തിരയുക

പൊതുസന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ രോഗികളുമായി സംസാരിക്കുന്നു പൊതുസന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ രോഗികളുമായി സംസാരിക്കുന്നു   (Vatican Media)

മതിലുകൾക്ക് പകരം പാലങ്ങൾ പണിയുക: ഫ്രാൻസിസ് പാപ്പാ

സ്‌പെയിനിലെ കത്തോലിക്കാ പ്രവർത്തകരുടെ പതിനാലാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശം

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

സ്‌പെയിനിലെ കത്തോലിക്കാ പ്രവർത്തകരുടെ കൂട്ടായ്‌മയായ സ്പാനിഷ് കാത്തലിക് ആക്ഷൻ (HOAC)  ന്റെ പതിനാലാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി.

സന്ദേശത്തിൽ സാഹോദര്യത്തിന്റെ ഊഷ്മളമായ ഭാവം കൈക്കൊണ്ടു, അസമത്വങ്ങളും അനീതികളും ഉള്ള ഒരു ലോകത്ത് യേശുക്രിസ്തു നിർദ്ദേശിച്ച മനുഷ്യവൽക്കരണ പദ്ധതിയുടെ സാക്ഷികളായി മാറുവാനുള്ള ഓരോ ക്രിസ്ത്യാനിയുടെയും കടമയെ പാപ്പാ ഓർമ്മിപ്പിച്ചു.

സ്പാനിഷ് കാത്തലിക് ആക്ഷന്റെ അംഗങ്ങൾ കാലാകാലങ്ങളായി സമൂഹത്തിൽ നടത്തുന്ന നന്മനിറഞ്ഞ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു.ജോലിസ്ഥലങ്ങളിൽ പോലും ഒരു സഭയായി നിലകൊള്ളുവാൻ അവർ കാണിക്കുന്ന ഹൃദയവിശാലത ഏറെ ശ്‌ളാഘനീയമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

'സുവിശേഷത്തിൽ ആനന്ദം' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പാപ്പാ എടുത്തു പറയുന്നതുപോലെ, മനുഷ്യജീവിതത്തിന്റെയും അന്തസ്സിന്റെയും അനിവാര്യ ഘടകമെന്ന നിലയിൽ ജോലി എന്നത് കേവലം ഒരു ഉൽപ്പാദന പ്രവർത്തനമല്ല, മറിച്ച് സൃഷ്ടിയുടെ പ്രവർത്തനത്തിൽ ദൈവവുമായി സഹകരിക്കാനും മനുഷ്യരായി സ്വത്വവത്ക്കരണം നടത്താനുമുള്ള ഒരു ഉപാധിയാണെന്ന വസ്തുതയും സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

അതിനാൽ നീതിയും സാഹോദര്യവും ഉള്ള ഒരു ലോകത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാനുള്ള പരിശ്രമങ്ങൾക്ക് അംഗങ്ങളായ എല്ലാവർക്കും പാപ്പാ ആശംസകൾ നേർന്നു.

ജോലിയുടെയും സാമൂഹിക പരാധീനതയുടെയും സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക്  ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും നിരന്തരമായ സാക്ഷ്യമായിരിക്കണം ക്രിസ്ത്യാനിയുടെ ജീവിതമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അതിനാൽ മതിലുകൾക്കപ്പുറം പാലങ്ങൾ പണിതു കൊണ്ട് എല്ലാവരെയും ചേർത്തുനിർത്തുവാനും,തൊഴിലില്ലായ്മ അനേകം കുടുംബങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഒരു സഭ എന്ന നിലയിൽ  അവർക്ക് നമ്മുടെ പിന്തുണയും പ്രതീക്ഷയും നൽകുകയും, വിശ്വാസം നഷ്ടപ്പെടാതിരിക്കാനും തൊഴിൽ ലോകത്തേക്ക് മടങ്ങാനുള്ള അവസരങ്ങൾ തേടാൻ  അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

പരിശുദ്ധാത്മാവ് നിങ്ങളുടെ ജോലിയിൽ നിങ്ങളെ നയിക്കുകയും നിങ്ങളുടെ ദൈനംദിന പ്രതിബദ്ധതയിൽ നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്ന ആശംസയോടെയും, ആഗതമാകുന്ന സിനഡിനുവേണ്ടിയും, തനിക്കു വേണ്ടിയും പ്രാർഥിക്കണമെന്ന അഭ്യർത്ഥനയോടെയുമാണ്  പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 13:42