തിരയുക

ഫ്രാൻസിസ് പാപ്പാ ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ   (ANSA)

ഉപവിപ്രവൃത്തികളാണ് ക്രിസ്തീയജീവിതത്തിന്റെ ഉത്ഭവവും,ഉദ്ധിഷ്‌ടസ്ഥാനവും: ഫ്രാൻസിസ് പാപ്പാ

ലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരങ്ങളെ, നിങ്ങൾക്ക് നല്ല ഒരു ദിവസം ആശംസിക്കുന്നു.

ആഗോള യുവജന സംഗമ ദിനങ്ങളിൽ നമ്മൾ ഇവിടെ ഒരുമിച്ചായിരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വാർധക്യത്തിൽ തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ തിടുക്കത്തിൽ പുറപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് നോക്കാം.

ഉപവിപ്രവൃത്തികളാണ് ക്രിസ്തീയജീവിതത്തിന്റെ ഉത്ഭവവും,ഉദ്ധിഷ്‌ടസ്ഥാനവും.സ്നേഹത്തിലധിഷ്ഠിതമായ പ്രവൃത്തികൾക്ക് നിങ്ങൾ നൽകുന്ന മാതൃകയും ഏറെ വലുതാണ്. നിങ്ങളുടെ ജീവിതസാക്ഷ്യങ്ങൾക്ക് ഞാൻ ഏറെ നന്ദി പറയുന്നു.നിങ്ങളുടെ സാക്ഷ്യങ്ങളിലധിഷ്ഠിതമായി മൂന്നു കാര്യങ്ങൾ അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു: ഒന്ന് ചേർന്ന് നന്മകൾ ചെയ്യുക, ദൃഢമായി പ്രവർത്തിക്കുക, ഏറ്റവും ദുർബലമായവരോട്  അടുത്തിരിക്കുക.

ഒന്ന് ചേർന്ന് നന്മകൾ ചെയ്യുക

ഒന്ന് ചേർന്ന് നന്മകൾ ചെയ്യുക എന്നതിൽ പ്രധാനപ്പെട്ടത് 'ഒന്ന് ചേർന്ന്' എന്ന വാക്കാണ്.നിങ്ങളുടെ സാക്ഷ്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കാണ് ‘ഒന്ന് ചേർന്ന്’ എന്നുള്ളത്. ഒന്ന് ചേർന്ന് ജീവിക്കുക, സഹായിക്കുക, സ്നേഹിക്കുക. യുവജനങ്ങളും, പ്രായമായവരും,ആരോഗ്യമുള്ളവരും രോഗികളായവരും എല്ലാവരും ഒരുമിച്ച് കഴിയുമ്പോഴാണ് യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ സാധിക്കുക.നമ്മുടെ രോഗങ്ങളാൽ നമ്മെ നിർവചിക്കുവാൻ വിട്ടുകൊടുക്കാതെ അതിനുമപ്പുറം മറ്റുള്ളവരുമായി ചേർന്ന് കൊണ്ട് നമ്മെത്തന്നെ കൂടുതൽ  സമ്പുഷ്ടമാക്കുവാൻ പരിശ്രമിക്കണം.

ദൃഢമായി പ്രവർത്തിക്കുക

രണ്ടാമത്തേത് ദൃഢമായി പ്രവർത്തിക്കുക എന്നതാണ്. സഭയെന്നത് കാലഹരണപ്പെട്ട പുരാവസ്തുക്കളുടെ ശേഖരണമല്ല മറിച്ച് വർത്തമാനകാല തലമുറയ്ക്ക് ജീവജലം നൽകുന്ന ഉറവയാണ്.ദീർഘദൂര സഞ്ചാരം ചെയ്തു ക്ഷീണിച്ചു കടന്നുവരുന്നവർക്ക് ആശ്വാസം നൽകുന്നതാണ് ഉറവയിൽ നിന്നും വരുന്ന ജീവജലം. ഇപ്രകാരം നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ജീവജലം പോലെയാണ് ഒഴുകപ്പെടുന്നത്.

