തിരയുക

2022 മെയ് മാസം 28 ന് മംഗോളിയയിൽ നിന്നുമുള്ള ബുദ്ധമത സന്യാസിമാർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ 2022 മെയ് മാസം 28 ന് മംഗോളിയയിൽ നിന്നുമുള്ള ബുദ്ധമത സന്യാസിമാർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ   (ANSA)

സമാധാനം,സമാഗമം,സംഭാഷണം:പാപ്പായുടെ മംഗോളിയൻ യാത്രയുടെ അടിസ്ഥാനം

ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ സന്ദർശനത്തിന് മുന്നോടിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, മാസിമിലിയാനോ മെനിക്കെത്തിക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽ സമാധാനം,സമാഗമം,സംഭാഷണം എന്നീ മൂന്നു മൂല്യങ്ങളാണ് യാത്രയുടെ അടിസ്ഥാനമെന്ന് എടുത്തു പറഞ്ഞു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ചെറുതെങ്കിലും, വിശ്വാസത്തിൽ ചടുലമായ മംഗോളിയൻ ജനതയെ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് മാസം 31 യാത്രയാകുമ്പോൾ പരിശുദ്ധ സിംഹാസനവും, മംഗോളിയൻ രാജ്യവും തമ്മിലുള്ള ബന്ധം സുദൃഢമാകുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവൻ.

സമാധാനം,സമാഗമം,സംഭാഷണം എന്നീ മൂന്നു മൂല്യങ്ങളാണ് യാത്രയുടെ അടിസ്ഥാനമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വത്തിക്കാൻ മാധ്യമ വിഭാഗത്തിലെ മാസിമിലിയാനോ മെനിക്കെത്തിക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽ എടുത്തു പറഞ്ഞു.

മംഗോളിയ ഇത് ആദ്യമായിട്ടാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ ആശ്ലേഷിക്കുവാൻ കാത്തിരിക്കുന്നത്.മഹത്തരമായ ഈ കാത്തിരിപ്പിന് മംഗോളിയൻ ജനത ആവേശഭരിതമായ ഒരു ഊഷ്മളതയാണ് നൽകുന്നത്.ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ  4 വരെ നീണ്ടു നിൽക്കുന്ന പാപ്പായുടെ സന്ദർശനം റഷ്യയും ചൈനയും അതിർത്തി പങ്കിടുന്ന മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബതാറിലാണ് നടക്കുന്നത്.

'പ്രത്യാശയോടെ ഒരുമിച്ച്' എന്നതാണ് യാത്രയുടെ ആപ്തവാക്യം. ഇത് ശൂന്യമായ ഒരു പ്രതീക്ഷയല്ല, മറിച്ച് വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രതീക്ഷയാണെന്ന് കർദിനാൾ ആമുഖമായി പറഞ്ഞു.

മിഷനറിമാരുടെ നിസ്വാർത്ഥമായ സേവനം ക്രൈസ്തവ വിശ്വാസത്തിന് തിരികൊളുത്തിയ നാടാണ് മംഗോളിയ.അതിനാൽ തന്നെ ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം ഈ വിശ്വാസ പൈതൃകത്തിന് ഒരു വലിയ മുതൽക്കൂട്ടാകും. സമാധാനവും, സാഹോദര്യവും മുറുകെപ്പിടിക്കുന്ന മതാന്തര സമ്മേളനത്തിന് സെപ്റ്റംബർ മൂന്നാം തീയതി മംഗോളിയ വേദിയാകുമ്പോൾ, ഐക്യത്തിന്റെ സന്ദേശവാഹകനായി ഫ്രാൻസിസ് പാപ്പായെ മംഗോളിയൻ പൗരന്മാർ ഏറ്റെടുക്കുമെന്നതിൽ തെല്ലും സംശയമില്ല. 

ഈ ഐക്യം ലോകം മുഴുവൻ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് ഫ്രാൻസിസ് പാപ്പാ എപ്പോഴും  ഓർമ്മിപ്പിക്കുന്നത്. അപ്രകാരം എല്ലാവരുടെയും വികസനം ലക്‌ഷ്യം വയ്ക്കുന്ന നന്മയുടെ ആധുനികതയാണ് ഫ്രാൻസിസ് പാപ്പായോടൊപ്പം മംഗോളിയൻ ജനതയും ആഗ്രഹിക്കുന്നത്, കർദിനാൾ കൂട്ടിച്ചേർത്തു.

പൊതുനന്മ, മതസ്വാതന്ത്ര്യം, സമാധാനം, അവിഭാജ്യ മാനവ വികസനം, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെയും അന്തർദേശീയ സമൂഹത്തെയും ആശങ്കപ്പെടുത്തുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും 1992 മുതൽ ഔദ്യോഗികമായ നയതന്ത്രബന്ധങ്ങൾ വത്തിക്കാനും, മംഗോളിയ രാജ്യവും തമ്മിലുണ്ട്. ഈ ബന്ധം കൂടുതൽ ഊഷ്മളമാകുവാൻ പാപ്പായുടെ അപ്പസ്തോലികയാത്ര സഹായകരമാകുമെന്ന് കർദിനാൾ പിയെത്രോ പരോളിൻ എടുത്തുപറഞ്ഞു.

ഈ ബന്ധങ്ങളെല്ലാം ലക്ഷ്യ വയ്ക്കുന്നത് പൊതുവായ ഒരു മൂല്യത്തിലേക്കാണ് അതാണ് ലോക സമാധാനം. അടിസ്ഥാനപരമായ ഈ വലിയ ലക്‌ഷ്യം കൈവരിക്കുന്നതിന് പാപ്പാ മംഗോളിയയിലേക്കുള്ള യാത്രയിൽ ലോകത്തെ മുഴുവൻ പ്രത്യേകമായും അതിർത്തി രാജ്യമായ ചൈനയെ ക്ഷണിക്കുമെന്നതിൽ യാതൊരു സംശയവുമില്ല, കർദിനാൾ അടിവരയിട്ടു പറഞ്ഞു. 

ഇത് തന്നെയാണ് ക്രിസ്തീയ വിളിയെന്നും, നമ്മുടെ പ്രാർത്ഥനകൾ ഈ ലക്ഷ്യപൂർത്തീകരണത്തിനു വേണ്ടി സമർപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് കർദിനാൾ പിയെത്രോ പരോളിൻ തന്റെ അഭിമുഖ സംഭാഷണം ഉപസംഹരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2023, 13:49