തിരയുക

“ഉം ലോംഗൊ കമ്മീനൊ അത്തേ ലിസ്ബൊഅ”  എന്ന പുസ്തകത്തിൻറെ പുറം ചട്ട “ഉം ലോംഗൊ കമ്മീനൊ അത്തേ ലിസ്ബൊഅ” എന്ന പുസ്തകത്തിൻറെ പുറം ചട്ട  

പാപ്പാ: യൗവനം ഒരു സ്വപ്നവും യാഥാർത്ഥ്യത്തോടുള്ള തുറവും!

“ലിസ്ബണിലേക്കുള്ള സുദീർഘ യാത്ര” അഥവാ “ഉം ലോംഗൊ കമ്മീനൊ അത്തേ ലിസ്ബൊഅ” പുസ്തകത്തിന് ഫ്രാൻസീസ് പാപ്പായുടെ അവതാരിക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഡിജിറ്റൽയുഗ ജാതരെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഇന്നത്തെ കുട്ടികൾ സ്വയം ഒറ്റപ്പെടുത്തപ്പെടുന്ന അപകടമുണ്ടെന്ന് മാർപ്പാപ്പാ.

പോർട്ടുഗലിലെ ലിസ്ബണിൽ ഇക്കൊല്ലം ആഗസ്റ്റ് 1-6 വരെ ആഗോള സഭാതലത്തിൽ നടക്കാൻ പോകുന്ന ലോകയുവജനദിനാചരണം മുന്നിൽ കണ്ടുകൊണ്ട് “ലിസ്ബണിലേക്കുള്ള സുദീർഘ യാത്ര” എന്നു വിവർത്തനം ചെയ്യാവുന്ന “ഉം ലോംഗൊ കമ്മീനൊ അത്തേ ലിസ്ബൊഅ” (Um Longo Caminho até Lisboa) എന്ന ശീർഷകത്തിൽ പോർച്ചുഗീസ് പത്രപ്രവർത്തകൻ ഔറ മിഖേൽ രചിച്ച പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശങ്കയുള്ളത്.

വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പാപ്പാ തുടക്കം കുറിച്ച ലോകയുവജന സംഗമങ്ങൾ ഇന്നും നിരവധിയുവതീയുവാക്കൾക്ക് ശക്തമായ അനുഭവത്തിൻറെ നിമിഷങ്ങളായി തുടരുന്നുവെന്നും ആ പ്രചോദനത്തിന് ഇന്നും കുറവുവന്നിട്ടില്ല എന്നും പാപ്പാ തൻറെ അവതാരികയിൽ അനുസ്മരിക്കുന്നു.

ഇപ്പോഴത്തെ കുട്ടികൾ അവരുടെ അസ്തിത്വത്തിൻറെ സിംഹഭാഗവും സാങ്കല്പികാന്തരീക്ഷത്തിൽ ജീവിക്കാനും തെറ്റായ ആവശ്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ആക്രമാത്മക കമ്പോളത്തിന് ഇരയാകാനും സാധ്യതയുണ്ട് എന്നും പാപ്പാ മുന്നറിയിപ്പു നല്കുന്നു. കോവിദ് 19 മഹാമാരിയും അതിനോടനുബന്ധിച്ചുണ്ടായ അടച്ചുപൂട്ടലും ഈ അപകടസാധ്യത കൂടുതൽ വർദ്ധമാനമാക്കിയിട്ടുണ്ടെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വീടുവിട്ടിറങ്ങുകയും,  സുഹൃത്തുക്കളോടൊപ്പം യാത്ര പോകുകയും ആഘോഷത്തിൻറെ നിമിഷങ്ങൾക്കൊപ്പം ശ്രവണത്തിൻറെയും പ്രാർത്ഥനയുടെയും ശക്തമായ അനുഭവങ്ങൾ ജീവിക്കുകയും അത് ഒത്തൊരുമിച്ചു ചെയ്യുകയും ചെയ്യുന്നത് ഈ നിമിഷങ്ങളെ എല്ലാവരുടെയും ജീവിതത്തിന് വിലപ്പെട്ടതാക്കിത്തീർക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ചാരുകസേരയുടെ യുവതയാകരുതെന്നും സംഭ്രാന്തരും മന്ദീഭവിച്ചവരുമായി യുവതയെ വേണമെന്നാഗ്രഹിക്കുന്നവർക്ക് വിധേയരാകരുതെന്നും താൻ യുവതീയുവാക്കളോട് പലവുരു പറഞ്ഞിട്ടുള്ളത് പാപ്പാ അനുസ്മരിക്കുന്നു.

യൗവനം എന്നത് ഒരു സ്വപ്നവും യാഥാർത്ഥ്യത്തോടുള്ള തുറവും, ജീവിതത്തിൽ യഥാർത്ഥത്തിൽ മൂല്യമുള്ളതെന്താണെന്ന് കണ്ടെത്തലും അത് കീഴടക്കാനുള്ള പോരാട്ടവും, തീവ്രവും യഥാർത്ഥവുമായ ബന്ധങ്ങളിലേക്കുള്ള തുറവും മറ്റുള്ളവരോടും മറ്റുള്ളവർക്കുവേണ്ടിയുമുള്ള പ്രതിബദ്ധതയുമാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2023, 12:39