തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ, സ്വർഗ്ഗാരോപണത്തിരുന്നാൾ, 15/08/23 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ, സ്വർഗ്ഗാരോപണത്തിരുന്നാൾ, 15/08/23   (AFP or licensors)

പാപ്പാ: ദൈവസ്തുതി സന്തോഷം സവർദ്ധകമാക്കും, ഹൃദയങ്ങളെ ഉന്നമിപ്പിക്കും !

ഫ്രാൻസീസ് പാപ്പായുടെ സ്വർഗ്ഗാരോപണത്തിരുന്നാൾ മദ്ധ്യാഹ്നനപ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തെ മഹത്വപ്പെടുത്തുകയും സഹോദരങ്ങളെ സേവിക്കുകയും ചെയ്തുകൊണ്ട് ആരോഹണത്തിൻറെ പന്ഥാവാണ് ക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും പിൻചെന്നതെന്ന് മാർപ്പാപ്പാ.

പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ച ഫ്രാൻസീസ് പാപ്പാ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന വിവിധ രാജ്യക്കാരായിരുന്ന വിശ്വാസികളെ പ്രാർത്ഥനയ്ക്ക് മുമ്പ് സംബോധന ചെയ്യവെ, യേശുവിൻറെയും പരിശുദ്ധ അമ്മയുടെയും വഴിയുടെ പൊരുൾ എന്തെന്ന് വിശദീകരിക്കുകയായിരുന്നു.

ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച്, സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിലെ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, താൻ ദൈവപുത്രനെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിക്കും എന്ന മംഗളവാർത്ത ദൈവദൂതനിൽ നിന്ന് ലഭിച്ച ഉടനെ മറിയം തൻറെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കാൻ കുന്നിൻപ്രദേശത്തേക്ക് തിടുക്കത്തിൽ പുറപ്പെടുന്ന സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

കുന്നിൻപ്രദേശത്തേക്കുള്ള   ഉന്നതോന്മുഖമായ ഈ യാത്രയുടെ സവിശേഷത പരസേവനവും ദൈവസ്തുതിയും ആണെന്ന് പാപ്പാ വിശദീകരിച്ചു.

മരണത്തെ ജയിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത രണ്ടു ജീവിതങ്ങളാണ് യേശുവും മറിയവുമെന്നും ആ ജീവിതങ്ങളുടെ രഹസ്യം സേവനവും സ്തുതിയും ആണെന്നും പാപ്പാ പറഞ്ഞു.

സഹോദരങ്ങളെ സേവിക്കുന്നതിനായി നാം സ്വയം താഴ്ത്തുമ്പോൾ നാം ഉയരുകയാണ് ചെയ്യുന്നതെന്നും ജീവിതത്തെ ഉയർത്തുന്നത് സ്നേഹമാണെന്നും ഉദ്ബോധിപ്പിച്ച പാപ്പാ, സേവനം ചെയ്യുകയെന്നത് ആയാസകരമാണെങ്കിലും അത് മുകളിലേക്ക് കയറലും സ്വർഗ്ഗരാജ്യം കരസ്ഥമാക്കലുമാണെന്നും ജീവിതത്തിൽ വിവിധ തലത്തിലുള്ള സേവനങ്ങളിലടങ്ങിയിരിക്കുന്ന ബുദ്ധിമുട്ടുകൾ ഉദാഹരിച്ചുകൊണ്ട് വിശദീകരിച്ചു.

ദൈവസ്തുതിയുടെ അഭാവത്തിൽ ഈ സേവനം ഫലശൂന്യമായിപ്പോകുമെന്ന മുന്നറിയിപ്പും പാപ്പാ നല്കി.

ദൂരങ്ങൾ താണ്ടി എലിസബത്തിൻറെ പക്കലെത്തിയ മറിയം യാത്രാക്ഷീണം വകവയ്ക്കാതെ, അതിനെക്കുറിച്ചൊന്നും ഉരിയാടാതെ, കർത്താവിനെ സ്തുതിക്കയാണ് ചെയ്തതെന്നും ദൈവസ്തുതി ആനന്ദത്തെ സംവർദ്ധകമാക്കുമെന്നും അത് ഹൃദയങ്ങളെ ഉന്നതത്തിലേക്കു കൊണ്ടുപോകുന്ന സോപാനമാണെന്നും പാപ്പാ പറഞ്ഞു.     

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2023, 12:26