സംരംഭകകൂട്ടായ്മ പൊതുനന്മയെ ലക്ഷ്യം വയ്ക്കണം:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി
ഫ്രാൻസിലെ വ്യവസായസംരംഭകരുടെ വാർഷിക കൂട്ടായ്‍മകൾക്ക് ആശംസകൾ നേർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. പൊതുനന്മയാണ് സംരംഭകർ എപ്പോഴും ലക്‌ഷ്യം വയ്‌ക്കേണ്ടതെന്നും, അതിനാൽ സുസ്ഥിരതയ്ക്കും, വളർച്ചയ്ക്കും സംഭാവനകൾ ഏറെ നൽകുന്ന വ്യവസായസംരംഭകരെ മാറ്റിനിർത്തിക്കൊണ്ട് പൊതുനന്മയുടെ ഉന്നമനം സാധ്യമല്ലെന്നും ഫ്രാൻസിസ് പാപ്പാ ആമുഖമായി അടിവരയിടുന്നു.
എല്ലാ തലങ്ങളിലും ഏറെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യവസായ സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്നും,എന്നാൽ ഈ ബുദ്ധിമുട്ടുകളിലും നമ്മെ മാറോട് ചേർക്കുന്ന സഭ നിങ്ങളുടെ കൂടെയുണ്ടെന്നും, നിങ്ങളുടെ പ്രവർത്തങ്ങൾക്ക് സഭ മുഴുവൻ നന്ദിയുള്ളവരാണെന്നും പാപ്പാ പറഞ്ഞു.
നല്ല സമരിയാക്കാരനെ പോലെ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാകുന്ന സംരംഭകർ ഇന്ന് നടപ്പിലാക്കേണ്ട പൊതുനന്മയാണ് ജോലിസാധ്യതകൾ സൃഷ്ടിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുക എന്നത്.ഇപ്രകാരം ജോലിയുടെ ശരിയായ മൂല്യം മെഷിനുകളല്ല മറിച്ച് മനുഷ്യസമ്പത്താണെന്ന് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ടെന്നും പാപ്പാ പറഞ്ഞു.
ഇപ്രകാരം നല്ല ഇടയനെ പോലെ ഓരോ സംരംഭകനും തന്റെ ജോലിസ്ഥലത്തിന്റെയും,ജോലിക്കാരുടെയും ഗന്ധം അറിയുകയും, അവയ്ക്കാവശ്യമായവ നൽകുകയും വേണം.ഇന്നത്തെ സമൂഹത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുവാൻ നല്ല സംരംഭകരുടെ സഹായം കൂടിയേ തീരൂ. എല്ലാവരുടെയും നിസ്വാർത്ഥമായ സേവനങ്ങൾക്ക് നന്ദി പറയുന്നു എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: