്തുണ്ടായ ആരാധനക്രമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും, സിറോ മലബാർ സഭാസിനഡ് ഒന്നടങ്കം അംഗീകരിച്ച കുർബാന ക്രമം എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പിലാക്കുവാനും, ബൈസന്റൈൻ സഭയിലെ അംഗവും, കോസിച്ചേ അതിരൂപതാ മെത്രാപ്പോലീത്തായുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 

ജൂൺ മാസം ഇരുപത്തിമൂന്നാം തീയതി പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ചുബിഷപ്പ് ക്ലൗധിയോ ഗുജറോത്തിയുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാനും, സിനഡ് നിർദ്ദേശിച്ച കുർബാന ക്രമം എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പിലാക്കുവാനും പ്രത്യേക അധികാരങ്ങളോടു  കൂടി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയമിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്.

ആർച്ചുബിഷപ്പ് ഈ പുതിയ ദൗത്യം ആഗസ്റ്റ് മാസം നാലാം തീയതി മുതൽ ആരംഭിക്കണമെന്നും ഫ്രാൻസിസ് പാപ്പായുടെ കല്പനയോടുകൂടി പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി പുറത്തിറക്കിയ പ്രത്യേക വാർത്താകുറിപ്പിൽ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2023, 13:54