തിരയുക

മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ  (ANSA)

മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

2023 ആഗസ്ത് മാസം മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലുവരെയാണ് ഫ്രാൻസിസ് പാപ്പാ റഷ്യയുടെയും, ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന മംഗോളിയയിൽ, ഭരണാധികാരികളുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അപ്പസ്തോലിക സന്ദർശനം നടത്തുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കാലാവസ്ഥാ വൈരുധ്യങ്ങളുടെ നാടായ മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ 2023 ആഗസ്ത് മാസം മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലുവരെ അപ്പസ്തോലിക സന്ദർശനം നടത്തുന്നു. തന്റെ നാല്പത്തിമൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലികയാത്രയാണ് മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്.  കത്തോലിക്കർ ഏറെ കുറവുള്ള മംഗോളിയ റഷ്യയുടെയും, ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്. കത്തോലിക്കാസമൂഹത്തിൽ 1300 പേർ മാത്രമാണ് മാമോദീസ സ്വീകരിച്ചിട്ടുള്ളത്. യാത്രയുടെ വിശദവിവരങ്ങൾ തുടർ ദിവസങ്ങളിൽ അറിയിക്കുമെന്ന് വത്തിക്കാൻ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.

വേനൽ കാലത്ത് നാൽപ്പതു ഡിഗ്രിക്കു മുകളിലും,ശൈത്യ സമയത്ത് -40 ഡിഗ്രിക്ക് താഴെയും ഉള്ള മംഗോളിയ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. മൂന്നിലൊന്നു ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഈ രാജ്യം സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ആഗ്രഹം യാഥാർഥ്യമാവുകയാണ് ഈ അപ്പസ്തോലികയാത്രയിലൂടെ.

 റഷ്യയുടെയും ചൈനയുടെയും അതിർത്തിയിലുള്ള ഈ മിഷൻ രാജ്യത്തിന്റെ ഭൗമിക -രാഷ്ട്രീയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്.  ലോകത്തിന്റെ ഈ മേഖലയിൽ പാപ്പാ  പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നതും, സമാധാനത്തിനായുള്ള തന്റെ പരിശ്രമങ്ങൾക്ക് അഹിംസാത്മകവും വിവേകപൂർണ്ണവുമായ പരിഹാരങ്ങൾ കണ്ടെത്തുവാനും പാപ്പായുടെ സന്ദർശനം ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവൻ.

ലോകത്തിലെ മഹത്തായ മതങ്ങളുടെ കളിത്തൊട്ടിലായ ഏഷ്യൻ ഭൂഖണ്ഡത്തിൽ   മതാന്തര സംവാദം, സമാധാനപരമായ സഹവർത്തിത്വം, വിവിധ വിശ്വാസങ്ങളുടെ വക്താക്കൾ തമ്മിലുള്ള പരസ്പര സഹായം എന്നിവയുടെ പ്രമേയം ദൈനംദിന യാഥാർത്ഥ്യമാണെന്നും അതിനാൽ പാപ്പായുടെ സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഉലാൻ ബത്തോറിന്റെ അപ്പസ്തോലിക പ്രീഫെക്ട് കർദിനാൾ ജോർജോ മരേങ്കോ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2023, 17:04