തിരയുക

ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ 

പരിശുദ്ധ അമ്മയുടെ സന്നിധിയിൽ പ്രാർത്ഥനകളോടെ ഫ്രാൻസിസ് പാപ്പാ

മംഗോളിയയിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്ക് മുന്നോടിയായി ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓഗസ്റ്റ് 31 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 4 തിങ്കളാഴ്ച വരെ നീളുന്ന മംഗോളിയയിലേക്കുള്ള അപ്പസ്തോലികയാത്ര ആരംഭിക്കുന്നതിന് മുൻപായി, ഓഗസ്റ്റ് 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി. തന്റെ സാധാരണ വിദേശ ഇടയസന്ദർശനങ്ങളുടെ അവസരത്തിൽ തുടരുന്ന പതിവ് പോലെ, മേരി മേജർ ബസലിക്കയിലെ "റോമൻ ജനതയുടെ രക്ഷ", "സാലൂസ് പോപുളി റൊമാനി" എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുൻപിൽ പാപ്പാ പ്രത്യേകമായി പ്രാർത്ഥിക്കുകയും, തന്റെ അപ്പസ്തോലികയാത്രയെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 31 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മംഗോളിയയിലേക്കുള്ള അപ്പസ്തോലികയാത്ര വത്തിക്കാനിലെ പാപ്പായുടെ ഔദ്യോഗികവസതിയായ സാന്താമാർത്താ ഭവനത്തിൽനിന്ന് ആരംഭിക്കുക. ഇറ്റലിക്ക് പുറത്തേക്കുള്ള നാല്പത്തി മൂന്നാമത് അപ്പസ്തോലികയാത്രയാണ് ഏഷ്യയുടെ ഹൃദയഭാഗത്തുള്ള മംഗോളിയയിലേക്ക് പാപ്പാ നടത്തുന്നത്. താൻ ഏറെ ആഗ്രഹിച്ച ഒരു യാത്രയാണ് മംഗോളിയയിലേക്കുള്ള ഈ അപ്പസ്തോലികസന്ദർശനം യാഥാർഥ്യമാകുന്നതിലൂടെ സാധ്യമാകുന്നത് എന്ന് കഴിഞ്ഞ ഞായറാഴ്ചയിലെ ത്രികാലജപപ്രാർത്ഥനാവേളയിലും പാപ്പാ ആവർത്തിച്ചിരുന്നു.

പ്രാർത്ഥനയ്ക്ക് ശേഷം തിരികെ കാറിൽ പാപ്പാ തന്റെ ഔദ്യോഗികാവസതിയായ സാന്താ മാർത്താ ഭവനത്തിലേക്ക് തിരികെ എത്തി.

ഓഗസ്റ്റ് 30 ബുധനാഴ്ച വൈകുന്നേരത്തോടെ വത്തിക്കാൻ പ്രസ് ഓഫിസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് കൈമാറിയത്.

ഓരോ വിദേശ അപ്പസ്തോലികയാത്രകൾക്കും മുൻപായി പരിശുദ്ധ പിതാവ് മേരി മേജർ ബസലിക്കയിൽ പരിശുദ്ധ അമ്മയുടെ ചാപ്പലിൽ പ്രാർത്ഥനയ്‌ക്കെത്താറുണ്ട്. ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബണിൽ വച്ച് നടന്ന ആഗോള കത്തോലിക്കാ യുവജനസംഗമത്തിന്റെ അവസരത്തിലായിരുന്നു ഫ്രാൻസിസ് പാപ്പാ അവസാനമായി മേരി മേജർ ബസലിക്കയിലെത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2023, 17:11