തിരയുക

"റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ" സംഘടനയിലെ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ "റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ" സംഘടനയിലെ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

സമാധാനം സ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ക്ഷണം

സമാധാനത്തിനായി പ്രവർത്തിക്കുന്ന "റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ" എന്ന ഇറ്റാലിയൻ സംഘടനായിലെ പ്രവർത്തകരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറ്റലിയിലെ അറെസ്സോയിൽ സ്ഥാപിതമായി, സമാധാനസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന "റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ" എന്ന സംഘടനയിലെ യുവജനങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ഏവരെയും ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളിൽനിന്നുമുള്ള വിവിധ മതക്കാരായ ആളുകളെ ഒരുമിച്ചു നിറുത്തി സമാധാനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടനയിലെ കുറച്ചാളുകളെ മെയ് 31 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്യവെയാണ്, ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായി അവർ ചെയ്യുന്ന പ്രവർത്തികളെ പാപ്പാ പ്രത്യേകം പരാമർശിച്ചത്.

ഇപ്പോഴും അപലപനീയമായ രീതിയിൽ യുദ്ധം തുടരുന്ന റഷ്യ, ഉക്രൈൻ പ്രദേശങ്ങളിൽനിന്നും, മറ്റു സംഘർഷബാധിത പ്രദേശങ്ങളിൽനിന്നുമുള്ള ആളുകളും ഈ സംഘടനയുടെ ആതിഥേയത്വം ഏറ്റുവാങ്ങി സമാധാനത്തോടെയും സഹോദര്യത്തോടെയും ജീവിക്കുവാൻ തീരുമാനിച്ച് മുന്നോട്ടുപോകുന്നതിനെ പാപ്പാ അഭിനന്ദിച്ചു. ഈ മാതൃക ഏവർക്കും, പ്രത്യേകിച്ച് രാഷ്ട്രീയചുമതലകൾ വഹിക്കുന്നവർക്ക് പ്രേരണയേകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാങ്കോ വക്കാരി, അറെസ്സോ രൂപതയുടെ മെത്രാൻ അഭിവന്ദ്യ അന്ത്രെയാ മാല്യവാക്ക തുടങ്ങിയവർക്കൊപ്പമായിരുന്നു റഷ്യയിൽനിന്നും ഉക്രൈനിൽനിന്നും ഉൾപ്പെടെയുള്ള യുവജനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം വത്തിക്കാനിലെത്തിയത്.

സമാധാനത്തിന് വേണ്ടി ഇത്രയധികം പ്രവർത്തിക്കുന്ന ഫ്രാൻസിസ് പാപ്പാ തങ്ങൾക്ക് വലിയ ഒരു മാതൃകയും പ്രോത്സാഹനവുമാണെന്നും, തങ്ങളുടെ പ്രവൃത്തികളിൽ മുന്നോട്ടുപോകാൻ പാപ്പാ ആഹ്വാനം ചെയ്‌തത്‌ നിരവധി യുവജനങ്ങൾക്ക് ഉത്തേജനമേകുമെന്നും, "റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ" പ്രസിഡന്റ് വ്യക്തമാക്കി. പാപ്പായുമൊത്തുള്ള ഈ സംഗമത്തിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്നും, ഇത്, തങ്ങളുടെ പ്രവർത്തനങ്ങളെ പുഷ്ടിപ്പെടുത്തുമെന്നും ബിഷപ് അന്ത്രെയാ മാല്യവാക്ക പറഞ്ഞു. സമാധാനത്തിനായി പ്രവർത്തിക്കുന്ന ഒരു ജീവിതസാക്ഷ്യമാണ് പാപ്പായിൽ തങ്ങൾ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പീഡിപ്പിക്കപ്പെടുന്ന ഉക്രൈനുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടാൻ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ മറന്നില്ല. സഹനത്തിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്ക് സമീപസ്ഥരായിരിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തിരുന്നു. പാപ്പായുടെ ക്ഷണം സ്വീകരിച്ച്, മത്തെയോ റിച്ചിയുടെ മാതൃകയിൽ ക്രൈസ്തവസാക്ഷ്യമേകാൻ, "റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ"-യുടെ യുവജനങ്ങൾ എന്ന നിലയിൽ തങ്ങളും ശ്രമിക്കുമെന്ന്, സംഘടനയുടെ അംഗമായ ഒരു പെൺകുട്ടി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

സായുധസംഘടനങ്ങൾ കുറയ്ക്കുന്നതിനും, സംഘർഷങ്ങളെ സൃഷ്ടിപരമായ കൈകാര്യം ചെയ്‌ത്‌ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണ് റോന്തിനെ, ചിത്തദെല്ല ദെല്ല പാച്ചേ"

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:19