തിരയുക

നോർവിച്ചിലെ മദർ ജൂലിയാൻ നോർവിച്ചിലെ മദർ ജൂലിയാൻ  (Matt Brown)

മദർ ജൂലിയന്റെ ക്രിസ്തുദർശനം മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

നോർവിച്ചിലെ മദർ ജൂലിയാൻ, മറ്റുള്ളവർക്ക് വേണ്ടി സൗകര്യങ്ങൾ ത്യജിച്ചുകൊണ്ട്, "സേവിക്കപ്പെടാനല്ല, സേവിക്കാനാണ്" താൻ വന്നതെന്ന യേശുവിന്റെ വാക്കുകൾ ജീവിതത്തിൽ വിശ്വസ്തതയോടെയും സന്തോഷത്തോടെയും പിന്തുടർന്നവൾ.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നോർവിച്ചിലെ മദർ ജൂലിയാന് ലഭിച്ച ക്രിസ്തു പീഡാസഹന ദർശനത്തിന്റെ അറുനൂറ്റിയന്പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ ഈസ്റ്റ് ആംഗ്ലിയയിലെ മെത്രാൻ മോൺ.പീറ്റർ കോളിന്സിനു, ദൈവജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സന്ദേശമയച്ചു.

ദിവ്യസ്നേഹത്തിന്റെ വെളിപാടുകൾ എന്ന വിശ്വപ്രസിദ്ധമായ ആത്മീയ പുസ്തകത്തിന്റെ രചയിതാവായ മദർ ജൂലിയൻ,  തന്റെ ജീവിതം മുഴുവൻ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ കാണിച്ച ഉത്സാഹവും, മറ്റുള്ളവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഇന്നും ഇംഗ്ലീഷ് ജനതയുടെ പാരമ്പര്യത്തിൽ തുടരുന്നുവെന്നത് ഈ തീർത്ഥാടനത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

കത്തോലിക്കാ സഭയുടെ മാത്രം ഒരു ആഘോഷമായി ഒതുങ്ങാതെ ഈ തീർത്ഥാടനം ഇതരസഭകളും, പ്രത്യേകമായി ആംഗ്ലിക്കൻ സഭയുമായുള്ള ഒരു കൂട്ടായ്മയുടെ ആഘോഷമാണെന്നതും എടുത്തു പറയേണ്ടതാണ്. മദർ ജൂലിയാന്റെ മാതൃസ്വാധീനവും വിനീതമായ ജീവിതവും, അഗാധമായ ദൈവശാസ്‌ത്രപരമായ ഉൾക്കാഴ്‌ചകളും ദൈവത്തിന്റെ സ്‌നേഹനിർഭരമായ കരുതലിലുള്ള വിശ്വാസവും,  സഹോദര സ്നേഹത്തിന്റെയും, ജീവിതവിശുദ്ധിയുടെയും കാലാതീതമായ സത്യങ്ങളെ ഓർമ്മപ്പെടുത്തുന്നുവെന്ന്  പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.

മറ്റുള്ളവർക്ക് വേണ്ടി സൗകര്യങ്ങൾ ത്യജിച്ചുകൊണ്ട്, "സേവിക്കപ്പെടാനല്ല, സേവിക്കാനാണ്" താൻ  വന്നതെന്ന  യേശുവിന്റെ വാക്കുകൾ  ജീവിതത്തിൽ  വിശ്വസ്തതയോടെയും സന്തോഷത്തോടെയും  പിന്തുടർന്ന മദറിനെപോലെ  ഇന്നത്തെ ക്രിസ്ത്യാനികൾ ദൈവത്തിന്റെ കരുണയുടെയും അനുകമ്പയുടെയും സന്ദേശം ഇന്നത്തെ ലോകത്തിൽ പകർന്നുനൽകണമെന്നും പാപ്പാ എടുത്തു പറഞ്ഞു. തീർത്ഥാടകരായി എത്തുന്ന എല്ലാവർക്കും തന്റെ പ്രാർത്ഥനാശംസകളും, ആശീർവാദവും പാപ്പാ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2023, 11:21