ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ നൂറ്റിയൻപതാമത് വാർഷികാഘോഷം നടക്കുന്ന അവസരത്തിൽ, ഓഗസ്റ്റ് 15-ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ സംബന്ധിക്കാനായി ഫ്രാൻസിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഫ്രാൻസിലെ ലൂർദ്ദിലെത്തിയ ഇരുപതിനായിരത്തോളം മരിയൻ ഭക്തർക്ക് അനുഗ്രഹാശംസകളേകി ഫ്രാൻസിസ് പാപ്പാ.സന്ദേശമയച്ചു. സ്വർഗ്ഗാരോപിതയായ മാതാവിനെയാണ് ഫ്രാൻസിന്റെ പ്രധാന മധ്യസ്ഥയായി പതിനൊന്നാം പിയൂസ് പാപ്പാ തിരഞ്ഞെടുത്തതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആളുകളിലെ മരിയൻ ഭക്തിയെ, പ്രത്യേകമായി ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുവാൻ അജപാലനദൗത്യം നിർവ്വഹിക്കുന്ന ഇടയന്മാർ ശ്രദ്ധിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-ന് ഫ്രാൻസിൽ, കഴിഞ്ഞ നാനൂറ് വർഷങ്ങളായി നടത്തുന്ന പ്രദക്ഷിണം പോലെയുള്ള ഭക്തിപ്രകടനങ്ങൾ ഇതിന് ഉദാഹരണമായി പാപ്പാ എടുത്തുകാട്ടി.
പരിശുദ്ധ മറിയം നമ്മുടെ അമ്മയും, നാം അവളുടെ മക്കളുമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വർത്തമാനകാലത്ത് നാം നേരിടുന്ന വെല്ലുവിളികളുടെ മുൻപിൽ, നമുക്ക് പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന്റെ ആവശ്യമുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ഫ്രാൻസ് പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് പാപ്പാ ഇത് പറഞ്ഞത്. ഈ സമർപ്പണം എടുത്തുകളയാൻ പറ്റുന്ന ഒന്നല്ലെന്നും പാപ്പാ പറഞ്ഞു.
ഇന്ന് ലോകത്തിന് ആവശ്യമുള്ള സമാധാനം ലഭ്യമാക്കുന്നതിന് വേണ്ടി, നമുക്കുവേണ്ടി തന്റെ തിരുസുതന്റെ മുൻപിൽ അമ്മ മാധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഹോദര്യത്തിലും, മറ്റുള്ളവരുടെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ട് ഐക്യത്തിലും വളരുന്ന ഒരു സമൂഹം വളർത്തുന്നതിനായി പരിശുദ്ധ അമ്മ ഏവരുടെയും ഹൃദയങ്ങളിൽ യഥാർത്ഥ സ്നേഹത്തിന്റെ ചിന്തകൾ നൽകട്ടെയെന്ന് പാപ്പാ പറഞ്ഞു.
ആത്മാവോടും ശരീരത്തോടും കൂടി ദൈവത്തിന്റെ മഹത്വത്തിലായിരിക്കുന്ന പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കുന്നത്, നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യജീവിതത്തിലുള്ള വിശ്വാസം നമ്മിൽ കൂടുതൽ വളരുവാൻ ശക്തി പകരട്ടെയെന്നും, നമ്മുടെ സഹോദരീസഹോദരന്മാരുടെ മുൻപിൽ ക്രിസ്തുവിന്റെ മിഷനറി ശിഷ്യരായി ജീവിക്കുവാനുള്ള നമ്മുടെ തീരുമാനത്തെ ഇത് സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ക്രിസ്തുവെന്ന യഥാർത്ഥ പാറമേലാണ് നമ്മുടെ വിശ്വാസം ഉറപ്പിക്കേണ്ടതും, വളർത്തിയെടുക്കേണ്ടതുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഏവർക്കും തന്റെ അനുഗ്രഹാശിശുക്കൾ നേർന്നുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 7-ന് അയച്ച സന്ദേശം ഓഗസ്റ്റ് 16-ആം തീയതിയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: