തിരയുക

മംഗോളിയൻ അംബാസഡറെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ മംഗോളിയൻ അംബാസഡറെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം മംഗോളിയയിൽ സമാധാനം പ്രോത്സാഹിപ്പിക്കും: മംഗോളിയൻ അംബാസഡർ

ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ സന്ദർശനം രാജ്യത്ത് മതാന്തരസംവാദങ്ങൾക്കും, ഇതരമതബഹുമാനത്തിനും, സമാധാനത്തിനും, സ്ഥിരതയ്ക്കും കൂടുതൽ പ്രോത്സാഹനമേകുമെന്ന് വത്തിക്കാനിലേക്കുള്ള മംഗോളിയൻ അംബാസഡർ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മംഗോളിയയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്രയെ താൻ ഏറെ സ്വാഗതം ചെയ്യുന്നുവെന്നും, ഇത് രാജ്യത്ത് സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്നും വത്തിക്കാനിലേക്കുള്ള മംഗോളിയൻ അംബാസഡർ ശ്രീമതി ജെരെൽമാ ദവാസുരൻ. പാപ്പാ മംഗോളിയയിലെത്തുന്നത് വഴി തങ്ങളുടെ രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ തലം, വൈവിധ്യമാർന്ന സംസ്കാരം, മതസ്വാതന്ത്ര്യം തുടങ്ങിയവ കൂടുതലായി ലോകശ്രദ്ധ നേടുമെന്നും, ഇത് രാജ്യത്തിനുള്ളിൽ ഇനിയും മതാന്തരസംവാദങ്ങൾക്ക് പ്രോത്സാഹനമേകുമെന്നും ശ്രീമതി ദവാസുരൻ കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിന് അനുവദിച്ച കൂടിക്കാഴ്ചയിൽ പറഞ്ഞു.

മറ്റു മതങ്ങളോടുള്ള ബഹുമാനം വർദ്ധിക്കുന്നതിനും, ലോകത്ത്, പ്രത്യേകിച്ച് തങ്ങളുടെ പ്രദേശത്ത് കൂടുതൽ സ്ഥിരത വളർത്തുവാനും പരിശുദ്ധ പിതാവിന്റെ സാന്നിധ്യം സഹായിക്കുമെന്നും മംഗോളിയൻ അംബാസഡർ കൂട്ടിച്ചേർത്തു.

പരിശുദ്ധ സിംഹാസനവും മംഗോളിയായും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന് മുപ്പതുവർഷങ്ങൾക്ക് ശേഷം 2022 ഡിസംബറിലാണ് ശ്രീമതി ദവാസുരൻ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. ഈ അവസരത്തിൽ മംഗോളിയയിൽനിന്ന് വത്തിക്കാനിലെത്തിയ ബുദ്ധമത പ്രതിനിധികൾക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചിരുന്നു.

ഏഷ്യയുടെ ഹൃദയഭാഗത്തുള്ള മംഗോളിയയിലേക്ക് ആദ്യമായാണ് ഒരു പാപ്പാ യാത്ര നടത്തുന്നത്.

മുപ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകൾ അധിവസിക്കുന്ന രാജ്യത്ത് ഏകദേശം രണ്ടു ശതമാനത്തോളം മാത്രമാണ് ക്രൈസ്തവജനസംഖ്യ. 2023-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 8 ഇടവകകളിലായി ഏതാണ്ട് 1500 കത്തോലിക്കരാണുള്ളത്. അൻപത്തിമൂന്ന് ശതമാനത്തോളം വരുന്ന ബുദ്ധമതമാണ് രാജ്യത്തെ ഭൂരിപക്ഷമതം.

ചരിത്രപ്രാധാന്യമുള്ള ഈ അപ്പസ്തോലികയാത്രയുടെ അവസരത്തിൽ മംഗോളിയയുടെ അയല്പക്കരാജ്യങ്ങളിൽനിന്നുള്ള വിവിധ പ്രാദേശിക കത്തോലിക്കാസഭയുടെ പ്രതിനിധികൾ എത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2023, 17:20