തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (ANSA)

സ്ലോവേനിയയും ജോർജ്ജിയയും നേരിടുന്ന പ്രകൃതിദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

സ്ലോവേനിയയിലും ജോർജ്ജിയയിലും നിരവധി ആളുകളുടെ ജീവനെടുത്ത പ്രകൃതിദുരന്തങ്ങളിൽ ഇരകളായവരെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കടുത്ത പ്രകൃതി ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിലും, യൂറേഷ്യൻ രാജ്യമായ ജോർജ്ജിയയിലും നിരവധി ആളുകൾ മരണമടയുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഇരുരാജ്യങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ വലുതാണെന്നും, ഈ ദുരന്തത്തിന്റെ ഇരകളായവർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഓഗസ്റ്റ് 9 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം ആളുകളെ അഭിസംബോധന ചെയ്യവെയാണ് സ്ലോവേനിയയിലും ജോർജ്ജിയയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

ഈ ദുരന്തങ്ങളുടെ ഇരകളായവർക്കും, അവരുടെ കുടുംബങ്ങൾക്കും തന്റെ ആത്മീയസാന്നിധ്യം പാപ്പാ ഉറപ്പു നൽകി. അതേസമയം, ഈ കടുത്ത പ്രതിസന്ധിയിൽപ്പെട്ടവർക്ക് സഹായമെത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് സന്നദ്ധപ്രവർത്തകർക്ക് പാപ്പാ നന്ദി പറഞ്ഞു.

കടുത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കം മൂലം, നാളിതുവരെയുള്ളതിൽ ഏറ്റവും കഠിനമായ പ്രതിസന്ധിയെയാണ് സ്ലോവേനിയ നേരിടുന്നത്. അഞ്ച് ആളുകളിലധികം മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 50 കോടി യൂറോയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.

വടക്കൻ ജോർജ്ജിയയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ പതിനെട്ടുപേർ  മരണമടഞ്ഞു. കുട്ടികളുൾപ്പെടെ ഇനിയും പതിനാറു പേരെ കണ്ടുകിട്ടിയിട്ടില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2023, 14:30