തിരയുക

പാപ്പാ: വിനയവും നീതിയും സമാധാനവുമാണ് അറിവ്

ഹങ്കറിയിലെ അക്കാഡമിക് വിദഗ്ദ്ധരോടു സംസാരിച്ചപ്പോൾ പാപ്പാ നൽകിയ സന്ദേശം.

സി. റൂബിനി  ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തന്റെ അപ്പസ്തോലിക യാത്രയിലെ ഏറ്റവും അവസാനത്തെ പരസ്യ പരിപാടിയായി ഹങ്കറിയിലെ ഉന്നത വിദ്യാഭ്യാസ ശ്രേണിയിലുള്ളവരേയും ശാസ്ത്രജ്ഞരേയും അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ അവരോടു എപ്പോഴും എളിമയുള്ളവരായിരിക്കാനും വിജ്ഞാനം സത്യമാണെന്നും സത്യം സ്വാതന്ത്ര്യമാണെന്നും ഓർമ്മിക്കാനും അഭ്യർത്ഥിച്ചു.

പീറ്റർ പാസ്മേനി കത്തോലിക്കാ സർവ്വകലാശാലയിലായിരുന്നു പാപ്പായുടെ ഹങ്കറി സന്ദർശനത്തിന്റെ അവസാന സമ്മേളനം. അവിടെ ഹങ്കറിയുടെ അക്കാഡമിക് വിദഗ്ദ്ധരും സാംസ്കാരിക വക്താക്കളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

യാഥാർത്ഥ്യങ്ങളുടെ  മണ്ണിൽ വേരുപാകി നല്ല ഫലം പുറപ്പെടവിക്കുന്ന വിത്തുകൾ നിരന്തരം  നട്ടുപിടിപ്പിക്കുന്നതാണ് അറിവ് സമ്പാദിക്കൽ എന്ന് പറഞ്ഞു കൊണ്ട് അറിവ് നേടുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു പാപ്പായുടെ പ്രസംഗം.

"വലിയ ബുദ്ധിശാലിയും ആഴമാർന്ന വിശ്വാസത്തിന്റെ ഉടമയു"മായിരുന്ന റോമാനോ ഗ്വർദീനിയെ അനുസ്മരിച്ച പാപ്പാ അദ്ദേഹം  മുന്നോട്ട് വച്ച അറിവിന്റെ രണ്ടു തരം മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്ന് സേവനംകൊണ്ട് ഭരിക്കുകയും, സ്വാഭാവിക സാധ്യതകളിലൂടെ സൃഷ്ടിച്ചെടുക്കുകയും, നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധികൾ ലംഘിക്കാത്തതുമായ സൗമ്യമായ ബന്ധങ്ങളിലൂടെ നേടുന്ന വിജ്ഞാനവും വൈദഗ്ദ്ധ്യവുമാണ്. മറ്റേത് പരിശോധിക്കലല്ല മറിച്ച് വിശകലനം ചെയ്യുന്നതാണെന്ന് ഗ്വർദീനി വിശദീകരിച്ചതും പാപ്പാ പറഞ്ഞു.

യന്ത്രങ്ങൾ

ഈ രണ്ടാമത്തെ തരം അറിവിന്റെ രൂപത്തിൽ വസ്തുക്കളും ഊർജ്ജവും ഒരേ ഒരു ലക്ഷ്യത്തിലേക്കാണ് നയിക്കപ്പെടുന്നത്:  യന്ത്രത്തിലേക്ക്. അതിന്റെ ഫലമായി ജീവിക്കുന്ന മനുഷ്യരെ നിയന്ത്രിക്കുന്ന ഒരു സാങ്കേതികത വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയെ ഗ്വർദീനി പൈശാചികവൽക്കരിച്ചില്ല എന്നു സൂചിപ്പിച്ച ഫ്രാൻസിസ് പാപ്പാ മറിച്ച്, ജീവിത നിലവാരവും ആശയ വിനിമയവും ഉയർത്തുകയും പല നേട്ടങ്ങൾ കൊണ്ടുവരുകയും ചെയ്യുന്ന സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിതത്തിന്റെ മേൽ ആധിപത്യം പുലർത്തിയില്ലെങ്കിൽ തന്നെയും, അതിനെ  അവ നിയന്ത്രിച്ചേക്കാം എന്ന മുന്നറിയിപ്പു നൽകി. ഇത്തരം ഭീഷണി മുന്നിൽ കണ്ട ഗ്വർദീനി ഈ വ്യവസ്ഥിതിയിൽ ജീവന് അതിന്റെ ജീവസ്വഭാവം നിലനിർത്താൻ കഴിയുമോ എന്ന ചോദ്യം നൽകിക്കൊണ്ട് കടന്നു പോയി.

സമകാലിക യാഥാർത്ഥ്യം

ഗ്വർദീനി മുൻകൂട്ടിക്കണ്ട പലതും ഇന് നമുക്ക് വ്യക്തമാണ് എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. പാരിസ്ഥിതിക പ്രതിസന്ധി, ധാർമ്മിക അതിർവരമ്പുകളുടെ അഭാവം, സ്വന്തം അവശ്യങ്ങളിൽ മാത്രം മുഴുകി ലാഭത്തിനും അധികാരത്തിനുമുള്ള ആർത്തിമൂത്ത് വ്യക്തിയിൽ ശ്രദ്ധിക്കാനുള്ള നമ്മുടെ പ്രവണതയ്ക്ക് നേരിടുന്ന കുറവുമൂലം വരുന്ന അന്യവൽക്കരണം, ഉൽക്കണ്ഠ എന്നിവ കേവലം അസ്തിത്വമായ പ്രതിസന്ധികളല്ല മറിച്ച് സാമൂഹിക പ്രശ്നങ്ങളാണ് എന്ന്  പാപ്പാ പറഞ്ഞു.

