തിരയുക

ബനഡിക്ട് പതിനാറാമനും, ഫ്രാൻസിസ് പാപ്പായും. ബനഡിക്ട് പതിനാറാമനും, ഫ്രാൻസിസ് പാപ്പായും.  

കർദ്ദിനാൾ ഹെറാൻസിന്റെ 'രണ്ടു പാപ്പാമാർ ' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പായുടെ ആമുഖം

കർദ്ദിനാൾ ഹെറാൻസ് ബനഡിക്ട് പതിനാറാമനെക്കുറിച്ചും ഫ്രാൻസിസ് പാപ്പായെക്കുറിച്ചുമുള്ള തന്റെ ഓർമ്മകൾ പ്രസിദ്ധീകരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"അവരുടെ പുണ്യങ്ങൾ കൊണ്ട് എന്നെ പ്രചോദിപ്പിക്കുകയും വ്യക്തിപരമായ സൗഹൃദം കൊണ്ട് എന്നെ ആദരിക്കുകയും ചെയ്തു"വെന്ന് രേഖപ്പെടുത്തിക്കൊണ്ടു "രണ്ടു പാപ്പാമാർ" (Two Popes) എന്ന തന്റെ പുതിയ പുസ്തകത്തിൽ ബനഡിക്ട് പതിനാറാമൻ പാപ്പായെയും, ഫ്രാൻസിസ് പാപ്പായെയും കുറിച്ചുള്ള തന്റെ ഓർമ്മകൾ കർദ്ദിനാൾ ഹെറാൻസ് പ്രസിദ്ധീകരിച്ചു. പുസ്തകത്തിനെഴുതിയ ആമുഖത്തിൽ ഫ്രാൻസിസ് പാപ്പാ സഭയ്ക്ക് നൽകിയ സേവനത്തിന് കർദ്ദിനാളിന് നന്ദി പറഞ്ഞു.

“Dos Papa” (രണ്ടു പാപ്പാമാർ) എന്ന ഗ്രന്ഥത്തിൽ കർദ്ദിനാൾ ഹൂലിയൻ ഹെറൻസ് കസാദോ തന്റെ ഓർമ്മകളും ബനഡിക്ട് പതിനാറാമനും ഫ്രാൻസിസ് പാപ്പായും ഒത്തുള്ള അനുഭവങ്ങളും,സഭയുടെ ഈയടുത്ത ദശകങ്ങളിലെ യാത്രയെക്കുറിച്ചുള്ള സ്വന്തം സാക്ഷ്യവും പങ്കുവയ്ക്കുകയാണ്.

സഭാ മാതാവിനോടും പരിശുദ്ധ പിതാവിനോടുമുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട്, കർദ്ദിനാൾ ഹെരൻസ്, പത്രോസിന്റെ പിൻഗാമിയുടെ മഹത്വവും വെല്ലുവിളികളും എഴുതുന്നു. റോമൻ കൂരിയയുടെ അച്ചടക്ക കമ്മീഷന്റെ യും നിയമഗ്രന്ഥങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രസിഡണ്ട് എമിരിത്തൂസ് ആണ് കർദ്ദിനാൾ ഹൂലിയൻ ഹെറൻസ് കസാദോ.

സ്വന്തം കൈപ്പടയിൽ പുസ്തകത്തിനെഴുതിയ ആമുഖത്തിൽ ഫ്രാൻസിസ് പാപ്പാ കർദ്ദിനാളിന്റെ പുസ്തകത്തിനും അതിനായി നടത്തിയ പ്രയത്നങ്ങൾക്കും  നന്ദി പറയുകയും അദ്ദേഹത്തിന്റെ ഓർമ്മ ശക്തിയെയും പ്രായത്തിൽ കാണുന്ന യുവത്വത്തേയും അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തെ  "സഭാ പുരുഷനെന്നും സഭാ ഹൃദയമുള്ള ഒരാൾ " എന്നുമാണ്  ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചത്.  ആമുഖത്തിൽ  കോൺക്ലാവിൽ വച്ച് കർദ്ദിനാളുമായി കണ്ടു മുട്ടിയതും ഒരുമിച്ച് ഭക്ഷിച്ചതും സഭയെക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ ചിന്തകൾ കേട്ട് ഫ്രാൻസിസ് പാപ്പാക്കും കർദ്ദിനാൾ ഹ്യുമെസ്സിനും കർദ്ദിനാൾ ഹെരൻസിന്റെ സഭാ സ്നേഹത്തെക്കുറിച്ച് അഭിമാനം തോന്നിയതും  ഫ്രാൻസിസ് പാപ്പാ പങ്കുവയ്ക്കുന്നു.

