സ്വാഗതം ചെയ്യുക, സാമീപ്യം ഉളവാക്കുക ലോകത്തിന് ഏറെ ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവികജ്ഞാനത്തെക്കാൾ ലോകത്തിൻറെ ജ്ഞാനത്തിന് പ്രാധാന്യം കല്പിക്കുന്നതാണ് സഭയെയും സമൂഹത്തെയും അലട്ടുന്ന വെല്ലുവിളികൾക്ക് കാരണമെന്ന് മാർപ്പാപ്പാ.
യുക്തിവാദികളുടെയും സ്വാതന്ത്ര്യവാദികളുടെയും ഒരു യുഗത്തിൽ ഉയർന്ന വെല്ലുവിളികൾക്കു മുന്നിൽ വിശുദ്ധ ലുയീ മരീ ദ് ഗ്രിഞ്ഞോൺ മോംഫോർട്ട് സധൈര്യം രചനാത്മകമായി സുവിശേഷപ്രഘോഷണം തീവ്രതരമാക്കിയെന്നും അദ്ദേം സ്ഥാപിച്ച മോൺഫോർട്ട് പ്രേഷിതർ എന്നറിയപ്പെടുന്ന മറിയത്തിൻറെ കൂട്ടായ്മ എന്ന സന്ന്യാസസമൂഹത്തിൻറെ മുപ്പത്തിയെട്ടാം പൊതുയോഗത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരെ ശനിയാഴ്ച (20/05/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവെ ഫ്രാൻസീസ് പാപ്പാ പറഞ്ഞു.
“ദൈവത്തിനും മനുഷ്യരാശിക്കും വേണ്ടി സാഹസം കാട്ടാൻ ധൈര്യപ്പെടുക. നമ്മുടെ സൃഷ്ടിപരമായ വിശ്വസ്തത” എന്ന ആദർശപ്രമേയം ഈ പൊതുയോഗം സ്വീകരിച്ചത് പ്രത്യേകം അനുസ്മരിച്ച പാപ്പാ ഇത് വിശുദ്ധ ലുയീ മരിയയെ നയിച്ചിരുന്ന മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു.
പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലുടെ അദ്ദേഹം യഥാർത്ഥ ജ്ഞാനത്തോടുള്ള സ്നേഹം പരിപോഷിപ്പിക്കുന്നത് അവിരാമം മരണം വരെ തുടർന്നുവെന്ന് പാപ്പാ അനുസ്മിരച്ചു. ഇന്നും, അജപാലന വെല്ലുവിളികൾ കുറവല്ലയെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ അവരവരുടെ കൊച്ചുലോകത്ത് സ്വയം അടച്ചിടുന്ന വ്യക്തിവാദം, എല്ലാ തിരഞ്ഞെടുപ്പുകളുടെയും മാനദണ്ഡം ആനന്ദമോ വ്യക്തിഗത നേട്ടമോ ഉണ്ടാക്കുന്ന ആപേക്ഷികവാദവും സുഖഭോഗവാദവും, സമ്പന്നരുടെ ഹൃദയങ്ങളെ വരണ്ടതാക്കുകയും അന്യായം സൃഷ്ടിക്കുകയും ദരിദ്രരെബലിയാടുകളാക്കുന്ന അസമത്വങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന ഉപഭോക്തൃ സ്വാർത്ഥത എന്നിവ ഉദാഹരണങ്ങളായി നിരത്തി.
സ്വാഗതം ചെയ്യുകയും സാമീപ്യം ഉളവാക്കുകയും ചെയ്യുന്നതായ അവസ്ഥ ഇന്ന് ലോകത്തിന് ഏറെ ആവശ്യമായിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ പൊറുക്കാനും സംഭാഷണത്തിലേർപ്പെടാനും സ്വാഗതം ചെയ്യാനും നരകുലം മുഴുവൻറെയും സമാധാനത്തിനായി പ്രവർത്തിക്കാനും പരിശുദ്ധ മറിയം സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: