തിരയുക

ഫ്രാൻസീസ് പാപ്പാ ലിസ്ബണിൽ

പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനവും മുപ്പത്തിയേഴാം ലോക യുവജനദിനാചരണവും ലിസ്ബണിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് ഒന്നിന് പോർച്ചുഗലിലെ ലിസ്ബണിൽ ആഗോള കത്തോലിക്ക യുവത്വത്തിൻറെ ആഘോഷത്തിന് തിരിതെളിഞ്ഞു. ഈ യുവജനസംഗമത്തോടനുബന്ധിച്ച്, പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തുടക്കമായി. രൂപതാതലത്തിൽ അനുവർഷവും ആഗോള കത്തോലിക്കാസഭാ തലത്തിൽ സാധാരണഗതിയിൽ രണ്ടുവർഷം കൂടുമ്പോഴോ, അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ മൂലം അതിൽ കൂടുതൽ ഇടവേളനല്കിയോ, ആചരിക്കുന്ന ലോക യുവജനസംഗമത്തിന് ഇത്തവണ ആതിഥ്യമരുളുന്ന ലിസ്ബണിൽ ഫ്രാൻസീസ് പാപ്പാ രണ്ടാം തീയതി ബുധനാഴ്ച എത്തി. ഇക്കൊല്ലം ആചരിക്കപ്പെടുന്നത് മുപ്പത്തിയേഴാം ലോക യുവജനദിനം ആണ്. പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബൺ ആണ് ആഗസ്റ്റ് 1-6 വരെ നടക്കുന്ന  ഈ ദിനാചരണത്തിൻറെ വേദി ഇത്തവണ. കഴിഞ്ഞ പ്രാവശ്യം, അതായത്, 2019- ജനുവരിയിൽ ഇത് പാനമയിൽ ആയിരുന്നു അരങ്ങേറിയത്. ലോകയുവജന സംഗമത്തോടനുബന്ധിച്ചുള്ള ഈ യാത്രയിൽ ഫാത്തിമാ നാഥയുടെ പവിത്ര സന്നിധാനത്തിലും പാപ്പാ എത്തും. ആഗസ്റ്റ 2-6 വരെ നീളുന്ന പഞ്ചദിന ഇടയസന്ദർശനം എന്നു പറയാമെങ്കിലും  സന്ദർശന ദൈർഘ്യം നാലു ദിവസവും പതിനാലിലേറെ മണിക്കൂറും ആണ്. ഈ യാത്രയിൽ പാപ്പാ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 4149 കിലോമീറ്റർ ദൂരം സഞ്ചരിക്കും 12 പ്രഭാഷണങ്ങൾ നടത്തും   

പരിശുദ്ധ അമ്മയുടെ മുന്നിൽ

തൻറെ ഓരോ വിദേശ ഇടയസന്ദർശനത്തിനും മുമ്പുള്ള പതിവനുസരിച്ച് പാപ്പാ    റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ജൂലൈ 31-ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു പോകുകയും അവിടെ, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (SALUS POPULI ROMANI) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ മുന്നിൽ അല്പ സമയം പ്രാർത്ഥനയിൽ ചിലവഴിക്കുകയും തൻറെ ലിസ്ബൺ സന്ദർശനത്തെയും ലോകയുവജനസംഗമത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തു.

ഇടയ സന്ദർശനത്തിന് മുമ്പ് ഒരു കൂടിക്കാഴ്ച

ബുധനാഴ്ച (02/08/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പോർച്ചുഗലിലെ ലിസ്ബണിലേക്കു പുറപ്പെട്ടത്. വത്തിക്കാനിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് പാപ്പാ തൻറെ വാസയിടമായ ‘ദോമൂസ് സാംക്തെ മാർത്തെ’ മന്ദിരത്തിൽ വച്ച്  യുവതീയുവാക്കളും മൂന്നു മുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും അടങ്ങുന്ന പതിനഞ്ച സംഘവുമായി കൂടിക്കാഴ്ച നടത്തി. ഈ യുവതീയുവാക്കൾ ലഹരിമുക്തരാകുന്നതിനുള്ള ചികിത്സാർത്ഥം ഒരു സമൂഹത്തിൽ കിഴിയുന്നവരാകയാൽ അവർക്ക് ലിസ്ബൺ യുവജനസംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഒരു പശ്ചാത്തലത്തിലായിരുന്നു പാപ്പായുമായുള്ള അവരുടെ ഈ കൂടിക്കാഴ്ച. തലമുറകൾ തമ്മിലുള്ള ബന്ധവും പരസ്പരം താങ്ങാകാനും പരസ്പരം പഠിക്കാനും യുവതയ്ക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കഴിയുന്നതും അടിവരയിട്ടു കാട്ടുന്നതായിരുന്നു ഈ കൂടിക്കാഴ്ചയിൽ മുത്തച്ഛന്മാരുടെയും അവരുടെ കൊച്ചുമക്കളുടെയും സാന്നിധ്യം.

പാപ്പാ ഫ്യുമിച്ചിനോ വിമാനത്താവളത്തിലേക്ക്

‘ദോമൂസ് സാംക്തെ മാർത്തെ’ മന്ദിരത്തിലെ കൂടിക്കാഴ്ചാനന്തരമാണ് പാപ്പാ വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന “ലെയൊണാർദൊ ദ വിഞ്ചീ” രാജ്യാന്തര വിമാനത്താവളത്തിലേക്കു കാറിൽ യാത്രയായത്. റോമിലെ ഈ അന്താരാഷ്ട്രവിമാനത്താവളം സ്ഥലപ്പേരു ചേർത്ത് ഫ്യുമിച്ചീനൊ വിമാനത്താവളം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിമാനത്താവളം പോർത്തൊ സാന്ത റൂഫീന രൂപതാതിർത്തിക്കുള്ളിലാണ് വരുന്നത്. പ്രസ്തുത രൂപതയുടെ മെത്രാൻ ജ്യൻറീക്കൊ റൂത്സയാണ്. വിമാനത്താവളത്തിൽ എത്തിയ  പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തതിനു ശേഷം ചക്രക്കസേരയിൽ നീങ്ങുകയും വ്യാമയാനത്തിനകത്തു പ്രവേശിക്കുകയും ചെയ്തു. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇറ്റലിയുടെ “ഇത്താ എയർവേയ്സ്” (ITA Airways) വിമാനം റോമിലെ സമയം രാവിലെ 8 മണിക്ക് ലിസ്ബണിലെ ഫീഗൊ മദൂറൊ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. അപ്പോൾ ഇന്ത്യയിൽ സമയം 11.30 ആയിരുന്നു. പോർച്ചുഗലിനെ അപേക്ഷിച്ച് ഇന്ത്യ സമയത്തിൽ, ഇപ്പോൾ, 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. റോമിൽ നിന്ന് പോർച്ചുഗലിൻറെ തലസ്ഥാനനഗരിയായ ലിസ്ബണിലേക്കുള്ള വ്യോമദൂരം 1957 കിലോമീറ്ററാണ്. ഈ ദൂരം തരണം ചെയ്യുന്നതിന് നിശ്ചിത സമയം 3 മണിക്കൂറും 10 മിനിറ്റും ആണ്. 

അനുയാത്രികരായ മാദ്ധ്യമപ്രവർത്തകർക്ക് നന്ദിയോടെ 

വിമാനത്തിൽ വച്ച് പാപ്പാ ഈ യാത്രയിൽ തന്നെ അനുഗമിക്കുന്ന വിവധ രാജ്യക്കാരായ എൺപതോളം മാദ്ധ്യമ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തന്നെ അനുയാത്ര ചെയ്യുന്ന അവർക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ശുഭദൗത്യനിർവ്വഹകണം ആശംസിക്കുകയും ചെയ്തു.

പൊതുമാപ്പ് പ്രഖ്യാപിച്ച് പോർച്ചുഗലിൻറെ പ്രസിഡൻറ്

പാപ്പായുടെ ഇടയ സന്ദർശനത്തോടനുബന്ധിച്ച് പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ തടവുകാർക്ക് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഒരു പൊതുമാപ്പ് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.

ആകാശനൗകയിൽ നിന്ന് ആശംസാസന്ദേശങ്ങൾ 

ഇറ്റലി, ഫ്രാൻസ്, സപെയിൻ എന്നീ രാജ്യങ്ങളുടെ മുകളിലൂടെ ആയിരുന്നു പോർച്ചുഗലിലേക്കുള്ള പാപ്പായുടെ വിമാനയാത്ര. ഓരോ രാജ്യത്തിൻറെയും വ്യോമ പാത ഉപയോഗപ്പെടുത്തവെ പാപ്പാ അതതു രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർക്ക് ആശംസാപ്രാർത്ഥനാ സന്ദേശം അയച്ചു.

യുവജനസംഗമത്തോടനുബന്ധിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസത്താൽ പ്രേരിതരായും എഴുന്നേറ്റു മുന്നോട്ടു പോകാനുള്ള അഭിനിവേശത്തോടെയും എത്തുന്ന യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന സന്തോഷത്തോടെ പോർച്ചുഗലിലേക്കു പുറപ്പെടുന്ന വേളയിൽ താൻ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്കും ഇറ്റലിക്കാർക്കും പ്രാർത്ഥനാപൂർവ്വം സമാധാനവും സമൃദ്ധിയും ആശംസിക്കുന്നുവെന്ന് പാപ്പാ പ്രസിഡൻറ് മത്തരേല്ലയ്ക്കയച്ച ടെലെഗ്രാമിൽ അറിയിച്ചു.

തനിക്കയച്ച സന്ദേശത്തിന് പ്രസിഡൻറ് മത്തരേല്ല പാപ്പായക്ക് കൃതജ്ഞതാ ഭരിത മറുപടി സന്ദേശം അയയ്ക്കുകയും ചെയ്തു. മുപ്പത്തിയേഴാം യുവജനസംഗമത്തോടനുബന്ധിച്ചുള്ള ഈ അപ്പൊസ്തോലിക യാത്ര ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള യുവതയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സവിശേഷമായ ഒരു അവസരമാണെന്നും അവിടെ എത്തുന്ന യുവതീയുവാക്കൾ സാകല്യവും ഐക്യദാർഢ്യം വാഴുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ സന്നദ്ധയ്ക്കും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയ്ക്കും വിശ്വാസത്തിലും സൗഹൃദത്തിലും സാക്ഷ്യമേകുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവെൽ മക്രോണിനും ഫ്രഞ്ചു ജനതയ്ക്കും പാപ്പാ സമാധാനവും ക്ഷേമായ്ശ്വര്യങ്ങളും ആശംസിക്കുകയും പ്രാർത്ഥന ഉറപ്പുനല്കുയും ചെയ്തു.

സ്പെയിനിനും അന്നാട്ടുകാർക്കും പാപ്പാ പ്രശാന്തതയുടെയും ആനന്ദത്തിൻറെയും അനുഗ്രഹങ്ങൾ അന്നാടിൻറെ രാജാവ് ഫിലിപ്പ് ആറാമനയച്ച ടെലെഗ്രാം സന്ദേശത്തിൽ നേർന്നു.

ലിസ്ബണിലേക്കു സ്വാഗതം                          

പാപ്പായും അനുചരരും സഞ്ചരിച്ച വിമാനം ലിസ്ബണിലെ ഫീഗൊ മദൂറെ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പാപ്പായെ സ്വീകരിക്കുന്നതിന് അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ്പ് ഈവൊ സ്കോപൊളൊയും ഈ പേപ്പൽ യാത്രയുടെ കാര്യപരിപാടികളുടെ ചുമതലക്കാരനും വിമാനത്തിൽ കയറുകയും തുടർന്ന് പാപ്പാ ഒരു ലിഫ്റ്റു വഴി അതിൽ നിന്നിറങ്ങുകയും ചെയ്തു

താഴെ ചക്രക്കസേരയിൽ എത്തിയ പാപ്പായെ പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ (Marcelo Rebelo de Sousa) അത്യാഹ്ലാദത്തോടെ ഹസ്തദാനമേകി സ്വീകരിച്ചു. രണ്ടു കുഞ്ഞുങ്ങൾ പാപ്പായ്ക്ക് സ്നേഹത്തിൻറെയും വിശ്വസ്തതയുടെയും കരുതലിൻറെയും ഒക്കെ പ്രതീകമായി പൂച്ചെണ്ടും സമ്മാനിച്ചു. പാപ്പാ ആ കുഞ്ഞുങ്ങളോടുള്ള വാത്സല്യം പ്രകടിപ്പിക്കുകയും അവർക്ക് സമ്മാനം നല്കുകയും ചെയ്തു.

തദ്ദനന്തരം, ചക്രക്കസേരയിൽ ഇരുന്നുകൊണ്ടുതന്നെ  പാപ്പാ സൈനികോപചാരം സ്വീകരിക്കുകയും പ്രതിനിധിസംഘംങ്ങളെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് പാപ്പായും പ്രസിഡൻറും വിശിഷ്ട വ്യക്തികൾക്കുള്ള ഒരു ശാലയിലേക്കു പോകുകയും അല്പസമയം സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സ്വാഗതസ്വീകരണ ചടങ്ങുകൾക്കു ശേഷം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 7 കിലോമീറ്ററോളം അകലെയുള്ള പലോസൊ നസിയൊണാൽ ജ് ബെലേമിലേക്കു പോയി. പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയായ ഈ മന്ദിരം പതിനാറാം നൂറ്റാണ്ടിൽ മനുവേൽ പ്രഥമൻ രാജാവ് പണികഴിപ്പിച്ചതാണ്. ഈ മന്ദിരത്തിലേക്കുള്ള വാഹനാകമ്പടിയോടെ നീങ്ങുകയായിരുന്ന പാപ്പായുടെ യാത്രാവേളയിൽ പാപ്പായെ ഒരു നോക്കു കാണാൻ കഴിയുമെന്ന പ്രതിക്ഷയിൽ പാതയോരങ്ങളിൽ നിരവധി ജനങ്ങൾ കാത്തു നില്പുണ്ടായിരുന്നു.