യാഥാർഥ്യങ്ങളുടെ വേദനകളിൽ വിലപിച്ചുകൊണ്ടിരിക്കാതെ ജീവിതത്തിൽ ആവശ്യമായവയിലേക്ക് ശ്രദ്ധതിരിച്ച് അവയ്ക്കുവേണ്ടുന്ന കാര്യങ്ങൾ  ചെയ്യുമ്പോൾ, വൈശിഷ്ട്യമായ ജീവിതം ആസ്വദിക്കുവാൻ നമുക്ക് സാധിക്കും.പഴയതും പുതിയതുമായ യാഥാർഥ്യങ്ങളാൽ അത് ദരിദ്രമായ അവസ്ഥകളിൽ പോലും  സ്വയം ചോദ്യം ചെയ്യപ്പെടാൻ നിങ്ങളെ അനുവദിക്കാനും, ക്രിയാത്മകതയോടും ധൈര്യത്തോടും കൂടി  പ്രതികരിക്കാനും, സൗമ്യതയോടും ദയയോടും കൂടെ ജീവിക്കുവാനും നിങ്ങൾക്ക് സാധിക്കട്ടെ.

ദുർബലരായവരോട് ചേർന്ന് നിൽക്കുക

മൂന്നാമത്തെ കാര്യം ദുർബലരായവരോട് ചേർന്ന് നിൽക്കുക എന്നതാണ്.നമ്മൾ എല്ലാവരും തന്നെ ദുർബലരും, മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരുമാണ്.എന്നാൽ സുവിശേഷം നമുക്ക് നൽകുന്ന പാഠം മറ്റുളവരുടെ ആവശ്യങ്ങളിൽ നാം ശ്രദ്ധാലുക്കളായി അവരിലേക്ക് ഇറങ്ങിച്ചെല്ലുവാനാണ്.ദരിദ്രരോട് ചേർന്നുനിൽക്കുവാൻ ദരിദ്രനായി മാറിയ ദൈവത്തെ നാം മുറുകെ പിടിക്കണം.

പാർശ്വവൽക്കരിക്കപ്പെട്ടവർ, നിരസിക്കപ്പെട്ടവർ, ചെറിയവർ, പ്രതിരോധശേഷിയില്ലാത്തവർ എന്നിവരുടെ കൂടെ നാം ചേർന്നുനിൽക്കുമ്പോൾ തീർച്ചയായും യഥാർത്ഥ ക്രൈസ്തവരായി മാറുവാൻ നമുക്ക് സാധിക്കും. ഇപ്രകാരം നമ്മുടെ വാതിൽക്കൽ മുട്ടുന്നവരുടെ വ്യക്തിത്വമോ,സംസ്കാരമോ, പൗരത്വമോ നോക്കിയല്ല നാം സഹായം നൽകേണ്ടത്, മറിച്ച് ആർക്കും സഹായം നൽകുവാൻ സാധിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്.

ഇപ്രകാരം നമ്മുടെ സേവനങ്ങളെല്ലാം നിസ്വാർത്ഥമായ സ്നേഹത്താൽ ചെയ്യുമ്പോൾ തീർച്ചയായും ജീവിതത്തിന്റെ യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ നമുക്ക് സാധിക്കും.മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സമയവും, വാക്കുകളും, സമർപ്പിക്കുന്നതോടൊപ്പം നമ്മുടെ ഒരു പുഞ്ചിരിയും, ശ്രവണവും, നോട്ടവുമൊക്കെ മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ജോൺ ഓഫ് ഗോഡ് ഈ വലിയ നന്മയ്ക്ക് നമുക്ക് മികച്ച ഒരു ഉദാഹരണമാണ്. 

മറ്റുള്ളവരെ സ്നേഹിച്ചതിന്റെ പേരിൽ കളിയാക്കലുകൾക്കും പരിഹാസങ്ങളും ഏറെ നേരിടേണ്ടി വന്ന അദ്ദേഹത്തെ എപ്പോഴും പിടിച്ചുനിർത്തിയത് 'നിങ്ങളുടെ സഹോദരർക്ക് നന്മകൾ ചെയ്യുക' എന്ന ഒരേ ഒരു ആപ്തവാക്യമായിരുന്നു. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകർന്ന അദ്ദേഹത്തിന് ഒരിക്കൽപോലും നിരാശയ്ക്ക് അടിമപ്പെടേണ്ടി  വന്നിട്ടില്ല.

ഇപ്രകാരം നിസ്വാർത്ഥമായി സ്നേഹിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ. നന്ദി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2023, 11:58