തിരയുക

അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചാവേളയിൽ  ഫ്രാൻസിസ് പാപ്പാ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media)

നിയമവാഴ്ച മനുഷ്യ വ്യക്തിയുടെ സേവനത്തിലാണ് തെളിയിക്കപ്പെടേണ്ടത്: പാപ്പാ

വിയന്ന നിവേദനത്തിൽ ഒപ്പിട്ട യൂറോപ്യൻ അംഗരാജ്യങ്ങളിൽ നിന്നുമുള്ള ഉപദേശകസമിതി അംഗങ്ങളായ അഭിഭാഷക പ്രതിനിധി സംഘവുമായി ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി 

വിയന്ന നിവേദനത്തിൽ  ഒപ്പിട്ട യൂറോപ്യൻ അംഗരാജ്യങ്ങളിൽ നിന്നുമുള്ള ഉപദേശകസമിതി അംഗങ്ങളായ അഭിഭാഷക പ്രതിനിധി സംഘവുമായി  ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച്  കൂടിക്കാഴ്ച്ച നടത്തി.തന്റെ സന്ദേശത്തിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനുമുള്ള പ്രയത്‌നങ്ങൾക്കും സമിതി   നൽകുന്ന പ്രധാന സംഭാവനകൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

സാമൂഹിക, സാമ്പത്തിക, മാനുഷിക , സുരക്ഷാ പ്രതിസന്ധികളുടെ കാലഘട്ടങ്ങൾ പാശ്ചാത്യ ജനാധിപത്യങ്ങളെ വെല്ലുവിളിക്കുമ്പോൾ അവയോട് ഫലപ്രദമായി പ്രതികരിക്കുവാൻ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

അശാന്തിയും അക്രമവും സംബന്ധിച്ച ഭയം, സ്ഥാപിത സന്തുലിതാവസ്ഥ തകരാനുള്ള സാധ്യത, അടിയന്തിര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയ്ക്കുള്ള നിയമവാഴ്ച്ച ഇന്നിന്റെ ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും നിയമവാഴ്ചയ്ക്ക് ദൃഢത കണ്ടെത്താനും കഴിയുന്നത് മനുഷ്യനെക്കുറിച്ചുള്ള ഈ സത്യാന്വേഷണത്തിലൂടെയാണെന്നും സന്ദേശത്തിൽ പാപ്പാ ഊന്നിപ്പറയുന്നു. വ്യക്തിഗതമായല്ല, മറിച്ച് ഓരോ മനുഷ്യനും അവന്റെ അവകാശങ്ങളും കടമകളും മറ്റുള്ളവരുടെ പൊതുനന്മയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് കണ്ടെത്തുന്നതെന്നുള്ള വസ്തുതയും പാപ്പാ എടുത്തുപറഞ്ഞു.

സുന്ദരവും ജീവിക്കാൻ യോഗ്യവുമായ ഒരു ലോകം നമ്മിൽ നിന്ന് സ്വീകരിക്കാൻ യുവതലമുറകൾക്ക് അവകാശമുണ്ടെന്നും, ദൈവത്തിന്റെ ഉദാരമായ കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച സൃഷ്ടിയോടുള്ള ഗൗരവമായ കടമകൾ അഭംഗുരം കാത്തുസൂക്ഷിക്കുവാൻ  നമുക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2023, 12:55