പാപ്പാ രാഷ്ട്രപതി ഭവനിൽ

രാഷ്ട്രപതിമന്ദിരത്തിൻറെ പ്രധാന കവാടത്തിലെത്തിയ പാപ്പായെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ, ഹുവാ ജ് ബെലെയിം ചത്വരത്തിൽ വച്ചു സ്വീകരിച്ചു. ഈ ചത്വരമായിരുന്നു ഔപചാരിക സ്വാഗതസ്വീകരണ ചടങ്ങുകളുടെ വേദി. സൈനികബാൻറ് വത്തിക്കാൻറെയും പോർച്ചുഗലിൻറെയും ദേശീയ ഗാനങ്ങൾ വാദനം ചെയ്തതിനെ തുടർന്ന് പാപ്പാ സൈനികോപചാരം സ്വീകരിക്കുകയും ദേശീയ പതാകയെ വന്ദിക്കുകയും ചെയ്തു. തുടർന്ന് പാപ്പായും പ്രസിഡൻറും ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ പരിചയപ്പെട്ടു. തദ്ദനന്തരം പാപ്പായും പ്രസിഡൻറും അവിടെ നിന്ന് 200 മീറ്റർ അകലെയുള്ള രാഷ്ട്രപതിമന്ദിരത്തിലേക്ക് വെവ്വേറെ കാറുകളിൽ പോകുകയും പ്രസിഡൻറ് മർസേല്ലൊ പാപ്പായെ സ്വീകരിച്ച് അകത്തേക്കാനയിക്കുകയും ചെയ്തു.

ആദ്യം ഔദ്യോഗിക ഛായഗ്രഹണമായിരുന്നു. അതിനു ശേഷം പാപ്പാ വിശിഷ്ടവ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന ഗ്രന്ഥത്തിൽ ഏതാനും വരികൾ കുറിച്ചു. പോർച്ചുഗലിൽ താൻ പ്രത്യാശയുടെ ഒരു തീർത്ഥാടകനാണെന്നും യുവഹൃദയത്തോടുകൂടിയ ഈ നാട് സാഹോദര്യത്തിൻറെ ചക്രവാളങ്ങളുടെ ആഴങ്ങളിലേക്കു കടക്കുമെന്നും സമാഗമത്തിൻറെ നഗരമായ ലിസ്ബൺ യൂറോപ്പിൻറെയും ലോകത്തിൻറെയും വലിയ പ്രശ്നങ്ങൾക്ക് പരിഹൃതി കണ്ടെത്തുമെന്നും താൻ പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ എഴുതി. അതിനു ശേഷം   മറ്റൊരു ശാലയിലേക്കു മാറിയ പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറുകയും പ്രസിഡൻറിൻറെ മുറിയിൽ വച്ച് ഇരുവരും സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.

പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ രാഷ്ട്രപതിഭവനിൽ നിന്ന് ഒരു കിലോമീറ്ററിലേറെ അകലെയുള്ള ബെലെയിം സാസ്കാരിക കേന്ദ്രത്തിലേക്കു കാറിൽ യാത്രയായി. ഇവിടെ പാപ്പായുടെ പരിപാടി ഭരണാധികാരികൾ, മതപ്രതിനിധികൾ, പൗരസമൂഹത്തിൻറെ പ്രതിനിധികൾ നയതന്ത്രപ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ആയിരത്തിലേറെപ്പേർ അവിടെ സന്നിഹിതാരായിരുന്നു.

ഈ കേന്ദ്രത്തിലെത്തിയ പാപ്പായെ സ്വീകരിക്കാൻ പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ അവിടെ സന്നിഹിതനായിരുന്നു. ഇരുവരും ഒരുമിച്ച് വേദിയിലേക്കു നീങ്ങിയപ്പോൾ ഹർഷാരവം ഉയർന്നു. തുടർന്ന് പ്രസിഡൻറ് മർസേൽ പാപ്പായെ സ്വാഗതം ചെയ്തു. പ്രസിഡൻറിൻറെ സ്വാഗതവാക്കുകളെ തുടർന്ന് പാപ്പാ പോർച്ചുഗലിൽ തൻറെ കന്നി പ്രഭാഷണം നടത്തി. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ 11 കിലോമീറ്റർ അകലെയുള്ള അപ്പസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും മുത്താഴം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2023, 12:23