തിരയുക

ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിലേക്കു പോകുന്നു, ജനസഞ്ചയത്തെ അഭിവാദ്യം ചെയ്യുന്നു, 05/08/23 ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിലേക്കു പോകുന്നു, ജനസഞ്ചയത്തെ അഭിവാദ്യം ചെയ്യുന്നു, 05/08/23  (Vatican Media)

പാപ്പാ: തിടുക്കമുള്ളവളും യേശുവിനെ കാണിച്ചുതരുന്നവളുമായ മറിയം !

ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിൽ രോഗികളായ യുവതീയുവാക്കളും തടവുകാരുമൊത്ത് കൊന്തനമസ്ക്കാരം ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊന്തനമസ്ക്കാരത്തിൻറെ പ്രാധാന്യം, വാതിൽ രഹിതവും തുറവുള്ളതുമായ സഭ, മറിയത്തിൻറെ തീർത്ഥാടക ഭാവം, തിടുക്കത്തിൽ പോകുന്ന മറിയം, യേശുവിങ്കലേക്ക് നമ്മെ ആനയിക്കുന്ന മറിയം  തുടങ്ങിയ ആശയങ്ങൾ പാപ്പാ മുൻകൂട്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ നിന്ന് വ്യതിചലിച്ച് മനോധർമ്മമനുസരിച്ചു നടത്തിയ വിചിന്തനത്തിൽ അവതരിപ്പിച്ചു. 

ജപമാലപ്രാർത്ഥന 

എല്ലാവരും ഒന്നിച്ചു ചൊല്ലിയ കൊന്തനമസ്ക്കാരം യേശുവിൻറെയും മറിയത്തിൻറെയും ജീവിതവുമായി നമ്മെ ബന്ധപ്പെടുത്തുന്ന സുപ്രധാനവും മനോഹരവുമായ ഒരു പ്രാർത്ഥനയാണെന്ന് പാപ്പാ പറഞ്ഞു. ഈ പ്രാർത്ഥനയിലെ സന്തോഷ രഹസ്യങ്ങൾ ധ്യാനിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ രഹസ്യം നമ്മെ ഓർമ്മിപ്പിക്കുന്നത് സഭയ്ക്ക് ആനന്ദത്തിൻറെ ഭവനം ആകാതിരിക്കാൻ ആവില്ല എന്നാണെന്ന് വിശദീകരിച്ചു. എല്ലാവരും കൊന്തനമസ്ക്കാരത്തിനായി ഒന്നു ചേർന്നിരിക്കുന്ന ഇടമായ വാതിൽരഹിതവും എല്ലാവരെയും സ്വാഗതംചെയ്യുന്നതും തുറന്നുകിടക്കുന്നതുമായ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയെ പാപ്പാ സഭയുടെ മനോഹരമായ ഒരു മാതൃകയായി അവതരിപ്പിച്ചു. ആ ചത്വര മദ്ധ്യത്തിൽ തുറന്നു കിടക്കുന്ന ഈ കപ്പേള മഹത്തായ മാതൃസന്നിഭാശ്ലേഷത്തെ ദ്യോതിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മൾ മറിയത്തിൻറെ മാതൃസന്നിഭ നോട്ടത്തിൻ കീഴിലാണ്, നാം ഇവിടെ അമ്മയായ സഭയെന്ന നിലയിലാണ് സമ്മേളിച്ചിരിക്കുന്നത്, പാപ്പാ അനുസ്മരിച്ചു.