21 അദ്ധ്യായങ്ങളിൽ ബനഡിക്ട് പാപ്പായുടേയും ഫ്രാൻസിസ് പാപ്പായുടെയും കാലഘട്ടം വിവരിക്കുക മാത്രമല്ല തന്റെ ജീവിതത്തെ സ്വാധീനിച്ച തനിക്ക് സേവനം ചെയ്യാൻ കഴിഞ്ഞ  മറ്റു പാപ്പാമാരെക്കുറിച്ചും കർദ്ദിനാൾ എഴുതുന്നുണ്ട്. പുസ്തകത്തിൽ പ്രതിപാദിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളിൽ വിവാദങ്ങളായ വാറ്റിലീക്സ്, ലൈംഗിക പീഡനം, നവീകരണങ്ങൾ, പാപ്പായുടെ രാജിയും അത്യുന്നത പരിശുദ്ധ പിതാവിനോടു കാണിക്കുന്ന വിദ്വേഷവും ഉൾപ്പെടുന്നു. 1960 മുതൽ ഇന്നുവരെ വത്തിക്കാനിൽ പാപ്പാമാരെ, പ്രത്യേകിച്ച് അവസാനത്തെ രണ്ടു പേരെ സേവിക്കുവാൻ സങ്കൽപ്പിക്കാനാവാത്ത ഭാഗ്യം തനിക്കുണ്ടായതിനെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു പാപ്പാമാർ: നസ്രത്തുകാരനായ യേശുവിന്റെ മുഖം

രണ്ടു പാപ്പാമാരും നസ്രത്തുകാരനായ യേശുവിന്റെ കരുണാർദ്രമായ മുഖവും സന്തോഷമുള്ള പ്രബോധനങ്ങളും പ്രതിഫലിപ്പിക്കുന്നുവെന്ന് വളരെ പ്രത്യേകമായ വിധത്തിൽ കർദ്ദിനാൾ വിവരിക്കുന്നു. എതിർ പ്രത്യയശാസ്ത്രങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ സാമൂഹിക-രാഷ്ട്രീയ താല്പര്യങ്ങൾ കൊണ്ടോ ചിലർ പെരുക്കി കാണിക്കുന്ന സാങ്കൽപികമായ സൈദ്ധാന്തിക വൈജാത്യം കണക്കാക്കാതെ   ഇരുവരും, അവരുടെതായ തനിമയിൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രവർത്തികമാക്കാൻ ശ്രമിച്ചു എന്ന് കർദ്ദിനാൾ എഴുതുന്നു.

21 ആം നൂറ്റാണ്ടിലെ സഭാപിതാവിനെ പോലെയാണ്  ബനഡിക്ട്  പതിനാറാമൻ പാപ്പായെന്ന് വിശേഷിപ്പിച്ചു കൊണ്ടു അദ്ദേഹത്തിന്റെ ബൗദ്ധികവും അജപാലന വൈഭവവും കർദ്ദിനാൾ വിവരിക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പായുടേയും ഫ്രാൻസിസ് പാപ്പയുടേയും പ്രബോധനങ്ങൾ തമ്മിലുള്ള സാമീപ്യവും തുടർച്ചയും കർദ്ദിനാൾ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. എല്ലാറ്റിലുമുപരി ലൗദാത്തൊസിയിലും, ഫ്രത്തേലി തൂത്തി യിലും ഫ്രാൻസിസ് പാപ്പായിൽ ബനഡിക്ട് പാപ്പായുടെ സംവേദനക്ഷമതയും ഉത്കണ്ഠയും പ്രതിധ്വനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ  കാണുന്ന പൈശാചികമായ "കായേനിസം" കൊണ്ടുവരുന്ന "അശുദ്ധ യുദ്ധ"ങ്ങളുടെ മുന്നിൽ (യുക്രെയ്നിലെയും, മറ്റ് സ്ഥലങ്ങളിലെയും)ഫ്രാൻസിസ് പാപ്പായുടെ വലിയ ദു:ഖം അദ്ദേഹത്തിന്റെ സമാധാനത്തിനായുള്ള അപാരമായ ഉത്കണ്ഠയും സമർപ്പണവുമാണ് കാണിക്കുന്നതെന്നും കർദ്ദിനാൾ എഴുതുന്നു. ഫ്രാൻസിസ് പാപ്പായുമായുള്ള വ്യക്തിപരമായ ഇടപെടലുകളിലും കൂടിക്കാഴ്ചകളിലും പാപ്പാ പ്രത്യേകമായി പ്രകടിപ്പിക്കുന്ന  ദൈവസ്നേഹം കർദ്ദിനാൾ അത്ഭുതത്തോടെ വിവരിക്കുന്നുണ്ടു. ഉദാഹരണമായി ലാംപെദൂസായിലെ കുടിയേറ്റക്കാരുടെ ബോട്ടപകടം നടന്നയിടത്തേക്ക് നടത്തിയ യാത്ര ഒരു രാജ്യത്തിന്റെ തലവനായല്ല, ദരിദ്രർക്കുള്ള സേവനത്തിന് മുൻഗണ നൽകി, സമാധാനമില്ലാതെയും തൊഴിലില്ലാതെയും വേട്ടയാടപ്പെടുന്ന അനേക ക്രിസ്തുമാരുടെ ഒപ്പം സഹിക്കുന്ന ക്രിസ്തുവിന്റെ വികാരിയായിട്ടായിരുന്നുവെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2023, 14:39