തിരയുക

പാപ്പാ: വിളങ്ങുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക !

ഫ്രാൻസീസ് പാപ്പാ ലിസ്ബണിലെ തേജൊ പാർക്കിൽ മുപ്പത്തിയേഴാം ലോക യുവജനദിനാചരണ സമാപന ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും വചന സന്ദേശം നല്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ച (06/08/23) രൂപാന്തരീകരണത്തിരുന്നാൾ ആയിരുന്നതിനാൽ രൂപാന്തരീകരണ സംഭവത്തിൽ പ്രകടമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ  പാപ്പാ, പ്രശോഭിക്കുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നീ മൂന്നു ക്രിയകൾ തൻറെ വിചിന്തനത്തിൽ വിശകലനം ചെയ്തു.

ഉയർന്ന സ്ഥലം എന്നർത്ഥം വരുന്ന താബോർ മലയിൽ വച്ച് യേശുവിൻറെ രൂപാന്തരീകരണവേളയിൽ പത്രോസ് ശ്ലീഹാ പറഞ്ഞ “കർത്താവേ, നാം ഇവിടെ ആയിരുക്കുന്നത് നല്ലതാണ്”  (മത്തായി 17,4) എന്നീ വാക്കുകൾ, നമ്മുടെ സ്വന്തമാക്കിത്തീർക്കാനുള്ള ക്ഷണത്തോടുകൂടിയാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്.

യേശുവിനോടൊപ്പം നാം അനുഭവിച്ചതും നാം ഒരുമിച്ച് ജീവിച്ചതും പ്രാർത്ഥിച്ചതും മനോഹരമാണ്. പാപ്പാ തുടർന്നു... എന്നാൽ കൃപയുടെ ഈ നാളുകൾക്ക് ശേഷം, നമുക്ക് സ്വയം ചോദിക്കാം: ദൈനംദിന ജീവിതത്തിൻറെ താഴ്‌വരയിലേക്ക് മടങ്ങുമ്പോൾ നമ്മൾ എന്താണ് കൊണ്ടുപോകുന്നത്? നമ്മൾ ശ്രവിച്ച സുവിശേഷത്തെ അവലംബമാക്കി, ഈ ചോദ്യത്തിന് മൂന്ന് ക്രിയകൾ ഉപയോഗിച്ച് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,  വിളങ്ങുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നിവയാണ് ഈ ക്രിയകൾ.

തിളങ്ങുക

യേശു രൂപാന്തരപ്പെട്ടു - "അവൻറെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി" (മത്തായി 17:2) എന്ന് സുവിശേഷം പറയുന്നു. ശക്തനും ലൗകികനുമായ ഒരു മിശിഹായുടെ പ്രതിച്ഛായ തകർക്കുകയും ശിഷ്യന്മാരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് അവിടന്ന് തൻറെ പീഢാസഹനത്തെയും കുരിശു മരണത്തെയുംകുറിച്ച് മുൻകൂട്ടി അറിയിച്ചിട്ട് അധികസമയം ആയിട്ടില്ലായിരുന്നു. ഇപ്പോൾ, കുരിശിൻറെ വഴിയിലൂടെ മഹത്വത്തിൽ എത്തുന്ന ദൈവത്തിൻറെ സ്‌നേഹപദ്ധതി സ്വീകരിക്കാൻ ശിഷ്യന്മാരെ സഹായിക്കുന്നതിന്, യേശു അവരിൽ മൂന്നുപേരെ, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊണ്ട് മലമുകളിലേക്ക് പോകുകയും അവിടന്ന് രൂപാന്തരപ്പെടുകയും ചെയ്യുന്നു: അവിടത്തെ വദനം തിളങ്ങുകയും വസ്ത്രം ധവാളഭമാകുകയും  ചെയ്യുന്നു. ഈ "പ്രഭാസ്നാനം" അവർ കടന്നുപോകേണ്ടതായ രാത്രിക്കായി അവരെ ഒരുക്കുന്നു.

