തിരയുക

ഫ്രാൻസിസ് പാപ്പായും തവാദ്രോസ് രണ്ടാമൻ പാപ്പായും ഫ്രാൻസിസ് പാപ്പായും തവാദ്രോസ് രണ്ടാമൻ പാപ്പായും  (ANSA)

ഐക്യത്തിലേക്ക് ഇനിയുമെത്രനാൾ!: കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷനൊപ്പം ഫ്രാൻസിസ് പാപ്പാ

തന്റെ ക്ഷണമനുസരിച്ച് വത്തിക്കാനിലെത്തിയ കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമന് നന്ദി പറഞ്ഞ് കത്തോലിക്കാസഭാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പോൾ ആറാമൻ പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാ മുൻ അധ്യക്ഷൻ ഷെനൗദ മൂന്നാമൻ പാപ്പായും തമ്മിൽ 1973-ൽ നടന്ന കണ്ടുമുട്ടലിന്റെ അൻപതും, 2013-ൽ ഫ്രാൻസിസ് പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമനും തമ്മിൽ നടന്ന കണ്ടുമുട്ടലിന്റെ പത്തും വാർഷികങ്ങൾ ആഘോഷിക്കുന്ന അവസരത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ക്ഷണമനുസരിച്ചെത്തിയ കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷന്, വത്തിക്കാനിൽവച്ചു നടന്ന ഒരു സ്വകാര്യ കൂടിക്കാഴ്ചയുടെ അവസരത്തിൽ നന്ദി പറഞ്ഞ പാപ്പാ, എക്യൂമെനിക്കൽ യാത്രയിൽ പ്രത്യാശയോടെ മുന്നോട്ട് നോക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ദൈവശാസ്ത്രപരമായ സംവാദങ്ങൾക്കും, ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിലും അവിടുത്തെ കോപ്റ്റിക് ഓർത്തഡോക്സ് സഭ നൽകുന്ന പ്രാധാന്യത്തിനും പരിഗണനയ്ക്കും ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. ഈജിപ്തിലെ ക്രൈസ്തവസഭകളുടെ ദേശീയ ഉപദേശകസമിതിക്ക് രൂപം കൊടുക്കാനായതും ഇരുസഭകളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ സഹായത്തലാണെന്നത് പാപ്പാ അനുസ്മരിച്ചു.

ഇനിയും എത്രമാത്രം യാത്ര ചെയ്താലാണ് ഐക്യത്തിനായുള്ള ആഗ്രഹപൂർത്തീകരണം സാധ്യമാകുകയെന്ന ഒരു ചോദ്യം ഉള്ളിൽ വളർത്തിയെടുക്കണമെന്ന് ഓർമ്മിപ്പിച്ച കത്തോലിക്കാ സഭാധ്യക്ഷൻ, അധൈര്യത്തിന്റെയും ഭയത്തിന്റെയും നിമിഷങ്ങളിൽ ഇരുസഭകളുടെയും മുൻ നേതൃത്വങ്ങൾ കൈവരിച്ച മുന്നേറ്റങ്ങൾ ഓർക്കണമെന്നും, അതിൽനിന്ന് ധൈര്യമാർജ്ജിച്ച് പ്രത്യാശയോടെ മുന്നോട്ട് നോക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. അതേസമയം, ഇതിലെല്ലാം ഉപരിയായി ഉന്നതത്തിലേക്ക്, ദൈവത്തിലേക്ക്, ഇത്രയും നാൾ നയിച്ചതിന് നന്ദിയോടെയും, നാമെല്ലാം ആഗ്രഹിക്കുന്ന ഐക്യത്തിനായി പ്രാർത്ഥനയുടെയും നോക്കണമെന്നത് ഫ്രാൻസിസ് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.

1973 മെയ് 9 മുതൽ 13 വരെ പോൾ ആറാമൻ പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാ മുൻ അധ്യക്ഷൻ ഷെനൗദ മൂന്നാമൻ പാപ്പായും തമ്മിൽ റോമിൽ നടന്ന സമ്മേളനത്തെ അനുസ്മരിച്ചുകൊണ്ട്, അത് പത്രോസിന്റെയും മാർക്കോസിന്റെയും സിംഹാസനങ്ങൾ തമ്മിൽ നടന്ന ചരിത്രപരമായ കണ്ടുമുട്ടലായിരുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. മറ്റു പല പൗരസ്ത്യ ഓർത്തഡോക്സ് സഭകളുമായുണ്ടായ ധാരണകൾക്ക് പ്രേരകമായ ആ സമ്മേളനത്തിൽ, പൊതുവായ ഒരു ക്രിസ്തുശാസ്ത്രത്തിൽ ഒപ്പുവയ്ക്കാനായതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

ഒരു സഭയെ മറ്റൊരു സഭയിൽ ലയിച്ചുതീരുന്നതോ, മറ്റൊരു സഭയുടെമേൽ ആധിപത്യം പുലർത്തുന്നതോ അല്ല ഐക്യമെന്ന പ്രവാചകപരമായ വാക്കുകൾ ഉൾക്കൊള്ളുന്ന ഒരു ധാരണയിൽ എത്തിച്ചേരുവാൻ 1979-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ഷെനൗദ മൂന്നാമൻ പാപ്പായും ഉൾപ്പെട്ട സമ്മേളനത്തിൽ എത്തിച്ചേരുവാൻ സഹായിച്ചതും 1973-ലെ ആദ്യസമ്മേളനമായിരുന്നു.

കോപ്റ്റിക് സഭകളിലെ രക്തസാക്ഷികളുടെയും ദൈവമാതാവിന്റെയും പ്രാർത്ഥനകളുടെ പിൻബലത്തോടെ, സഭകളുടെ പരസ്പരസൗഹൃദം വളരട്ടെയെന്നും, ലോകം വിശ്വസിക്കുന്നതിനായി, ഒരേ അൾത്താരയിൽ രക്ഷകന്റെ ശരീരരക്തങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നതിലേക്ക് മുന്നേറാൻ സാധിക്കട്ടെയെന്നുമുള്ള ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2023, 15:36