തിരയുക

അന്താരാഷ്ട്ര കാരിത്താസിന്റെ പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവർ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. അന്താരാഷ്ട്ര കാരിത്താസിന്റെ പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവർ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.   (Vatican Media)

പാപ്പാ: ഉപവി പ്രവർത്തനങ്ങളിൽ ദൈവസ്നേഹം പങ്കു വയ്ക്കുന്നത് തുടരുക

അന്താരാഷ്ട്ര കാരിത്താസിന്റെ പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവർ മെയ് പതിനൊന്നാം തിയതി വ്യാഴാഴ്ച വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ ലോകമെമ്പാടുമുള്ള കാരിത്താസ് സംഘടനയുടെ അശ്രാന്തമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കത്തോലിക്കാ ദുരിതാശ്വാസ ഏജൻസികളുടെ സംഖ്യത്തിനും പാപ്പാ നന്ദി അർപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തന്നെ സാന്നിധ്യമുള്ള അന്താരാഷ്ട്ര കാരിത്താസ് ഏറ്റവും താഴേക്കിടയിലുള്ളവർക്കായി പ്രവർത്തിക്കുന്ന 160- ലധികം സംഘടനകളുടെ കൂട്ടായ്മയാണ്. കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചോദനമുൾക്കൊണ്ട് ജാതി മത വ്യത്യാസമില്ലാതെ ദരിദ്രർ, ദുർബ്ബലർ, പുറന്തള്ളപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തി നീതിയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ലോകം പണുതുയർത്താൻ ഈ സംഘടന സഹായിക്കുന്നു.

പാപ്പയുമായി മെയ് പതിനൊന്നാം തിയതി നടന്ന കൂടിക്കാഴ്ചയിൽ ആഗോളതലത്തിൽ അവർ ചെയ്യുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളെ പാപ്പാ പ്രശംസിച്ചു. അവർ സ്നേഹത്തിലധിഷ്ടിതമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആവർത്തനമാണെന്ന് പാപ്പാ പറഞ്ഞു.നമ്മുടെ എല്ലാ ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങളുടെയും ഉത്ഭവം ക്രിസ്തു തന്നെയാണെന്ന് മറക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ദൈവ സ്നേഹത്തിന്റെ ഉപകരണങ്ങൾ

ദൈവസ്നേഹത്തിന്റെ അടയാളവും  ഉപകരണവുമായിക്കൊണ്ട് നമുക്ക് ഓരോരുത്തർക്കും നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം  മറ്റുള്ളവർക്ക് പകർന്നു നൽകാൻ  കഴിയും എന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ സ്നേഹത്തിനു പ്രത്യുത്തരമായി നാം സ്വയം മറ്റുള്ളവർക്ക് ഒരു ദാനമായി മാറുകയും നമുക്ക് ലഭിച്ചത് എല്ലാം മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നതിലൂടെയല്ലാതെ ദിവ്യകാരുണ്യത്തിന്റെ അർത്ഥം നാം മനസ്സിലാക്കുന്നുവെന്ന് ദൈവത്തെ കാണിക്കാൻ മറ്റൊരു നല്ല മാർഗ്ഗമില്ല എന്നും പാപ്പാ പറഞ്ഞു. അന്തർദേശിയ കാരിത്താസിന്റെ സ്വത്വം അതിന് ലഭിച്ച ദൗത്യത്തോടു നേരിട്ട് ആശ്രയിച്ചിരിക്കുന്നുവെന്നതിനാൽ ദൈവ സ്നേഹത്തിന്റെ ഉറവിടത്തിലേക്ക് മടങ്ങാൻ പാപ്പാ ആഹ്വാനം ചെയ്തു. നാം ദൈവസ്നേഹത്തെ പുണരുകയും അവനിൽ പരസ്പരം സ്നേഹിക്കുകയും ചെയ്യുമ്പോൾ വ്യക്തികൾ എന്ന നിലയിലും സഭ എന്ന നിലയിലും നമ്മുടെ അസ്ഥിത്വത്തിന്റെ അർത്ഥവും നമ്മുടെ സ്വത്വത്തിന്റെ ആഴങ്ങളുമാണ് നാം കണ്ടെത്തുന്നത് എന്ന് പാപ്പാ വിശദീകരിച്ചു.

ദിവ്യകാരുണ്യം

ദിവ്യകാരുണ്യം എങ്ങനെയാണ് അവർക്ക് ശക്തിപകരുന്നത് എന്ന് തന്റെ സന്ദേശത്തിൽ വിവരിച്ച പാപ്പാ  നമുക്ക് വേണ്ടിയും  നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും ദൈവം ചെയ്തവയെല്ലാം ദാനമായി  സ്വീകരിക്കാൻ നമ്മെ വിളിക്കുന്ന ദിവ്യകാരുണ്യം നമുക്ക് വേണ്ടിയുള്ളതാണെന്നും നമ്മുടെ യാത്രയിൽ നമ്മെ താങ്ങുകയും തളർച്ചയിൽ ഉന്മേഷം നൽകുന്നതും വീഴ്ചയിൽ നമ്മെ ഉയർത്തുന്നതുമായ ഭക്ഷണപാനീയങ്ങളാണെന്ന് ഓർമ്മിപ്പിച്ചു. സ്നേഹത്താൽ ക്രിസ്തു തന്നെതന്നെ രൂപാന്തരപ്പെടുത്തിയ നിരുപാധികവും അതിസമ്പന്നവുമായ ഈ ദാനത്തിന്റെ മുന്നിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നാം സ്വയം ചോദിക്കണമെന്നും പാപ്പാ പങ്കുവെച്ചു.

