തിരയുക

എമിലിയ റൊമാഞ്ഞ പ്രദേശത്തുനിന്നുള്ള ഒരു ആകാശദൃശ്യം എമിലിയ റൊമാഞ്ഞ പ്രദേശത്തുനിന്നുള്ള ഒരു ആകാശദൃശ്യം  (AFP or licensors)

വടക്കേ ഇറ്റലിയിൽ കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ഇരകൾക്ക് പാപ്പായുടെ ടെലെഗ്രാം സന്ദേശം

വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് വത്തിക്കാനിലെ പൊതുകാര്യങ്ങൾക്കായുള്ള സബ്സ്റ്റിട്യൂട്, ആർച്ച്ബിഷപ് പേഞ്ഞാ പാറ പരിശുദ്ധ പിതാവിന്റെ പേരിൽ സന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എമിലിയ റൊമാഞ്ഞ പ്രവിശ്യയിൽ, പ്രത്യേകിച്ച്, കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ഇരകളായവർക്ക് പരിശുദ്ധപിതാവിന്റെ പേരിൽ അനുശോചനങ്ങളും അവരുടെ കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനകളും നേരുവാൻ ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനും ഇറ്റാലിയൻ മെത്രാൻസമിതിയുടെ പ്രെസിഡന്റുമായ കർദിനാൾ മത്തെയോ സൂപ്പിയെ ആർച്ച്ബിഷപ് പാപ്പാ ചുമതലപ്പെടുത്തുന്നതായും ആർച്ച്ബിഷപ് പേഞ്ഞാ പാറ അറിയിച്ചു.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പ്രാർത്ഥനകളും അറിയിക്കുന്നതിനൊപ്പം, പരിക്കേറ്റവർക്ക് സൗഖ്യവും, ഈ ദുരിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസവും ലഭിക്കുന്നതിന് വേണ്ടി തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പുനൽകി. ഈ പ്രതിസന്ധിഘട്ടത്തിൽ, സഹായമെത്തിക്കുകയും, പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന, രൂപതാസമൂഹത്തിനുൾപ്പെടെ ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

തന്റെ ആത്മീയസാന്നിദ്ധ്യത്തിന്റെ അടയാളമായി പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക അനുഗ്രഹം ഏവർക്കും അയക്കുന്നുവെന്നും ആർച്ച്ബിഷപ് പേഞ്ഞാ പാറ എഴുതി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനും, താനും ഈ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിദുരന്തത്തിൽ 9 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇരുപതിനായിരത്തിലധികം ആളുകളാണ് കുടിയൊഴിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 15:33