നമുക്കും മിന്നൽ വെളിച്ചം ആവശ്യം

സുഹൃത്തുക്കളേ, രാത്രിയുടെ അന്ധകാരത്തെ, ജീവിതത്തിലെ വെല്ലുവിളികളെ, നമ്മെ അസ്വസ്ഥതയിലാഴ്ത്തുന്ന ആശങ്കകളെ, നമ്മെ പലപ്പോഴും വലയംചെയ്യുന്ന ഇരുളിനെ നേരിടാൻ നമുക്കും അല്പം മിന്നൽ വെളിച്ചം ആവശ്യമാണ്. ഈ വെളിച്ചത്തിന് ഒരു പേരുണ്ടെന്ന് സുവിശേഷം നമ്മോട് പറയുന്നു. ഒരിക്കലും അസ്തമിക്കാത്തതും നിശയുടെ ഇരുളിലും പ്രകാശിക്കുകയും ചെയ്യുന്ന വെളിച്ചമായ ക്രിസ്തുവാണ് അത്. ക്രിസ്തുവിനാൽ പ്രകാശിതരായി, നമ്മളും "രൂപാന്തരം പ്രാപിച്ചു": നമ്മുടെ കണ്ണുകളും മുഖങ്ങളും നവമായ വെളിച്ചത്താൽ വിളങ്ങട്ടെ. സഹോദരീ സഹോദരന്മാരേ, സഭയും ലോകവും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്: അതായത്, നിങ്ങൾ സുവിശേഷത്തിൻറെ വെളിച്ചം എല്ലായിടത്തും എത്തിക്കുകയും നമ്മുടെ കാലത്തിൻറെ അന്ധകാരത്തിൽ പ്രത്യാശയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുകയും ചെയ്യുന്ന   പ്രഭാപൂരിതരായ യുവജനങ്ങളായിരിക്കണമെന്ന്!

യേശുവിനെ സ്വീകരിക്കുക, സ്നേഹിക്കുക, അപ്പോൾ നാം തിളക്കമുള്ളവരാകും

ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു: നമ്മൾ വെള്ളിവെളിച്ചത്തിലായിരിക്കുമ്പോഴോ, അന്യൂനമായ ഒരു പ്രതിച്ഛായ  പ്രകടിപ്പിക്കുകയും നാം ശക്തരും വിജയികളുമാണെന്ന് തോന്നുകയും ചെയ്യുമ്പോഴോ നമ്മൾ പ്രശോഭിതരാകില്ല. ഇല്ല. മറിച്ച് യേശുവിനെ സ്വീകരിക്കുകയും  അവനെപ്പോലെ സ്നേഹിക്കാൻ പഠിക്കുകയും ചെയ്യുമ്പോഴാണ് നാം വിളങ്ങുന്നത്, കാരണം ഇതാണ് തിളങ്ങുന്ന യഥാർത്ഥ സൗന്ദര്യം, അതായത്, സ്നേഹത്തെപ്രതി അപകടപ്പെടുത്തുന്ന ജീവിതം.

ശ്രവണം

കേൾക്കുക എന്നതാണ് രണ്ടാമത്തെ ക്രിയ. മലമുകളിൽ  ശോഭയേറിയ ഒരു മേഘം ശിഷ്യന്മാരെ മൂടുകയും, യേശു പ്രിയപുത്രനാണെന്നു സൂചിപ്പിക്കുന്ന പിതാവിൻറെ  ശബ്ദം മുഴങ്ങുകയും ചെയ്യുന്നു. പിതാവ് നൽകുന്ന കൽപ്പന ലളിതവും നേരിട്ടുള്ളതുമാണ്: "അവനെ ശ്രവിക്കുക" (മത്തായി 17:5). എല്ലാം ഇതിലുണ്ട്: ക്രിസ്തീയ ജീവിതത്തിൽ ചെയ്യേണ്ടതെല്ലാം ഈ വാക്കുകളിലടങ്ങിയിരിക്കുന്നു... യേശുവിനെ ശ്രവിക്കുക, അവനുമായി സംവദിക്കുക, അവൻറെ വചനം വായിക്കുക, അത് പ്രാവർത്തികമാക്കുക, അവനെ അനുഗമിക്കുക. കാരണം അവൻറെ പക്കൽ നമുക്കായി നിത്യജീവൻറെ വാക്കുകൾ ഉണ്ട്; എന്തെന്നാൽ, ദൈവം പിതാവും സ്നേഹവുമാണെന്ന് അവൻ വെളിപ്പെടുത്തുന്നു; അവിടത്തെ ആത്മാവിനാൽ നമ്മളും പ്രിയപ്പെട്ട മക്കളായിത്തീരുന്നു. അവിടത്തെ വിസ്മയങ്ങൾക്കായി നമ്മെത്തന്നെ തുറന്നിട്ടുകൊണ്ട് കർത്താവിനെ ശ്രവിക്കുക. അത് പരസ്പരം കേൾക്കാനും നമ്മെ ചുറ്റിപ്പറ്റിയുള്ള യാഥാർത്ഥ്യവും, മറ്റ് സംസ്കാരങ്ങളും, ദരിദ്രരും ഏറ്റവും ദുർബ്ബലരുമായവരുടെ വേദനയുടെ ശബ്ദവും മുറേവേല്പിക്കപ്പെട്ടതും  ദുരുപയോഗം ചെയ്യപ്പെട്ടതുമായ ഭൂമിയുടെ രോദനവും ശ്രവിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. അവനവനെക്കുറിച്ചുമാത്രം ചിന്തിച്ച് അനേകർ സ്വന്തം ഏകാന്തതയിൽ സ്വയം തളച്ചിട്ട്  യാത്ര ചെയ്യുന്ന ഒരു ലോകത്തിൽ, യേശുവിനെ ശ്രവിക്കുകയും പരസ്പരം കേൾക്കുകയും സംഭാഷണത്തിൽ വളരുകയും ചെയ്യുന്നത് എത്ര മനോഹരമാണ്.

