തിരയുക

പുതിയ നിയമഭേഗഗതിയുമായി ഫ്രാൻസിസ് പാപ്പാ പുതിയ നിയമഭേഗഗതിയുമായി ഫ്രാൻസിസ് പാപ്പാ  (ANSA)

വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ വ്യതിയാനം വരുത്തി ഫ്രാൻസിസ് പാപ്പാ

അജപാലനപ്രവർത്തനങ്ങൾ നടത്തുവാനായി പുരോഹിതരും അൽമായരും ഉൾപ്പെടുന്ന കത്തോലിക്കാസഭാഘടകമായ വ്യക്തിഗത പ്രെലേച്ചറുകളെ സംബന്ധിക്കുന്ന കാനോനിക നിയമത്തിൽ ഫ്രാൻസിസ് പാപ്പാ വ്യതിയാനം വരുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പൊന്തിഫിക്കൽ നിലയിലുള്ള വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ ഫ്രാൻസിസ് പാപ്പാ മാറ്റം വരുത്തി. 2022 ജൂലൈ 14-നു നൽകിയ "അദ് കരിസ്മ ത്യുയെന്തും" എന്ന മോത്തു പ്രോപ്രിയോയിൽ മാറ്റം വരുത്തിക്കൊണ്ടാണ് പാപ്പാ പുതിയ ഭേദഗതി കൊണ്ടുവന്നത്. മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുതിയ മോത്തു പ്രോപ്രിയോ വഴി, വ്യക്തിപരമായ പ്രലേച്ചറുകളെ, പൊന്തിഫിക്കൽ അധികാരത്തിന് കീഴിലുള്ള പൗരോഹിത്യ പൊതു അസോസിയേഷനുകളിലൂടെ നിലയിലേക്ക് മാറ്റി.

വിശുദ്ധ ഹോസെ മരിയ എസ്ക്രിവാ നാൽപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഓപുസ് ദേയി മാത്രമാണ് നിലവിൽ കാനോനിക നിയമപ്രകാരം വ്യക്തിഗത പ്രലേച്ചറുകളുടെ നിലയിലുള്ളത്. അതുകൊണ്ടുതന്നെ ഓപുസ് ദേയിയെ മാത്രമാണ് നിലവിലെ ഭേദഗതി ബാധിക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ "ഉത്ത് സിത്" എന്ന അപ്പസ്തോലിക രേഖ വഴിയാണ് ഇത് സ്ഥാപിച്ചത്. സംഘടനയുടെ സ്ഥാപകസിദ്ധി കാത്തുസൂക്ഷിക്കാനും, സുവിശേഷവത്കരണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ഫ്രാൻസിസ് പാപ്പാ 2022-ൽ ഈ രേഖയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

പുതിയ മാറ്റങ്ങൾ വഴി പ്രലേച്ചറിന്റെ സ്ഥിതി, പ്രലേച്ചർ അധ്യക്ഷന്റെ അധികാരങ്ങൾ, അൽമായരുടെ പ്രവർത്തനങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരും.

295-ആം കാനോനയിൽ ഉണ്ടാക്കിയ വ്യത്യാസങ്ങൾ പ്രകാരം, വ്യക്തിഗത പ്രലേച്ചറുകളെ പൊന്തിഫിക്കൽ അധികാരത്തിനു കീഴിൽ വൈദികർക്ക് അംഗത്വം കൊടുക്കുവാൻ അധികാരമുള്ള പൗരോഹിത്യ പൊതുസംഘടനകളുടെ നിലയിൽ പരിഗണിക്കും. ഈ സംഘടനകളുടെ നിയമങ്ങൾ പരിശുദ്ധ സിംഹാസനമായിരിക്കും അംഗീകരിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നത്. സംഘടനാധ്യക്ഷൻ ഇനിമുതൽ മെത്രാനടുത്ത അധികാരങ്ങളുള്ള നിയന്താവായിരിക്കും.

295-ആം കാനോനയുടെ രണ്ടാം ഖണ്ഡിക അനുസരിച്ച്, സംഘടനയിൽ അംഗത്വം നേടുന്ന പുരോഹിതരുടെ പരിശീലനവും പരിപാലനവും സംബന്ധിച്ച കാര്യങ്ങളിലും, മെത്രാനടുത്ത അധികാരങ്ങളോടെ പ്രവർത്തിക്കുവാൻ പ്രലേച്ചർ അധ്യക്ഷന് അധികാരമുണ്ടായിരിക്കും.

അതേസമയം 296-ആം കാനോനയിൽ വരുത്തിയ പുതിയ മാറ്റങ്ങൾ പ്രകാരം, അല്മയർക്ക്, പ്രലേച്ചറിന്റെ അംഗീകൃത നിയമസംഹിതയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്, അപ്പസ്തോലിക പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അനുവാദമുണ്ടായിരിക്കും. പ്രലേച്ചറുമായി നിശ്ചയിക്കുന്ന പ്രത്യേക ഉടമ്പടി പ്രകാരം അൽമയർ വ്യക്തിഗത പ്രലേച്ചറുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ 107-ആം കാനോന കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം അനുവർത്തിക്കേണ്ടത്.

റോമൻ കൂരിയയുടെ പുതുക്കിയ ഭരണഘടന, "പ്രെദിക്കാത്തെ എവഞ്ചേലിയും" അനുസരിച്ചുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ഈ മാറ്റം വരുത്തുന്നത്. നിലവിൽ വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററിയാണ് വ്യക്തിഗത പ്രലേച്ചറുകളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.

ഓഗസ്റ്റ് 8-ആം തീയതി പ്രസിദ്ധപ്പെടുത്തിയ പുതിയ ഈ മോത്തു പ്രോപ്രിയോ, ഇതേ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2023, 14:26