തിരയുക

ഡൊറോത്തി ഡേ യുടെ ആത്മകഥാഗ്രന്ഥം ഡൊറോത്തി ഡേ യുടെ ആത്മകഥാഗ്രന്ഥം  

സഭയുടെ വളർച്ച ആകർഷണത്തിലൂടെയാണ്, മതപരിവർത്തനത്തിലൂടെയല്ല:പാപ്പാ

'കാത്തലിക്ക് വർക്കർ' പ്രസ്ഥാനത്തിന്റെ തുടക്കകാരിയും, സമാധാനവാദിയും, ആക്ടിവിസ്റ്റുമായിരുന്ന ഡൊറോത്തി ഡേയുടെ ആത്മകഥയായ "ഞാൻ ദൈവത്തെ അവന്റെ ദരിദ്രരിലൂടെ കണ്ടെത്തി. നിരീശ്വരവാദത്തിൽ നിന്ന് വിശ്വാസത്തിലേക്ക്: എന്റെ ആന്തരിക യാത്ര" എന്ന ഗ്രന്ഥത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

'കാത്തലിക്ക് വർക്കർ' പ്രസ്ഥാനത്തിന്റെ തുടക്കകാരിയും, സമാധാനവാദിയും, ആക്ടിവിസ്റ്റുമായിരുന്ന ഡൊറോത്തി ഡേ പാവങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും, സാമൂഹിക നീതിക്കും, ആയുധങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്.1897 ൽ ന്യൂയോർക്കിൽ ജനിച്ച ഡൊറോത്തി 1980 ൽ ഇഹലോകവാസം വെടിഞ്ഞു.

ചരിത്രത്തിൽ ഏറെ തിന്മകൾക്കെതിരെ പോരാടിയ ഡൊറോത്തി ഡേയുടെ ആത്മകഥയായ "ഞാൻ ദൈവത്തെ അവന്റെ ദരിദ്രരിലൂടെ കണ്ടെത്തി. നിരീശ്വരവാദത്തിൽ നിന്ന് വിശ്വാസത്തിലേക്ക്: എന്റെ ആന്തരിക യാത്ര" എന്ന ഗ്രന്ഥത്തിനാണ് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതിയത്.

ആമുഖത്തിൽ പാപ്പാ ഡൊറോത്തി ഡേയുടെ വീരോചിതമായ ക്രൈസ്തവസാക്ഷ്യം എടുത്തു പറഞ്ഞു.ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള ഡൊറോത്തിയുടെ വരവ് ഒരു മതപരിവർത്തനമല്ലായിരുന്നുവെന്നും, മറിച്ച് അത് കൃപയുടെ ആകർഷണമായിരുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

തന്റെ ജീവിതകാലം മുഴുവൻ സാമൂഹിക നീതിക്കും ജനങ്ങളുടെ അവകാശങ്ങൾക്കും, പ്രത്യേകിച്ച് പാവപ്പെട്ടവർ, ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികൾ, സമൂഹത്താൽ പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവർക്കായി സേവനം ചെയ്ത ഡൊറോത്തി വിശുദ്ധ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നതുപോലെ പ്രവൃത്തികളിലൂന്നിയ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തന്റെ ജീവിതത്തിന്റെ മൂന്നു പാഠങ്ങളാണ് തന്റെ ആത്മകഥയിലൂടെ ഡൊറോത്തി ഈ ലോകത്തിനു സമ്മാനിക്കുന്നത്.

അസ്വസ്ഥതയുടെ ജീവിതം

അസ്വസ്ഥമായ ഹൃദയമാണ് ദൈവിക സാന്നിധ്യം അനുഭവിക്കുവാനുള്ള വേദികളെന്ന് ഡൊറോത്തി നമ്മെ പഠിപ്പിക്കുന്നു. തന്റെ ജീവിതത്തിൽ ഒറ്റപ്പെടലിന്റെ നാളുകൾ  ഉണ്ടായപ്പോൾ , ആ  നിമിഷങ്ങളിൽ ദൈവത്തെ തിരിച്ചറിയുവാനും, സന്തോഷത്തിലൂടെയും നന്ദി നിറഞ്ഞ ജീവിതത്തിലൂടെയും ആ സാന്നിധ്യം അരക്കെട്ടുറപ്പിക്കുവാനും തനിക്ക് സാധിച്ചുവെന്ന് അഭിമാനത്തോട് കൂടി ഡൊറോത്തി ഈ ലോകത്തോട് പറയുന്നു.വേദനകൾ സന്തോഷത്തിനും പൂർണ്ണതയ്ക്കും വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തെ സമൃദ്ധമായി നിറയ്ക്കുന്നുവെന്നും, ക്രിസ്തീയ ജീവിതം സാഹസം നിറഞ്ഞ ഒന്നാണെന്നും തന്റെ ആത്മകഥയിലൂടെ ഡൊറോത്തി നമ്മെ അനുസ്മരിപ്പിക്കുന്നുവെന്ന് പാപ്പാ പറയുന്നു.

സഭാത്മകമായ ജീവിതം

ലോകത്തിൽ നിലനിൽക്കുന്ന പാവങ്ങളുടെ പക്ഷം പിടിക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന യൂണിയനുകൾക്ക് പകരം  യഥാർത്ഥ സാമൂഹിക നീതിയുടെയും മൂർത്തമായ സമത്വത്തിന്റെയും, സംവേദനക്ഷമതയുടെയും വലിയ മാതൃക സഭ ഓരോ കാലഘട്ടങ്ങളിലും നൽകിയതാണ് കത്തോലിക്കാ സഭയിലേക്കുള്ള ഡൊറോത്തിയുടെ വരവിനെ ഏറെ പ്രോത്സാഹിപ്പിച്ചത്.

സഭയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ അതിന്റെ ദൈവീകത വെളിവാക്കുന്നതാണെന്ന ഡൊറോത്തിയുടെ വാക്കുകൾ പാപ്പാ അനുസ്മരിച്ചു.സഭ വിമർശനത്തിനും വെറുപ്പിനും പരിത്യാഗത്തിനും പാത്രമാകുന്ന ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ വിശ്വാസത്തിന്റെയും ദാനത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സാക്ഷിയിൽ നിന്ന് അത്തരം വാക്കുകൾ കേൾക്കുന്നത് എത്ര മനോഹരമാണ്!, പാപ്പാ എടുത്തു പറഞ്ഞു.

സേവനാത്മകമായ ജീവിതം

മനുഷ്യത്വത്തെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നത് സേവനത്തിലൂടെയാണെന്ന ഡൊറോത്തിയുടെ ആശയം ഏറെ മാതൃകയാണെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു.തന്റെ കാലത്തെ തൊഴിലാളികൾക്കുള്ള സാമൂഹിക പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം "ഒരാളുടെ പ്രശ്നം, എല്ലാവരുടെയും പ്രശ്നം' എന്ന ആശയമാണ് ഡൊറോത്തിയെ നിസ്വാർത്ഥമായ സേവനത്തിലേക്ക് നയിച്ചത്.

അതിനാൽ വേർതിരിവുകളില്ലാതെ  ഉപേക്ഷിക്കപ്പെട്ടവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുമ്പോൾ ഓരോ വ്യക്തിയുടെയും അന്തസ്സ് ഉയർത്തിക്കാട്ടുന്നതിൽ അവൻ വിജയിക്കുന്നുവെന്നും തന്റെ ആത്മകഥയിൽ ഡൊറോത്തി ഡേ പറയുന്നത് ഫ്രാൻസിസ് പാപ്പാ അനുസ്മരിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2023, 13:00