സ്നേഹവും ഉപവി പ്രവർത്തനവും

ഔദാര്യത്തിന്റെ വീരോചിതമായ പ്രവർത്തികളും പട്ടിണിയിൽ കിടക്കുന്നവരെ സഹായിക്കാൻ തനിക്കുള്ളതെല്ലാം വിട്ടുകൊടുക്കുന്നതുപോലുള്ള ഏറ്റവും അസാധാരണമായ പ്രവർത്തികൾ പോലും, സ്നേഹം കൂടാതെ ചെയ്താൽ ഒരു പ്രയോജനമുണ്ടാവില്ലെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

സ്നേഹം നമ്മുടെ കണ്ണുകൾ തുറക്കുകയും നമ്മുടെ നോട്ടത്തെ വിപുലമാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ പാപ്പാ നമ്മുടെ പാത മുറിച്ചു കടക്കുന്ന അപരിചതനിൽ പേരും ചരിത്രവുമുള്ള ഒരു സഹോദരന്റെ, ഒരു സഹോദരിയുടെ മുഖം തിരിച്ചറിയാൻ നമ്മെ ഇടയാക്കുന്നുവെന്നും അവരുടെ ദുരന്തത്തോടു നിസ്സംഗതരായിരിക്കാൻ കഴിയാത്തവരാക്കുന്നു എന്നും ഓർമ്മപ്പെടുത്തി.

ദൈവസ്നേഹത്തിന്റെ വെളിച്ചത്തിൽ അപരന്റെ യാഥാർത്ഥ്യങ്ങൾ നിഴലിൽ നിന്ന് തെളിച്ചത്തിലേക്കു വരികയും നിരർത്ഥതയിൽ നിന്ന് അർത്ഥം കൈവരിക്കയും നമ്മുടെ അയൽക്കാരന്റെ ആവശ്യങ്ങൾ നമ്മെ വെല്ലുവിളിക്കുകയും, നമ്മെ ബുദ്ധിമുട്ടിക്കുകയും നമ്മിൽ ഉത്തരവാദിത്വബോധം  ഉണർത്തുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

മനോഭാവം പ്രാധാന്യം അർഹിക്കുന്നു.

യഥാർത്ഥ സ്നേഹത്തെ കുറിച്ചുള്ള വിശുദ്ധ പൗലോസിന്റെ വചനങ്ങളെ അനുസ്മരിപ്പിച്ച പാപ്പാ  മറ്റുള്ളവർക്കിടം നൽകേണ്ടതും നമ്മുടെ മനോഭാവത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതും ആവശ്യമാണെന്നും പറഞ്ഞു. ഒരു ക്രിസ്ത്യാനി സ്നേഹത്തിലാണോ ജീവിക്കുന്നതെന്നറിയാൻ മുഖത്തു പുഞ്ചിരിയോടെ, സൗജന്യമായി, പിറുപിറുക്കാതെ മറ്റുള്ളവരെ സഹായിക്കാൻ അവൻ സന്നദ്ധനാണോ എന്ന് അടുത്തുചെന്നു നോക്കിയാൽ മതി എന്ന് പാപ്പാ പറഞ്ഞു.

സ്നേഹം ക്ഷമയാണെന്ന് പറഞ്ഞ വിശുദ്ധ പൗലോസിന്റെ വാക്കുകളെ വീണ്ടും ഓർമ്മപ്പെടുത്തികൊണ്ട് ക്ഷമ  അപ്രതീക്ഷിതമായ പരീക്ഷണങ്ങളും ദൈനംദിന ജോലികളും സന്തോഷവും ദൈവത്തിലുള്ള വിശ്വാസവും നഷ്ടപ്പെടുത്താതെ സഹിക്കാനുള്ള കഴിവാണെന്ന് അനുസ്മരിച്ചു. കാരണം അത് ആത്മാവിന്റെ സാവധാനത്തിലുള്ള പ്രയത്നമാണ്. അതിലൂടെ നാം നമ്മെത്തന്നെ കീഴടക്കാനും നമ്മുടെ പരിമിതികൾ അംഗീകരിക്കാനും പഠിക്കുന്നു. സാർവ്വത്രിക സഭയുമായി ചേർന്ന് വിതയ്ക്കാനും  നന്മ പ്രവർത്തികളിലൂടെ സുവിശേഷം പ്രഘോഷിക്കുവാനും പരിശുദ്ധ പിതാവ് അവരെ ഉദ്ബോധിപ്പിച്ചു. പ്രദേശിക സഭകളെ അജപാലക സ്നേഹത്തിന്റെ പ്രതിബദ്ധതയിൽ സജീവമാക്കാനും ഐക്യത്തിന്റെ സാക്ഷികളാകാനും പാപ്പാ അവരോടു ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2023, 11:13