തിരയുക

ഫ്രാൻസീസ് പാപ്പാ, ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടനയുടെ (ODUCAL) പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 04/05/23 ഫ്രാൻസീസ് പാപ്പാ, ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടനയുടെ (ODUCAL) പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 04/05/23  (Vatican Media)

പാപ്പാ: കതോലികതയും സർവ്വകലാശാലകളും!

ഫ്രാൻസീസ് പാപ്പാ, ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടനയുടെ (ODUCAL) എഴുപതാം വാർഷികത്തോടനുബന്ധിച്ച് റോമിലെത്തിയ നൂറിലേറെ പ്രതിനിധികളെ വ്യാഴാഴ്‌ച (04/05/23) വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യാഥാർത്ഥ്യത്തിൻറെ വിശാലദർശനം നല്കാൻ കഴിയുന്ന ഹൃദയമനസ്സുകളെ നമുക്കാവശ്യമാണെന്ന് മാർപ്പാപ്പാ.

കത്തോലിക്കാസർവ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയിൽ ഏറ്റവും വലിയ സംഘടനയായ ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടനയുടെ (ODUCAL) എഴുപതാം വാർഷികത്തോടനുബന്ധിച്ച് റോമിലെത്തിയ നൂറിലേറെ പ്രതിനിധികളെ വ്യാഴാഴ്‌ച (04/05/23) വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ സർവ്വകലാശാലയുടെ അർത്ഥം കാതോലികതയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയായിരുന്നു.

സകലത്തെയും ആശ്ലഷിക്കുന്ന എന്നർത്ഥമുള്ള പ്രപഞ്ചത്തെ ദ്യോതിപ്പിക്കുന്ന വാക്കിൽ നിന്നാണ് സർവ്വകലാശാല എന്ന പദം വരുന്നതെന്നും കത്തോലിക്ക എന്ന വിശേഷണം അതിനെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വിവരിച്ചു. സർവ്വകലാശാലകളുടെ പ്രതിനിധികളായവർ വിശാലവീക്ഷണം ഉള്ളവരായിരിക്കുമെന്ന് പാപ്പാ പറഞ്ഞു.

ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടനയുടെ (ODUCAL) ലക്ഷ്യങ്ങളിലൊന്ന്, "ദേശീയവും എല്ലാറ്റിനുമുപരിയായി സാർവ്വദേശീയവുമായ തലങ്ങളിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പൊതു നയങ്ങളുടെ രൂപീകരണത്തിന് സംഭാവന നൽകുക" എന്നതാണ് എന്നത് പാപ്പാ അനുസ്മരിച്ചു.

ഈ അർത്ഥത്തിൽ, ലത്തീനമേരിക്കയുടെ യാഥാർത്ഥ്യത്തിലേക്കു നോക്കുകയാണെങ്കിൽ, ദാരിദ്ര്യവും അസമത്വവും അവിടെ കുറയുന്നതിനു പകരം വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണെന്ന് പറഞ്ഞു. എന്നാൽ ഇന്നത്തെ താറുമാറായ അവസ്ഥയെക്കുറിച്ച് നാം ഭയപ്പെടേണ്ടതില്ലെന്നും കാരണം അതിൽ നിന്നാണ് ദൈവം തൻറെ അതിമനോഹരങ്ങളും രചനാത്മകങ്ങളുമായ സൃഷ്ടികൾ നടത്തുകയെന്ന് പാപ്പാ ധൈര്യം പകർന്നു.

115 സർവ്വകലാശാലകൾ ഉൾപ്പെടുന്നതാണ് ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടന. ഇത്രയും സർവ്വകലാശാലകളിലായി 15 ലക്ഷത്തോളം വിദ്യാർത്ഥികളും പതിനോരായിരം അദ്ധ്യാപകരും ഉണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2023, 13:16