തിരയുക

ബംഗ്ലാദേശ്, സിറിയ, ഗാംബിയ, ഐസ്ലാലാൻറ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങൾ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ, 13/05/23 ബംഗ്ലാദേശ്, സിറിയ, ഗാംബിയ, ഐസ്ലാലാൻറ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങൾ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ, 13/05/23  (VATICAN MEDIA Divisione Foto)

പാപ്പാ: സ്ഥാനപതികൾ സംഭാഷണത്തിൻറെ വക്താക്കളും പ്രത്യാശയുടെ പോരാളികളും !

ബംഗ്ലാദേശ്, സിറിയ, ഗാംബിയ, ഐസ്ലാലാൻറ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ പരിശുദ്ധസിംഹസാനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള പുതിയ സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങൾ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (13/05/23) സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഭാഷണത്തിൻറെ മനുഷ്യരും പാലങ്ങളുടെ ശില്പികളും ആയ സ്ഥാനപതികൾക്ക് പ്രത്യാശയുടെ പ്രതിരൂപങ്ങളാകാൻ കഴിയുമെന്ന് മാർപ്പാപ്പാ.

ബംഗ്ലാദേശ്, സിറിയ, ഗാംബിയ, ഐസ്ലാലാൻറ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ പരിശുദ്ധസിംഹസാനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള പുതിയ സ്ഥാനപതികൾ ശനിയാഴ്ച (13/05/23) ആധികാരിക സാക്ഷിപത്രങ്ങൾ  സമർപ്പിച്ച വേളയിൽ അവരെ പൊതുവായി സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സ്വന്തം നാടിനെ വിശ്വസ്തതയോടുകൂടി സേവിക്കുമ്പോൾ തന്നെ സ്ഥാനപതി ഉപരിപ്ലവങ്ങളായ വികാരങ്ങളെ മാറ്റിവെയ്ക്കുകയും സ്വീകാര്യങ്ങളായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് രൂഢമൂലമായ നിലപാടുകളെ തരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

സമാധാനം സാധ്യമാണെന്ന പ്രത്യാശയെക്കുറിച്ചു പരാമർശിച്ച പാപ്പാ, യുക്തിയുടെ സ്വരവും സമാധാനത്തിനായുള്ള അഭ്യർത്ഥനകളും പലപ്പോഴും ബധിര കർണ്ണങ്ങളിൽ പതിക്കുന്ന ഖേദകരമായ വസ്തുത ചൂണ്ടിക്കാട്ടി.

സുഡാൻ, കോംഗൊ റിപ്പബ്ലിക്ക്, മ്യന്മാർ, ലെബനോൺ ജറുസലേം ഹൈറ്റി, തുടങ്ങിയ ഇടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ അവിടങ്ങളിൽ നിലവിലുള്ള അശാന്തി ഉക്രൈയിൻ യുദ്ധം, നിർബന്ധിത കുടിയേറ്റം, കാലാവസ്ഥ മാറ്റം, ശുദ്ധജല ക്ഷാമം, ഭക്ഷ്യദൗർലഭ്യം അടിസ്ഥാന ആരോഗ്യസേവനം, വിദ്യഭ്യാസ, മാന്യമായ തൊഴിൽ എന്നിവയുടെ അഭാവം എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ ലോകത്തെ അലട്ടുന്നത് പാപ്പാ അനുസ്മരിച്ചു.

എന്നാൽ നമ്മുടെ ഇക്കാലഘട്ടത്തിലെ ഈ വെല്ലുവിളികളെയെല്ലാം വിജയകരമായി നേരിടാൻ മാനവകുടുംബത്തിന് കഴിയുമെന്ന ശുഭാപ്തി വിശ്വാസം പുലർത്തുകയും നിശ്ചയദാഢ്യത്തോടെ നിലകൊള്ളുകയും ചെയ്യണമെന്ന് പാപ്പാ പ്രചോദനം പകരുകയും ചെയ്തു.   സ്ഥാനപതികളും അവരുടെ സഹപ്രവർത്തകരും സംഭാഷണത്തിൻറെ വക്താക്കളുംആയിരിക്കേണ്ടതിൻറെ ആവശ്യകത ലോകത്തിൻറെ നിലവിലുള്ള അവസ്ഥ അടിവരയിട്ടുകാട്ടുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ഉഭയകക്ഷി-ബഹുമുഖ തലങ്ങളിലെ നയതന്ത്ര പ്രതിബദ്ധതയിൽ പ്രകടമാകുന്നതുപോലെ, സ്ഥാനപതികൾ വഹിക്കുന്ന പ്രധാന പങ്ക് പരിശുദ്ധ സിംഹാസനം വിലമതിക്കുന്നുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അക്രമത്തിൻറെയും അടിച്ചമർത്തലിൻറെയും ഭൂമി കീഴടക്കാനുള്ള അനിയന്ത്രിതാസക്തിയുടെയും വഴികൾ പൊതുനന്മയ്ക്ക് ഗുണകരമല്ല എന്ന പാഠം ചരിത്രത്തിൽ നിന്ന് നമ്മൾ എപ്പോഴാണ് പഠിക്കുന്നത്,  മാരകായുധങ്ങൾ നിർമ്മിക്കുന്നതിനായി വിഭവങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങളുടെ ക്ഷേമത്തിനായി നിക്ഷേപിക്കുന്നതാണ് എന്ന് നമ്മൾ എപ്പോഴാണ് പഠിക്കുന്നത് തുടങ്ങിയ വിവിധങ്ങളായ ചോദ്യങ്ങളും പാപ്പാ മുന്നോട്ടു വച്ചു.

സ്വന്തം സ്വഭാവത്തിനും പ്രത്യേക ദൗത്യത്തിനും അനുസൃതമായി പരിശുദ്ധ സിംഹാസനം, ഓരോ വ്യക്തിയുടെയും അലംഘനീയമായ അന്തസ്സ് സംരക്ഷിക്കുന്നതിനും പൊതുനന്മ ഊട്ടിവളർത്തുന്നതിനും എല്ലാ ജനതകൾക്കും മദ്ധ്യേ മാനവ സാഹോദര്യം വളർത്തുന്നതിനും പരിശ്രമിക്കുന്നുവെന്ന് പാപ്പാ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

ബംഗ്ലാദേശിൻറെ മൊഹമ്മദ് സുഫിയൂർ റഹ്മാൻ, സിറിയയുടെ ലൊഉആയ് ഫല്ലൗ, ഗാംബിയയുടെ ശ്രീമതി ഫതൗ ബൊം ബെൻസൂദ, ഐസ്ലാലാൻറിൻറിൻറെ എയിനാർ ഗണ്ണർസോൺ, കസാഖ്സ്ഥാൻറെ കയിറത്ത് സർഷനോവ് എന്നീ സ്ഥാനപതികളാണ് തങ്ങളുടെ ആധികാരിക സാക്ഷിപത്രങ്ങൾ ശനിയാഴ്‌ച പാപ്പായ്ക്ക് സമർപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 18:32