പേടിക്കാതിരിക്കുക

തിളങ്ങുക, ശ്രവിക്കുക, എന്നീ ഒന്നും രണ്ടും ക്രിയകൾക്കു ശേഷം ഇനി ഭയപ്പെടാതിരിക്കുക എന്ന അവസാന കർമ്മം. വേദപുസ്തകത്തിൽ പലവുരു ആവർത്തിക്കപ്പെടുന്ന ഒരു വാക്കാണിത്. പേടിച്ചരണ്ട ശിഷ്യന്മാർക്ക് ധൈര്യം പകരുന്നതിനായി യേശു മലയിൽവച്ച് ഉച്ചരിക്കുന്ന അവസാന വാക്കുകളാണിത്: "എഴുന്നേൽക്കൂ, ഭയപ്പെടേണ്ടാ" (മത്തായി 17:7). സാക്ഷാത്കൃതമാകില്ല എന്ന ഭയത്താൽ പലപ്പോഴും മങ്ങലേറ്റിരിക്കുന്ന വലിയ സ്വപ്നങ്ങളെ താലോലിക്കുന്ന യുവജനങ്ങളേ, ആ സ്വപ്നങ്ങൾ സഫലീകരിക്കാൻ കഴിയില്ല എന്നു ചിന്തിക്കുന്ന യുവതയേ, നിരാശയിൽ നിപതിക്കുകയും അപ്രാപ്തരാണെന്ന് സ്വയം കരുതുകയും വേദനയെ പുഞ്ചിരികൊണ്ട് മറയ്ക്കാനും പ്രലോഭിതരാകുന്ന യുവജനമേ, ലോകത്തെ മാറ്റിമറിക്കാനും നീതിക്കും സമാധാനത്തിനും വേണ്ടി പോരാടാനും ആഗ്രഹിക്കുന്ന യുവത്വമേ, നിങ്ങളുടെ പ്രയത്നവും ഭാവനയും വിനിയോഗിക്കുകയും അത് പോരെന്നു തോന്നുകയും ചെയ്യുന്ന യുവതയേ, സഭയ്ക്കും ലോകത്തിനും ആവശ്യമുള്ള യുവജനങ്ങളേ, നിങ്ങളാണ് വർത്തമാനവും ഭാവിയും. അതേ, ആ നിങ്ങളോട് യേശു പറയുന്നു: "ഭയപ്പെടേണ്ട!".

ഉപസംഹാരം

പ്രിയ യുവജനമേ, നിങ്ങളോരോരുത്തരുടെയും കണ്ണുകളിൽ നോക്കി നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു: നിങ്ങൾ ഭയപ്പെടേണ്ട! എന്നാൽ അതിലും മനോഹരമായ ഒരു കാര്യം ഞാൻ നിങ്ങളോട് പറയുന്നു: ഞാനല്ല, യേശു തന്നെ ഇപ്പോൾ നിങ്ങളെ നോക്കുന്നു, അവിടന്ന് നമ്മെ നോക്കിക്കൊണ്ടിരിക്കയാണ്. അവിടന്ന് നിങ്ങളെ അറിയുന്നു, നിങ്ങളോരുത്തരുടെയും ഹൃദയവിചാരം അറിയുന്നു: അവൻ നിങ്ങളോരോരുത്തരുടെയും ജീവിതം അറിയുന്നു നിങ്ങളുടെ സന്തോഷസന്താപങ്ങളറിയുന്നു, നിങ്ങളുടെ വിജയപരാജയങ്ങളറിയുന്നു, നിങ്ങളുടെ ഹൃദയമറിയുന്നു. നിൻറെ ഉള്ള് വായിക്കുന്നു, നിങ്ങളുടെ ഹൃദയങ്ങൾ കാണുന്നു, നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു, ഇന്ന്, ഇവിടെ, ലിസ്ബണിൽ, ഈ യുവജനദിനത്തിൽ അവിടന്ന് നിങ്ങളോടു പറയുന്നു. “ഭയപ്പെടരുത്”. ധൈര്യമുള്ളവരായിരിക്കുക, പേടിക്കേണ്ട.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2023, 12:49