മറിയത്തിൻറെ സവിശേഷതയായ തീർത്ഥാടനം

തീർത്ഥാടനം എന്നത് മറിയത്തിൻറെ സ്വഭാവമാണെന്ന് പറഞ്ഞ പാപ്പാ യേശുവിനെ ഗർഭംധരിക്കുമെന്ന മംഗളവാർത്താനന്തരം ആദ്യം തീർത്ഥാടനം നടത്തിയത് മറിയം ആണെന്ന് വിശദീകരിച്ചു. തൻറെ ചാർച്ചക്കാരി എലിസബത്ത് വാദ്ധക്യത്തിൽ ഗർഭംധരിച്ചിരിക്കുന്നുവെന്ന് അറിഞ്ഞ ഉടനെ മറിയം തിടുക്കത്തിൽ പുറപ്പെടുന്നുവെന്നും അവൾ തിടുക്കത്തിൽ പുറപ്പെട്ടു എന്നത് ഒരു സ്വതന്ത്ര വിവർത്തനമാണെന്നും എലിസബത്തിനെ സഹായിക്കുന്നതിനുള്ള ആഗ്രഹത്താൽ, അവളുടെ ചാരെ ആയിരിക്കുന്നതിന് മറിയം വേഗം പോയി എന്നു നമുക്കു പറയാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. മറിയത്തോടുള്ള പ്രാർത്ഥനകൾ നിരവധിയാണ്, പാപ്പാ തുടർന്നു. മറിയം എലിസബത്തിൻറെ പക്കലേക്കു പോയ സംഭവം അനുസ്മരിച്ചുകൊണ്ട് നമുക്ക് പറയാൻ സാധിക്കുന്നത് ഇതാണ്: ഓടിപ്പോകുന്ന മറിയം പ്രശന്ങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, ഒരോതവണയും അവളെ വിളിക്കുമ്പോൾ, അവൾ താമസിക്കില്ല, അവൾ തിടുക്കത്തിൽ വരും. മാതാവിന് തിടുക്കമുണ്ട്. ഇത് നിങ്ങൾക്ക് ഇഷ്ടമാണോ? നമുക്കെല്ലാവർക്കും ഏകയോഗമായി പറയാം- മാതാവിന് ധൃതിയുണ്ട്. നമ്മുടെ ചാരെ ആയിരിക്കുന്നതിന് അവൾ തിടുക്കം കൂട്ടുന്നു. കാരണം അവൾ അമ്മയാണ്..... അവൾ യേശുവിൻറെ ജീവിതത്തെ അനുഗമിക്കുന്നു, യേശുവിൻറെ പുനരുത്ഥാനത്തിനുശേഷം അവൾ മറഞ്ഞിരിക്കുന്നില്ല, പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്ന ശിഷ്യന്മാരോടൊപ്പം അവളുണ്ട്, പെന്തക്കോസ്താനന്തരം വളരാൻ തുടങ്ങുന്ന സഭയ്ക്ക് അവൾ തുണയാകുന്നു. തിടുക്കമുള്ള മാതാവ്. അവളെന്നും തുണയാകുകയാണ്, ഒരിക്കലും നായികയാകുന്നില്ല.