പിന്നീട് റോബർട്ട് ഹഗ് ബെൻസണിന്റെ "The Lord of the World"  എന്ന നോവൽ ഉദ്ധരിച്ച പരിശുദ്ധ പിതാവ് പുരോഗതിയുടെ പേരിൽ വൈവിധ്യങ്ങളെ എല്ലാം നീക്കി എല്ലാം സുഗമവും ഏകീകൃതവുമാക്കി, ജനങ്ങളുടെ തനതായ സവിശേഷതകൾ അടിച്ചമർത്തിയും മതങ്ങളെ ഇല്ലാതാക്കിയും കൊണ്ട്  യന്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന  ഭാവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഒരു പരിധിവരെ പ്രവാചികമായ ഒന്നാണെന്നും പാപ്പാ വിവരിച്ചു.

യഥാർത്ഥ ബുദ്ധി എളിമ ഉൾക്കൊള്ളുന്നത്

സത്യമായ ബുദ്ധിജീവികൾ യഥാർത്ഥത്തിൽ എളിമയുള്ളവരാണ് എന്ന് ഫ്രാൻസിസ്  പാപ്പാ ഊന്നിപ്പറഞ്ഞു. തുറവുള്ളവരായിരിക്കാനും സമ്പർക്കമുള്ളവരായിരിക്കാനുമുള്ള കടമ മനസ്സിലാക്കുന്ന അവർ ഒരിക്കലും വിട്ടുവീഴ്ചയില്ലാത്തവരോ യുദ്ധ പോരാട്ട വീര്യമുള്ളവരോ ആയിരിക്കില്ല എന്ന് പാപ്പാ വിശദീകരിച്ചു. സംസ്കാരത്തിന്റെ സ്നേഹിതരും ആരോഗ്യപരമായ  ആന്തരീക അസ്വസ്ഥത അനുഭവിക്കുന്നവരുമായ  അവർ സത്യത്തിൽ പൂർണ്ണമായി സംതൃപ്തരായിരിക്കില്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു.

സത്യം സ്വാതന്ത്ര്യമാണ്

"സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന യേശുവിന്റെ വാക്കുകളെ പ്രതിധ്വനിപ്പിച്ചുകൊണ്ടാണ് അവർക്കുള്ള സന്ദേശത്തിന്റെ അവസാനത്തെ ഭാഗത്തേക്ക്  ഫ്രാൻസിസ് പാപ്പാ പ്രവേശിച്ചത്. സത്യം ഇതാണെന്ന് സ്വയം അടിച്ചേൽപ്പിച്ച പല പ്രത്യയശാസ്ത്രങ്ങളുടെ പിൻതുടർച്ച കണ്ടതാണ് ഹങ്കറി എങ്കിലും സ്വാതന്ത്ര്യം നൽകുന്നതിൽ പരാജയപ്പെട്ടു എന്ന് സൂചിപ്പിച്ച പാപ്പാ ഈ ഒരു അപകടസാധ്യത ഇന്നും നിലനിൽക്കുന്നുവെന്നും അതിനോടു ചേർത്തുവച്ചു. കമ്യൂണിസത്തിൽ നിന്ന് ഉപഭോക്തൃ വാദത്തിലേക്കുള്ള മാറ്റം ചിന്തകൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ വഴി ഒന്നിനും അതിരുകളില്ല എന്ന രീതിയിലെത്താൻ എന്ത് എളുപ്പമാണെന്ന കാര്യം പാപ്പാ ചൂണ്ടിക്കാണിച്ചു.

യേശു മുന്നോട്ടുള്ള ഒരു വഴി കാണിച്ചുതരുന്നു. നമ്മുടെ സങ്കുചിത്വങ്ങളിൽ നിന്നും അഭിനിവേശങ്ങളിൽ നിന്നും സത്യം തമ്മെ സ്വതന്ത്രരാക്കുമെന്ന് യേശു പറയുന്നു. ഈ സത്യത്തിലെത്താനുള്ള താക്കോൽ സ്നേഹത്തിൽ നിന്ന് ഒരിക്കലും വേർപിരിക്കാത്ത, പരസ്പര ബന്ധിതവും  എളിമയും തുറവുമുള്ളതും മൂർത്തവും സാമൂഹികവും ധീരവും സൃഷ്ടിപരവുമായ ഒരു അറിവിന്റെ രൂപമാണ്, പാപ്പാ പറഞ്ഞു. സർവ്വകലാശാലകൾ ഇത്തരം ഒരു പരസ്പരബന്ധിത രൂപത്തിലുള്ള അറിവ് വളർത്താൻ വിളിക്കപ്പെട്ടതാണെന്നും പാപ്പാ എടുത്തു പറഞ്ഞു. എല്ലാ സർവ്വകലാശാലകളും സാർവത്രികതയുടേയും സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും ഫലപ്രദമായ ശിൽപശാലകളും പ്രതീക്ഷയുടെ പരീക്ഷണഗൃഹങ്ങളുമായിരിക്കട്ടെ എന്ന പ്രത്യാശ പങ്കുവച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2023, 12:35