തിരയുക

പാപ്പായുടെ നാല്പത്തിയൊന്നാം വിദേശ ഇടസന്ദർശനത്തിന് പരിസമാപ്തിയായി!

ഫ്രാൻസീസ്പാപ്പായുടെ ത്രിദിന ഹംഗറി സന്ദർശനത്തിൻറെ സമാപന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയൊന്നാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു. ഇരുപത്തിയെട്ടാം തീയതി വെള്ളിയാഴ്ച രാവിലെ ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ എത്തിയ പാപ്പായുടെ ഈ ത്രിദിന സന്ദർശനം സമാപിച്ചത് മുപ്പതാം തീയതി ഞായറാഴ്ച ആണ്.ഈ ഇടയസന്ദർശനത്തിൽ പാപ്പാ വ്യോമ കര മാർഗ്ഗങ്ങളിലൂടെ 1968 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. 7 പ്രഭാഷണങ്ങൾ നടത്തി. മൂന്നു ദിവസത്തെ ഇടയസന്ദർശനം ഏന്നു പറയാമെങ്കിലും ഇതിൻറെ ദൈർഘ്യം കൃത്യമായി 2 ദിവസവും 11 മണിക്കൂറും 45 മിനിറ്റും ആണ്.

റോമിലേക്ക്

ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.08-ന് പാപ്പാ ബുദാപ്പെസ്റ്റിൽ നിന്ന് റോമിലേക്ക് മടക്കയാത്ര ആരംഭിച്ചു. റോമിലെ ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം വൈകുന്നേരം 7.25-ന് വ്യോമയാനം താണിറങ്ങി. വിമാനത്താവളത്തിൽ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമദ്ധ്യേ പാപ്പാ, ഓരോ വിദേശ അജപാലന സന്ദർശനവും കഴിഞ്ഞു മടങ്ങുമ്പോൾ പതിവുള്ളതു പോലെ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കു പോകുകയും “റോമൻ ജനതയുടെ രക്ഷ” , അഥവാ, “സാളൂസ് പോപുളി റൊമാനി”  (Salus Populi Romani) എന്ന അഭിധാനത്തിൽ അവിടെ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാനാഥയുടെ പവിത്രസന്നിധിയിൽ നന്ദി പ്രകാശിപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.  

മാദ്ധ്യമപ്രവർത്തകരുമൊത്ത്

ബുദാപെസ്റ്റിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രാ വേളയിൽ പാപ്പാ തന്നെ അനുയാത്ര ചെയ്ത മാദ്ധ്യമ പ്രവർത്തകരുമായി സംവദിക്കുകയും അവരുട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. കുടിയേറ്റക്കാരുടെ വേദനകൾ, ഉക്രൈയിൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം സംസ്ഥാപിക്കുകയെന്ന ദൗത്യം, റഷ്യയിലേക്ക് ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയിട്ടുള്ള ഉക്രൈയിൻകാരായ കുട്ടികളെ തിരിച്ചെത്തിക്കുന്നതിന് പരിശുദ്ധസിംഹാസനത്തിൻറെ ഇടപെടൽ തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ടെലെഗ്രാം സന്ദേശങ്ങൾ

പാപ്പായും അനുചരരും സഞ്ചരിച്ചിരുന്ന വിമാനം ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിച്ചുവൊ, ആ നാടുകളുടെയെല്ലാം മുകളിൽ വച്ച് പാപ്പാ അതതു നാടുകളുടെ രാഷ്ട്രത്തലവന്മാർക്ക് ആശംസാ ടെലെഗ്രാം സന്ദേശങ്ങളയച്ചു.

ഹംഗറി, ക്രൊവേഷ്യ ഇറ്റലി എന്നീ നാടുകളുടെ മുകളിലൂടെ ആയിരുന്നു പാപ്പായുടെ സഞ്ചാരം.

ഹംഗറിക്ക്

തനിക്കേകിയ ഊഷ്മള വരലേ്പിനും ആതിഥ്യത്തിനും പാപ്പാ ഹംഗറിയുടെ പ്രസിഡൻറ് ശ്രീമതി കത്തലിൻ നൊവാക്കിന് അയച്ച സന്ദേശത്തിൽ, പ്രസിഡൻറിനും പൗരാധികാരികൾക്കും അന്നാട്ടിലെ ജനങ്ങൾക്കും നന്ദിപറയുകയും അന്നാടിൻറെ ഐക്യത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള തൻറെ പ്രാർത്ഥന വീണ്ടും ഉറപ്പു നല്കുകയും ചെയ്യുന്നു.  

ക്രൊവേഷ്യയ്ക്ക്

ക്രൊവോഷ്യയുടെ പ്രസിഡൻറ് സൊറാൻ മിലനോവിച്ചിനയച്ച ടെലെഗ്രാം സന്ദേശത്തിൽ പാപ്പാ, അന്നാടിൻറെയും നാട്ടുകാരുടെയും ക്ഷേമത്തിനായുള്ള തൻറെ പ്രാർത്ഥന ഉറപ്പുനല്കി.

ഇറ്റലിക്ക്

സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതമായി പൗരജനത്തിനിടയിൽ സഹവർത്തിത്വവും സമാധാനവും കെട്ടിപ്പടുക്കാൻ അഭിലഷിക്കുന്ന ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയ തൻറെ അപ്പൊസ്തോലികയാത്ര കഴിഞ്ഞ് ഹംഗറിയിൽ നിന്ന് താൻ തിരിച്ചു പോരുന്ന വേളയിൽ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്കും പ്രിയപ്പെട്ട ഇറ്റലിയ്ക്കും പ്രശാന്തതയുടെയും സമൃദ്ധിയുടെയും ആശംസകൾ നേരുകയും തൻറെ നിരന്തര പ്രാർത്ഥന ഉറപ്പുനല്കുയും ചെയ്യുന്നുവെന്ന് പാപ്പാ അദ്ദേഹത്തിന് അയച്ച സന്ദേശത്തിൽ കുറിച്ചു.

പാപ്പായുടെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടന്ന കൂടിക്കാഴ്ചാ  പരിപാടി

അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 6 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പീറ്റർ പാസ്മാനി കത്തോലിക്കാസർവ്വകലാശാലയിലെ കമ്പ്യൂട്ടർ ശാസ്ത്രം, ക്രിത്രിമ അവയവ ശാസ്ത്രമായ ബയോണിക്ക് സയൻസ് എന്നിവയ്ക്കായുള്ള വിഭാഗത്തിൽ വച്ച് സർവ്വകലാശാല സാംസ്കാരിക ലോകവുമായുളള കൂടിക്കാഴ്ച ആയിരുന്നു പാപ്പായുടെ അവസാന പരിപാടി ബുദാപെസ്റ്റിൽ.പാപ്പാ പ്രാദേശിക സമയം അപരാഹ്നത്തിൽ 3.15-ന് അപ്പൊസ്തോലിക് നൺഷിയേച്ചറിലെ എല്ലാവരോടും വിടചൊല്ലുകയും തൻറെ ഈ ഇടയസന്ദർശനത്തിൻറെ സ്മാരക മുദ്ര സമ്മാനിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ കൂടിക്കാഴ്ചയ്ക്കായി സർവ്വകലാശാലയിലേക്കു പോയി

യുറോപ്പിൽ തന്നെ കമ്പ്യൂട്ടർ ശാസ്ത്രം, ക്രിത്രിമ അവയവ ശാസ്ത്രമായ ബയോണിക്ക് സയൻസ് എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഏക കലാലയാമാണ് പീറ്റർ പാസ്മാനി കത്തോലിക്കാസർവ്വകലാശാല. ഇക്കൊല്ലം ഈ വിഭാഗത്തിൻറെ രജതജൂബിലിയാണ്.1998 ജൂലൈ ഒന്നിനാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന് ഈ സർവ്വകലാശാലയിൽ തുടക്കമായത്.  

പാപ്പാ പീറ്റർ പാസ്മാനി കത്തോലിക്കാ സർവ്വകലാശാലയിൽ 

സർവ്വകലാശാലയുടെ മുന്നിൽ പാപ്പാ തൻറെ ചെറുകാറിൽ വന്നിറങ്ങിയപ്പോൾ സർവ്വകലാശാലയുടെ റെക്ടറും കമ്പ്യൂട്ടർ ശാസ്ത്രം, ക്രിത്രിമ അവയവ ശാസ്ത്രമായ ബയോണിക്ക് സയൻസ് എന്നിവയ്ക്കായുള്ള വിഭാഗത്തിൻറെ മേധാവിയും ചേർന്നു സ്വീകരിച്ചു. അവിടെ സന്നിഹിതരായിരുന്നവരുടെ സന്തോഷം കരഘോഷത്താൽ ആവിഷ്കൃതമായി. ഒരു ചക്രക്കസേരയിൽ ചുവന്ന പരവതാനിയിലുടെ മെല്ലെ നീങ്ങവെ പാപ്പാ പാതയുടെ ഇരുവശങ്ങളിലും സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനമേകുകയും ചെയ്തു. തൻറെ പക്കലേക്ക് ഒരു അമ്മ കൊണ്ടുവന്ന പൈതലിനെ പാപ്പാ ആശീർവദിക്കുകയും ചെയ്തു. പാപ്പാ കൂടിക്കാഴ്ചയ്ക്കുള്ള ശാലയിൽ പ്രവേശിച്ചപ്പോൾ നീണ്ട കരഘോഷമായിരുന്നു.

സർവ്വകലാശാലയുടെ റെക്ടർ മോൺസിഞ്ഞോർ പ്രൊഫസർ ഗേസ കുമിനേത്സ് (Prof. Géza Kuminetz ) പാപ്പായെ സ്വാഗതം ചെയ്തു. 

 സ്വാഗത പ്രഭാഷണം

ഏതാണ്ട് നാനൂറ് വർഷത്തെ ചരിത്രമുള്ള ഒരു സർവ്വകലാശാലയാണിതെന്നും അതിൻറെ സ്ഥാപനത്തിൻറെ, കമ്മ്യൂണിസ്റ്റാധിപത്യത്തിൻറെ പതനനാനന്തരമുള്ള, 30-ാം വാർഷികം ഈ അദ്ധ്യായന വർഷത്തിൽ ആഘോഷിക്കുകയാണെന്നും അദ്ദേഹം അനുസ്മരിച്ചു. സൃഷ്ടിയിലും വെളിപാടിലും മറഞ്ഞിരിക്കുന്ന, സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിൻറെ, ശ്രേഷ്ഠമായ വിത്തുകൾ മനസ്സിലാക്കാനും ശാസ്ത്രസംബന്ധിയായ കത്തോലിക്കാ ആദർശത്തിൻറെ സവിശേഷതയായ സമഗ്രസത്യസങ്കൽപ്പമനുസരിച്ച് അവയെ തരം തിരിക്കാനും നമ്മുടെ കത്തോലിക്കാ സർവ്വകലാശാലകളിൽ ശ്രമിക്കുന്നുണ്ടെന്ന് മോൺസിഞ്ഞോർ കുമിനേത്സ് പറഞ്ഞു. ഇത് സാമാന്യബുദ്ധിയിൽ നിന്ന് ആരംഭിക്കുന്നുവെന്നും തെളിവുകളിൽ അധിഷ്ഠിതമായ പോസിറ്റീവ് സയൻസുകൾ, തത്വശാസ്ത്രം, ദൈവശാസ്ത്രം, അദ്ധ്യാത്മദർശനം എന്നിവയിലൂടെ അത് തുടരുന്നുവെന്നും വിശദികരിച്ച അദ്ദേഹം അതിൻറെ പൂർത്തീകരണം മഹത്വപൂർണ്ണമായ ദൈവിക ദർശനത്തിലാണെന്ന് പ്രസ്താവിച്ചു.

ആകയാൽ ഓരോ യഥാർത്ഥ ശാസ്ത്രജ്ഞനിലും രചയിതാവിൻറെയും പുരോഹിതൻറെയും പ്രവാചകൻറെയും യോഗാത്മകദർശിയുടെയും അംശം ഉണ്ടെന്നും, ആകയാൽ യഥാർത്ഥ വിശ്വാസവും യഥാർത്ഥ അറിവും മിത്രങ്ങളായി ജന്മംകൊള്ളുന്നുവെന്നും പരസ്പര തൂണുകളായി ഭവിക്കുന്നുവെന്നും മോൺസിഞ്ഞോർ കുമിനേത്സ് വിശദീകരിച്ചു. എന്നാൽ ശാസ്ത്രത്തിനറെ സഹായത്തോടെ മനസ്സിലാക്കാൻ മാത്രമല്ല, ശരിയായ കാര്യം ചെയ്യാനും,  അതായത് മാനുഷികവും ഐക്യദാർഢ്യമുള്ളതുമായ ഒരു നാഗരികതയും, ഒരു സംസ്കാരവും സുസ്ഥിര പരിസ്ഥിതിയും കെട്ടിപ്പടുക്കാനും നാം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷ്യങ്ങൾ

മോൺസിഞ്ഞോർ കുമിനേത്സിൻറെ വാക്കുകളെ തുടർന്ന് പീറ്റർ പാസ്മാനി കത്തോലിക്കാസർവ്വകലാശാലയിലെ പ്രൊഫസർ ബലാസ് മേജറിൻറെ സാക്ഷ്യമായിരുന്നു.

ക്രസ്ത്വാനുയായികൾ എന്ന നിലയിൽ നമ്മുടെ ദൗത്യം, മതങ്ങളും നാഗരികതയും തമ്മിൽ സംഭാഷണവും സഹവർത്തിത്വവും ഊട്ടിവളർത്തുകയാണെന്ന് പ്രൊഫസർ ബലാസ് പറഞ്ഞു. കൈവശമുള്ള ഗവേഷണം പ്രബോധനം എന്നീ ഉപാധികൾ ഉപയോഗിച്ചുകൊണ്ടാണ് കത്തോലിക്കാ സർവ്വകലാശാല ഇതു ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പീറ്റർ പാസ്മാനി കത്തോലിക്കാസർവ്വകലാശാല അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച്, മദ്ധ്യപൂർവ്വദേശത്തെ നാടുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചും  പ്രൊഫസർ ബലാസ് അനുസ്മരിച്ചു. ബുദ്ധിമുട്ടുകളും ഇല്ലായ്മയും അനുഭവിക്കുന്നവരുടെ കാര്യത്തിൽ കത്തോലിക്കാ സർവ്വകലാശാലകൾ സവിശേഷ ശ്രദ്ധ ചെലുത്തേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടനുഭവിക്കുന്ന  മറ്റു ക്രൈസ്തവസഹോദങ്ങളെയും അവരുടെ ചാരെ ആയിരിക്കുക എന്ന നമ്മുടെ കടമയും കത്തോലിക്കാ ക്രൈസ്തവർ എന്ന നിലയിൽ നമ്മൾ  ഒരിക്കലും മറക്കരുതെന്നും പ്രൊഫസർ ബലാസ് പറഞ്ഞു.

ഈ സാക്ഷ്യത്തെ തുടർന്ന് പിയാനൊയുടെ അകമ്പടിയോടെ ഒരു ഗാനം ആലപിക്കപ്പെട്ടു. ഗാനാലാപനം കഴിഞ്ഞപ്പോൾ ഡോക്ടറേറ്റ് എടുക്കുന്നതിന് ഗവേഷണപഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ദൊറോത്തിയ കോഷിസ് എന്ന സർവ്വകലാശാലാ വിദ്യാർത്ഥിനിയുടെ സാക്ഷ്യമായിരുന്നു.

താൻ ഈ സർവ്വകലാശാലയുടെ മതിലുകൾക്കുള്ളിൽ ഔദ്യോഗികതലത്തിലും മാനുഷികമായും വളരുമ്പോൾ, ഈ സ്ഥാപനം തൻറെ ഉള്ളിൽ വളരുകയും തുടർച്ചയായ പഠനത്തിനുള്ള പ്രചോദനത്തിൻറെ ആന്തരിക-ബാഹ്യ സ്രോതസ്സായി മാറുകയും ചെയ്യുന്നുവെന്ന് കോഷിസ് പറഞ്ഞു.

