പാപ്പാ : വ്യവസായ സംരംഭകർ കൂടിക്കാഴ്ച സംസ്കാരത്തിൽ വ്യവസായ മാതൃകകൾ നിർമ്മിക്കണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"പൊതുനന്മ അന്വേഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന…കൂടിക്കാഴ്ചയുടെ ഒരു സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം തൊഴിൽ," പാപ്പാ പറഞ്ഞു. ലാറ്റിനമേരിക്കയിലെ ബിസിനസ് കൗൺസിലിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി വത്തിക്കാനിൽ ഇന്നലെ കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പാ.
പൊതു പ്രശ്നങ്ങളെ അഭിമുഖീകരിക്കൽ
സുവിശേഷത്താൽ നയിക്കപ്പെടുന്നതും പ്രത്യാശയിൽ അതിഷ്ഠിതവുമായ ഒരു ശൃംഖല കെട്ടിപ്പടുക്കാൻ പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ സംരംഭകരോടു അഭ്യർത്ഥിച്ചു. വാർഷിക സമ്മേളനം അഭിസംബോധന ചെയ്ത കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, സമഗ്രമായ മാനവവികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഈ പ്രശ്നങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കണ്ടെത്താൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. അതിനാൽ അവരുടെ ആശയങ്ങളുടെ പങ്കുവയ്ക്കൽ മാനവ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഒരുമിക്കാൻ സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.
കൂടിക്കാഴ്ച്ച സംസ്കാരം സൃഷ്ടിക്കുക
തൊഴിലാളികളെ അടിമകളാക്കാൻ ശ്രമിക്കുന്ന അമിത ലാഭവ്യഗ്രത ഉൾപ്പെടെ, ജോലിസ്ഥലത്ത് ഇഴയുന്ന ഏത് നിഴലിനെയും അകറ്റി നിർത്താൻ കൂടിക്കാഴ്ചയുടെ സംസ്കാരം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ബിസിനസ്സ് മാതൃകയ്ക്ക് സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
"കൂടി കാഴ്ചയുടെ ഒരു സംസ്കാരം", "പൊതുനന്മക്കായുള്ള അന്വേഷണം പ്രകടിപ്പിക്കുകയും അങ്ങനെ നിഴലുകളെ ദൂരീകരിക്കാൻ സംഭാവന ചെയ്യുകയും ചെയ്യുന്നു." പാപ്പാ പങ്കുവച്ചു. മറ്റുള്ളവരെ ബഹുമാനിക്കുന്ന ഒരു സംസ്കാരത്തിന്റെ മൂല്യങ്ങൾ പിന്നീട് മറ്റുള്ളവരെ വളർത്താനുള്ള എണ്ണമറ്റ ദൈനംദിന ത്യാഗങ്ങളിലേക്കും പരിശ്രമങ്ങളിലേക്കും വിവർത്തനം ചെയ്യപ്പെടുമെന്ന് പാപ്പാ പറഞ്ഞു.
ഓരോ തൊഴിലാളിയും കൃത്യമായ സാമ്പത്തിക ആവശ്യങ്ങളുള്ള ഒരു കുടുംബത്തെ പ്രതിനിധീകരിക്കുന്നതിനാൽ "സംഘർഷങ്ങളും പിരിച്ചുവിടലുകളുടെ വേദനയും ഒഴിവാക്കുന്നതിന്", തങ്ങളുടെ തൊഴിലാളികൾക്ക് തുടർച്ചയായ പരിശീലനവും വിദ്യാഭ്യാസവും നൽകണമെന്ന് പാപ്പാ ലാറ്റിനമേരിക്കൻ സംരംഭകരോടു അഭ്യർത്ഥിച്ചു.
മറ്റുള്ളവർക്ക് വേണ്ടി അനുദിന സേവനം
മത്സ്യത്തൊഴിലാളികളായ യേശുവിന്റെ ആദ്യ ശിഷ്യന്മാരെ നോക്കാൻ വ്യവസായികളായ സ്ത്രീ പുരുഷന്മാരെ പാപ്പാ ക്ഷണിച്ചു. ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കുന്നതിനായി അവരുടെ കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ കടലുകൾ ഉഴുതുമറിക്കാൻ അവർ പഠിച്ചതിൽ നിന്ന് ആധുനിക സംരംഭകർക്ക് പഠിക്കാൻ കഴിയുമെന്ന് പാപ്പാ പറഞ്ഞു. "നിങ്ങൾ നടത്തുന്ന സേവനം അമൂർത്തമല്ല, മറിച്ച് ഓരോ വ്യക്തിയെയും ഉദ്ദേശിച്ചുള്ളതാണ്, അതിന് ആരെയും കവച്ചുവയ്ക്കാതെയും ആരെയും വിട്ടു കളയാതെയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്." പാപ്പാ നിർദ്ദേശിച്ചു.
സമ്മേളനം റോമിൽ നടത്താനുള്ള അവരുടെ തീരുമാനം വഴി പങ്കെടുക്കുന്നവർക്ക് റോമിൽ സംസ്കരിക്കപ്പെട്ടിട്ടുള്ള പത്രോസ് ഉൾപ്പെടെയുള്ള അപ്പോസ്തലന്മാരുടെ കുഴിമാടങ്ങൾ നേരിട്ടു സന്ദർശിക്കാനുള്ള അവസരം നൽകിയെന്ന് പറഞ്ഞ പാപ്പാ, സുവിശേഷത്തിന്റെ വെളിച്ചത്തിൽ ദൈനംദിന സാക്ഷ്യം നൽകി കൊണ്ട് തങ്ങളുടെ പരിസരങ്ങളെ രൂപാന്തരപ്പെടുത്തിയ എല്ലാ കാലങ്ങളിലുമുള്ള കർത്താവിന്റെ അനേകം ശിഷ്യന്മാരുടെ കാൽപ്പാടുകൾ റോമിൽ കാണാം എന്നും കൂട്ടിച്ചേർത്തു.
സുവിശേഷത്തിന്റെ ദിശാമാപിനി
ക്രൈസ്തവരായ വ്യവസായ സംരംഭകർ സുവിശേഷത്തിന്റെ ദിശാബോധവും പ്രത്യാശയുടെ വരവും ആസ്വദിക്കുന്നതിനാൽ ദൈവം നമ്മെ നയിക്കുമെന്നും കൂടെ സഞ്ചരിക്കുമെന്ന വിശ്വാസത്തിൽ ശരിയായി യാത്ര ചെയ്യാനാമെന്നു പങ്കുവച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: