തിരയുക

പൊന്തിഫിക്കൽ സയൻസ് അക്കാദമി അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ പൊന്തിഫിക്കൽ സയൻസ് അക്കാദമി അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

ആയുധ നിരോധനം പട്ടിണി തുടച്ചുനീക്കും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ "ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും" എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ "ഭക്ഷണവും മാനുഷിക പ്രതിസന്ധികളും: അവയുടെ പ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള ശാസ്ത്രവും നയങ്ങളും" എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി മെയ് മാസം പത്താം തീയതി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവരുടെ വേദനകൾ എടുത്തു പറയുകയും, പട്ടിണി ഒഴിവാക്കുവാനും, എല്ലാവർക്കും ആഹാരം സംലഭ്യമാക്കുവാൻ മുൻകൈ എടുക്കണമെന്നും അടിവരയിട്ടു പറഞ്ഞു. ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് പട്ടിണി ഒഴിവാക്കുവാൻ പ്രായോഗികമായ നടപടികൾ സമൂഹത്തിലും, രാഷ്ട്രത്തിലും ഭരണാധികാരികൾ കൈക്കൊള്ളുക എന്നത് അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജ്ഞാനിയായ ഒരു മനുഷ്യൻ താനുമായി പങ്കുവച്ച ആശയവും പാപ്പാ എടുത്തു പറഞ്ഞു, "ഒരു വർഷത്തേക്ക് ആയുധ നിർമാണം ഒഴിവാക്കുകയാണെങ്കിൽ ഈ ലോകത്തിൽ നിന്നും പട്ടിണി എന്ന മാരകവിപത്തിനെ ഒഴിവാക്കുവാൻ സാധിക്കും."

സായുധ സംഘട്ടനങ്ങളും, പ്രകൃതി ദുരന്തങ്ങളും പലപ്പോഴും ഒരു വലിയ ജനവിഭാഗത്തെ പട്ടിണിയിലേക്ക് തള്ളി വിടുന്നത് കൊടും ക്രൂരതയാണെന്ന്, ഉക്രൈൻ യുദ്ധത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് പാപ്പാ എടുത്തു പറഞ്ഞു.അതിനാൽ അഴിമതികൾ ഉന്മൂലനം ചെയ്തും,ഭൗമികഉല്പാദനങ്ങളുടെ ചൂഷണം തടഞ്ഞും, സഹോദരങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വവും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ സാങ്കേതിക പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മാത്രമല്ല, എല്ലാറ്റിനുമുപരിയായി സാർവത്രിക ഐക്യദാർഢ്യത്തിന്റെ മനോഭാവം നമ്മിൽ വളർത്തിയെടുക്കേണ്ടതിന്റെ  അനിവാര്യതയും പാപ്പാ ഓർമ്മിപ്പിച്ചു.

സാഹോദര്യം, സ്നേഹം, പരസ്പര ധാരണ എന്നീ നന്മകളിൽ അടിയുറച്ചുനിന്നുകൊണ്ട്  സമഗ്രമായ മാനുഷിക വികസനം, ജനങ്ങളുടെ നീതി, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അക്കാദമി നടത്തുന്ന പരിശ്രമങ്ങളെ പാപ്പാ എടുത്തു പറയുകയും, അതിന് സഭയുടെ പ്രോത്സാഹനവും, പിന്തുണയും അറിയിക്കുകയും ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2023, 11:57