താൻ 2015-ലാണ് സർവ്വകലാശാലയിൽ പഠനം ആരംഭിച്ചതെന്നും, സമർപ്പിതജീവിത വത്സരാചരണത്തിൻറെ ആ സമയത്ത് തനിക്ക് ഒരു ചെറുപുസ്തകം ലഭിച്ചുവെന്നും അതിലെ  ഒരു ചിന്ത അന്നുമുതൽ തന്നോടൊപ്പനുണ്ടെന്നും അനുസ്മരിച്ചു കൊണ്ട് ആ വാചകം കോഷിസ് ഉദ്ധരിച്ചു. അത് ഇങ്ങനെ ആയിരുന്നു “അവൻ നമ്മിലൂടെ സൃഷ്ടിക്കുന്നു. അതിനാൽ വർത്തമാനകാലത്തിൽ ജീവിക്കുക, കാരണം ഓരോ നിമിഷത്തിലും നിങ്ങൾ സൃഷ്ടിപരമായ ശക്തിയുടെ ഭാഗമാണ്, ആ ചാലകശക്തിയിലൂടെ അവൻ ലോകത്തെക്കുറിച്ചുള്ള തൻറെ ദൈവിക പദ്ധതി എഴുതുന്നു.” ലോകത്തെ സംബന്ധിച്ച ഈ ദൈവിക പദ്ധതിയെക്കുറിച്ചുള്ള പഠനം ജീവശാസ്ത്രത്തിൻറെകൂടി  ദൗത്യമാണെന്നും ചെറിയ വിശദാംശങ്ങൾ കണ്ടെത്തുമ്പോൾ നാം ദൈവത്തിൻറെ പ്രവൃത്തിയുടെ സങ്കീർണ്ണതയിൽ മുഴുകുന്നുവെന്നും കോഷിസ് പറഞ്ഞു.

ഈ സാക്ഷ്യത്തെ തുടർന്ന് പാപ്പാ സർവ്വകലാശാല-സാസ്ക്കാരിക ലോകങ്ങളെ സംബോധന ചെയ്തു. പാപ്പായുടെ പ്രസംഗം അവസാനിച്ചപ്പോൾ സർവ്വകലാശാലയുടെ റെക്ടർ പാപ്പായ്ക്ക് ഒരു സമ്മാനം നല്കി. തദ്ദനന്തരം പാപ്പാ കർത്തൃപ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തു. പാപ്പാ വേദി വിടുന്നതിനു മുമ്പ് ഏതാനും പേർ പാപ്പായുടെ അടുത്തു ചെല്ലുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ചക്രക്കസേരയുടെ സഹായത്തോടെ കാറിനടുത്തേക്കു പോകവെ പാപ്പാ അവിടെ ഇരുവശങ്ങളിലുമുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

യാത്രയയപ്പും വിടവാങ്ങലും

സർവ്വകലാശാലയിൽ നിന്ന് പാപ്പാ നേരെ പോയത് 20 കിലോമീറ്റർ അകലെയുള്ള ഫെരെൻസ് ലിസ്റ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്കാണ്. പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാൻ അവിടെ  നിശ്ചിത പരിപാടിയനുസരിച്ച് ഉപപ്രധാനമന്ത്രിയായിരുന്നു ഉണ്ടാകേണ്ടിയുരുന്നതെങ്കിലും, ഹംഗറിയുടെ പ്രസിഡൻറ് ശ്രീമതി കത്തലിൻ നൊവാക്ക് തന്നെ അവിടെ എത്തി.  സഭാ പ്രതിനിധികളും  മറ്റു കുറച്ചു പേരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.

കാറിൽ വന്നിറങ്ങിയ പാപ്പായെ നിലവസ്ത്രധാരിണിയായിരുന്ന പ്രസിഡൻറ് ശ്രീമതി കത്തലിൻ സ്വീകരിച്ചു. തുടർന്ന് പാപ്പായും പ്രസിഡൻറും അവിടയുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ ഊന്നുവടിയുടെ സഹായത്തോടെ വിമാനത്തിനടുത്തേക്ക് സാവധാനം നടന്നു. ഇറ്റലിയുടെ ഇത്താ (ITA Airways) എയർവെയ്സിൻറെ നീല വിമാനത്തിൽ കയറിയ പാപ്പാ എല്ലാവരെയും മൃദുസ്മേരത്തോടെ അഭിവാദ്യം ചെയ്തു. പ്രസിഡൻറ് കത്തലിൻ ഒരിക്കൽ കൂടി കൈ ഉയർത്തി യാത്രാമംഗളങ്ങൾ നേർന്നു. ആകാശനൗകയുടെ വാതിൽ അടഞ്ഞു. പ്രാദേശിക സമയം വൈകുന്നേരം 6.08-ന് വ്യോമയാനം ഫെരെൻസ് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താളത്തിൽ നിന്ന് 978 കിലോമീറ്റർ വ്യോമദൂരമുള്ള റോമിലെ ലെയൊണാർജദൊ ദ വിഞ്ചി വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2023, 12:35