യേശുവിനെ ചൂണ്ടിക്കാണിച്ചു തരുന്ന മറിയം 

അമ്മയായ മറിയത്തിൻറെ ചെയ്തികൾ രണ്ടാണ്. ആദ്യം അവൾ സ്വീകരിക്കുന്നു. തുടർന്ന് അവൾ ചൂണ്ടിക്കാട്ടുന്നു.  അവൾ യേശുവിനെയാണ് കാണിച്ചുതരുന്നത്. മറിയം തൻറെ ജീവിതത്തിൽ യേശുവിനെ ചൂണ്ടിക്കാട്ടുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. "അവൻ നിങ്ങളോട് പറയുന്നത് ചെയ്യുക", യേശുവിനെ അനുഗമിക്കുക, ഇവയാണ് മറിയത്തിൻറെ രണ്ട് ചെയ്തികൾ. അവൾ നമ്മെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഒപ്പം യേശുവിനെ കാണിച്ചുതരുന്നു, ഇത് അവളെ അൽപ്പം തിടുക്കമുള്ളവളാക്കുന്നു, നമ്മെ എല്ലാവരെയും സ്വാഗതം ചെയ്യുകയും യേശുവിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന നമ്മുടെ തിടുക്കമുള്ള സ്ത്രീ. ഇവിടെ വരുമ്പോഴെല്ലാം നമുക്ക് ഇത് ഓർക്കാം: മറിയം ഇവിടെ സവിശേഷ രീതിയിൽ സന്നിഹിതയാണ്, അത് വിശ്വസമില്ലാത്ത അനേകം ഹൃദയങ്ങൾ യേശുവിലേക്ക് തുറക്കുന്നതിനു വേണ്ടിയാണ്. അവളുടെ സാന്നിധ്യം കൊണ്ട് അവൾ നമുക്ക് യേശുവിനെ ചൂണ്ടിക്കാണിച്ചുതരുന്നു. ഇന്ന് അവൾ നമുക്കിടയിൽ ഉണ്ട്, അവൾ എപ്പോഴും നമ്മുടെ ഇടയിലുണ്ട്, എന്നാൽ ഇന്ന് എനിക്ക് അവളുടെ സാമീപ്യം കൂടുതൽ അനുഭവപ്പെടുന്നു. തിടുക്കമുള്ള മറിയം. സുഹൃത്തുക്കളേ, നമ്മോട് അനുരൂപനാകും വിധം യേശു നമ്മെ സ്നേഹിക്കുന്നു, അവനുമായി സഹകരിക്കാൻ അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നു, അവനുമായി സഹകരിച്ച് ജീവിതത്തിൽ നടക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നതെന്താണെന്ന് മറിയം നമുക്ക് കാണിച്ചു തരുന്നു. മറിയത്തിൻറെ തിരുസ്വരൂപത്തിലേക്കു നോക്കണമെന്നും അവൾ അമ്മയെന്ന നിലയിൽ നമ്മോടു പറയുന്നത് എന്താണെന്ന്  ഓരോരുത്തരും ഇന്ന് ചിന്തിക്കണമെന്നും  ഞാൻ ആഗ്രഹിക്കുന്നു. യേശുവിനെ ചൂണ്ടിക്കാട്ടിത്തരുന്നു, ചിലപ്പോഴൊക്കെ ഹൃദയത്തിലുള്ള മോശമായ കാര്യവും കാണിച്ചുതരുന്നു. എന്തുതന്നെയായാലും അവൾ എല്ലായ്പ്പോഴും ചൂണ്ടിക്കാണിക്കുന്നു.

അമ്മേ, നീ എന്താണ് എന്നെ ചൂണ്ടിക്കാണിക്കുന്നത്?  നമുക്ക് അല്പനേരം മൗനം പാലിക്കാം, ഒരോരുത്തരും സ്വന്തം ഹൃദയത്തിൽ പറയുക: അമ്മേ നീ എന്താണ് എന്നെ ചൂണ്ടിക്കാണിക്കുന്നത്? എൻറെ ജീവിതത്തിൽ നിന്നെ വിഷമിപ്പിക്കുന്നത് എന്താണ്? നിൻറെ ഹൃദയത്തെ സ്പർശിക്കുന്നത് എന്താണ് എൻറെ ജീവിതത്തിൽ ഉള്ളത്? നിനക്ക് താൽപ്പര്യമുള്ള എന്താണ് എൻറെ ജീവിതത്തിൽ ഉള്ളത്? നീ അത് ചൂണ്ടിക്കാട്ടുക. യേശു ഞങ്ങൾക്കു കാണിച്ചു തരുന്നതുപോലെ ഞങ്ങളുടെ ഹൃദയങ്ങളെ യേശുവിൻറെ ആഗമനം കാട്ടിത്തരുക .

പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ്:

പ്രിയ സഹോദരങ്ങളേ,  "യേശു പറയുന്നത് ചെയ്യുക" എന്ന് എപ്പോഴും പറയുന്ന മാതാവായ മറിയത്തിൻറെ സാന്നിധ്യം ഇന്ന് നമുക്ക് അനുഭവപ്പെടുന്നു, അവൾ നമ്മെ യേശുവിനെ ചൂണ്ടിക്കാണിക്കുന്നു, എന്നാൽ ആ അമ്മ യേശുവിനോട് പറയുന്നു: അവൻ നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. അതാണ് മറിയം. അതാണ് നമ്മുടെ അമ്മ, നമ്മുടെ അടുത്തായിരിക്കാൻ തിടുക്കപ്പെടുന്ന നമ്മുടെ നാഥ, അവൾ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2023, 14:02